സലഫുകളുടെ മാർഗം - സലഫീ ദഅവത്തിന്റെ ആധാരം
First Published by Basheer Puthur February 2018 |
ഭാഗം 1ഇസ്‌ലാമിക പ്രബോധകർ എന്ന പേരിൽ ധാരാളം ആളുകളും അവർക്കൊക്കെ ഒരുപാട് സംഘടനകളും ഭൗതിക സംവിധാനങ്ങളും നിലവിലുള്ള സാമൂഹിക സാഹചര്യത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ സലഫികളെന്നു സ്വയം അവകാശപ്പെടുന്നവരും സലഫികളെന്നു പറയുന്നവരെ ശക്തിയുക്തം എതിർക്കുന്നവരുമുണ്ട് എന്നതാണ് ഏറെ രസകരം.
സലഫികളെന്നു സ്വയം അവകാശപ്പെടുമ്പോഴും ഞങ്ങൾ അറബ് ലോകത്തു കാണുന്ന സലഫികൾ അല്ലായെന്നും, അവരുമായി ആശയപരമോ അല്ലാത്തതോ ആയ യാതൊരു ബന്ധവും ഇല്ലായെന്ന്ആണയിടുന്നവരും അവരിലുണ്ട്. അതേപോലെ നവോദ്ധാനം അവകാശപ്പെടുകയും സലഫികളെ മൊത്തത്തിൽ ആക്ഷേപിക്കുന്നവരും പരിഹസിക്കുന്നവരും ഇവർക്കിടയിലുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഇസ്‌ലാമിക ആദർശ വ്യാഖ്യാനത്തിലും അവ പ്രയോഗവൽക്കരിക്കുന്നതിലും ഇവരെല്ലാവരും സ്വന്തം ബുദ്ധിയെയും യുക്തിയെയും ആശ്രയിക്കുന്നവരും, സാഹചര്യങ്ങൾക്കനുസരിച്ചു നിറം മാറി ആരെയും അത്ഭുതപ്പെടുത്തുന്നവരുമാണ്. ഖുർആനും സുന്നത്തും ജനങ്ങളിൽ പ്രബോധനം ചെയ്യാൻ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഒരു നവോഥാന പ്രസ്ഥാനം എത്തിപ്പെട്ട പതനം പരിശോധിച്ചാൽ തന്നെ, അവരുടെ നിലപാടുകൾ സ്വഹാബത്തിന്റെ മാർഗവുമായി യാതൊരു ബന്ധവുമില്ല എന്ന് കാണാൻ കഴിയും. ഒരു കാലത്തു, തൗഹീദാണ് ജനങ്ങളോട് ആദ്യം പറയേണ്ടതെന്നും രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന രീതി പ്രവാചക ചര്യക്ക് വിരുദ്ധമാണെന്നും മനസ്സിലാക്കുകയും അത് അടിസ്ഥാനാദർശമായി ശിരസ്സേറ്റുകയും ചെയ്ത, ഒരു നവോദ്ധാന പ്രസ്ഥാനം, ഇന്ന് ജനാധിപത്യവും മതേതരത്വവും സ്ഥാപിക്കാനും പ്രചരിപ്പിക്കാനും സമ്മേളനങ്ങൾ നടത്തുകയാണ്. ഇതാണോ പ്രവാചകന്മാരുടെ മാതൃക? അവരിലെ വിവേകമതികളും സത്യസന്ധരുമായ ആളുകൾ ഇതിനു മറുപടി പറയേണ്ടതുണ്ട്. സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളുടെയും അടിസ്ഥാനത്തിൽ പ്രബോധനത്തിന് അജണ്ട നിശ്ചയിക്കുന്നതിന് പകരം നബിയും സ്വഹാബത്തും എവിടെ തുടങ്ങിയോ അവിടെ തുടങ്ങുകയും അവരുടെ പാത പിന്തുടരുകയും അവരെ മാതൃകയാക്കുകയും ചെയ്തില്ലെങ്കിൽ കേവലം ഒരാൾക്കൂട്ടമായി പൊതു സമൂഹത്തിൽ അവർ ലയിച്ചു തീരുക തന്നെ ചെയ്യും. മുസ്‌ലിംകൾ പല കക്ഷികളായി ഭിന്നിക്കുകയും ഓരോരുത്തരും പിഴച്ച വഴികളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമായാൽ, " ഞാനും എന്റെ അനുചരന്മാരും ഏതൊന്നിലാണോ, ഇന്ന് നിലകൊള്ളുന്നത്" എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞ മാർഗത്തിലാണ് സത്യവിശ്വാസികൾ നിലകൊള്ളേണ്ടത്. സലഫികൾ എന്ന് സ്വയം പറയുകയും, അവരുടെ മാർഗമാണ് ഞങ്ങൾ പിൻപറ്റുന്നത് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകൾ, ഒരു പുനഃപരിശോധനക്കു തയ്യാറാവുകയും, നബിസ്വല്ലള്ളാഹു അലൈഹി വ സല്ലമയും സ്വഹാബത്തും നില നിന്ന മാർഗത്തിൽ തന്നെയാണോ നിലകൊള്ളുന്നത് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. عَنْ ثَوْبَانَ قَالَ: قَالَ رَسُولُ الله صلى الله عليه وسلم
لَا تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ لَا يَضُرُّهُمْ مَنْ خَذَلَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ كَذَلِكَ رواه البخاري و مسلم ഭാഗം 2
സലഫുകൾ, അഥവാ സ്വഹാബത്ത് ആണ് മുസ്ലിംകൾക്ക് മാതൃക. കാരണം അവരാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നേരിട്ട് ദീൻ പഠിച്ചവർ. അവരാണ് ഇസ്‌ലാം ദീനിന്റെ സത്യസന്ധരും നീതിമാന്മാരുമായ വാഹകർ.
ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സ്വഹാബികളുടെ ഒരു കയ്യൊപ്പ് അനിവാര്യമാണ്. അവർ മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ പ്രയോഗവൽക്കരിക്കുകയോ ചെയ്യാത്ത ഒരു കാര്യവും അവർക്കു ശേഷം വന്നവർക്കായി ഇല്ല. ഖുർആനിലെ ആയത്തുകളെയും ഹദീസിന്റെ നസ്വിനെയും അവർ എങ്ങിനെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തോ അതാണ് ദീൻ. അത് മാത്രമാണ് ദീൻ. ഈയൊരു നിബന്ധന അംഗീകരിക്കുകയും അതിന്റെ താൽപര്യം പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ മാത്രമേ ഒരാൾ 'സലഫി' എന്ന വിശേഷണത്തിന് അർഹനാവുന്നുള്ളൂ. ഖുർആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുകയും അത് മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നതിൽ സലഫുകളെ, അഥവാ സ്വഹാബത്തിന്റെ ധാരണയെ മാതൃകയാക്കുകയും ചെയ്യുന്നുവെന്നവകാശപ്പെടുന്നവർ, ഈ മാനദണ്ഡം പാലിച്ചേ പറ്റൂ. ചില കാര്യങ്ങളിൽ സലഫിന്റെ ധാരണ സ്വീകരിക്കുകയും വേറെ ചില കാര്യങ്ങളിൽ നാട്ടു നടപ്പും, ശാസ്ത്രവും, സ്വന്തം ബുദ്ധിയും, യുക്തിയും, സാഹചര്യങ്ങളും ഒക്കെയാണ് സ്വീകരിക്കുന്നതെങ്കിൽ സലഫിയ്യത്തു വെറും അവകാശവാദം മാത്രമായി ചുരുങ്ങും. ഇനി, ഇന്ന് ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകളെ ഈ മാനദണ്ഡം വെച്ച് ഒന്ന് വിലയിരുത്തി നോക്കൂ. കേരള നദ് വത്തുൽ മുജാഹിദീന്റെ എല്ലാ വിഭാഗങ്ങളും, ജമാഅത്തെ ഇസ്‌ലാമിയും, തബ്‌ലീഗ് ജമാഅത്തും അടക്കം മത നവോദ്ധാനം അവകാശപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാ മത സംഘടനകളും അവരവരുടെ സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കാൻ കഷ്ടപ്പെടുന്നവരാണ് എന്നല്ലാതെ, അള്ളാഹുവിന്റെ ദീൻ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പഠിപ്പിക്കുകയും, സ്വഹാബത്ത് പിന്തുടരുകയും ചെയ്ത പോലെ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രയോഗവൽക്കരിക്കാനും പ്രബോധനം ചെയ്യാനും അദ്ധ്വാനിക്കുന്നവരോ അതിൽ ജാഗ്രത പുലർത്തുന്നവരോ അല്ല. ഞാനിതു വെറുതെ പറയുന്നതല്ല. ഇക്കൂട്ടത്തിൽ ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചാണ് സ്വീകരിക്കേണ്ടത് എന്ന് അവകാശപ്പെടുന്ന നദ് വത്തുൽ മുജാഹിദീന്റെ നവോദ്ധാനം ഇന്ന് എത്തി നിൽക്കുന്നത് എവിടെയാണ്? പ്രവാചകന്മാരുടെ പ്രബോധനത്തിൽ ഏറ്റവും മുന്തിയ പരിഗണന തൗഹീദിനായിരുന്നു എന്ന വസ്തുത അറിയാത്തവരായി ആരുമില്ല. ഇമാം അഹ്‌മദ് റഹിമഹുള്ളാ തൊട്ടു ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ വരെയുള്ള, വിത്യസ്ത ഭൂപ്രദേശങ്ങളിൽ, വിഭിന്നമായ രാഷ്ട്രീയവും സാമൂഹികവുമായ ചുറ്റുപാടുകളിൽ ജീവിച്ച അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ. അവരിൽ ഇമാം അഹ്‌മദിനെപ്പോലെ ക്രൂരമായ പീഡനത്തിന് ഇരയായവർ, ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളയെപ്പോലെ ജയിൽവാസമനുഭവിക്കുകയും ജയിലിൽ വെച്ച് വഫാത്താവുകയും ചെയ്തവർ, ഇബ്നുൽ ഖയ്യിം റഹിമഹുള്ളയെപ്പോലെ ജയിലിൽവാസമനുഭവിച്ചവർ, തുടങ്ങി അതി ഭീകരമായ പരീക്ഷണങ്ങൾക്കു വിധേയരായവർ ഒരുപാടുണ്ട്. എന്നിട്ടും, എന്നിട്ടും, അവരാരും "പുതിയ സാമൂഹിക സാഹചര്യത്തിന്റെ" സമ്മർദ്ദത്തിന് വഴങ്ങി " മാറ്റത്തിന്" തയ്യാറാവുകയോ ദഅവത്തിന്റെ അജണ്ടയിലും മുൻഗണനാ ക്രമത്തിലും വെള്ളം ചേർക്കുകയോ ചെയ്തില്ല. കാരണം, അവർ ഈ ദീനിന്റെ സത്യസന്ധരായ വാഹകരായിരുന്നു. അവർക്കു രാഷ്ട്രീയ പാർട്ടികളെ തൃപ്തിപ്പെടുത്താനും അവരുടെ വാലാട്ടികളായ ഭിക്ഷാംദേഹികൾക്കു മുമ്പിൽ മുട്ടുമടക്കാനും പറ്റുമായിരുന്നില്ല. കാരണം അവർ സലഫീ മൻഹജിന്റെ ഉത്തമരായ സാക്ഷികളായിരുന്നു. പ്രമാണങ്ങളിൽ ഒരു കാര്യം സ്ഥിരപ്പെട്ടു വന്നാൽ, അതിന്റെ മുമ്പിൽ 'തല ചൊറിഞ്ഞു' മിഴിച്ചു നിൽക്കാതെ അക്ഷരാർത്ഥത്തിൽ അത് പിന്തുടരാൻ അവർ മാനസികമായി സന്നദ്ധരും സമർപ്പിതരുമായിരുന്നു. ഇവിടെയാണ് മതസംഘടനകൾ തോറ്റുപോകുന്നത്. സലഫി മൻഹജ് അവകാശപ്പെട്ടതല്ലാതെ അത് ശെരിയായ നിലക്ക് മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. മതത്തിന്റെ അരുകും രാഷ്ട്രീയത്തിന്റെ അതിരും അവരിൽ നിന്ന് മാഞ്ഞു പോയി. രാഷ്ട്രീയ ഇസ്‌ലാമിന് വഴി വെട്ടി വിയർത്ത ജമാഅത്തെ ഇസ്‌ലാമിയെ ഗുണദോഷിക്കുകയും ആക്ഷേപിക്കുകയും നബിയുടെ പ്രബോധന മാർഗവും മുൻഗണനാക്രമവും അതല്ലെന്നു തിരുത്തുകയും ചെയ്ത നവോദ്ധാനക്കാർ, അവരിൽ നിന്ന് തൂമ്പ പിടിച്ചു വാങ്ങി രാഷ്ട്രീയ ഇസ്‌ലാമിന് പാലം പണിയുകയാണ്. പതിനാലു കൊല്ലം പരസ്പരം പൊരുതാനും കൊമ്പ് കോർക്കാനും പറഞ്ഞ ന്യായം പ്രബോധനത്തിന്റെ മുൻഗണനാ ക്രമവും സലഫി മൻഹജുമായിരുന്നു. ഇപ്പോൾ ഇരു കൂട്ടരും ഒന്നായി നാടോടുമ്പോൾ നടുകേ ഓടുക എന്ന് പറഞ്ഞ പോലെ, എന്തിനോ വേണ്ടി പണിയെടുക്കുന്നു. സത്യത്തിനോട് കൂറുള്ള, മരണഭയമുള്ള, നബിയോടും സുന്നത്തിനോടും സ്നേഹമുള്ള മനസ്സാക്ഷിയുള്ള ആളുകൾ ഇനിയെങ്കിലും ആത്മപരിശോധനക്ക് തയ്യാറായേ പറ്റൂ. നശിച്ചവർ എങ്ങിനെ നശിച്ചു പോയി എന്നതിലല്ല, രക്ഷപ്പെട്ടവർ എങ്ങിനെ രക്ഷപ്പെട്ടു എന്ന് അപ്പോൾ മാത്രമേ മനസ്സിലാകൂ. قال سهل بن عبد الله رحمه الله
عليكم بالأثر والسنة فإني أخاف أنه سيأتي عن قليل زمان إذا ذكر إنسان النبي صلى الله عليه وسلم والاقتداء به في جميع أحواله ذموه ونفروا عنه وتبرؤوا منه وأذلوه وأهانوه تفسير القرطبي 139/7 ഭാഗം 3ഒരാൾ സലഫിയ്യത്തു അവകാശപ്പെടുകയെന്നത് പ്രശംസനാർഹവും പ്രാധാന്യമർഹിക്കുന്നതുമായ നിലപാടാണ്. കാരണം, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സ്വഹാബത്തിന്റെ മാർഗ്ഗമാണ് ഏറ്റവും ശെരിയായതും കുറ്റമറ്റതുമായ മാർഗം. അത് പുൽകാൻ ഒരാൾ മനസ്സ് കൊണ്ടെങ്കിലും ആഗ്രഹിക്കുകയും പ്രയത്നിക്കുകയും അതിനോട് ഹുബ്ബ് കാണിക്കുകയും ചെയ്യുകയെന്നത് തീർത്തും അനുകരണീയമായ കാര്യമാണ്. എന്നാൽ, ഈ നിലപാട് കേവലം വാക്കുകളിലൊതുങ്ങുകയും പ്രായോഗിക തലത്തിൽ സലഫിയ്യത്തിന്റെ താൽപര്യത്തിന് ക്ഷതമേൽപ്പിക്കുന്ന നിലപാടുകൾ അറിഞ്ഞു കൊണ്ട് സ്വീകരിക്കുകയും ചെയ്യുമ്പോൾ ഗതി മാറുകയായി.
സലഫിയ്യത്തിന്റെ പരക്കെ അംഗീകരിക്കപ്പെട്ട ഉസൂലുകൾ നന്നായി അറിയാവുന്ന പല ആളുകളുമുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ അവരിൽ നിന്ന് അത് പുറത്തു വരാറുമുണ്ട്. എന്നാൽ, പലപ്പോഴും അത് തുറന്നു പറയുന്നതിൽ നിന്നും, അതിന്റെ കൂടെ നിൽക്കുന്നതിൽ നിന്നും അവരെ തടഞ്ഞു നിർത്തുന്നത് അവർ നിലനിൽക്കുകയും പ്രവർത്തിക്കുകയും ഇടപെടുകയും ചെയ്യുന്ന സംഘടനകളാണ് എന്നറിയുമ്പോൾ ഒരുവേള നാം അതിശയിച്ചു പോകും. അറിയുകയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്ത സത്യം തുറന്നു പറഞ്ഞാൽ ഉണ്ടാവാൻ പോകുന്ന നഷ്ടം അവരെ അലോസരപ്പെടുത്തും. സംഘടനയിൽ അന്യവൽക്കരിക്കപ്പെടുകയും സമൂഹത്തിൽ ഒറ്റപ്പെടുകയും സ്ഥാനമാനങ്ങൾ നഷ്ടപ്പെടുകയും ചെയ്യുമ്പോഴുള്ള വ്യഥ അവനെ വേട്ടയാടും. ശിഷ്ട കാലം നായ തൊട്ട കലം പോലെ, ജീവിച്ചു തീർക്കുന്ന കാര്യം ഓർക്കുമ്പോൾ, സലഫിയ്യത്ത് തൽക്കാലം മറച്ചു വെക്കാനും ഒന്നുമറിയാത്ത പോലെ മാവിലായിക്കാരനായി വേഷം കെട്ടാനും നിർബന്ധിക്കപ്പെടുന്നു. ചെറിയ ശതമാനം ആണെങ്കിൽ പോലും അത്തരം ആളുകളും ഇക്കൂട്ടത്തിലുണ്ട് എന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. പക്ഷെ, മൃഗീയ ഭൂരിപക്ഷവും സംഘടന വളർത്താനും താൻപോരിമ കാണിക്കാനും മേൽവിലാസം സ്ഥാപിക്കാനും വലിയ ആദർശത്തിന്റെ വക്താക്കളായി നിറഞ്ഞാടാനും മാത്രം ലക്ഷ്യം വെക്കുന്നവരാണ്. അവരെ സംബന്ധിച്ചേടത്തോളം ഐക്യവും, പിളർപ്പും, ആദർശവുമെല്ലാം ഓരോ അവസ്ഥകൾ മാത്രമാണ്. അംഗത്വം എടുത്ത സംഘടന ഏതാണോ അതിനു വേണ്ടി വാദിക്കുകയും ന്യായീകരിക്കുകയും ചെയ്തു കൊണ്ടേയിരിക്കും. കാറ്റത്തെ ഇല പോലെ ഏതു ദിശയിലേക്കാണോ കൂടുതൽ കാറ്റുള്ളത് അങ്ങോട്ട് ആടിക്കൊണ്ടിരിക്കും. വാസ്തവത്തിൽ ഇവരാണ് സംഘടനയുടെ യഥാർത്ഥ മുതൽക്കൂട്ട്. അവരെ സംബന്ധിച്ചേടത്തോളം, ആദർശവും, നേരും, ഇസ്‌ലാം ദീനും ഒക്കെ അവരുടെ സംഘടന മാത്രം. അതിന്റെ അപ്പുറത്തു സുന്നത്തിന്റെയോ, സലഫുകളുടെ മാർഗത്തിന്റെയോ ഒരു വെളിച്ചം അവരിലേക്ക് എത്തില്ല. ഭാഗം 4ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ള പറഞ്ഞു :
സലഫീ ദഅവത്തിന്റെ ആധാരങ്ങൾ നില കൊള്ളുന്നത് മൂന്ന് സ്‌തംഭങ്ങളിലാണ്. 1- ഖുർആൻ 2- സ്വഹീഹ് ആയ സുന്നത്ത് 3- അവ രണ്ടും ( ഖുർആനും സുന്നത്തും) സലഫുസ്സ്വാലിഹീങ്ങളായ സ്വഹാബത്തും താബിഉകളും തബഉതാബിഉകളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കലും. പൗരാണികരും ആധുനികരുമായ മുഴുവൻ കക്ഷികളും പിഴച്ചു പോകാനുള്ള കാരണം, മൂന്നാമത്തെ സ്‌തംഭത്തെ അവഗണിച്ചാണ്. ( അൽ അസ്വാല മാഗസിൻ- ലക്കം 23 ) قال العلامة المحدث محمد بن ناصر الدين الألباني رحمه الله
أصول الدعوة السلفية قائمة على ثلاث دعائم القرءان الكريم والسنة الصحيحة وفهمها على منهج السلف الصالح من الصحابة والتابعين وأتباعهم وسبب ضلال الفِرَقُ كلّها قديماً وحديثاً هو عدم التمسك بالدعامة الثالثة مجلة الاصالة العدد (٢٣) ഭാഗം 5മനുഷ്യ ജീവിതത്തിന്റെ ഏതു ദശാസന്ധികളിലായിരുന്നാലും ലോകത്തിന്റെ ഏതു കോണിലായിരുന്നാലും ഒരു മുസ്‌ലിമായ മനുഷ്യന്റെ മനോമുകുരത്തിൽ പച്ച പിടിച്ചു നിൽക്കുകയും വഴി കാട്ടുകയും ചെയ്യേണ്ട മാർഗമാണ് സലഫുകളുടെ മാർഗം.
ഇസ്‌ലാം ദീനിന്റെ അടിസ്ഥാന വിശ്വാസവുമായി നേരിട്ട് ബന്ധമുള്ള വിഷയമായതിനാൽ വെള്ളം ചേർക്കുകയോ, വിട്ടു വീഴ്ച ചെയ്യുകയോ ചെയ്യാൻ പാടില്ലാത്ത അടിത്തറയാണ് സലഫിയ്യത്ത്. സലഫിയ്യത്തിനെക്കുറിച്ചു ഒരാൾ എത്ര മാത്രം ബോധവാനാണോ അത്രമാത്രം അവരുടെ മാർഗവുമായി അവൻ അടുത്ത് നിൽക്കും. ഇക്കാര്യം തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ, ഒരിക്കലും സലഫുകളുടെ മാർഗത്തിൽ എത്തിച്ചേരാൻ ആർക്കും കഴിയില്ല; ആവർത്തിച്ചാവകാശപ്പെട്ടാലും. കേരളീയ മുസ്‌ലിം പൊതുമണ്ഡലത്തിൽ, ഈയിടെയായി, ആവർത്തിച്ചു ഉറപ്പിച്ചു കൊണ്ടിരിക്കുന്ന ചില പദാവലികളെക്കുറിച്ചു ധാരണയുണ്ടാകുന്നത് ഉചിതമാണെന്നു തോന്നുന്നു. "നവോദ്ധാനം, സഹിഷ്ണുത, ബഹുസ്വരത" തുടങ്ങിയ വാക്കുകൾക്കു മുമ്പത്തേക്കാളേറെ അവകാശികൾ പുതിയ അർത്ഥങ്ങളുമായി അവതരിച്ചിട്ടുണ്ട്. ഇസ്‌ലാമുമായി നേരിട്ട് ബന്ധമില്ലാത്തതും സാധാരണക്കാരായ ആളുകൾക്ക് ഏറെ അപകടം അനുഭവപ്പെടാത്തതുമായ ഇത്തരം പദാവലികളിൽ മുജാഹിദ് സംഘടനകൾ ശ്രദ്ധയൂന്നുന്നത് എന്തിനെന്ന് തിരിച്ചറിയുമ്പോൾ സത്യത്തിൽ ആരും അത്ഭുതപ്പെടും. തികച്ചും നിരുപദ്രവകരവും ആകർഷകവുമായ ഒരു പദമാണല്ലോ "നവോദ്ധാനം" എന്നത്. ഈ പദത്തെ പ്രസ്ഥാനത്തിന്റെ വാലിൽ വലിച്ചു കെട്ടി ഞങ്ങൾ നവോദ്ധാന പ്രസ്ഥാനമാണെന്നു പറയുമ്പോൾ അവരുദ്ധേശിക്കുന്നതു, പ്രസ്തുത സംഘടനയുടെ സ്ഥാപക നേതാക്കൾ മതത്തിനു പറഞ്ഞു വെച്ച വ്യാഖ്യാനങ്ങളിലേക്കു മടങ്ങിപ്പോവുക എന്ന് മാത്രമാണ്. ഇത് വാസ്തവത്തിൽ, ഖുർആനിലേക്കും സുന്നത്തിലേക്കും സലഫുകളുടെ ധാരണകളിലേക്കുമുള്ള മടക്കമായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിൽ, അത് ശ്ലാഘനീയവും അത്യന്തം സ്തുത്യർഹവുമായേനെ. പക്ഷെ, ദുഃഖകരമെന്നു പറയട്ടെ, സംഘടനയുടെയും സംഘടനാ നേതാക്കളുടെയും താൽപര്യങ്ങളും നിഗമനങ്ങളും - അവ തെറ്റാവട്ടെ, ശെരിയാവട്ടെ,- മഹത്വവൽക്കരിക്കുകയും മതവൽക്കരിക്കുകയും ചെയ്യുകയെന്ന അക്ഷന്തവ്യമായ അബദ്ധം അവർ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. സത്യത്തിൽ, അവർ ശെരിയായ മൻഹജിൽ ആയിരുന്നുവെങ്കിൽ, നവോദ്ധാനത്തിന്റെ ആധാരം ചെന്നവസാനിക്കുക ഖുർആനിലും നബിചര്യയിലുമായിരുന്നു. അപ്പോൾ മാത്രമേ പ്രഥമമായ പരിഗണന ഉപരിസൂചിത പ്രമാണങ്ങൾക്ക് ലഭിക്കുകയുള്ളൂ. അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ രീതി അതാണ്. ഇനി 'സഹിഷ്ണുത, ബഹുസ്വരത' തുടങ്ങിയ പദങ്ങൾ വ്യാപകമായ തോതിൽ ഉപയോഗിക്കുന്നത് നബി ചര്യയിൽ ചിരസ്ഥായിയായ നിലക്ക് കാണപ്പെടുന്ന സഹാനുഭുതിയുടെ ഭാവങ്ങൾ പ്രതിഫലിപ്പിക്കാനാണെന്ന് ആരെങ്കിലും ധരിച്ചാൽ അവർക്കു തെറ്റി. മറിച്ചു, അവരതു കൊണ്ട് ലക്ഷ്യം വെക്കുന്നത് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ 'മുഖം' വെളുപ്പിക്കാൻ അന്യമതസ്ഥരുടെ, മതപരമായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും മുസ്‌ലിം പ്രാതിനിധ്യം ഉണ്ടാക്കാനും പ്രസ്തുത ആഘോഷത്തിനോട് മാനസികാടുപ്പം പ്രകടിപ്പിച്ചു ആശംസയർപ്പിക്കാനും സാധാരണ മുസ്‌ലിം സമൂഹത്തെ മസ്തിഷ്ക പ്രക്ഷാളനം നടത്തുകയെന്നതാണ്. അതുവഴി തീവ്രവാദ-ഭീകരവാദ 'ബാധ' ഒഴിവാക്കാമെന്ന് വ്യാമോഹിക്കുകയും ചെയ്യുന്നു. സത്യത്തിൽ ഇസ്‌ലാമിലെ വലാഉ-ബറാഇനെക്കുറിച്ചു സ്വയം ധാരണയില്ലായ്മ കൊണ്ടു സാധാരണക്കാരെ അധമത്വത്തിൽ നിന്ന് അധമത്വത്തിലേക്കു തന്നെ തള്ളി വിടാൻ മാത്രമേ ഇത് ഉതകുകയുള്ളൂ എന്ന തിരിച്ചറിവ് ഇസ്‌ലാമിക പ്രബോധകർക്കു തന്നെയില്ലെങ്കിൽ മറ്റാർക്കാണ് ഉണ്ടാവുക? ഈ അപചയത്തിന്റെ ബാക്കി പത്രമാണ് ബഹുസ്വരതയുടെ പേരിലുള്ളതും. ഇവിടെ ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന പല ഹദീസുകളും ജീവിപ്പിക്കുകയും അവ അമലായി പ്രയോഗവൽക്കരിക്കുകയും ചെയ്യുന്ന ആളുകളെ "മത തീവ്രത" എന്ന് ആക്ഷേപിച്ചു കൊണ്ട് കൂട്ടമായി ഒറ്റതിരിഞ്ഞു ആക്രമിക്കുന്ന പ്രവണത ഇവർക്കിടയിൽ കുടിക്കൊണ്ടിരിക്കുന്നുവെന്നത് നിസ്സാര കാര്യമായി അവഗണിച്ചു തള്ളേണ്ടതല്ല. പ്രമാണവാക്യങ്ങളെ, സ്വന്തം ബുദ്ധിക്കും യുക്തിക്കും അനുസൃതമായി വ്യാഖ്യാനിക്കുകയും, ഹദീസുകളെ, സ്വഹീഹായ പരമ്പരയിലൂടെ സ്വഹീഹുൽ ബുഖാരിയിൽ വന്നാൽ പോലും ഖുർആനിന്റെ നസ്വിന് എതിരാണെന്ന ദുർന്യായം ഉന്നയിച്ചു നിഷേധിക്കുകയും അസ്വീകാര്യമെന്നു വിധി പറയുകയും ചെയ്യുന്ന പ്രവണത ഇവർക്കിടയിൽ പണ്ടേയുണ്ട്. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആദർശ ധാരയായി അതിന്റെ ആളുകൾ തന്നെ അവകാശപ്പെടുന്ന ഈജിപ്തിലെ നവോദ്ധാന നായകരായ (?) മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും ദുസ്വാധീനം കേരളത്തിലെ മുജാഹിദുകളെ കുറച്ചൊന്നുമല്ല വിഷലിപ്തമാക്കിയത്. മുജാഹിദ് പ്രസ്ഥാനത്തിലെ ചിലർ ഇവരുടെ ആശയങ്ങളെ അക്ഷരം പ്രതി പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ദുരന്ത പരിണിതിയാണ് പ്രസ്ഥാനത്തെ കുത്തു പാളയെടുപ്പിച്ചത്. ഒരു വശത്തു സലഫിയ്യത്ത് അവകാശപ്പെടുമ്പോൾ തന്നെ മറുവശത്തു അതിന്റെ കടക്കൽ കത്തി വെക്കുന്ന നിലപാടാണ് അത് പിന്തുടരുന്നത്. ചുരുക്കത്തിൽ, ഒരു ശുദ്ധീകരണ പ്രക്രിയക്ക് ഒരു നിലക്കും വഴങ്ങാത്ത വിധം മുജാഹിദ് പ്രസ്ഥാനം കൈവിട്ടുപോകുന്നു എന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന ശൂന്യത വേദനിപ്പിക്കുന്നതാണ്. ഖുർആനിനേയും സുന്നത്തിനേയും പ്രമാണമായി അംഗീകരിക്കുകയും അവ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടത് സലഫുകൾ അഥവാ സ്വഹാബത്ത് മനസ്സിലാക്കിയത് പോലെയാണെന്ന് പറയുകയും ചെയ്തിട്ടും പ്രായോഗിക തലത്തിൽ അതിൽ നിന്ന് പിന്നാക്കം പോവുകയും രാഷ്ട്രീയക്കാരും നാട്ടു പ്രമാണിമാരും സ്ഥാപിത താൽപര്യക്കാരും ആദർശത്തിന്റെ ദിശ നിർണ്ണയിക്കുകയും നിലപാടുകളിൽ ദുസ്വാധീനം സൃഷ്ടിക്കുകയും ചെയ്യുന്നത് തികച്ചും ജുഗുപ്സാവഹവും നിരാശാജനകവുമാണ്. ഭാഗം 6"സലഫിയ്യത്ത്" എന്നതിന് ഒരു ബദൽ പോലെ തെറ്റായ നിലക്ക് പറഞ്ഞു പ്രചരിപ്പിക്കുന്ന പദാവലികളിൽ പ്രധാനപ്പെട്ടതാണ് "നവോദ്ധാനം" എന്നത്. നവോദ്ധാനം എന്നാൽ നബിയും സ്വഹാബത്തും നിലനിന്ന സത്യസന്ധമായ നിലപാടിന് പറയുന്ന പേരാണ് എന്ന് ദ്യോതിപ്പിക്കുന്ന വിധത്തിൽ പ്രാധാന്യത്തോടെ പ്രചരിപ്പിക്കുകയും അതാണ് ഒരു മുസ്‌ലിം പിന്തുടരേണ്ട മാർഗമെന്ന് തെറ്റിദ്ധരിപ്പിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുന്നവർ ഇസ്‌ലാമിന് മഹാ സേവനം ചെയ്യുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്യുന്നു.
സത്യത്തിൽ, കേരളത്തിലെ പൊതു സമൂഹത്തിൽ സ്വീകാര്യമെന്നു കരുതപ്പെടുന്ന ചില പൊതുവായ താൽപര്യങ്ങളെ സംരക്ഷിക്കാനും അതിനു വേണ്ടി ശബ്ദിക്കാനും പൊതു മനസ്സുകളിൽ ഒരിടം കണ്ടെത്താനുമുള്ള ചൊട്ടുവിദ്യ മാത്രമാണ് ഈ നവോദ്ധാനം എന്ന ആശയത്തിന് പിന്നിൽ. അതിൽക്കവിഞ്ഞു മതപരമായി പ്രത്യേകം എടുത്തു പറയാൻ മാത്രം ഒന്നും ഈ പദം പ്രതിനിധീകരിക്കുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന സാമൂഹികമായ മരവിപ്പും വിദ്യാഭ്യാസപരവും വിശ്വാസപരവുമായ അപാകങ്ങൾ ഇല്ലാതാക്കാൻ അക്കാലത്തു ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും വ്യയം ചെയ്ത സേവനങ്ങളാണ് നവോദ്ധാനം എന്ന പേരിൽ അറിയപ്പെടുന്നത്. ആ സാമൂഹിക പരിപ്രേക്ഷ്യത്തിൽ അത് നവോദ്ധാനം തന്നെയായിരുന്നു. അതിന് തുടർച്ച അവകാശപ്പെടാനും, മറ്റാരും അത് ഹൈജാക്ക് ചെയ്യാതിരിക്കാനും വേണ്ടിയാണ് ഇപ്പോൾ മുജാഹിദ് സംഘടനകൾ നവോദ്ധാനത്തിൻറെ അനന്തരം അവകാശപ്പെടുന്നത്. അല്ലാതെ സലഫിയ്യത്തുമായി ഇവർ പ്രചരിപ്പിക്കുന്ന നവോദ്ധാനത്തിനു വലിയ ബന്ധമൊന്നുമില്ല. എന്നല്ല, സലഫിയ്യത്തുമായി പലപ്പോഴും നവോദ്ധാനത്തിൻറെ മുള്ളുമുനകൾ ഏറ്റുമുട്ടുന്നവ കൂടിയാണ്. ഖുർആനിന്റെയും ഹദീസിന്റെയും വാക്യങ്ങൾ സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സമീപിക്കുകയും, ബുദ്ധിക്കു പൊരുത്തപ്പെടാത്തതെന്നു അവർ കരുതുന്ന പ്രമാണ വാക്യങ്ങളെ ദുർവ്യാഖ്യാനിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന രീതി കേരള മുസ്ലിംകളിലേക്കു കടന്നു വന്നത്, ഈജിപ്തിലെ ഇസ്‌ലാഹീ മൂവ്മെന്റ് വഴിയാണ്. അടുത്ത കാലത്തായി അതിന്റെ ദുസ്വാധീനം നാമമാത്രമായി കുറഞ്ഞുവെങ്കിലും, ഈയിടെയായി മരണപ്പെട്ട സലാം സുല്ലമി നേരത്തെ സൂചിപ്പിച്ച ഇസ്‌ലാഹീ മൂവ്മെന്റിന്റെ ശക്തനായ വക്താവും പ്രയോഗ്താവുമായിരുന്നു. ഇസ്‌ലാമിൽ ചിരപ്രതിഷ്ഠ നേടിയ പരശ്ശതം ഹദീസുകൾ അദ്ദേഹം ദുർബലപ്പെടുത്തുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്തിട്ടുണ്ട്. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലുമടക്കം രിവായത്ത് ഉള്ളതും, പ്രാമാണികരും വിശ്വസ്തരുമായ മഹാന്മാരായ മുഹദ്ധിസുകളാരും വിമർശനം രേഖപ്പെടുത്താത്തതുമായ ഹദീസുകളെ അദ്ദേഹം നിർദ്ദാക്ഷിണ്യം നിരാകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരൂപണങ്ങളും വിമർശങ്ങളും പഠന വിധേയമാക്കിയാൽ ഒരു നിലക്കും സന്ധിയാകാൻ പറ്റാത്ത വിധം അവ അന്യായവും അസന്തുലിതവുമാണെന്നു മാത്രമല്ല, പൗരാണികരോ ആധുനികരോ ആയ പ്രാമാണികരായ ഹദീസ് പണ്ഡിതന്മാരുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്തതും തദ്വിഷയകമായി അവർ അംഗീകരിച്ച മാനദണ്ഡങ്ങളുമായി ചേരാത്തതുമാണെന്നു കാണാം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും ഒറ്റപ്പെട്ടതും അസ്വീകാര്യവുമായ വാദഗതികൾ മാത്രമായി ചുരുങ്ങും. വിഷയത്തെക്കുറിച്ചു താരതമ്യേന ധാരണയുള്ള ഒരാളെയും ഇത് പ്രത്യേകം പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ ഏറെ കൗതുകകരവും ലജ്ജാവഹവുമായ കാര്യം സലാം സുല്ലമി ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ തെറ്റായ നയനിലപാടുകളെ വിമർശിക്കുകയും വസ്തുനിഷ്ഠമായി പ്രതികരിക്കുകയും ചെയ്ത ആളുകൾ തന്നെ, അദ്ദേഹത്തിന്റെ മരണത്തോട് കൂടി അദ്ദേഹത്തെ മഹാനായി വാഴ്ത്തുകയും മഹാനായ പുത്രനായി അവരോധിക്കുകയും നവോദ്ധാന നായകനായി അവതരിപ്പിക്കുകയുമാണ്. മുജാഹിദ് പ്രസ്ഥാനത്തിന് ഇതിൽപരം വൈരുദ്ധ്യം മറ്റെന്തുണ്ട്? ഇന്നലെ വരെ ആദർശ വിരുദ്ധനും, മൻഹജിന് എതിരുമായ നിലപാടുകൾ സ്വീകരിച്ചവനുമായ ആൾ, ശ്വാസം നിലച്ചപ്പോൾ മഹാ പണ്ഡിതനും വലിയ ചിന്തയുടെ അവകാശിയുമായി. ഇതാണ് മുജാഹിദ് പ്രസ്ഥാനം പറഞ്ഞു പ്രചരിപ്പിക്കുന്ന "നവോദ്ധാനം" എന്നത് സലഫിയ്യത്ത് അല്ലാ എന്ന് ഞാൻ പറയാനുള്ള കാരണം. സലഫുകളുടെ മന്ഹജ് കൃത്യമായി മനസ്സിലാക്കിയ ഒരാൾക്ക് ഈ നിലപാടുകളോട് യോജിക്കാൻ കഴിയില്ല. ജീവിച്ചിരിക്കുമ്പോൾ തെറി പറയുകയും മരണപ്പെടുമ്പോൾ മഹാനായി വാഴ്ത്തുകയും ചെയ്യുന്ന നിലപാട് രാഷ്ട്രീയക്കാരുടേതാണ്. അത് ഇസ്‌ലാം ദീനുമായി പൊരുത്തപ്പെടുകയില്ല. ഈ രീതി സലഫുകളുടെ രീതിയല്ല. വചന ശാസ്ത്രത്തിന്റെ ഫിത്നയിൽ അകപ്പെടുകയും അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ വിമർശനങ്ങൾക്ക് ശരവ്യരാവുകയും ചെയ്ത തലയെടുപ്പുള്ള എത്രയോ പണ്ഡിതന്മാർ കഴിഞ്ഞു പോയിട്ടുണ്ട്. അവരുടെ മരണത്തോട് കൂടി, അവരുടെ തെറ്റായ ആശയങ്ങൾ മാത്രമല്ല, അവരുടെ പേര് പോലും മാഞ്ഞു പോയി. തെറ്റായ നിലപാടുകളും ഒറ്റപ്പെട്ട ധാരണകളും വെച്ച് പുലർത്തുന്നവർക്കു സദ്കേൾവി ഉണ്ടാവില്ല. പക്ഷെ, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് സലഫീ മൻഹജ് ഇന്നും കീറാമുട്ടിയാണ്. അവരിൽ നിന്ന് ഇതിലും വലുത് പ്രതീക്ഷിക്കാം. ഇപ്പോൾ സലാം സുല്ലമിയെ നവോദ്ധാന നായകനും വേറിട്ട ചിന്തയുടെ ഉപജ്ഞാതാവുമൊക്കെയായി വാഴിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു വലിയ സത്യമുണ്ട്. നിങ്ങളുടെ സങ്കുചിത സംഘടനാ താല്പര്യത്തെക്കാൾ എന്ത് കൊണ്ടും കൈമോശം വരാതെ സംരക്ഷിക്കാൻ കടപ്പെട്ടതാണ് അള്ളാഹുവിന്റെ ദീനും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ തിരു ചര്യയും എന്ന കാര്യം. അപ്പോൾ മാത്രമേ സലാം സുല്ലമി മുസ്‌ലിം കൈരളിക്കു വരുത്തിയ ദ്രോഹം എന്തെന്ന് തിരിച്ചറിയുകയുള്ളൂ. • • • • • • •
|