ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
(Tawheed First!) First Published by Basheer Puthur in Sahab Salafiyya blog in February 2015 |
ഭാഗം 1തൗഹീദ് ! പ്രവാചകന്മാരഖിലവും ആദ്യമായി പ്രബോധനം ചെയ്ത അടിസ്ഥാന ആദർശം. ലാ ഇലാഹ ഇല്ലള്ളാ എന്ന കലിമത്തിന്റെ ആകത്തുക. ഇതിനു വേണ്ടിയാണ് മനുഷ്യർ സൃഷ്ടിക്കപ്പെട്ടതും അമ്പിയാക്കൾ നിയുക്തരായതും. തൗഹീദിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് ഗ്രന്ഥങ്ങൾ അവതീർണമായതും മുഉമിനുകൾ കാഫിറുകൾ എന്നീ പേരുകളിൽ ജനങ്ങൾ വിഭജിക്കപ്പെട്ടതും.
ഒരു മനുഷ്യന്റെ അനിവാര്യതകളിൽ പ്രഥമമാണ് തൗഹീദ്. അതിന്റെ ഗൗരവം മഹത്തരമാണ്. അത് മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അതിന്റെ താൽപര്യം പരിഗണിച്ചു അമൽ ചെയ്യുകയും ചെയ്യൽ ഓരോരുത്തർക്കും നിർബന്ധമാണ് . അതിൽ സ്ത്രീ-പുരുഷ വലിപ്പ-ചെറുപ്പ ഭാഷാ-വർണ്ണ-വർഗ വിത്യാസങ്ങളൊന്നുമില്ല. അള്ളാഹു പറയുന്നു " എന്നെ ഇബാദതു ചെയ്യാൻ വേണ്ടി മാത്രമായിട്ടല്ലാതെ ഞാൻ മനുഷ്യനെയും ജിന്നിനെയും സൃഷ്ടിച്ചിട്ടില്ല " അള്ളാഹു പറയുന്നു " ഞാൻ അല്ലാതെ മറ്റൊരു ഇലാഹു ഇല്ലെന്നും അതിനാൽ നിങ്ങൾ എന്നെ മാത്രം ഇബാദത്ത് ചെയ്യണമെന്നും വഹ് യ് നൽകിയിട്ടല്ലാതെ നിനക്ക് മുമ്പ് നാം ദൂതൻമാരെ അയച്ചിട്ടില്ല". പ്രവാചകന്മാരിൽ നിന്ന് ഓരോ ജനതയും ആദ്യമായി കേട്ടത് അള്ളാഹുവിനെ മാത്രമേ ഇബാദത്ത് ചെയ്യാൻ പാടുള്ളൂ എന്ന തൗഹീദിന്റെ കലർപ്പില്ലാത്ത ശബ്ദമാണ്. തൗഹീദ് ഇസ്‌ലാം മതവിശ്വാസത്തിന്റെ നെടും തൂണാണ്. വിശ്വാസിയായ മനുഷ്യന്റെ അമലുകളുടെ കാതലാണ്. അള്ളാഹു " കലിമതുൻ ത്വയ്യിബ " എന്ന് വിശേഷിപ്പിച്ചു കൊണ്ട്, അടിവേരുറച്ചതും ശാഖകൾ ആകാശത്തിൽ പരന്നു കിടക്കുന്നതുമായ എന്ന് പറഞ്ഞത് തൗഹീദിന്റെ താൽപര്യമായ കലിമതുതൗഹീദിനെയാണ്. ഈ അടിസ്ഥാന വിശ്വാസ സംഹിത, നാവു കൊണ്ട് ഉച്ചരിച്ചു അർത്ഥം മനസ്സിലുൾക്കൊണ്ട് പൂർണമായി അതിന്റെ താൽപര്യത്തിനു അനുസൃതമായ അമലുകൾ ചെയ്യുമ്പോഴാണ് ഒരാൾ പൂർണ മുസ്‌ലിം ആയിത്തീരുന്നത്. ഭാഗം 2
ശിർക്കിന്റെ, അപകടം വളരെ വലുതാണ്. എത്ര മാത്രം സൽകർമ്മങ്ങൾ അനുഷ്ടിച്ച ആളാണെങ്കിലും ശിർക്ക് ചെയ്തിട്ടുണ്ടെങ്കിൽ, ആ സൽകർമ്മങ്ങൾ പാഴായിപ്പോവുകയും അവർ നരകാവകാശികളായിത്തീരുകയും ചെയ്യും. അള്ളാഹു പറയുന്നു
إن الله لا يغفر أن يشرك به ويغفر ما دون ذلك لمن يشاء - النساء 48
നിശ്ചയമായും, അള്ളാഹു,അവനിൽ പങ്കു ചേർക്കുന്നത് ഒരിക്കലും പൊറുക്കുകയില്ല, അതല്ലാത്തത്, അവനുദ്ദേശിച്ചവർക്ക് അവൻ പൊറുത്തു കൊടുക്കും."
ശിർക്ക് ചെയ്യാതെ ജീവിച്ച ഒരു മനുഷ്യന്, സൽക്കർമ്മങ്ങൾ കുറവാണെങ്കിൽ പോലും, അവന്റെ തൗഹീദു കാരണം, അള്ളാഹുവിന്റെ പാപമോചനം അവനു പ്രതീക്ഷിക്കാം. മാത്രമല്ല, ശിർക്ക് ചെയ്യാതെ മരിച്ചു പോവുന്ന ഒരു മനുഷ്യന്, അവന്റെ പാപത്തിന്റെ തോതനുസരിച്ച് ശിക്ഷ ലഭിക്കുകയും നരകത്തിൽ പ്രവേശിക്കപ്പെടുകയും (നരകത്തിൽ നിന്ന് അള്ളാഹു എല്ലാവർക്കും സലാമത് നൽകട്ടെ) ചെയ്യുന്ന അവസ്ഥയുണ്ടായാൽ പോലും, അവൻ അതിൽ ശാശ്വതവാസിയായിരിക്കില്ല. എന്നല്ല, അവസാനം സ്വർഗത്തിൽ എത്തിച്ചേരുകയും ചെയ്യും. അത് മറ്റുള്ളവരുടെ ശഫാഅതു കൊണ്ടോ, തൗഹീദ് കാരണമായോ ആകാം. അള്ളാഹു മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ അഭിസംബോധന ചെയ്തു കൊണ്ട് പറയുന്നു ولقد أوحي إليك وإلى الذين من قبلك لئن أشركت ليحبطن عملك ولتكونن الخاسرين - الزمر 6
നീയങ്ങാനും ശിർക്ക് വെക്കുന്ന പക്ഷം നിന്റെ അമൽ നഷ്ടപ്പെടുകയും നീ നഷ്ടകാരിൽ അകപ്പെടുകയും ചെയ്യുമെന്നു നിനക്കും നിന്റെ മുമ്പ് കഴിഞ്ഞു പോയവർക്കും, ബോധനം നൽകപ്പെട്ടിട്ടുണ്ട്" - സുമർ 65
ശിർക്ക് ചെയ്തു കൊണ്ട് ജീവിക്കുന്നവർ അള്ളാഹുവിന്റെ കോപത്തിന് വിധേയരും, അവന്റെ റഹ് മത്തിൽ നിന്ന് അകറ്റപ്പെട്ടവരുമാണ് . ഒരു ഖുദ്സിയായ ഹദീസിലൂടെ അള്ളാഹു പറയുന്നു يابن آدم لو بلغت ذنوبك عنان السماء ثم استغفرتني غفرت لك ، يابن آدم إنك لو أتيتني بقراب الآرض خطايا ثم لقيتني لا تشرك بي شيئا لأتيتك بقرابها مغفرة
" മനുഷ്യ പുത്രാ, ആകാശ വിശാലതയോളം നിന്റെ പാപം എത്തിച്ചേരുകയും,
പിന്നെ നീ എന്നോട് പശ്ചാത്തപിക്കുകയും ചെയ്‌താൽ, ഞാൻ നിനക്ക് പൊറുത്തു തരും, മനുഷ്യ പുത്രാ, തീരെ ശിർക്ക് ചെയ്യാത്ത നിലയിൽ, ഭൂമി നിറയുമാറു പാപവുമായി നീ എന്റെയടുത്തു വരികയാണെങ്കിൽ, അത്ര തന്നെ പാപമോചനവുമായി ഞാൻ നിന്നിലേക്ക് വരും " തൗഹീദ് ഉൾക്കൊണ്ട ആൾക്ക് അത് പരലോകത്തിൽ ഗുണം ചെയ്യുമെന്നതിനു മുകളിലെ ഹദീസ് വ്യക്തമായ തെളിവാണ്. ഒരു മുസ്ലിമായ മനുഷ്യന്, പ്രാഥമികമായിതന്നെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ട അതിപ്രധാനമായ കൽപനയാണ് തൗഹീദ്. എത്ര മാത്രം സൽകർമ്മങ്ങൾ അനുഷ്ടിച്ച ആളാണെങ്കിൽ പോലും ശിർക്കിൽ അകപ്പെട്ടു കഴിഞ്ഞാൽ അവൻ, لا إله إلا الله എന്നാ കലിമതു തൗഹീദിനെ ദുർബലപ്പെടുത്തുന്ന കാര്യങ്ങളിൽ അകപ്പെടുകയും ദീനിൽ നിന്ന് പുറത്തു പോവുകയും ചെയ്യും. نسأل الله السلامة والعافية ഒരിക്കൽ ഇമാം അഹ്മദിനോട് തൗഹീദ് ഉൾക്കൊണ്ട, എന്നാൽ വീഴ്ചകൾ സംഭവിച്ച, പാപങ്ങൾ ചെയ്ത മനുഷ്യനെക്കുറിച്ചും, ബിദ്അത്തിന്റെ ആൾക്കാരിൽ പെട്ട, ഏറെ പുണ്യകർമ്മങ്ങൾ ചെയ്ത മറ്റൊരാളെക്കുറിച്ചും ഒരാൾ ചോദിച്ചു. അദ്ദേഹം പറഞ്ഞു " മിണ്ടാതിരിക്കൂ...അഹ്ലുസ്സുന്നയിൽ പെട്ട ആളുടെ ഖബർ സ്വർഗ്ഗപൂന്തോപ്പാണ്. അഹ് ലുൽ ബിദ്അയുടെ ഖബർ നരക ത്തീക്കുണ്ടമാണ്." ഇതാണ് തൗഹീദും സുന്നത്തും തമ്മിലും ശിർക്കും ബിദ്അതും തമ്മിലുള്ള അന്തരം. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം, മുആദു റദിയള്ളാഹു അന്ഹുവിനെ യമനിലേക്ക് ദഅവതിനു വേണ്ടി അയച്ചപ്പോൾ അവരോടു ഒന്നാമതായി പറയേണ്ടത് لا إله إلا الله എന്ന കാര്യമാണ് എന്ന് പ്രത്യേകം ഉപദേശിച്ചു. നമസ്കാരം, നോമ്പ്, സക്കാത്ത് തുടങ്ങിയ അതിപ്രധാനമായ ആരാധനാ കർമ്മങ്ങളെക്കുറിച്ച് പറയുന്നതിന് മുമ്പേ, കലിമതുതൗഹീദിനെക്കുറിച്ച് പറഞ്ഞത്, അതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. കാരണം, ഏകനായ അള്ളാഹു മാത്രമേ ഇബാദത്തിനു അർഹനായി ഉള്ളൂ എന്ന അടിസ്ഥാന വിശ്വാസത്തിലാണ് മറ്റേതൊരു അമലും എടുക്കപ്പെടെണ്ടത് എന്നതിലേക്ക് ഇത് വെളിച്ചം വീശുന്നു. ഭാഗം 3എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതയോട് ആദ്യം പറഞ്ഞത് തൗഹീദിനെക്കുറിച്ചായിരുന്നു. ആ പ്രവാചകന്മാരിൽ അവരുടെ ജനതയ്ക്ക് പറയാൻ ആക്ഷേപങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നല്ല, അവർ ആ സമൂഹത്തിലെ മാന്യരും സത്യസന്ധരും നീതിമാന്മാരുമായിരുന്നു. എന്നിട്ടും അള്ളാഹുവിനെ മാത്രമേ ഇബാദതു ചെയ്യാൻ പാടുള്ളൂവെന്നു പറഞ്ഞപ്പോൾ അവർ മോശപ്പെട്ടവരും അസ്വീകാര്യരും ആയിത്തീർന്നു. ഇതാണ് അള്ളാഹുവിൽ നിന്ന് വഹ് യുമായി വന്ന പ്രവാചകന്മാരുടെ അനുഭവം.
ശിർക്കിനെക്കുറിച്ച് താക്കീതു നൽകുകയും അതേ സമയം തന്നെ സ്വന്തം ജീവിതത്തിൽ അത് കടന്നു വരുന്നതിനെക്കുറിച്ച് അങ്ങേയറ്റം ഭയപ്പെടുകയും ചെയ്യുന്നവരായിരുന്നു പ്രവാചകന്മാർ. ഖലീലുള്ളാഹി ഇബ്രാഹീം അലൈഹി സലാമയുടെ ദുആ അള്ളാഹു ഖുർആനിൽ അറിയിക്കുന്നു. " എന്നെയും എന്റെ സന്താനങ്ങളെയും ഞങ്ങൾ വിഗ്രഹാരാധന നടത്തുന്നതിൽ നിന്ന് നീ ഞങ്ങളെ അകറ്റേണമേയെന്നു അദ്ദേഹം അള്ളാഹുവിനോട് പ്രാർഥിക്കുന്നു. ശിർക്കിനെതിരിൽ പട നയിച്ച ഇബ്രാഹീം നബി ഇത്ര മാത്രം ശിർക്കിനെ ഭയപ്പെടുന്നുവെങ്കിൽ,മറ്റുള്ളവർക്കെങ്ങിനെ ശിർക്കിന്റെ അപകടത്തിൽ നിന്ന് നിർഭയരാകാൻ സാധിക്കും ? നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഇക്കാര്യം അബൂബക്കർ റദിയള്ളാഹു അൻഹുവിനോട് പറയുന്നു. قال النبي - صلى الله عليه وسلم - لأبي بكر الصديق - رضي الله عنه -: يَا أَبَا بَكْرٍ، لَلشِّرْكُ فِيكُمْ أَخْفَى مِنْ دَبِيبِ النَّمْلِ
അബൂബക്കർ, തീർച്ചയായും ശിർക്ക് നിങ്ങളിൽ ഉറുമ്പ് അരിച്ചു വരുന്നതിനേക്കാൾ ഗോപ്യമായി ( അരിച്ചു വരും ) " ബുഖാരി- അദബുൽ മുഫ് റദ്
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നൽകിയ ഈ താക്കീത് അത് അർഹിക്കുന്ന ഗൌരവത്തിൽ മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്തവർ വളരെ വളരെ വിരളമാണ്. മരിച്ചു പോയ മഹാന്മാർ, പുണ്യവാളൻമാർ, ഖബറുകൾ കല്ലിലും മരത്തിലും തീർത്ത വിഗ്രഹങ്ങൾ തുടങ്ങി അള്ളാഹു അല്ലാത്തവരെ വിളിച്ചു ദുആ ചെയ്യുന്നവർ, ജാറങ്ങളിലും ദർഗകളിലും ആഗ്രഹ സഫലീകരണത്തിനും, രോഗശമനത്തിനും അഭയം തേടുന്നവർ, അള്ളാഹു അല്ലാത്ത വ്യക്തികൾക്കും ശക്തികൾക്കും പൂജയും പ്രാർഥനയും നേർച്ചയും അർപ്പിക്കുന്നവർ, അവരെ അള്ളാഹുവിനെപ്പോലെ ഭയപ്പെടുകയും, അവരിൽ ഗുണം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ, തുടങ്ങി വിവിധങ്ങളായ ശിർക്കിന്റെ വശങ്ങളും രൂപങ്ങളും സമൂഹത്തിൽ നിലനിൽക്കുകയും പ്രചരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. തൗഹീദും സുന്നത്തും പ്രബോധനം നടത്താൻ കടപ്പെട്ടവർ ശിർക്കിന്റെയും ബിദ്അത്തിന്റെയും പ്രചാരകരും പ്രായോചകരുമാണ് എന്നത് അപകടത്തിന്റെ ആഴം ഓർമപ്പെടുത്തുന്നു. തൗഹീദും ശിർക്കും അറിയുകയും മനസ്സിലാക്കുകയും അതിനു അനുസൃതമായ അമലുകൾ ചെയ്യണമെന്നും അറിയുന്നവർ പോലും ഇന്ന് വിരളമാണ്. ഖുർആനും സുന്നത്തുമാണ് അടിസ്ഥാന പ്രമാണമെന്ന് അറിയുന്നവർ പോലും തൗഹീദിന്നു അത് അർഹിക്കുന്ന പ്രാധാന്യം കൽപിക്കുകയോ ശിർക്കിന്റെ ഗൌരവം മനസ്സിലാക്കുകയോ ചെയ്യുന്നതിൽ, ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഒരു സമയത്തും നമ്മുടെ മനസ്സിൽ നിന്ന് ഈ രണ്ടു വിഷയങ്ങൾ മറന്നു പോവുകയോ വിട്ടു കളയുകയോ ചെയ്യാൻ പാടില്ലെന്നിരിക്കെ, ഇസ്ലാമിക പ്രബോധനം സ്വയം ഏറ്റെടുത്ത ആളുകൾ പോലും , കാര്യമാത്ര പ്രസക്തമല്ലാത്ത സാമൂഹിക പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നുകയും തൗഹീദിന്നു നൽകേണ്ട സമയവും ഊർജ്ജവും മറ്റു പലതിലും വ്യയം ചെയ്യുകയും ചെയ്യുന്നു. ഭൗദികമായ ലാഭേഛകളും സമൂഹത്തിന്റെ പരിഗണനയും ലക്‌ഷ്യം വെക്കുന്നവർക്ക് തൗഹീദിനെ മറച്ചു വെക്കാതെ മുന്നോട്ടു പോവുക സാധ്യമല്ല. വേറൊരു കൂട്ടർ, ഇസ്ലാമിനെ മൊത്തം രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നടത്തി അപമതിക്കുകയും തൗഹീദിനും ശിർക്കിനും കേവല രാഷ്ട്രീയ മാനങ്ങൾ നൽകി ജനങ്ങളെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തൊഴുത്തിലേക്ക് നയിക്കുന്നു. തൗഹീദ് സംബന്ധമായ ഒരു ഗ്രന്ഥം പോലും വായിക്കുകയോ പഠിക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്ത ഏഭ്യന്മാര് ഏറ്റവും കൂടുതൽ തൗഹീദ് പ്രസംഗിച്ചവരായി ഊറ്റം കൊള്ളുന്നു. അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും പോയി അന്യമതസ്ഥരെ ദീനിന്റെ പേരിൽ വാചകമടിച്ചു സുഖിപ്പിക്കുന്നു. മുഹമ്മദ് ബിന് അബ്ദുൽ വഹാബ് റഹിമഹുള്ളാ രചിച്ച കിതാബുതൗഹീദ് നാം ഓരോരുത്തരും പലവുരു വായിക്കുകയും പഠിക്കുകയും ഉൾക്കൊള്ളുകയും നമ്മുടെ കുടുംബത്തെയും കുട്ടികളെയും പഠിപ്പിക്കുകയും ചെയ്യണം. എന്നാൽ മാത്രമേ നമുക്ക് തൗഹീദും ശിർക്കും ഉൾകൊള്ളാൻ കഴിയുകയും അവ രണ്ടും വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യൂ. ഭാഗം 4മുഹമ്മദ് നബി സ്വല്ലള്ളഹു അലൈഹി വ സല്ലം തന്റെ ഇരുപത്തിമൂന്ന് വർഷത്തെ, സാധാരണക്കാരനും, കച്ചവടക്കാരനും, ഭരണാധികാരിയും യോദ്ധാവും, സർവസൈന്യാധിപനും,സ്നേഹ നിധിയായ ഭർത്താവും, ആശ്രിത വൽസലനായ പിതാവും, തുടങ്ങി ജീവിതത്തിന്റെ മുഴുവൻ മേഖലകളെയും സാർത്ഥകമാക്കിയ, യുദ്ധവും സമാധാനവും ഒരു പോലെ സമ്മേളിച്ച സംഭവബഹുലമായ ജീവിതത്തിന്റെ ഏതെങ്കിലും ഒരു തുറയിൽ തൗഹീദിനെ വിസ്മരിക്കുകയോ രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തുകയോ ചെയ്ത ഒരു ചരിത്ര രേഖ ചൂണ്ടിക്കാണിക്കാൻ ശത്രുക്കൾക്ക് പോലും സാധ്യമല്ല.
ഒരു മനുഷ്യൻ അനിവാര്യമായി നിർവ്വഹിക്കേണ്ട ആരാധനാകർമ്മങ്ങളുടെ കാതലായ വശം തൗഹീദും അനുബന്ധ കാര്യങ്ങളുമാണെന്നു കാണാൻ പ്രയാസമില്ല. പരലോകത്ത്, അള്ളാഹു ഒരു മനുഷ്യനെ കൊണ്ട് വരും.99 ഏടുകളിലായി അയാൾ ചെയ്തു കൂട്ടിയ തിന്മകൾ ആകാശ ഭൂമിയോളം നിറഞ്ഞു നിൽക്കും. " വല്ല നന്മയും നീ ചെയ്തിട്ടുണ്ടോ " എന്ന് അള്ളാഹു അവനോടു ചോദിക്കും. ആകെ തകർന്നടിഞ്ഞ മനസ്സോടു കൂടി " ഇല്ല റബ്ബേ " എന്നവൻ മറുപടി പറയുമ്പോൾ, അള്ളാഹു അവനോടു പറയുന്ന ഒരു കാര്യമുണ്ട്. " എന്നാൽ നമ്മുടെ പക്കൽ നിനക്കൊരു നന്മയുണ്ട്" ലാ ഇലാഹ ഇല്ലള്ളാ " എന്ന് രേഖപ്പെടുത്തിയ കാർഡ് അള്ളാഹു അവനെ കാണിക്കുകയും, അള്ളാഹുവിന്റെ തുലാസിൽ, ആ 99 ഏടുകളെക്കാൾ, ഈ വചനം കനം തൂങ്ങുകയും ചെയ്യും. സ്വഹീഹായ നിലയിൽ രിവായത് ചെയ്യപ്പെട്ട ഈ സംഭവത്തിലെ ഗുണപാഠം മുസ്‌ലിംകൾ ഉൾക്കൊള്ളുകയും അതിനു അനുസൃതമായി കാര്യങ്ങൾ ഗ്രഹിക്കുകയും കർമങ്ങൾ നന്നാക്കുകയും ചെയ്തിരുന്നെങ്കിൽ, സാമൂഹ്യ പ്രവർത്തനത്തിന്റെയും പൊതു ജന നന്മയുടെയും പേര് പറഞ്ഞു സെക്രട്ടേറിയറ്റു മാർച്ച് നടത്താനും വാഴ നടാനും ഒരാളെയും കിട്ടുമായിരുന്നില്ല. തൗഹീദിന്റെ ജനാബ് അശ്രദ്ധമാവുകയും എല്ലാ ചപ്പു ചവറുകളും തോളിലേറ്റുകയും ചെയ്യുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളും പാർട്ടികളും എന്നാണു വിവേകപൂർണമായ പ്രവാചക മാതൃകയിലേക്ക് തിരിച്ചു വരിക ? മുആവിയതു ബിനുൽ ഹകം റദിയള്ളാഹു അൻഹുവിന്റെ ആടുകളെ മേച്ചു നടന്ന അടിമപ്പെണ്ണിനോട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം രണ്ടേ രണ്ടു ചോദ്യങ്ങളേ ചോദിച്ചുള്ളൂ, ഒന്ന് "അള്ളാഹു എവിടെയാണ്? അവർ നൽകിയ മറുപടി, "ആകാശത്തിലാണ്" എന്നായിരുന്നു. ഇസ്‌ലാമിക ദഅവത് നടത്തിക്കൊണ്ടിരിക്കുന്ന ആളുകളോടായിരുന്നു ഈ ചോദ്യമെങ്കിൽ, എന്തുത്തരമായിരിക്കും കേൾക്കാൻ സാധിക്കുക? ഈമാനും കുഫ്റും വേർതിരിക്കാൻ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സ്വീകരിച്ച മാനദണ്ഡമായിരുന്നു ഇത്. ഇന്ന് തൗഹീദ് പറയുന്നവർ ആരാണ്? തൗഹീദ് തൗഹീദ് എന്ന് ,പറയുകയല്ലാതെ, അത് വേണ്ട വിധം പഠിക്കുകയും ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് എന്റെ ചോദ്യം. അനുദിനം നമ്മൾ എന്തെല്ലാം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു? പത്രങ്ങൾ , മാസികകൾ, പുസ്തകങ്ങൾ , മറ്റു പ്രസിദ്ധീകരണങ്ങൾ, ചാനൽ ചർച്ചകൾ, രാഷ്ട്രീയ വീക്ഷണങ്ങൾ, ഇങ്ങിനെ എന്തെല്ലാം? ഇതിലെല്ലാം കൂടി തൗഹീദുമായി ബന്ധപ്പെട്ട ഭാഗം എത്ര ശതമാനമുണ്ട്? സോഷ്യൽ മീഡിയ, വാട്സ് ആപ്, ഇതിലെല്ലാം എന്തെല്ലാം അനുദിനം ഒഴുകി നടക്കുന്നു? വർഷങ്ങൾക്കു മുമ്പ് വന്നു പോയ പഴകിപ്പുളിച്ച പോസ്റ്റുകൾ പൊടി തട്ടി ടാഗ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നു. പച്ചക്കറിയിൽ അടങ്ങിയ വിശാംഷത്തിനു നൽകുന്ന വില പോലും ഒരു മനുഷ്യന്റെ പരലോക വിജയത്തിന് തുരങ്കം വെക്കുന്ന ശിർക്കിന് നാം നൽകുന്നില്ലെങ്കിൽ ഈ കലിമതുതൗഹീദ് നമ്മിൽ ഉണ്ടാക്കിയ സ്വാധീനം എത്രമാത്രം നിസ്സാരമാണ്? !! ഓർക്കുക, നമ്മുടെ പാരത്രിക ലോകത്തിന്റെ വിജയം നിലനിൽക്കുന്നത് തൗഹീദ് തഹ്ഖീഖ് ചെയ്യുന്നതിലാണെന്ന് • • • • • • •
|