അറിവിൻറ പ്രാധാന്യം
(The Importance of Knowledge) First Published by Basheer Puthur in Sahab Salafiyya blog in April 2013 |
ഭാഗം 1إنَّ الْحَمدَ للَّهِ نحمدُهُ، ونستعينُهُ، ونستغفرُهُ، ونعوذُ باللَّهِ مِنْ شُرُورِ أنفسنا وسيئاتِ أعمالنا، مَنْ يهده اللَّهُ فَلَا مُضِلَّ له، ومَنْ يُضْلِلْ فلا هَادِي لَهُ، وأشهدُ أن لا إله إلا اللَّهُ وحده لا شريكَ لَهُ، وأشهد أنَّ مُحمَّدًا عبدُهُ ورسولُهُ
മനുഷ്യൻ സ്വായത്തമാക്കുന്ന അറിവുകൾ ഒരുപാടുണ്ട്. എന്നാൽ അറിവുകളിൽ ഏറ്റവും ശ്രേഷ്ടമായ (علم) അറിവ് അള്ളാഹുവിന്റെ ശറഇനെക്കുറിച്ചുള്ള അറിവാണ്. എല്ലാ അറിവുകളും ദുനിയാവിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുമ്പോൾ, ദീനിന്റെ അറിവ് പാരത്രിക ലോകത്തേക്ക് വെളിച്ചം പ്രധാനം ചെയ്യുന്നു.
അറിവ്, മനുഷ്യന്റെ അമലുകളുടെ ആധാരമാണ്. ഊർജ സ്രോതസ്സാണ്. ശരി തെറ്റുകളുടെ അവലംബമാണ്. അറിവുള്ളവർ ആദരണീയരാണ്. അറിവ് ലക്ഷ്യം വെച്ചവൻ സ്വീകരിക്കേണ്ട മാർഗങ്ങളുണ്ട്. ശീലിക്കേണ്ട മര്യാദകളുണ്ട്. അറിഞ്ഞിരിക്കേണ്ട പാഠങ്ങളുണ്ട്. പ്രധാനമായി, അറിവ് നേടുന്നതിന്റെ ലക്ഷ്യം, അഥവാ നിയ്യത്ത് പൂർണ്ണമായി അള്ളാഹുവിന്റെ വജ്ഹു മാത്രമായിരിക്കണം. അതായത്, ശരിയായ രൂപത്തിൽ അമൽ ചെയ്യാൻ ശറഈ ഇൽമു കരസ്ഥമാക്കുക എന്നത് അടിസ്ഥാന ലക്ഷ്യം ആയിരിക്കേണ്ടതുണ്ട്. സുഫ്യാൻ അൽ തൗരി പറയുന്നു ما عالجت شيئا أشد علي من نيتي
"എന്റെ നിയ്യത്ത് ശരിയാക്കാൻ പണിപ്പെട്ട അത്ര മറ്റൊന്നിനു വേണ്ടിയും എനിക്ക് പണിപ്പെടേണ്ടി വന്നിട്ടില്ല "
ഭൌതിക താൽപര്യങ്ങളോ, ലാഭേഛകളോ, സ്ഥാനമാനങ്ങളോ, അന്തസ്സോ, ആഭിചാത്യമോ, കിട മാൽസര്യമോ, തുടങ്ങിയ ഒന്നും സ്വാധീനിക്കാനോ, അവയാൽ പ്രചോദിതനാകാനോ പാടില്ല. അപ്പോൾ ലക്ഷ്യം വഴിമാറുകയും ഫലം നഷ്ടപ്പെടുകയും ചെയ്യും. قال أبو يوسف رحمه الله : ((.......فإني لم أجلس مجلسا قط أنوي فيه أن أتواضع إلا لم أقم حتى أعلوهم ولم أجلس مجلسا قط أنوي فيه أن أعلوهم إلا لم أقم حتى أفتضح
അബു യുസുഫ് റഹിമഹുള്ളാ പറയുന്നു " ..... വിനയത്തോടു കൂടി, ഞാൻ ഇരുന്നിട്ടുള്ള മജ് ലിസുകളിലെല്ലാം ഉയർച്ചയോട് കൂടിയാണ് എഴുനേറ്റിട്ടുള്ളത്. എന്നാൽ, മറ്റുള്ളവരേക്കാൾ ഉയരണം എന്ന ലക്ഷ്യത്തോടെ ഇരുന്ന മജ് ലിസുകളിലെല്ലാം ഞാൻ സ്വയം അവഹേളിതനായിട്ടാണ് എഴുനേറ്റിട്ടുള്ളത്. " تذكرة السامع والمتكلم
അറിവ് കരസ്ഥമാക്കൽ ഇബാദത്താണ്. അതിന്റെ നിയ്യത്ത് നന്നായാൽ അത് സ്വീകരിക്കപ്പെടുകയും അതിൽ ബർകത്ത് ഉണ്ടാവുകയും ചെയ്യും. എന്നാൽ നിയ്യത്ത് മോശമായാൽ അത് നിരാകരിക്കപ്പെടുകയും ബർകത്ത് നഷ്ട്ടപ്പെടുകയും ചെയ്യും. عن عمر بن الخطاب رضي الله عنهما قال : قال رسول الله صلى الله عليه وسلم : من طلب العلم ليباهي به العلماء ويماري به السفهاء أو ليصرف وجوه الناس إليه فهو في النار - رواه ابن ماجة وصححه الألباني صحيح الترغيب والترهيب
ഉമർ ബിൻ അൽ ഖത്താബ് റദിയള്ളാഹു അൻഹുവിൽ നിന്ന് അദ്ദേഹം പറഞ്ഞു : നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു : ഉലമാക്കളോട് മാൽസര്യത്തിനു വേണ്ടിയോ, ഭോഷന്മാരോട് തർക്കം നടത്താൻ വേണ്ടിയോ, തന്നിലേക്ക് ജനങ്ങളെ തിരിക്കാൻ വേണ്ടിയോ ആരെങ്കിലും ഇൽമ് നേടിയാൽ അവൻ നരകത്തിലാണ് "
ഭാഗം 2
ഇൽമു നേടാൻ ആഗ്രഹിക്കുന്നവൻ, അത് ലഭിക്കാൻ നിശ്ചയിക്കപ്പെട്ട മാർഗങ്ങൾ അവലംബിക്കെണ്ടതുണ്ട്.
ഇഖ് ലാസോട് കൂടി, അറിവുള്ള ഗുരുവിന്റെ മുമ്പിൽ പൂർണ്ണവിനയത്തോടെ നിശബ്ദനായി അവൻ സാകൂതം ഇരിക്കുന്നു. ഒരേയൊരു ലക്ഷ്യം മാത്രമേ അവനുള്ളൂ. അത് കരഗതമാക്കാൻ എന്ത് വിലയും നൽകാൻ അവൻ സർവാത്മനാ സന്നദ്ധനാണ്. അവന്റെ സമയം അതിനു വേണ്ടി എത്ര വേണമെങ്കിലും നീക്കി വെക്കാൻ ഒരുക്കമാണ്. അലസതയോ വിമുഖതയോ അവനെ അലട്ടുന്നില്ല. അക്ഷമ അശേഷമില്ല. ആ ഇരിപ്പ് എത്ര നേരം വേണമെങ്കിലും ഇരിക്കാം. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു إنما العلم بالتعلم وإنما الحلم بالتحلم
നിശ്ചയമായും, അറിവ് പഠനത്തിലുടെയാണ്, വിവേകം, സമ്പാതനത്തിലൂടെയും" (ഹിൽമു എന്ന് പറഞ്ഞാൽ ആത്മ നിയന്ത്രണത്തിന്റെ ജന്മനാൽ തന്നെ ഉണ്ടായിത്തീരേണ്ട ഒരു സ്വഭാവമാണ്. എന്നാൽ അത് എല്ലാവരിലും ഉണ്ടായിക്കൊള്ളണമെന്നില്ല. പലർക്കും, പലപ്പോഴും പഠിച്ചെടുക്കേണ്ടതായി വരും )
كانوا إذا أتوا الرجل ليأخذوا عنه نظروا إلى سمته و صلاته و إلى حاله ثم يأخذون عنه
ഇബ്രാഹിം നഖഈ പറയുന്നു " അവർ ഒരാളുടെ അടുത്ത് പഠിക്കാൻ വന്നാൽ , അവർ അദ്ധേഹത്തിന്റെ സംതും നമസ്കാരവും, മറ്റവസ്ഥകളും നിരീക്ഷിക്കും, പിന്നീട് അദ്ധേഹത്തിൽ നിന്ന് അവർ സ്വീകരിക്കും " (سمت എന്ന് പറഞ്ഞാൽ മാർഗം, രീതി, അല്ലെങ്കിൽ രൂപം, ശൈലി എന്നൊക്കെ മലയാളത്തിൽ ഒറ്റവാക്കിൽ അർത്ഥം പറയാമെങ്കിലും, ഒരു ആലിമിന്റെ മൊത്തത്തിലുള്ള അനുകരണനീയ മാതൃകകളെയാണ് അത് കൊണ്ട് ഉദേശിക്കുന്നത് الله أعلم)
ഉമർബിൻഖത്താബ് رضي الله عنه പറഞ്ഞു تأدبوا ثم تعلموا
" നിങ്ങൾ അദബ് പഠിക്കു, പിന്നെ ഇൽമു പഠിക്കു"
قال ابن عباس أطلب الأدب فإنه زيادة في العقل و دليل على مروءة و مؤنس فس الوحدة و صاحب في الغربة و مال عند القلة - رواه الأصفهاني في منتخبه
ഇബ്ൻ അബ്ബാസ് رضي الله عنه പറഞ്ഞു " ഞാൻ അദബ് അന്ന്വേഷിക്കുകയാണ്, കാരണം അത് ബുദ്ധിയുടെ വർധനവാണ്, മനുഷ്യത്വത്തിന്റെ അടയാളമാണ്, ഏകാന്തതയിലെ സഹചാരിയാണ്, അപരിചിതത്വത്തിലെ സഹവാസിയാണ്, ഇല്ലായ്മയിലെ സമ്പാദ്യമാണ്. "
ഇബ്നുൽ മുബാറക് رحمه الله പറയുന്നു لا ينبل الرجل بنوع من العلم ما لم يزين عمله بالأدب
ഒരാളുടെ അമൽ, അദബ് കൊണ്ട് അലങ്കരിക്കപ്പെട്ടിട്ടില്ലെങ്കിൽ, ഒരു തരത്തിലുള്ള ഇൽമിനാലും അയാൾ അനുഗ്രഹീതനാകില്ല
ഇമാം ഷാഫിഈ رحمه الله പറയുന്നു نحن إلى الأدب أحوج إلى كثير من العلم
"ഒരുപാട് ഇൽമു നേടുന്നതിനേക്കാൾ , അദബ് പഠിക്കുന്നതിൽ നാം അവശ്യം ആവശ്യക്കാരാണ്. "
നമുക്ക്, ഇൽമു പറഞ്ഞു തരുന്ന ആളുകളെ നാം പരിഗണിക്കുകയും ആദരിക്കുകയും അവരുടെ അവകാശങ്ങൾ (حقوق) വക വെച്ച് കൊടുക്കുകയും ചെയ്തേ പറ്റു. ജാടയും, താൻ പ്രമാണിത്വവും, ദുരുദ്ദേശവും, കൈവെടിഞ്ഞില്ലെങ്കിൽ, ഇൽമു നമ്മെ കയ്യൊഴിഞ്ഞു, നിസ്വാർത്ഥരും, സാധുക്കളുമായ അതിന്റെ യഥാർത്ഥ അവകാശികളെത്തേടി യാത്ര പോകും. ഇമാം ശാഫിഈ പറയുന്നു لا يطلب أحد هذا العلم بالملك وعز النفس فيفلح ، ولكن من طلبه بذل النفس وضيق العيش وخدمة العلماء أفلح
"സമ്പാദ്യത്തോടെയും, ആത്മബോധത്തോടെയും, വിജയിച്ചു കളയാമെന്നു കരുതി, ആരും ഈ ഇൽമു നേടേണ്ടതില്ല. എന്നാൽ ആരാണോ ആത്മ നിന്ദയോടെയും ജീവിതപ്രാരാബ്ദത്തോടെയും ഉലമാക്കൾക്ക് ഖിദ്മത്തു ചെയ്തു കൊണ്ടും അത് തേടുന്നത് അവനു വിജയിക്കാം"
ഭാഗം 3അറിവിന്റെ വഴികൾ ചുവന്ന പരവതാനി വിരിച്ച രാജപാതയല്ല. ക്ഷമയുടെ നെല്ലിപ്പടി കാണിക്കുന്ന ദുർഘട പാതയാണ്. അത് താണ്ടാൻ ക്ഷമയും സഹനവുമില്ലാത്തവൻ അതിനു മുതിരേണ്ടതില്ല. വിനയത്തോടെ ഇൽമിന് കാതോർക്കാത്തവനെ അത് വില വെക്കില്ല.
عن الشعبي رحمه الله : صلى زيد بن ثابت على جنازة ثم قربت له بغلة ليركبها فجاء ابن عباس فأخذ بركابه فقال له زيد : خل عنه يا ابن عم رسول الله صلى الله عليه وسلم : فقال ابن عباس : " هكذا يُفعل بالعلماء " أخرجه الطبراني والبيهقي في المدخ
ഇമാം ശഅബിയിൽ നിന്ന് : ഒരിക്കൽ സൈദ് ബിന് താബിത് ജനാസ നമസ്കരിച്ചു. പിന്നീട് അദ്ദേഹത്തിന് കയറാൻ ഒരു കോവർ കഴുതയെ കൊണ്ട് വന്നു. അപ്പോൾ ഇബ്ൻ അബ്ബാസ് رضي الله عنه അതിന്റെ ചവിട്ടു പടിയിൽ പിടിച്ചു. അപ്പോൾ സൈദ് പറഞ്ഞു : റസൂലുള്ളയുടെ പിതൃവ്യ പുത്രാ അത് വിട്ടേക്കൂ " അപ്പോൾ ഇബ്ൻ അബ്ബാസ് رضي الله عنه പറഞ്ഞു " ഉലമാക്കളോട് ഇങ്ങിനെ പെരുമാറണം" - ത്വബ്രാനീ
ഇൽമു പഠിപ്പിക്കുന്നവരെ സലഫുകൾ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അവരുടെ മജ് ലിസുകൾ അതിന് കീർത്തി കേട്ടതാണ്. ഖതീബുൽ ബഗ്ദാദി പറയുന്നു. عن المغيرة : كنا نهاب إبراهيم النخعي كما يهاب الأمي
മുഗീരയിൽ നിന്ന് "ഞങ്ങൾ നഖഇക്ക് (ഇബ് റാഹീം ) അമീറിനെപ്പോലെ ആദരവ് കൽപ്പിച്ചിരുന്നു "
عن أيوب : كان الرجل يجلس إلى الحسن ثلاث سنين فلا يسأله عن شيء هيبة له
അയ്യൂബിൽ നിന്ന് " ഹസനിന്റെ (ബസ്വരി) അടുത്ത് മൂന്നു വര്ഷത്തോളം ഇരുന്നിട്ടും, അദ്ദേഹത്തോടുള്ള ആദരവു കാരണം ഒന്നും ചോദിക്കാത്ത ആളുണ്ടായിരുന്നു. "
عن الإسحاق الشهيدي : كنت أرى يحيى القطان يصلى العصر ثم يستند إلى أصل منارة المسجد فيقف بين يديه : علي بن المديني ، والشاذكوني وعمرو بن علي وأحمد بن حنبل، ويحيى بن معين وغيرهم يسألون عن الحديث وهم قيام على أرجلهم إلى أن تحين صلاة المغرب. ولايقول لواحد منهم إجلس ولا يجلسون هيبة له وإعظاما
ഇസ്ഹാഖ് ഷഹീദിയിൽ നിന്ന് " യഹ് യ അൽ ഖത്താനെ (ഇബ്ൻ സഈദ് ) അസ്വ്ർ നമസ്കാര ശേഷം പള്ളിയുടെ വിളക്കു കാലിൽ ചാരിയിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ അദ്ധേഹത്തിന്റെ മുമ്പിൽ അലി അൽ മദീനി, ഷാദകൂനീ, അംറ് ബിൻ അലി, അഹ്മദ് ബിൻ ഹമ്പൽ, യഹ് യ ബിൻ മഈൻ തുടങ്ങിയ ആളുകൾ നിന്ന നിൽപിൽ നിന്ന് കൊണ്ട് മഗ് രിബിനോട് അടുക്കുന്നത് വരെ ഹദീസ് ചോദിക്കും. ഒരാളോട് പോലും അദ്ദേഹം " നിങ്ങൾ ഇരിക്കൂ " എന്ന് പറയാറില്ല. ബഹുമാനാദരവുകൾ കാരണം, ഒരാളും ഇരിക്കാറുമില്ല "
عن عبد الرحمن بن حرملة الأسلمي : ما كان إنسان يجترئ على سعيد بن المسيب يسأله عن شيء حتى يستأذنه كما يستأذن الأمير
അബ്ദുൽ റഹ്മാൻ അസ്ലമിയിൽ നിന്ന് " സഈദ് ബിൻ മുസയ്യബിനോട്, അമീറിനോടെന്ന പോലെ അനുവാദം ചോദിച്ചിട്ടല്ലാതെ ആരും ഒരു കാര്യവും ചോദിക്കാറുണ്ടായിരുന്നില്ല."
" ഒരു ത്വാലിബുൽ ഇല്മിനെ സംബന്ധിച്ചെടത്തോളം, തന്റെ ഷൈഖിന്റെ നിർദേശങ്ങൾ സ്വീകരിക്കണം. ഒരു രോഗി തന്റെ ഭിഷഗ്വരനോട് എങ്ങിനെ വർത്തിക്കുമോ അങ്ങിനെ വർത്തിക്കണം. അദ്ധേഹത്തെ അങ്ങേയറ്റം ആദരിക്കുകയും, അദ്ധേഹത്തിന്റെ തൃപ്തി സമ്പാദിക്കുകയും ചെയ്യണം. അദ്ദേഹത്തിന് ഖിദ് മത്ത് ചെയ്യുന്നതിൽ അള്ളാഹുവിന്റെ സാമീപ്യം കാംക്ഷിക്കണം. തന്റെ ശൈഖിന്റെ മുമ്പിൽ നിന്ദ്യനാവുന്നത് അഭിമാനമായി കാണണം. അദ്ദേഹത്തിന് അനുസരണ കാണിക്കുന്നത് അന്തസസാണെന്നറിയണം. അദ്ധേഹത്തിന്റെ മുമ്പിൽ വിനയം കാണിക്കുന്നത് ഉയർച്ചയായി കരുതണം. ഒരു ത്വാലിബുൽ ഇല്മ് തന്റെ ഗുരുനാഥനെ അങ്ങേയറ്റത്തെ ആദരവോടു കുടി മാത്രമേ നോക്കിക്കാണാവൂ اللهم استر عيب شيخي عني ، ولا تُذهب بركة علمه من
"അള്ളാഹുവേ, എന്റെ ഗുരുനാഥന്റെ ന്യൂനതകൾ എന്നിൽ നിന്ന് നീ മറച്ചു പിടിക്കേണമേ, അദ്ധേഹത്തിന്റെ ഇൽമിന്റെ ബറകത്ത് എന്നിൽ നിന്ന് തട്ടി മാറ്റിക്കളയല്ലേ " എന്ന് സലഫുകൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു !! تذكرة السامع والمتكلم
قال الشافعي رحمه الله : كنت أصفح الورقة بين يدي مالك رحمه الله صفحا رقيقا هيبة له لئلا يسمع وقعه
ഇമാം ഷാഫിഈ പറയുന്നു " ഞാൻ ഇമാം മാലികിന്റെ മുമ്പിൽ ഇരിക്കുമ്പോൾ, ശബ്ദം കേൾക്കാതിരിക്കാൻ വളരെ പതുക്കെയായിരുന്നു താളിയോലകൾ മറിച്ചിരുന്നത്. അദ്ദേഹത്തോടുള്ള ആദരവു കാരണമായി."
ഭാഗം 4അറിവ് നേടുന്നതിൽ നിന്ദ്യത അനുഭവിക്കാത്തവൻ, ജീവിത കാലം മുഴുവൻ അജ്ഞതയുടെ ഇരുട്ടിലായിരിക്കുമെന്നു സലഫുകൾ പറയാറുണ്ടായിരുന്നു.
عن طاؤوس عن أبيه قال : من السنة أن يوقر العالم
താഊസിൽ നിന്ന് അദ്ധേഹത്തിന്റെ പിതാവ് പറഞ്ഞു" ആലിമിനെ ആദരിക്കൽ സുന്നത്തിൽ പെട്ടതാണ്.
عن ميمون بن مهران رحمه الله : لا تماري من هو أعلم منك ، فإذا فعلت خزن عنك علمه، ولم تضره شيئا
മയ്മൂൻ ബിൻ മിഹ്റാനിൽ നിന്ന് " നിന്നെക്കാൾ അറിവുള്ള ആളുമായി നീ തർക്കത്തിലേർപ്പെടരുത്. അങ്ങിനെ നീ ചെയ്യുന്ന പക്ഷം, അദ്ധേഹത്തിന്റെ ഇല്മ് നിനക്ക് തടയപ്പെടും, അദ്ധേഹത്തെ അത് ഒരു ദോഷവും വരുത്തില്ല. "
ശൈഖിന്റെ മുമ്പിൽ, ഇരിക്കുമ്പോൾ മജ് ലിസിൽ ഇരിക്കുന്നതിന്റെ അദബുകൾ കാണിക്കണം. കൂടുതലായി സംസാരിച്ചു കൊണ്ടിരിക്കുക, ചോദ്യം ചോദിച്ചു ശല്യം ചെയ്യുക, ശൈഖിന്റെ മറുപടിയിൽ തൃപ്തി കാണിക്കാതിരിക്കുക, ഉച്ചത്തിൽ ചിരിക്കുകയും, അംഗ വിക്ഷേപങ്ങൾ കാണിക്കുകയും ചെയ്യുക, വില കെടുത്തി സംസാരിക്കുക, ഷെയ്ഖ് ചർച്ച ചെയ്യുന്ന വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ അനുവാതമില്ലാതെ അവതരിപ്പിക്കുക, ഒരു താലിബുൽ ഇൽമിനെ സംബന്ധിച്ചേടത്തോളം അറിഞ്ഞിരിക്കൽ അനിവാര്യമോ, ആവശ്യമോ അല്ലാത്ത വിഷയങ്ങൾ പ്രതിപാതിക്കുക, പേന, മൊബൈൽ തുടങ്ങിയവ കൊണ്ട് കളിക്കുക, പുസ്തകത്തിന്റെ പേജുകൾ അനാവശ്യമായി മറിച്ചു കൊണ്ടിരിക്കുക, വസ്ത്രത്തിൽ കളിക്കുക, കാലുകൾ കയറ്റി വെക്കുകയും ഇളക്കിക്കൊണ്ടിരിക്കുകയും ചെയ്യുക, മിസ് വാക്ക് ചെയ്യുക. തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുന്നത് അഭികാമ്യമാണ്. ഭാഗം 5അറിവ് നേടാൻ മുഖം തിരിച്ച ഒരു ത്വാലിബുൽ ഇൽമ് പല കാര്യങ്ങളും ശ്രദ്ധിക്കണം. ആദ്യമായി, തനിക്കു അറിവ് പകർന്നു തരാൻ യോഗ്യനായ അഹ്ലുസ്സുന്നയിൽ പെട്ട ഒരാളെ കണ്ടെത്തണം. മറ്റൊരാളെ പഠിപ്പിക്കാൻ മാത്രം കഴിവും യോഗ്യതയും വയ്ജ്ഞാനിക അടിത്തറയും അയാള്ക്കുണ്ടാവും. ഗ്രന്ഥങ്ങളെയും കാസറ്റുകളെയും അവലംബിക്കുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള അപകടം ദീൻ പഠിച്ച "ഇത്ഖാൻ" ഉള്ള ഒരാളുടെ മുമ്പിൽ ഇരിക്കുമ്പോൾ സംഭവിക്കില്ല.
അവശ്യം ആവശ്യമുള്ള മറ്റൊരു "ആലത്ത്" (ആയുധം) ആണ് ഭാഷ. അറബിഭാഷ മുസ്ലിംകളുടെ ഭാഷയാണ്. ഖുർആനും ഹദീസുകളും ആ ഭാഷയിലാണ്. നബിയും സ്വഹാബത്തും സംസാരിച്ചത് ആ ഭാഷയിലാണ്. ഇസ്ലാമിനു ഖിദ്മത്തു ചെയ്ത അനറബികളായ മിക്ക ഉലമാക്കളും അറബി ഭാഷ പഠിച്ചതിനു ശേഷം, അറബി ഭാഷയിലാണ് അത് നിർവ്വഹിച്ചത് ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയയെപ്പോലുള്ള ഉലമാക്കൾ മുസ്ലിംകൾ അറബി ഭാഷ പഠിക്കൽ വാജിബ് ആണെന്ന് വരെ പറഞ്ഞതായി കാണാം. സലഫുകൾ തങ്ങളുടെ കുട്ടികളെ അറബി ഭാഷ പഠിപ്പിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. ഒരു ത്വാലിബുൽ ഇൽമു അറബി ഭാഷയിൽ വ്യുൽപത്തി നേടാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനു യോഗ്യനായ ആളെ കണ്ടെത്തുകയും, താമസംവിനാ അത് സ്വായത്തമാക്കുകയും ചെയ്തില്ലെങ്കിൽ മുന്നോട്ടുള്ള പ്രയാണം എന്നും പ്രയാസകരമായി നിൽക്കും. മാത്രമല്ല, ആലത്തുകൾ ഇല്ലാത്തവൻ ഗുണത്തെക്കാളേറെ ദോഷം വരുത്തും. ഭാഷ വശമില്ലാത്തവൻ, ഷെയ്ഖ് പറയുന്നത് ശരിയായ നിലയിൽ മനസ്സിലാക്കുന്നതിനു പകരം തെറ്റായി മനസ്സിലാക്കുകയും ദീൻ ആയി സ്വീകരിക്കുകയും ചെയ്യും. അത് പ്രചരിപ്പിക്കാൻ കൂടി മുതിരുമ്പോൾ അപകടം ശതഗുണീഭവിക്കും. ഇൽമു നേടുക എന്നതിൽ മാത്രം ഊന്നൽ നൽകുന്ന ഒരാൾ, അയാളുടെ "ഹമ്മു " അതിൽ നിന്ന് തെറ്റിപ്പോകാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. ത്വാലിബുൽ ഇൽമിനെ അവന്റെ ലക്ഷ്യത്തിൽ നിന്ന് തെറ്റിച്ചു കളയുന്ന പ്രതിബന്ധങ്ങൾ ഒരുപാടുണ്ട്. ഏതാനും കിതാബുകൾ കേൾക്കുകയും കുറഞ്ഞ കാലം ഉലമാക്കളുമായി ഇടപഴകുകയും സലഫുകളുടെ "സംതി" നെക്കുറിച്ച് കുറച്ചൊക്കെ അറിയുകയും അന്ജോ പത്തോ കിതാബിന്റെ പേര് കേൾക്കുകയും ചെയ്യുമ്പോഴേക്കു (عجب) അഥവാ സഭാകംബത്വം പിടികീടുകയും "ഞാൻ തരക്കേടില്ലായെന്നു " സ്വയം തോന്നുകയും ചെയ്യുന്നുവെങ്കിൽ, സൂക്ഷിക്കുക ! അപകടം അടുത്തെത്തിക്കഴിഞ്ഞു ! സത്യസന്ധരും കഴിവുള്ളവരുമായ ആളുകളെ പിശാച് റാഞ്ചിക്കൊണ്ട് പോകുന്ന വഴികളിലൊന്നാണിത്. വിത്യസ്ഥ അഭിപ്രായ സ്വാതന്ത്ര്യമുള്ള മസ് അലകളിൽ സ്വന്തം ശൈഖിനു പക്ഷം പിടിക്കുക, തെളിവ് പരിഗണിക്കാതെ വ്യക്തിയെ പിൻപറ്റുക, ശൈഖിന്റെ വാക്കുകളും അഭിപ്രായങ്ങളും അനുവാതമില്ലാതെ പ്രചരിപ്പിക്കുക, ശൈഖിനു ഇല്ലാത്ത അഭിപ്രായങ്ങൾ ശൈഖിന്റെതായി മറ്റുള്ളവരിൽ എത്തിക്കുക തുടങ്ങിയ വില കുറഞ്ഞ ഇടപാടുകൾ സത്യസന്ധനായ ഒരു ത്വാലിബുൽ ഇൽമു നടത്താൻ പാടില്ല പ്രാരംഭ ദശയിലുള്ള ഒരു ത്വാലിബുൽ ഇൽമു അവനു ആവശ്യമോ ഗുണപരമോ അല്ലാത്ത മസ്അലകളിൽ വ്യാപൃതനാവരുത്. കഴിവുള്ള, മുതിർന്ന ത്വുല്ലാബുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ തൽപരനാവുകയും തന്റെ പ്രധാന സമയങ്ങൾ അതിനു വേണ്ടി നീക്കി വെക്കുകയും ചെയ്യുന്നത് ഒരിക്കലും ഗുണം ചെയ്യില്ല അഖീദ, ഹദീസ്, ഫിഖ്ഹു എന്നിവയിൽ ചെറിയ കിതാബുകളിൽ നിന്ന് തുടങ്ങി വലുതിലേക്ക് പോവുകയാണ് പഠന രീതി. അതിൽ തന്നെ ഗ്രാഹ്യത വരുന്നത് വരെ ഒന്നിൽ തന്നെ തുടരുന്നതും നല്ലതാണ്. ക്രമ പ്രവൃതമായ(تدرج ) രീതി ഇല്ലാതെ പലയിടങ്ങളിൽ നിന്ന് പലതും, എടുക്കുമ്പോഴും, ചെറുതിൽ തുടങ്ങി വലുതിലേക്ക് എന്ന ക്രമം തെറ്റുമ്പോഴും അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണത്തോടുള്ള അമിതമായ ആസക്തി, അതിര് കവിഞ്ഞ ഉറക്കം, വായാടിത്തം, കൌശലക്കാരും താന്തോന്നികളുമായ ആളുകളുമായുള്ള സഹവാസം, അവിവേകികളായ ആളുകളുമായുള്ള സൌഹൃദം, തുടങ്ങിയവ ഒരു ത്വാലിബുൽ ഇൽമു ഉപേക്ഷിച്ചേ പറ്റു. കേവല ഭൌതിക പ്രമത്തരും സുഖലോലുപരുമായ ആളുകളുമായി അകലം കാത്തു സൂക്ഷിക്കുന്നതും അഭിലഷണനീയമാണ് ഭാഗം 6ഇമാം ഷാഫിഈ റഹിമഹുള്ളയിലേക്ക് ചേർക്കപ്പെടുന്ന ഈ വരികൾ അറിവ് നേടുന്ന വിഷയത്തിൽ പ്രസ്ക്തമാണ്.
أخي لن تنال العلم إلا بستة سأنبيها عن تفصيلها ببيان ذكاء وحرص واجتهاد وبلغة وصحبة أستاذ وطول زمان "സഹോദരാ, ആറു കാര്യങ്ങൾ കൊണ്ടല്ലാതെ ഇൽമു നേടുക സാധ്യമല്ല. അവയേതെന്നു ഞാൻ വിഷതമാക്കാം, " കുശാഗ്ര ബുദ്ധി, അതിയായ ആഗ്രഹം, കഠിനാധ്വാനം, ലക്ഷ്യപ്രാപ്തി, ഗുരുസഹവാസം, കാലദൈർഘ്യം" ഇഖ്ലാസ്, ക്ഷമ, വിവേകം, തുടങ്ങിയ സ്വഭാവ വൈഷിഷ്ട്യങ്ങൾ കൈമുതലാക്കിയ ഒരു ത്വാലിബ്, മുകളിൽ പറഞ്ഞ ആറു കാര്യങ്ങളെക്കുറിച്ച് ബോധവാനാവേണ്ടതുണ്ട്. ബുദ്ധിയില്ലാത്തവനു ഇൽമു നേടാൻ കഴിയില്ല. അത് പോലെ അതിയായ ആഗ്രഹത്തോടെ, തന്റെ ലക്ഷ്യ സാക്ഷാല്കാരത്തിന് വേണ്ടി പുറപ്പെടുകയും അത്യധ്വാനം ചെയ്യുകയും ചെയ്തില്ലെങ്കിൽ അറിവ് കിട്ടാക്കനിയായി അകലെ നിൽക്കുകയേയുള്ളൂ. ഇൽമ് പകർന്നു തരുന്ന മാതൃകാ യോഗ്യനായ ശൈഖിന്റെ സഹവാസം വിദ്യാർഥിയിൽ പല നിലക്കും ഗുണം ചെയ്യും. അവരുടെ ജീവിതവും, രീതിയും ശൈലിയും സത്യസന്ധതയും എല്ലാം കൃത്രിമത്വം ഒട്ടുമില്ലാതെ ഒപ്പിയെടുക്കാൻ അത് സഹായിക്കും. ത്വലബുൽ ഇൽമിന് പ്രത്യേക കാലമില്ലെങ്കിലും, അതുമായി ദീർഘകാലം ഏർപ്പെട്ടാൽ മാത്രമേ പുർണ്ണമായ ഫലം ലഭിക്കുകയുള്ളൂ. ആവേശത്തോട് കൂടി, യാതൊരു മടുപ്പുമില്ലാതെ സഹനം കൈക്കൊണ്ടു പടിപടിയായി കൊല്ലങ്ങളോളം ഗുരുവുമായി സഹവസിച്ചു നേടിയെടുക്കുന്ന അറിവിന് മധുരം കൂടുതലായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് പോലെ വളരെ പരിഗണനീയമായ ഒന്നാണ് പോയന്റുകൾ (فوائد) കുറിച്ചെടുക്കുകയെന്നത്. ഒരു ത്വാലിബുൽ ഇൽമു കേവലമൊരു കേൾവിക്കാരനല്ല. പറയുന്ന കാര്യങ്ങൾ തന്റെ കയ്യിലുള്ള നോട്ടു ബുക്കിൽ രേഖപ്പെടുത്തുകയും, ഉദ്ധരണികളുടെ ഉറവിടങ്ങൾ ഉറപ്പു വരുത്തി ക്രമീകരിക്കുകയും ചെയ്യണം. العلم صيد والكتابة قيده قيد صيودك بالحبال الواثقة فمن الحماقة ان تصيد غزالة وتتركها بين الخلائق طالقة " ഇൽമു ഒരു വേട്ടയാണ്. എഴുത്ത്, വേട്ട മൃഗത്തെ ബന്ധിക്കലാണ്. നീ വേട്ടയാടിയവയെ ബലിഷ്ടമായ കയറുകൾ കൊണ്ട് ബന്ധിക്കുക. ഒരു മാൻ പേടയെ വേട്ടയാടിപ്പിടിച്ചിട്ടു, അതിനെ ബന്ധിക്കാതെ സ്വതന്ത്രയായി വിടുകയെന്നത് എന്ത് മാത്രം വിഡ്ഢിത്തമാണ്? !! " ചിലപ്പോൾ, ഷെയ്ഖ് പറഞ്ഞ അവലംബം ഒന്നും എഴുതിയത് മറ്റൊന്നുമാവാം. തിരിച്ചുമാവാം. പേജു നമ്പറുകളും വാള്യങ്ങളും മാറിപ്പോകാം. ഓർമപ്പിശക് സംഭവിക്കാം. ആശയശോഷണം ഉണ്ടാവാം. ഇത് പോലെ മനപൂർവ്വമാല്ലാതെ സംഭവിക്കുന്ന തകരാറുകൾ പുനപരിശോധന (مراجعة) നടത്തുന്നതിലുടെ ശരിപ്പെടുത്താനും ക്രമീകരിക്കാനും സാധിക്കും. എളുപ്പം കാര്യം നേടുക എന്നതാണ് ഇന്ന് എല്ലാവർക്കും ഇഷ്ടം. ഇന്റർനെറ്റ് എന്ന വിശാല ലോകം പലർക്കും ഇന്ന് അറിവിന്റെ വിളനിലങ്ങളാണ്. ആധുനിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഇൽമ് സ്വീകരിക്കാൻ സലഫുകൾ പിന്തുടർന്ന വഴികൾ പലർക്കും അന്യമാണ്. ഇൽമു നേടാൻ ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് ഒരിക്കലും പ്രൊൽസാഹിപ്പിക്കാവതല്ല. മാത്രമല്ല അത് കൊണ്ട് ഉണ്ടായിതീരുന്ന അപകടങ്ങൾ ദൂരവ്യാപകവുമാണ്. ഇൽമു നേടാൻ ഗുരുമുഖത്തു നിന്നല്ലാതെ കിതാബുകളെ മാത്രം ആശ്രയിക്കുന്നത് പോലും സലഫുകൾ വിലക്കിയതായി കാണാം. കിതാബുകളെ മാത്രം അവലംബിക്കുന്നത് പോലും വിലക്കപ്പെട്ടതാണെങ്കിൽ, ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് എന്ത് മാത്രം അപകടകരമായിരിക്കും? • • • • • • •
|