"സമ്മൂ ലനാ രിജാലകും"
(Tell Us Your Narrators) First Published by Basheer Puthur in Sahab Salafiyya blog in June 2013 |
ഭാഗം 1قال الترمذي :( حدثنا محمد بن علي بن الحسن بن شقيق أنا النضر بن عبد الله الأصم أنا إسماعيل بن زكريا عن عاصم عن ابن سيرين قال : (( كان في الزمان الأول لا يسألون عن الإسناد ، فلما وقعت الفتنة سألوا عن الإسناد ، لكي يأخذوا حديث أهل السنة ، ويدعوا حديث أهل البدع ) .
قال ابن رجب : وابن سيرين رضي الله عنه هو أول من انتقد الرجال وميز الثقات من غيرهم ، وقد روي عنه من غير وجه أنه قال : (( إن هذا العلم دين فأنظروا عمن تأخذون دينكم )) وفي رواية عنه أنه قال : (( إن هذا الحديث دين فلينظر الرجل عمن يأخذ دينه )) . തുര്മുദി പറയുന്നു:
"ആദ്യ കാലത്ത് ഇസ്നാദിനെക്കുറിച്ച് ചോദിക്കാരുണ്ടായിരുന്നില്ല." മുസ്ലിം ലോകത്ത് ഇസ്ലാമിക ദഅവത്തു സ്വയം ഏറ്റെടുത്തവർ ഒരുപാടുണ്ട്. അല്ലാഹുവിന്റെ മാർഗത്തിലേക്ക് ഉള്ള ക്ഷണം മഹത്തായ ഇബാദത്താണ്. ഈ ക്ഷണം പൂർണ്ണാർത്തത്തിൽ നിർവ്വഹിച്ചവരാണ് അമ്പിയാക്കൾ. അവരുടെ പിന്തുടർച്ചയാണ് പ്രബോധകർക്ക് അവകാശപ്പെടാനുള്ളത്. പ്രവാചകന്മാർ അല്ലാഹുവിലേക്ക് ക്ഷണിച്ചത് അഥവാ ദഅവത്തു നടത്തിയത് എങ്ങിനെയാണ്? അതിന്റെ രൂപം ഏതാണ്? തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ദഅവത്തിന്റെ സാധുത പരിഗണിക്കുന്നത്. എങ്ങിനെയെങ്കിലും ദഅവത്തു നടത്തുകയെന്നതോ, മത നിയമ സംഹിതകൾക്ക് നവ വ്യാഖ്യാനങ്ങൾ നല്കലോ, ഇസ്ലാമിന്റെ താൽപര്യമല്ല, ഇസ്ലാമിനു അങ്ങിനെ ഒരു മാതൃകയുമില്ല. എന്നാൽ ദഅവത്തു ഏറ്റെടുത്ത ആളുകളിൽ പലരും ഇക്കാര്യങ്ങളിൽ അജ്ഞരോ, സ്വയം അജ്ഞത നടിക്കുന്നവരോ ആണ്. ദഅവത്തു എന്നതിന്റെ പേരിൽ കേരളത്തിലെ ഏതാണ്ടെല്ലാ സംഘടനകളും നവീന രീതികൾ കണ്ടെത്താനും അത് പരീക്ഷിക്കാനും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ അത് വലിയൊരു അസംബന്ധമാവില്ല. എല്ലാവരുടെയും ലക്ഷ്യം ദഅവത്തു ആണ്. എന്നാൽ പലരുടെയും മാർഗങ്ങൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയും സ്വഹാബതും സ്വീകരിച്ചതോ പിന്തുടർന്നതോ അല്ല. ജനങ്ങൾ സ്വീകരിക്കുന്നു എന്നതോ, പൊതു ജന ശ്രദ്ധയാകർഷിക്കുന്നു എന്നതോ അല്ല, പ്രബോധനത്തിന് നാം സ്വീകരിച്ച രീതി, കുറ്റമറ്റതാണ് എന്നതിനുള്ള തെളിവ്. ഒരുപാട് 'ബുദ്ധിജീവികൾ' കൂടിയിരുന്ന് പല വട്ടം ചർച്ച ചെയ്തു ആലോചിച്ചു കണ്ടെത്തിയതാകാം പല രീതികളും ! അതിനു വളരെക്കുടുതൽ വിഭവ ശേഷിയും സമയവും വ്യയം ചെയ്തിരിക്കാം. കേട്ടാൽ, ആർക്കും വിമർശിക്കാൻ 'കഴിയാത്ത'തും 'അനിവാര്യവുമെന്നു' തോന്നാം. പക്ഷെ, നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ തിരു ചര്യയുമായി പൊരുത്തപ്പെടുന്നുണ്ടോ അവ എന്ന് പരിശോധിക്കുമ്പോഴാണ് അപകടം ബോധ്യപ്പെടുക. ഇവിടെയുള്ള ഏറ്റവും അപകടകരമായ കാര്യം, അങ്ങിനെ ഒരു പരിശോധന, അഥവാ ഇസ്ലാമിക ദഅവത്തു രംഗത്ത് പരീക്ഷിക്കപ്പെടുന്ന നൂതന ആശയങ്ങളും ചിന്തകളും രീതികളും കണ്ടെത്തലുകളും , സുന്നത്തുമായ് എത്ര മാത്രം യോജിക്കുന്നതാണ് എന്ന് അന്വേഷിക്കുന്നവരും പരിശോധിക്കുന്നവരുമായി ആരെങ്കിലുമുണ്ടോ എന്നതാണ്. ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ എവിടെയെങ്കിലും തൗഹീദ്, സുന്നത്ത് എന്നൊക്കെ ഒരു പത്തു തവണ പറഞ്ഞത് കൊണ്ടോ അഹ്ലുസ്സുന്നതിന്റെ ചില ഉലമാക്കളുടെ പേരുകൾ പരാമർശിച്ചത് കൊണ്ടോ ചെയ്യുന്ന കാര്യങ്ങൾ ദഅവത്തു ആവുകയോ സാധൂകരണം സിദ്ധിക്കുകയോ ചെയ്യില്ല. ബിദ്അത്തുകൾ ജനിക്കുന്നത് അതിന്റെ പേരുകളിൽ അല്ല. സുന്നത്ത് എന്ന പേരിലോ, സുന്നത്തിനോട് വളരെ സദൃശമായ രൂപത്തിലോ ആയിരിക്കും. സൂക്ഷ്മദൃക്കുകൾക്കല്ലാതെ അത്, അതിന്റെ പ്രാഥമിക ദിശയിൽ ഗോചരമായിരിക്കില്ല. ദഅവത്തിനു നേതൃത്വം നൽകുന്നവർ സുന്നത്തിനെക്കുറിച്ച് തികഞ്ഞ അറിവും ജാഗ്രതയും ഇല്ലാത്തവരാണെങ്കിൽ, സർവ്വ നാശമായിരിക്കും പ്രദാനം ചെയ്യുക. ഭാഗം 2
നബിസ്വല്ലള്ളാഹു അലൈഹി വ സല്ലം ദഅവത്തിന് സ്വീകരിച്ച മാർഗം ഏതാണോ അത് തന്നെയാണ് സ്വഹാബത്തും ദഅവത്തിന് വേണ്ടി സ്വീകരിച്ചത്. അവർ നബിയുടെ മാതൃകയില്ലാത്ത പുതിയ ഒരു മാർഗം കണ്ടു പിടിക്കുകയോ സ്വീകരിക്കുകയോ ചെയ്തില്ല. അവർ അതിനു മറ്റാരെക്കാളും കഴിവുള്ളവരും യോഗ്യരുമായിരുന്നിട്ടും അവരതു ചെയ്തില്ലെങ്കിൽ, മറ്റാരു ചെയ്താലും എന്ത് ന്യായീകരണങ്ങൾ നടത്തിയാലും അത് സ്വീകാര്യമോ പ്രാമാണികമോ ആവില്ല. ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി പറയുന്നു:
عن ابن سيرين قال :« لم يكونوا يسألون عن الإسناد، فلما وقعت الفتنة قالوا: سموا لنا رجالكم فينظر إلى حديث أهل السنة فيؤخذ حديثهم وينظر إلى أهل البدع فلا يؤخذ حديثهم»...1
____________ رواه مسلم في مقدمة الصحيح (1/15) والترمذي في العلل ص81 بشرح ابن رجب والرامهرمزي في المحدث الفاصل ص12 والخطيب البغدادي في الكفاية ص122 അവർ, ഇസ്നാദിനെക്കുറിച്ചു ചോദിക്കാറുണ്ടായിരുന്നില്ല. ഫിത്ന തുടങ്ങിയപ്പോൾ, അവർ, 'നിങ്ങളുടെ ആളുകളുടെ പേരുകൾ ഞങ്ങളോട് പറയൂ'. അഹ്ലുസ്സുന്നയുടെ ആളുകളിൽ നിന്നാണെങ്കിൽ അവർ സ്വീകരിക്കുകയും അഹ്ലുൽ ബിദ് അയുടെത് നിരാകരിക്കുകയും ചെയ്യും."
ആദ്യ കാലത്ത്, അഥവാ സ്വഹാബതു ജീവിച്ചിരുന്നപ്പോൾ അവർ പറയുന്ന ഹദീസുകൾ എല്ലാവരും ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും അന്ഗീകരിക്കുകയും ചെയ്തിരുന്നു. അവരെക്കുറിച്ച് ആർക്കും അഭിപ്രായ വിത്യാസം ഉണ്ടായിരുന്നില്ല. അവരുടെ വിശ്വാസ്യതയിൽ ആരും സംശയിച്ചിരുന്നില്ല. സ്വഹാബത് എല്ലാവരും നീതിമാന്മാരും സത്യസന്തരും ആയിരുന്നല്ലോ. എന്നാൽ അവരുടെ കാലത്തിനു ശേഷം പല തരത്തിലുള്ള ഫിത്നകളും ഉടലെടുത്തു. നബിയുടെ പേരിൽ, നബി പറഞ്ഞതായി നബി പറയാത്തത് പലരും ആരോപിച്ചപ്പോൾ, അവർക്ക് സനദിനെക്കുറിച്ച് ചോദിക്കൽ അനിവാര്യമായി. അതായത് " ഇക്കാര്യം നിങ്ങൾക്കെവിടെ നിന്ന് കിട്ടി ? " ആരാണ് നിങ്ങളോടിത് പറഞ്ഞത് ? " എന്നവർ ചോദിക്കാൻ തുടങ്ങി. വിശ്വസ്തരായ അഹ്ലുസ്സുന്നയുടെ ആളുകളിൽ നിന്നാണ് കേട്ടത് എന്ന് വ്യക്തമായി തെളിഞ്ഞാൽ മാത്രം അവർ അക്കാര്യം സ്വീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്തു. അത് കൊണ്ട് തന്നെയാണ് ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി ഇങ്ങിനെ പറഞ്ഞതും: إن هذا العلم دين فانظروا عمن تأخذون دينكم
"നിശ്ചയമായും ഈ ഇല്മ് ദീനാകുന്നു, അതാരിൽ നിന്നാണ് സ്വീകരിക്കുന്നത് എന്ന് നിങ്ങൾ നോക്കിക്കൊള്ളുക."
അപ്പോൾ, ദീൻ എന്ന നിലയിൽ ആര് പറഞ്ഞാലും, അതെല്ലാം സ്വീകരിക്കാനുള്ള ബാദ്യത ഒരു മുസ്ലിമിന് ഇല്ല. മറിച്ച് , അക്കാര്യം ദീനിൽ സ്ഥിരപ്പെട്ടതാണോ എന്നും, അത് പറയുന്ന ആൾ, അത് പറയാൻ യോഗ്യനാണോ എന്ന് കൂടി പരിശോധിച്ച് ഉറപ്പു വരുത്തിയെ മതിയാകൂ.
ഇസ്ലാം ദീനിനെക്കുറിച്ചു സംസാരിക്കുന്നവർ ഇന്നേറെയാണ്. പറയാൻ യോഗ്യതയുള്ളവരും,ഇല്ലാത്തവരുമുണ്ട്.എന്നല്ല, ചിലപ്പോഴൊക്കെ ഇസ്‌ലാമിനു പുറത്തുള്ളവർ പോലും ഇസ്ലാമിനെക്കുറിച്ച് വാചാലരാവാറുണ്ട്. പലരും അവരെ തോളിലേറ്റി നടക്കാറുമുണ്ട്. അപ്പോൾ, പറയുന്നത് ഇസ്ലാമിനെ ക്കുറിച്ചാണ് എന്നത് മാത്രം ആശ്രയിച്ചു കൊണ്ട് അതിന്റെ സ്വീകാര്യത സ്ഥാപിക്കപ്പെടുകയില്ല, മറിച്ചു അത് പറയുന്ന ആളുടെ, പറയാനുള്ള യോഗ്യത കുടി പരിഗണിക്കപ്പെടണം. യോഗ്യത എന്ന് പറയുമ്പോൾ, വൈജ്ഞാനികവും ഭാഷാപരവുമായ പാടവമല്ല ലക്ഷ്യമാക്കുന്നത് , മറിച്ചു പറയുന്ന ആൾ അഹ്ലുസ്സുന്നയിൽ അറിയപ്പെട്ട ആളാണോ എന്നതാണ്. അത് തന്നെയാണ് ഇമാം ഇബ്ൻ സീരീൻ പറഞ്ഞതിന്റെ പൊരുളും. ഭാഗം 3ഇസ്ലാം മതത്തിൽ ആർക്കും എന്തെങ്കിലും പറയാൻ സ്വാതന്ത്ര്യമോ അവകാശമോ ഇല്ല. ഇനി പറഞ്ഞാൽ തന്നെ, ചെവികൊടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നതിന് നിബന്ധനകളുമുണ്ട്.
ഇന്ന്, ഇസ്ലാം ദീനിനെക്കുറിച്ചു സംസാരിക്കുന്നവരിൽ പലരും നേരത്തെ സൂചിപ്പിച്ച നിബന്ധനകൾ പ്രാവർത്തികമാക്കുന്നില്ല. അവർ സംസാരിക്കുന്നത് ഇസ്ലാമിനെക്കുറിച്ച് തന്നെയാണ്. പക്ഷെ, അവർ അതിനു യോഗ്യരല്ല, അതായത് അവർ ദീൻ എന്ന നിലക്ക് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ പലപ്പോഴും സലഫുകൾ പറയുകയോ ചെയ്യുകയോ അന്ഗീകരിക്കുകയോ ചെയ്യാത്തവയാണ്. അപ്പോൾ ഇമാം ഇബ്ൻ സീരീൻ റഹ്മതുല്ലാഹി അലൈഹി പറഞ്ഞത് നമുക്ക് മാനദണ്ഡമായി സ്വീകരിക്കേണ്ടി വരും. അതായത് " സമ്മൂ ലനാ രിജാലകും " ! എവിടെ നിന്ന് കിട്ടി നിങ്ങൾക്കിത്? ആരാണ് നിങ്ങളോടിത് പറഞ്ഞത്? എന്താണ് നിങ്ങൾക്കിങ്ങനെ ചെയ്യാനുള്ള രേഖ അഥവാ പ്രമാണം? മറുപടിയായി പറയാനുള്ളത് സ്വഹാബതു ഇങ്ങനെ ചെയ്തിട്ടുണ്ട്, അല്ലെങ്കിൽ എതിരില്ലാത്ത നിലയിൽ അവർ അന്ഗീകരിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്, എന്നൊക്കെയാണോ എങ്കിൽ പിന്നെ ചോദ്യമില്ല ! കേട്ടു, അനുസരിച്ചു , പ്രയോഗവൽക്കരിച്ചു , ഒരെതിർപ്പുമില്ല. ഇനി മറുപടി, അതല്ലാത്ത മറ്റെന്തെങ്കിലുമാണെങ്കിൽ, പറഞ്ഞ വ്യക്തി ആരാവട്ടെ, , എന്തിനു പറഞ്ഞു എന്നു ചോദിക്കാൻ മുതിരുകയോ ഉത്തരത്തിനു വേണ്ടി കാത്തു കെട്ടിക്കിടക്കുകയോ ചെയ്യില്ല; ചെയ്യേണ്ടതില്ല . കാരണം, ദീൻ എന്ന നിലയിൽ അവർ പ്രചരിപ്പിക്കുന്നത് ദീൻ അല്ലാത്ത കാര്യമാണ്. അവർ അതിൽ മായം കലർത്തിയിട്ടുണ്ട്. തേനിൽ വിഷം പുരട്ടുന്നത് പോലെ. അപ്പോൾ, പറയുന്ന കാര്യങ്ങൾ എത്ര മാത്രം സത്യ സന്ധതയോടും ആത്മാർഥതയോടും കൂടിയാണെങ്കിലും, സലഫുകളുടെ മാതൃക ഇല്ലെങ്കിൽ അതിനു യാതൊരു വിലയും കല്പ്പിക്കേണ്ടതില്ല; കൽപ്പിക്കാൻ പാടില്ല. ഇനി ആനുകാലിക ജീവിത പരിസരത്തിലേക്ക് തിരിച്ചു വരൂ. ഇന്ന് ദഅവത് എന്ന പേരിൽ നിർവ്വഹിക്കപ്പെടുന്ന കാര്യങ്ങൾ മുകളിൽ വിവരിച്ച നിബന്ധന വെച്ച് വിശകലനം ചെയ്‌താൽ കിട്ടുന്ന ഉത്തരം എന്തായിരിക്കും? സലഫുകൾ ദഅവത്ത് നടത്തിയത് ഖുർആൻ കൊണ്ടാണ്, നബിചര്യ കൊണ്ടാണ്. അവർ ജനങ്ങളെ ക്ഷണിച്ചത് ഖുർആനിലേക്കാണ്, നബി ചര്യയിലേക്കാണ്. ദഅവത്ത് എന്ന മഹത്തായ പുണ്യ കർമത്തിന്റെ മേൽവിലാസത്തിൽ പലരും പലതും ചെയ്തു കൊണ്ടിരിക്കുന്നു. ആധുനിക ലോകത്ത് ജീവിക്കുന്ന മനുഷ്യ മനസ്സുകളിലേക്ക് ഇസ്ലാം ദീനിന്റെ പൊൻപ്രഭ പ്രസരിപ്പിക്കണമെങ്കിൽ, സ്വഹാബികൾ, ആറാം നൂറ്റാണ്ടിൽ സ്വീകരിച്ച മാർഗം മതിയാവില്ലെന്ന് പലർക്കും തോന്നി. പിശാച് അവരുടെ ആ തോന്നലിനെ മനോഹരമാക്കി കാണിച്ചു കൊടുത്തു. മത പ്രബോധനത്തിന് വിത്യസ്ഥവും വിചിത്രവുമായ പല നിറങ്ങളും കൈവന്നു. ബഹുമത സമൂഹങ്ങളുടെ കൂട്ടത്തിൽ ജീവിക്കുന്ന,മത വിജ്ഞാനത്തിന്റെ തോത് കുറഞ്ഞ, സാധാരണക്കാരായ ആളുകൾ ആവേശത്തിൽ മതിമറന്നു സന്തോഷിച്ചു. ഇസ്ലാമിക ദഅവത്തിന്റെ പുതിയ മേച്ചിൽ പുറങ്ങളെ, മത്സര വീര്യത്തോടെ അവർ വാരിപ്പുണർന്നു. സലഫുകളുടെ മാർഗത്തിൽ നിന്ന് വ്യതിചലിച്ചു എന്ന് ചിന്തിക്കാൻ പോലും കഴിവും പ്രാപ്തിയുമുള്ളവർ അവരിലില്ലാതെ പോയി. ഈ ദുരന്ത ചിത്രത്തിന്റെ നേർക്കാഴ്ചയാണ് ആധുനിക പ്രബോധന രംഗം. ഭാഗം 4ഇസ്ലാമിക ദഅവത്ത് നിർവ്വഹിക്കേണ്ടത് ഇൽമുള്ള ആളുകളാണ്. സ്വന്തം ചെലവിനു തന്നെ മറ്റുള്ളവർക്ക് മുമ്പിൽ കൈ നീട്ടുന്നവൻ സക്കാത്ത് കൊടുക്കേണ്ടതില്ലാത്തത് പോലെ, ശറഇയ്യായ അടിസ്ഥാന ജ്ഞാനം പോലുമില്ലാത്തവൻ ദഅവത്തിന് മുതിരേണ്ടതില്ല. ഓരോന്നിനും അതിന്റേതായ ആളുകളുണ്ട്, അവരാണതു നിർവ്വഹിക്കേണ്ടത്.
എന്നാൽ, ദഅവത്തിന്റെ പേരില് കേരളത്തിലെ മുസ്ലിം മത സംഘടനകൾ ഗവേഷണം നടത്തി കണ്ടു പിടിച്ചു നടത്തി ക്കൊണ്ടിരിക്കുന്ന പല രീതികളും സലഫുകൾ ദഅവത്തിനുവേണ്ടി സ്വീകരിച്ച രീതികളിൽ നിന്നും തികച്ചും വിത്യസ്തമാണ്. സലഫുകൾ ദഅവത്ത് നടത്താൻ സ്വീകരിച്ച മാർഗമല്ലാതെ, പുതിയതായ ഒരു മാർഗവും രീതിയും ഉണ്ടാക്കാൻ ആർക്കും അവകാശമില്ല. അവരെ 'ഇത്തിബാഉ' ചെയ്യുക എന്നതിന്റെ താൽപര്യം അതാണ്. ദശാബ്ദങ്ങളോളം, ഇന്ത്യൻ രാഷ്ട്രീയത്തിനോട് പുറം തിരിഞ്ഞു നിൽക്കുകയും, ജനാധിപത്യ പ്രവർത്തനവും സമ്മതിദാനവും ശിർക്കും കുഫ്റുമാണെന്ന് വിധിയെഴുതി, മുസ്ലിംകളെ അതിൽ നിന്ന് വിലക്കുകയും ചെയ്ത ജമായത്തെ ഇസ്ലാമി, ഇക്കാലമത്രയും ഇവർ സ്വയം വിമുഖത കാട്ടുകയും, മറ്റുള്ളവരെ വിലക്കുകയും ചെയ്ത അതെ ജനാധിപത്യത്തിലേക്കും രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു. ഇപ്പോൾ, ചാനലുകളുടെ കൂട്ടത്തിലേക്കു ഇതാ പുതിയ ഒരു "ഇസ്ലാമിക" അവതാരം ! ജമായത്തിന്റെ വക ! മറ്റു ചാനലുകളിൽ നിറഞ്ഞാടുന്ന മിക്ക "വിഭവങ്ങളും" മീഡിയ വണ്ണിലുമുണ്ട്. സംഗീതവും , പെണ്ണും, മ്യുസികും, അന്യ സ്ത്രീ പുരുഷ ദർശനവും, ഇടകലരലും, ഇളക്കവും എല്ലാം. ഇസ്ലാമികമായ ഏതൊരു താൽപര്യമാണ് ഇവരുടെ ചാനൽ സംരക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സ്വർഗത്തിലേക്ക് അടുപ്പിക്കുകയും നരഗത്തിൽ നിന്ന് അകറ്റുന്നതുമായ കാര്യങ്ങളാണോ ഇത്? ജീവിതം മുഴുവൻ ഇബാദത്താണെന്ന് വാതമുള്ള ജമായത്ത് കാർ ഇതൊന്നു വിശദീകരിക്കണം. സന്ധ്യ മയങ്ങുമ്പോൾ ഖുർആൻ പാരായണം ചെയ്യുന്ന വെല്ലിമ്മമാരും, കൊച്ചു സൂറത്തുകൾ ഉച്ചത്തിൽ ആവർത്തിച്ചോതിയിരുന്ന കുട്ടികളും ചാനലിനു മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്നുണ്ടെങ്കിൽ അതിന്റെ പാപ ഭാരം നിങ്ങൾ തന്നെ ഏൽക്കേണ്ടി വരും. ഇസ്ലാമിക ദഅവത്തിന്റെ ഏതു കോളത്തിലാണ് ഇത് നിങ്ങൾ ചേർക്കുക എന്നതാണ് ചോദ്യം. ജമായത്തെ ഇസ്ലാമിയെ നിശിതമായി വിമർശിക്കുകയും, അവരുടെ ദഅവത്തിലെ ന്യുനതകൾ സമൂഹ മധ്യത്തിൽ തുറന്നു കാട്ടുകയും ചെയ്ത വേറൊരു കൂട്ടരുണ്ട്. ഖുർആനും സുന്നത്തുമാണ് ഞങ്ങളുടെ പ്രമാണം എന്ന് പരസ്യമായി പറയുന്ന ഇവരുടെ പോക്കും അനുദിനം സലഫുകളുടെ മാർഗത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് തന്നെയാണ്. പരിസ്ഥിതി-പ്രകൃതി സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ അജണ്ടകളിലാണ് ഇവരുടെ ദഅവത്തു കറങ്ങിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി ഇസ്ലാം ദീനുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം പൊതു കാര്യങ്ങളിൽ ദഅവത്തിന്റെ പേരിൽ ഒരു സമൂഹത്തിന്റെ മുഴുവൻ ഊർജത്തെയും തളച്ചിടുകയെന്നതിനേക്കാൾ, ഇസ്ലാമിക പ്രബോധനത്തിന്റെ പവിത്രമായ ലക്ഷ്യവും പാവനമായ മാർഗവും വികലമാക്കുകയെന്ന പ്രവണതയാണ് ഇതിലൂടെ ഗൌരവമായി വിലയിരുത്തപ്പെടേണ്ടത്. മരണ ശേഷമുള്ള മനുഷ്യ ജീവിതത്തിന്റെ ഭാസുരതയാണ് ഇസ്ലാമിക പ്രബോധനത്തിന്റെ മർമ്മം. അത് വിശദീകരിച്ചു തന്നത് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയാണ്. രോഗം, കഷ്ടപ്പാടുകൾ, ദുരിതങ്ങൾ, ദുരന്തങ്ങൾ, ദാരിദ്ര്യം, വറുതി, പ്രയാസങ്ങൾ ഇതെല്ലാം ഭൌതിക ജീവിതത്തിന്റെ ഭാഗമാണ്. ഇതൊന്നുമില്ലാത്ത ഒരു കാലഘട്ടവും ലോകത്ത് കഴിഞ്ഞു പോയിട്ടില്ല. ആർക്കും എപ്പോഴും ഇതിലേതും പിടിപെടാം. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബികളുടെയും ജീവിതത്തിൽ ഇതിൽ പലതും സംഭവിച്ചിട്ടുമുണ്ട്. മാനുഷികമായ സഹായങ്ങളും ഒത്താശകളും പരസ്പരം ചെയ്യാൻ കഴിയുന്ന സഹായങ്ങളും ചെയ്യാനും ഇസ്ലാമിക സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഇസ്ലാം കൽപിക്കുന്നു. എന്നാൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രബോധന ജീവിതത്തിലെവിടെയും ഇത്തരം വിഷയങ്ങൾക്ക് അതർഹിക്കുന്ന തോതിൽ കവിഞ്ഞ പ്രാധാന്യം നൽകുകയോ, ഇത്തരം കാര്യങ്ങളെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമായി കാണുകയോ ചെയ്തിട്ടില്ല മര വൽകരണവും പ്രകൃതി-ജല സ്രോദസ്സുകളുടെ സംരക്ഷവുമൊക്കെ ആർക്കു വേണമെങ്കിലും നിർവ്വഹിക്കാം. പക്ഷെ, ഇസ്ലാം ദീനിന്റെയും ദഅവത്തിന്റെയും പേരിൽ ആവരുതെന്നു മാത്രം. കാരണം, അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത് അവന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനാണ്. അതിന് വേണ്ടിയാണ് ഖുർആൻ അവതരിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിലേക്ക് ദഅവത്തു നടത്താൻ പ്രമാണങ്ങളുടെ ആവശ്യമില്ല.ഇത്തരം കാര്യങ്ങളെക്കുറിച്ച് നാളെ പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്നതിനു യാതൊരു രേഖയുമില്ല. അതിനു വേണ്ടി അല്ലാഹു ഒരു പ്രവാചകനെയും ഒരു കാലത്തും അയച്ചിട്ടുമില്ല. പിന്നെയെന്തിന് ഒരു മുസ്ലിമിനെ സംബ്ധിച്ചേടത്തോളം അനിവാര്യമോ ഐഛികമോ അല്ലാത്ത കാര്യങ്ങളിൽ അവന്റെ ജീവിതം തുലക്കണം? മനുഷ്യ ജീവിതത്തെ കേവല ഭൌതിക പരിപ്രേക്ഷ്യത്തിലൂടെ മാത്രം നോക്കിക്കാണുന്ന കാഫിറുകൾ ഉയർത്തിക്കാട്ടുന്ന ബാനറുകൾക്ക് പിന്നാലെ മുസ്ലിംകൾ കിതച്ചു കൊണ്ടോടേണ്ടതില്ല. മുസ്ലിംകളെ സംബന്ധിച്ചേടത്തോളം, അവരുടെ ലക്ഷ്യവും മാർഗവും വ്യക്തവും കൃത്യവുമാണ് ചുരുക്കത്തിൽ, ഇസ്ലാമിക ദഅവത്തു അവകാശപ്പെടുന്നവർ, അവർ സലഫുകളുടെ, അഥവാ സ്വഹാബത്തിന്റെ മാർഗം മനസ്സിലാക്കുകയും അത് പിന്തുടരുകയുമാണ് വേണ്ടത്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ട തൗഹീദ്, സുന്നത്ത് തുടങ്ങിയ വിഷയങ്ങളിൽ ഒരു മുസ്ലിം അനിവാര്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പോലും പഠിക്കുകയോ, പ്രാവർത്തികമാക്കുകയോ ചെയ്യാത്ത ആളുകൾ ആപേക്ഷികമായി മാത്രം പ്രസക്തമാവുന്ന വിഷയങ്ങളിൽ ശ്രദ്ധയൂന്നുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്? പൊതു സമൂഹത്തിന്റെ കുത്തൊഴുക്കിൽ ഒരു റോൾ നമ്മൾ ഏറ്റെടുത്തില്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെടുമെന്ന ഭയം ദീനിനെക്കുറിച്ചു അറിവില്ലാത്തവർക്കുണ്ടാവുക സ്വാഭാവികമാണ്. ഖുർആനിലും ഹദീസിലും വന്ന ജല-സസ്യ സംബന്ധിയായ പ്രദിപാതനങ്ങൾ ദുർവ്യാഖ്യാനിക്കപ്പെടുന്നതു അത് കൊണ്ടാണ്. ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ തന്നിഷ്ടം കാനിക്കുന്നവരോടെല്ലാം നമുക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ: "സമ്മൂ ലനാ രിജാലക്കും" ! ഭാഗം 5ഭൌതിക ലക്ഷ്യങ്ങൾ ലാക്കാക്കി പ്രവർത്തിക്കുന്നവർക്ക് - അവർ വളരെക്കൂടുതലാണ് - മാനദണ്‍ഠങ്ങളോ നിയതമായ രീതികളോ ഇല്ല. എന്തെങ്കിലുമൊക്കെ ചെയ്യുകയും അറിയപ്പെടുകയും ചെയ്യണം. അതിൽ കൂടുതൽ ഒന്നും അവരിൽ പലരും ആഗ്രഹിക്കുന്നില്ല. വിദ്യാഭ്യാസം, ആദുര സേവനം, പ്രകൃതി-വന-ജല-സംരക്ഷണം, സാമൂഹ്യ ക്ഷേമം, തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ധാരാളം ആളുകളും സന്നദ്ധ സംഘടനകളുമുണ്ട് നമുക്ക് ചുറ്റും.
ഇസ്ലാം മത സന്ദേശം ജനങ്ങളുടെ പാരത്രിക മോക്ഷത്തിനുള്ളതാണ്. ആത്യന്തികമായി കർമ ഫലങ്ങൾ മരണ ശേഷമാണ്. " ഇത്തിബാഉ" അഥവാ പിൻ പറ്റലാണ് നമ്മുടെ ബാധ്യത. ഈ നിബന്ധന വിസ്മരിച്ചു കൊണ്ടല്ലാതെ, നൂതന നിർമിതികൾക്കും, നവീന മാർഗങ്ങൾക്കും യാതൊരു സ്ഥായീഭാവവും ഇല്ല തന്നെ. നന്മ എന്നത് നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ തിരുചര്യയാണ്. അതിനു എതിരാവുന്നതെല്ലാം തിന്മയാണ്. ഒരാളുടെ ചിന്തയും ബുദ്ധിയും നന്മയെന്നു അവനോടു മന്ത്രിക്കുന്ന കാര്യങ്ങൾ നബി ചര്യ കൊണ്ട് സാക്ഷ്യപ്പെടുത്താത്ത കാലത്തോളം ആ ചിന്തയും ഭാവനയും നന്മയായി പരിഗണിക്കാവതല്ല. അല്ലാഹുവിന്റെ മാർഗത്തിലേക്കുള്ള ക്ഷണം, അഥവാ "ദഅവത്ത്" മഹത്തായ നന്മയാണ്. നബിയും സ്വഹാബത്തുമാണ് അതിന്റെ മാതൃകകൾ. ആ മഹിത മാതൃകയോട് ആരെങ്കിലും അതൃപ്തി കാണിക്കുകയും, സ്വന്തം ബുദ്ധിയും യുക്തിയും മന്ത്രിക്കുന്നത്, അതിനേക്കാൾ ഉത്കൃഷ്ടവും ഉത്തമവുമാണെന്ന് കരുതുകുകയും ചെയ്യുന്നുവെങ്കിൽ അവൻ നാശത്തിന്റെ വഴിയിൽ പ്രവേശിച്ചു. ഫിത്നകൾ മനുഷ്യ മനസ്സുകളെ റാഞ്ചിയെടുക്കും. പിന്നീട് ഒന്നും അവന്റെ മനസ്സിലേക്ക് കയറാത്ത വിധത്തിൽ ! സുന്നത്തുകൾ അവനെ ഒരു നിലക്കും സ്വാധീനിക്കാത്ത നിലയിൽ ! നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഹുദൈഫ റദിയല്ലാഹു അന്ഹു പറയുന്നു: قَالَ حُذَيْفَةُ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا فَأَىُّ قَلْبٍ أُشْرِبَهَا نُكِتَ فِيهِ نُكْتَةٌ سَوْدَاءُ وَأَىُّ قَلْبٍ أَنْكَرَهَا نُكِتَ فِيهِ نُكْتَةٌ بَيْضَاءُ حَتَّى تَصِيرَ عَلَى قَلْبَيْنِ عَلَى أَبْيَضَ مِثْلِ الصَّفَا فَلاَ تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَوَاتُ وَالأَرْضُ وَالآخَرُ أَسْوَدُ مُرْبَادًّا كَالْكُوزِ مُجَخِّيًا لاَ يَعْرِفُ مَعْرُوفًا وَلاَ يُنْكِرُ مُنْكَرًا إِلاَّ مَا أُشْرِبَ مِنْ هَوَاهُ ». صحيح مسلم
ഒരു പായയുടെ ഇഴകൾ, (അതിൽ ഉറങ്ങുന്നവന്റെ പാർശ്വങ്ങളിൽ) ഒന്നിന് പിറകെ ഒന്നായി ഏതു പോലെയാണോ അടയാളങ്ങൾ വീഴ്ത്തുന്നത്, അത് പോലെയാണ് ഹൃദയങ്ങളിൽ ഫിത്ന ബാധിക്കുന്നത് ഏതൊരു ഹൃദയമാണോ അത് കുടിപ്പിക്കപ്പെട്ടത്, അതിൽ കറുത്ത ബിന്ദുക്കൾ വീഴ്ത്തും. ഏതൊരു ഹൃദയമാണോ അതിനെ നിരാകരിച്ചത്, അതിൽ വെളുത്ത ബിന്ദുക്കളും. അങ്ങിനെ രണ്ടു ഹൃദയങ്ങൾ. ഒന്ന് വെളുത്ത വെള്ളാരം കല്ല് പോലെയുള്ളത്. ആകാശ ഭുമികൾ നില നിൽക്കുന്ന കാലത്തോളം,അതിനെ യാതൊരു ഫിത്നയും ബാധിക്കുകയില്ല. മറ്റൊന്ന് കറുത്തിരുണ്ടത്, തന്റെ ഹവയിൽ നിന്ന് കുടിപ്പിക്കപ്പെട്ടതെന്തോ അതല്ലാതെ, ഒരു നന്മയോ തിന്മയോ അത് തിരിച്ചറിയില്ല കമഴ്ത്തി വെച്ച ഒരു കൂജ പോലെ "കമഴ്ത്തി വെച്ച കൂജ" അതിലേക്കു പിന്നീടൊന്നും കടക്കില്ല ! എന്തൊഴിച്ചാലും അത് ഉള്ളിൽ കടക്കാതെ പുറത്തേക്കു തന്നെ ഒഴുകും ! ഹവ എന്താണോ കൽപിക്കുന്നത് അത് മാത്രമേ അവർ ദീനായി സ്വീകരിക്കുകയുള്ളൂ ! ഒരു മുസ്ലിമിന്റെ ഹൃദയം ഹവകൾ മാത്രം സ്വീകരിക്കുന്ന ഒരു കൂജയാകാൻ പാടില്ല. മറിച്ചു സുന്നത്തിനോട് അനുഗുണമായി പ്രതികരിക്കുന്ന, സുന്നത്തുകൾക്ക് വഴങ്ങുകയും, വഴിപ്പെടുകയും ചെയ്യുന്ന, അതിലേക്കു ക്ഷണിക്കുന്ന, അതിൽ സംതൃപ്തി കൊള്ളുന്ന മനസാവണം അവന്റേതു.
• • • • • • •
|