തൗഹീദുൽ ഹാകിമിയ്യയും ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ടത്താപ്പും
First Published by Basheer Puthur October 2017 |
ഭാഗം 1ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളുടെ ആധാരമായ തൗഹീദ്, തൗഹീദുൽ ഉലൂഹിയ്യ, തൗഹീദു-റുബൂബിയ്യ, തൗഹീദുൽ അസ്മാഇ വസ്സ്വിഫാത്ത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഖുർആനിന്റെ നസ്സ്വുകളിൽ നിന്ന് അഹ്-ലുസ്സുന്നയുടെ ഉലമാക്കൾ ഏകകണ്ഠമായി നിർദ്ധാരണം ചെയ്തെടുത്തതാണ് ഈ വിഭജനം. സലഫുകൾ പിന്തുടർന്ന ഈ വിഭജനത്തിനു വിരുദ്ധമായി ആധുനികരായ ചില തൽപരകക്ഷികൾ തൗഹീദിനു, പ്രമാണത്തിന്റെ പിൻബലമോ, സലഫുകളുടെ മാതൃകയോ ഇല്ലാത്ത " തൗഹീദുൽ ഹാകിമിയ്യ " എന്ന ഒരു നൂതന വിഭജനം സ്വയം ഉണ്ടാക്കുകയും നാലാമത്തെ വിഭാഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇസ്ലാമിന് കേവല രാഷ്ട്രീയ വ്യാഖ്യാനം നൽകാൻ ശ്രമിച്ച ഇന്ത്യൻ രാഷ്ട്രീയക്കാരനായ, ജമായത്തെ ഇസ്‌ലാമിയുടെ നേതാവ് മൌദൂദിയോ, ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമീന്റെ ദാർശനികാചാര്യനായിരുന്ന സയ്യിദ് ഖുത്വുബോ ആണ് "തൗഹീദുൽ ഹാകിമിയ്യയുടെ" ഉപജ്ഞാതാക്കൾ. ജനങ്ങൾക്ക് ദീൻ വിശദീകരിച്ചു കൊടുത്ത നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ, നബിയിൽ നിന്ന് നേരിട്ട് ദീൻ പഠിക്കുകയും മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്ത സ്വഹാബത്തോ, അഹ്-ലുസ്സുന്നത്തിന്റെ സച്ചരിതരായ അഇമ്മത്തോ വിശദീകരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാത്ത ഈ പുതിയ വിഭജനം, വാസ്‌തവത്തിൽ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് നേരെയുള്ള കടുത്ത കയ്യേറ്റമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ, ഇവർ പ്രചരിപ്പിച്ച ഈ തെറ്റായ വ്യാഖ്യാനത്തെ അഹ്-ലുസ്സുന്നതിന്റെ ഉലമാക്കൾ ശക്തിയുക്തം എതിർക്കുകയും അതി നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് തൗഹീദുൽ ഹാകിമിയ്യ ? പ്രമാണ വാക്യങ്ങൾക്ക് സലഫുകൾ നൽകിയ വിശദീകരണത്തിന് അതീതമോ വിരുദ്ധമോ ആയ ഒരു വ്യാഖ്യാനം നൂതനമായി നൽകാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. കാരണം പ്രമാണങ്ങൾ ഏറ്റവും സൂഷ്മമായി മനസ്സിലാക്കിയവരാണ് സലഫുകൾ. അവർ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യാത്ത ഒരു കാര്യം ഇസ്‌ലാമിൽ പിൽക്കാലക്കാർക്കു മനസ്സിലാക്കാൻ ഇല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിൽ തൗഹീദിനെ മൂന്നു വിഭാഗമായാണ് സലഫുകൾ വിഭജിച്ചത്. അല്ലാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടു തൗഹീദിനു നാലാമതൊരു വിഭജനം ആവശ്യമായിരുന്നുവെങ്കിൽ, അത് സലഫുകൾ നിർവ്വഹിക്കുമായിരുന്നു. " ഹാകിമിയ്യ എന്ന പേരിലുള്ള ഈ നാലാം വിഭജനം എന്തെന്ന് അറിയാതെ മുസ്ലിംകൾ നൂറ്റാണ്ടുകൾ പിന്നിടുകയും, അത് മുസ്ലിംകൾക്ക് വിശദീകരിച്ചു തരാൻ മൗദൂദി നിയുക്തനാവുകയും ചെയ്തു എന്നു പറഞ്ഞാൽ, പ്രമാണങ്ങൾക്കും സാമാന്യ ബുദ്ധിക്കും വായിക്കാൻ കഴിയാത്ത പ്രഹേളികയായി അവശേഷിക്കുകയെയുള്ളൂ. നായ തൊട്ട കലം പോലെ വേറിട്ട് നിൽക്കുന്ന, ഈ വിഭജനത്തെ, ജമായത്തെ ഇസ്ലാമിയും, ഇഖ് വാനുൽ മുസ്ലിമൂനും മുസ്‌ലിം ബഹു ജനങ്ങൾക്കിടയിൽ മത്സരിച്ചു പ്രചരിപ്പിച്ചുവെന്നത് ഒരു വസ്തുതയാണ്. തങ്ങളുടെ കുടില ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി, ഇസ്‌ലാമിക പ്രമാണങ്ങളെ ദാക്ഷിണ്യമന്യേ ദുർവ്യാഖ്യാനിച്ച ഇവർ, സാക്ഷാൽ ഖവാരിജുകളുടെ ആശയങ്ങൾ അനന്തരമെടുത്തവരാണ്. ഇബാദത്തിന്റെ അവകാശത്തിലും, സൃഷ്ടി കർതൃത്വ-സംഹാരത്തിലും, പ്രപഞ്ച സംവിധാനത്തിലും, പരിപാലനത്തിലും എല്ലാം അള്ളാഹു ഏകനാണ്. എക്കാലത്തുമുണ്ടായിരുന്ന ആളുകൾ നിഷേധിച്ചിരുന്നത് പ്രധാനമായും അള്ളാഹുവിന്റെ ഉലൂഹിയ്യത്ത് അഥവാ ആരാധനയിലുള്ള ഏകത്വത്തെയായിരുന്നു. ഈ പ്രപഞ്ചം, അതിലെ സൂഷ്മവും സ്ഥുലവും, ചേതനവും, അചേതനവുമായ കോടാനുകോടി സൃഷ്ടികളെ ഉടമപ്പെടുത്തുന്നവൻ അള്ളാഹുവാണ്. അവയുടെയെല്ലാം പരമാധികാരം അവനു മാത്രം പരിമിതമാണ്. മറ്റൊരു വ്യക്തിക്കോ ശക്തിക്കോ അത് അവകാശപ്പെടാൻ കഴിയില്ല. യഥാർത്ഥത്തിൽ ഈ പരമാധികാരമാണ് ഹാകിമിയ്യ. ഇത് ഏതെങ്കിലും ഒരു ഭൂപ്രദേശത്തെ രാഷ്ട്രീയാധികാരത്തിൽ പരിമിതമല്ല. അള്ളാഹുവിന്റെ ഈ പരമാധികാരത്തെ കേവല രാഷ്ട്രീയമാധികാരമായി ദുർവ്യാഖ്യാനിക്കുകയും, സ്വന്തമായ നിയമനിർമ്മാണം നടത്തുക വഴി മുസ്‌ലിം ഭരണാധികാരികളെല്ലാം, അള്ളാഹുവിന്റെ പരമാധികാരത്തിൽ ശിർക്ക് ചെയ്യുന്നുവെന്ന് വരുത്തി മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ ജനങ്ങളെ ഇളക്കി വിടുകയാണ് അവർ ചെയ്തത്. യഥാർത്ഥത്തിൽ, അല്ലാഹുവിന്റെ എല്ലാ അധികാരങ്ങളും, വിധികളും ഒരു പോലെ മാനിക്കേണ്ടതും, വഴിപ്പെടേണ്ടതുമാണ്. അവനെ മാത്രം ഇബാദത്തു ചെയ്യുകയും, അവനിൽ ഒരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുകയെന്നത് അള്ളാഹുവിന്റെ കൽപനകളിൽ ഏറ്റവും ശക്തവും അവന്റെ വിധികളിൽ ഏറ്റവും അലംഘനീയവുമാണ്. പ്രവാചക നിയോഗങ്ങൾക്കും, ജിഹാദിനും, കുടുംബ-ബന്ധ വിഛെദനത്തിനും ഹേതുവായ, തൗഹീദുൽ ഉലൂഹിയ്യ അഥവാ അള്ളാഹുവിന്റെ ആരാധനാപരമായ ഏകത്വം അതി ശോചനീയമായ വിധത്തിൽ അവഗണിക്കുകയും, തൗഹീദുൽ ഉലൂഹിയ്യയുടെ തന്നെ ഭാഗമായ അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട ഭാഗത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നത് സദുദ്ദേശപരമായാൽ പോലും, മുൻമാതൃകയോ, പ്രാമാണികാടിത്തറയോ ഇല്ലാത്തതിന്റെ പേരിൽ നിരാകരിക്കപ്പെടുകയും അതിന്റെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ദുനിയാവിലെ ഏതെങ്കിലും ഒരു ഭൂപ്രദേശത്തിന്റെ അധികാരം തനിക്കാണെന്നോ, തന്റെ അധികാര പരിധിയിൽ താൻ നടത്തുന്ന വിധി, ദൈവികമോ, ദൈവിക വിധിക്ക് തുല്യമോ ആണെന്ന് ഏതെങ്കിലും ഭരണാധികാരി വിചാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട തൗഹീദിൽ പങ്കു ചേർക്കലാണ്. എന്നാൽ, തന്റെ ഇഛക്ക് വഴങ്ങിയിട്ടോ, മറ്റാരുടെയെങ്കിലും താൽപര്യം പരിഗണിച്ചോ, താൽക്കാലിക ലാഭം പ്രതീക്ഷിച്ചോ അള്ളാഹുവിന്റെ വിധിക്ക് എതിരായി വിധി നടത്തുകയോ, നിയമ നിർമാണം നിർവ്വഹിക്കുകയോ ചെയ്‌താൽ, അയാളെക്കുറിച്ച് ശിർക്ക് ചെയ്തുവെന്ന് പറയാൻ പ്രാമാണികമായി കഴിയില്ല, അയാൾ ചെയ്തത്, അനീതിയും അതിക്രമവുമാണെങ്കിൽ പോലും. ! ഇവിടെയാണ് ജമായത്തെ ഇസ്ലാമിക്കും സഹയാത്രികർക്കും അബദ്ധം സംഭവിച്ചത്. പ്രമാണങ്ങൾ, സലഫുകൾ എങ്ങിനെ മനസ്സിലാക്കി എന്ന് പരിശോധിക്കുന്നതിന് പകരം, ആത്മീയാചാര്യനായ മൌദൂദി എങ്ങിനെ മനസ്സിലാക്കിയെന്നാണ് അവർ അന്വേഷിച്ചത്. അക്കാരണത്താൽ തന്നെ, മൗദൂദിയുടെ പിഴച്ച ആശയം ജനങ്ങളിൽ വ്യാപിച്ചു, കുറഞ്ഞ തോതിലാണെങ്കിലും. അള്ളാഹു വിലക്കിയ മദ്യപാനം, ഒരാൾ ഹലാലാണെന്ന് വിചാരിച്ചാൽ അവൻ കാഫിറായി. ഒരു തുള്ളി പോലും അവൻ കുടിച്ചിട്ടില്ലെങ്കിലും. കാരണം, അല്ലാഹുവിന്റെ വിധിയെ അവൻ നിരാകരിക്കുകയും, അള്ളാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുകയും ചെയ്തുവന്നതിന്റെ പേരിൽ. നേരെ മറിച്ച്, മുഴുക്കുടിയനായ ഒരാൾ മദ്യം ഹലാലാണെന്ന് വിശ്വസിക്കാത്ത കാലത്തോളം അവൻ കാഫിറാവുകയുമില്ല. അള്ളാഹുവിന്റെ വിധിക്കെതിരിൽ വിധിക്കുകയോ, അള്ളാഹുവിന്റെ വിധി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന ഭരണാധികാരിയുടെ അവസ്ഥയും ഇത് തന്നെയാണ്. അള്ളാഹു മനുഷ്യ വംശത്തോട് അനുഷ്ഠിക്കാൻ കൽപിച്ച മുഴുവൻ കാര്യങ്ങളും, മുഴുവൻ വിരോധങ്ങളും അവന്റെ നിയമങ്ങളും മറികടക്കുകയോ, അവഗണിക്കുകയോ ചെയ്യുന്നവരുടെയെല്ലാം വിധി ഇങ്ങിനെത്തന്നെ. പ്രമാണങ്ങളെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാതിരിക്കുമ്പോൾ അബദ്ധം സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ, അബദ്ധങ്ങൾ സത്യമാണെന്ന് തെറ്റിദ്ധരിക്കുകയും അത് സത്യമാണെന്ന് മറ്റുള്ളവരിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അതിനേക്കാൾ വലിയ ദ്രോഹവും അക്രമവുമാണ്. ഭാഗം 2
സയ്യിദ് ഖുതുബ് സൂറത്തു അൻആമിന്റെ വ്യാഖ്യാനത്തിൽ തുടർന്ന് പറയുന്നത് കാണുക. ((.....ജനങ്ങൾ അള്ളാഹുവിന്റെ മാത്രം അടിമകളാണ്. ലാ ഇലാഹ ഇല്ലള്ളാഹ് എന്ന ധ്വജം ഉയർന്നാലല്ലാതെ അവൻ അള്ളാഹുവിന്റെ മാത്രം അടിമയാവുകയില്ല. ലാ ഇലാഹ ഇല്ലള്ളാഹ് എന്നാൽ, തന്റെ ഭാഷയുടെ ആശയ തലങ്ങൾ ഗ്രഹിക്കാൻ കഴിയുന്ന ഒരു അറബി മനസ്സിലാക്കുന്നത് പോലെത്തന്നെ : അള്ളാഹുവിന്നല്ലാതെ വിധി കർതൃത്വമില്ല, അള്ളാഹുവിൽ നിന്നല്ലാതെ ശരീഅത്തില്ല, ആർക്കും ആരുടെ മേലും അധികാരമില്ല. കാരണം, എല്ലാ അധികാരവും അള്ളാഹുവിന്നാണ്....))
മുകളിലെ ഉദ്ധരണിയിൽ ലാ ഇലാഹ ഇല്ലള്ളാഹ് എന്ന കലിമത്തിനു സയ്യിദ് ഖുതുബ് സമർത്ഥിക്കാൻ ശ്രമിക്കുന്ന അർത്ഥവും വ്യാഖ്യാനവുമാണോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പഠിപ്പിച്ചത്? മക്കയിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയെ അട്ടിമറിക്കുകയായിരുന്നോ നബിയുടെ ലക്ഷ്യം ? അതിനു വേണ്ടിയായിരുന്നോ ബദറും ഉഹ്ദുമൊക്കെ സംഭവിച്ചത്? അല്ല, ഒരിക്കലുമല്ല. ലാ ഇലാഹ ഇല്ലള്ളാഹ് എന്ന വചനം പ്രബോധനം ചെയ്തു കൊണ്ട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അവിടെ നിലനിന്നിരുന്ന ബഹുദൈവാരാധനയെയാണ് ( ശിർക്കിനെ) ചോദ്യം ചെയ്തത്. അവർ ഇത് വരെ ആരാധനകൾ അർപ്പിക്കുകയും വണങ്ങുകയും ചെയ്തു വന്ന മുഴുവൻ ആരാധ്യരെയും ഒഴിവാക്കി ഏകനായ അള്ളാഹുവിനെ മാത്രം ഇബാദത്തു ചെയ്യണമെന്ന സന്ദേശമാണ് അവർക്കു അസ്വീകാര്യമായി തോന്നിയത്. എന്നാൽ സയ്യിദ് ഖുതുബ് ((ലാ ഇലാഹ ഇല്ലള്ളാഹ്)) എന്ന കലിമത്തിന്റെ ശെരിയായതും ഭാഷയോടും സാഹചര്യത്തോടും, ചരിത്രത്തോടും യോജിച്ചതുമായ വ്യാഖ്യാനത്തെ അവഗണിക്കുകയും സ്വയം കൃത്യമായ ഒരു പുതിയ വാദം കൊണ്ട് വരികയുമാണ് ചെയ്തത്. ഇതിനു മുമ്പ്, അതായത്, സയ്യിദ് ഖുതുബ് രംഗപ്രവേശം ചെയ്യുന്നതിന് മുമ്പ്, മുസ്‌ലിം ലോകത്ത് അദ്ദേഹം വരുന്നത് വരെ പൗരാണികരോ ആധുനികരോ ആയ പ്രാമാണിക ഉലമാക്കളാരും ഇങ്ങിനെ ഒരു തൗഹീദ് ചർച്ച ചെയ്യുകയോ അവരുടെ ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുകയോ ചെയ്തിട്ടില്ല. അഖീദയുമായി ബന്ധപ്പെട്ടു വിരചിതമായ അസംഖ്യം ഗ്രന്ഥങ്ങളും അനേകം ചർച്ചകളും എമ്പാടും പഠനങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞു പോയിട്ടില്ലേ? ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം മുസ്‌ലിം ലോകത്തിനു മുഴുവൻ അന്യമായി എന്ന് വരുമ്പോൾ അത് എത്രമാത്രം സത്യസന്ധമായിരിക്കും? ലോകത്തിന്റെ പല ഭാഗത്തും പല കാലത്തുമായി ജനങ്ങൾ ജീവിച്ചിട്ടും പല സാമൂഹിക സാഹചര്യങ്ങൾ നിലനിന്നിട്ടും ഹാകിമിയ്യത്തു എന്ന ഒരു സംജ്ഞ ഉത്ഭവിച്ചതേയില്ല എന്നത് എന്ത് മാത്രം അതിശയോക്തിപരമല്ല? മുസ്‌ലിം ലോകത്തു ഉലമാക്കൾക്കിടയിൽ ഈ വിഷയം ചർച്ചയാകുന്നത് തന്നെ, തൗഹീദിൽ പ്രഥമമായി പരിഗണിക്കേണ്ട ഒന്നാണിതെന്ന വാദം സയ്യിദ് ഖുതുബ് ഉയർത്തിയതിന് ശേഷം ആ വാദത്തിന്റെ മുനയൊടിക്കാൻ വേണ്ടി മാത്രമാണ്. എന്നാൽ, തൗഹീദിന്റെ കാതലായ വശമായ തൗഹീദുൽ ഉലൂഹിയ്യയെ - അഥവാ ഇബാദത്തിനുള്ള അർഹത അള്ളാഹുവിനു മാത്രമാണെന്നും, അവനിൽ മറ്റാരെയും പങ്കു ചേർക്കരുതെന്നുമുള്ള- വിശ്വാസത്തെ അദ്ദേഹം അവഗണയുടെ അഗണ്യകോടിയിലേക്കു തള്ളുകയാണ് ചെയ്തത്. എവിടെയെല്ലാം വിശ്വാസപരമായ വിമലീകരണത്തിനു പ്രേരിപ്പിക്കുന്ന പ്രമാണവാക്യങ്ങളുണ്ടോ അവിടെയെല്ലാം കേവല രാഷ്ട്രീയാധികാരം സ്ഥാപിക്കുന്നതിനുള്ള വിതാനത്തിലേക്കു താഴ്ത്തിയാണ് അവയെ അദ്ദേഹം വ്യാഖ്യാനിച്ചത്. " ലാ ഇലാഹ ഇല്ലള്ളാ" എന്ന കലിമത്തുതൗഹീദിന് സയ്യിദ് ഖുതുബ് നൽകിയ പുതിയ വ്യാഖ്യാനത്തിനു നേരെ മുസ്‌ലിം ലോകം ഒന്നടങ്കം അറച്ചു നിന്നപ്പോൾ ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ ദാർശനികാചാര്യൻ മൗലാനാ മൗദൂദിയും അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്തൊരു ലക്ഷ്യത്തിനു വേണ്ടിയാണോ സയ്യിദ് ഖുതുബ് പ്രമാണങ്ങൾ ദുർവ്യാഖ്യാനിക്കുകയും അറബ് ലോകത്തു വിപണനം നടത്തുകയും ചെയ്തത്, അതെ ലക്ഷ്യത്തിനു വേണ്ടി തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ അനുയായി വൃന്ദവും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതായത്, നബിയും സ്വഹാബത്തും പ്രബോധനം നടത്തിയത് ഇബാദത് അള്ളാഹുവിനു മാത്രമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണെങ്കിൽ, സയ്യിദ് ഖുതുബിന്റെ നേതൃത്വത്തിലുള്ള- ഖുതുബ്-മൗദുദി- അച്ചുതണ്ട് അതിനു വിരുദ്ധവും പ്രമാണങ്ങൾ കൊണ്ട് തെളിയിക്കാൻ സാധിക്കാത്തതുമായ മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണ് എന്ന് സാരം. ഭാഗം 3(( ലാ ഇലാഹ ഇല്ലള്ളാഹ് )) എന്ന കലിമത്തുതൗഹീദിന്റെ അർത്ഥം മക്കാ മുശ്‌രിക്കുകൾക്ക് വളരെ നന്നായി അറിയാമായിരുന്നു. അത് കൊണ്ട് തന്നെയാണ് " ഞങ്ങളുടെ ഇലാഹുകളെയെല്ലാം ഒരൊറ്റ ഇലാഹ് ആക്കുകയാണോ?" എന്ന് മക്കയിലെ മുശ്‌രിക്കുകൾ നബിയോട് ചോദിച്ചത്.
ആരാണ് ആകാശ ഭൂമികളെ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അവർ " അള്ളാഹുവാണ് " എന്നായിരുന്നു മറുപടി പറഞ്ഞിരുന്നത്. മരണാസന്നനായ അബു താലിബിനോട് ലാ ഇലാഹ ഇല്ലള്ളാഹ് എന്ന് ഒന്ന് ഉരുവിടാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം കെഞ്ചിയില്ലേ? എന്തെ അബു താലിബ് അതിനു വഴങ്ങിയില്ല? കാരണം, ആ വാക്യത്തിന്റെ അർത്ഥം അദ്ദേഹത്തിനറിയാമായിരുന്നു. അപ്പോൾ, അറബികളായ മക്കാ മുശ്‌രിക്കുകൾക്ക് ((ലാ ഇലാഹ ഇല്ലള്ളാഹ്)) എന്നതിന്റെ അർത്ഥം മനസ്സിലായിട്ടുണ്ട് എന്ന കാര്യം തീർച്ചയാണ്. മനസ്സിലാകാത്തത് (അതോ മനസ്സിലായിട്ടും തെറ്റായി വ്യാഖ്യാനിച്ചതോ) സയ്യിദ് ഖുതുബിനും സഹചാരികൾക്കും മാത്രമാണ്. ഫീ ളിലാലിൽ ഖുർആൻ അടക്കം, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസ, കർമ്മ രംഗത്തെല്ലാമുള്ള അബദ്ധങ്ങളും വൈരുധ്യങ്ങളും പിഴച്ച നിലപാടുകളും തെറ്റായ ധാരണകളും ചരിത്രപരമായ അപ നിർമ്മിതികളും എണ്ണിയാൽ തീരാത്ത അത്രയുണ്ട്. ചുരുക്കം ചില പണ്ഡിതന്മാർ ഇവ്വിഷയകമായി ഗ്രന്ഥ രചന നടത്തുക വരെ ചെയ്തിട്ടുണ്ട്. സയ്യിദ് ഖുതുബും മൗദൂദിയുമെല്ലാം മരണപ്പെട്ടു പോയി. അവർക്കു സംഭവിച്ച വീഴ്ചകൾ അവരെ ബോധ്യപ്പെടുത്താൻ നമുക്ക് അവസരമില്ല. പക്ഷെ, അവരുടെ നിലപാടുകളും വാദങ്ങളും ശെരിയാണെന്നു കരുതുകയും ന്യായീകരിക്കുകയും ചെയ്യുന്നവരോട് കാര്യത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താതിരിക്കാൻ നിർവ്വാഹവുമില്ല. ദീനിൽ ആളുകൾക്കല്ലല്ലോ പ്രാമുഖ്യം നൽകേണ്ടത്. മതപരമായ വിഷയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനു നേരെ ദാക്ഷിണ്യം കാണിക്കാൻ സത്യസന്ധർക്കു കഴിയില്ല. ((ലാ ഇലാഹ ഇല്ലള്ളാഹ്)) എന്നതിന്റെ ശെരിയായ അർത്ഥവും ആശയവും മനസ്സിലാക്കിയിരിക്കൽ അനിവാര്യമാണ്. (( ലാ ഇലാഹ )) എന്ന ഒന്നാം ഭാഗവും (( ഇല്ലള്ളാഹ് )) എന്ന രണ്ടാം ഭാഗവും ചേർന്ന ഒരു വചനമാണത്. അതിൽ ഒന്നാം ഭാഗമായ (( ലാ ഇലാഹ )) എന്നത് കൊണ്ട്, മനുഷ്യൻ വിളിച്ചു പ്രാർത്ഥിക്കുകയും കാര്യ സാധ്യത്തിനു സമീപിക്കുകയും ചെയ്യുന്ന മുഴുവൻ ഇലാഹുകളെയും നിഷേധിക്കുകയും തുടർന്ന് (( ഇല്ലള്ളാഹ് )) എന്ന് പറയുമ്പോൾ ഇബാദത്തിന് അഥവാ ആരാധനക്ക് അള്ളാഹുവിനു മാത്രമേ അർഹതയുള്ളൂവെന്നു സ്ഥാപിക്കലുമാണ്. സാധാരണ അറബിയിൽ َلَا مَعْبُود بِحَقٍّ إِلَّا الله (ഹഖായ നിലക്ക് ആരാധിക്കപ്പെടാനുള്ള അർഹത, അള്ളാഹുവിന്നല്ലാതെയില്ല) എന്നാണ് പറയാറുള്ളത്. വളരെ വ്യക്തമായി ഏതൊരു സാധാരണക്കാരനും ചെറിയ ബുദ്ധിയിൽ മനസ്സിലാക്കാൻ എളുപ്പം കഴിയുന്ന ഈ കാര്യം സയ്യിദ് ഖുതുബും സഹയാത്രികരും വികലമാക്കുകയും അള്ളാഹു എന്താണോ ഉദ്ദേശിച്ചതു അതല്ലാത്ത മറ്റൊരു അർത്ഥം നൽകി വ്യാഖ്യാനിക്കുകയും ചെയ്തു എന്നതാണ് വസ്തുത. സയ്യിദ് ഖുതുബ് രൂപകൽപന ചെയ്ത ഈ ആശയം ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഏറ്റെടുത്തതും പ്രചരിപ്പിച്ചതും മൗദൂദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയാണ്. ഇസ്‌ലാമിന്റെ പൊതുവായതും സാമൂഹികവുമായ പല വിഷയങ്ങളിലും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ജമാഅത്തെ ഇസ്‌ലാമി അതിന്റെ ചരിത്രത്തിലെവിടെയും, നബി സ്വല്ലള്ളാഹു അലൈഹി വസല്ലം നിയുക്തനായ, ഇബാദത്തു അള്ളാഹുവിനു വേണ്ടി മാത്രമാക്കുകയും അള്ളാഹുവിൽ മറ്റൊരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക എന്ന പ്രഥമവും പ്രധാനവുമായ പ്രബോധന ലക്ഷ്യത്തിൽ സ്പർശിക്കാറേയില്ല. ഖബർ പൂജയും, ദർഗ്ഗയും അതുമായി ബന്ധപ്പെട്ടും അല്ലാതെയും അഭംഗുരം നടമാടുന്ന ശിർക്ക് ബിദ്‌അത്തുകൾക്കു നേരെ നിർവ്വികാരരായി നിന്ന് മാവിലായിക്കാരനാകാനാണ് ഓരോ ജമാഅത്തു പ്രവർത്തകനും ശ്രമിക്കാറുള്ളത്. അല്ലെങ്കിൽ, ഏറ്റവും അപകടമെന്ന് അള്ളാഹു ഖുർആനിലൂടെ മുന്നറിയിപ്പ് നൽകിയ ശിർക്കിനെതിരെ നടത്തിയ മുന്നേറ്റങ്ങൾ അവർ വിശദീകരിക്കട്ടെ !? ഭാഗം 4തൗഹീദിന്റെ യഥാർത്ഥ ആശയവും അടിസ്ഥാനപരമായ വശവുമായ തൗഹീദുൽ ഉലൂഹിയ്യ അഥവാ ഇബാദത്തിനുള്ള അർഹത അള്ളാഹുവിനു മാത്രമാണെന്നും അവനിൽ മറ്റൊരാളെയും പങ്കു ചേർക്കരുതെന്നുമുള്ള കാര്യം മറച്ചു വെക്കുകയും അത്രമാത്രം ഗൗരവതരമോ പ്രസക്തമോ അല്ലാത്ത ഹുക്മ് അള്ളാഹുവിനു മാത്രമാണെന്ന ഭാഗം പ്രഥമമായി പരിഗണിക്കേണ്ട പ്രധാന വശമായി ചിത്രീകരിക്കുകയും ചെയ്തു കൊണ്ടുള്ള സയ്യിദ് ഖുതുബിന്റെ ആശയം ചുളിവ് പറ്റാതെ അങ്ങിനെതന്നെ ആവിഷ്കരിക്കുകയാണ് യഥാർത്ഥത്തിൽ മൗദുദി ചെയ്തത്.
ലാ ഇലാഹ ഇല്ലള്ളാഹ് എന്ന കലിമത്തിനു മുൻകാല പ്രാമാണിക പണ്ഡിതന്മാരാരും നൽകാത്ത, ഹുക്മ് അഥവാ വിധികർത്തൃത്വം അള്ളാഹുവിനു മാത്രമാണ് എന്ന് വ്യാഖ്യാനിക്കുന്നതിലൂടെ ഭരണാധികാരം മുസ്‌ലിംകളുടെ അധീനതയിൽ വരേണ്ടത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഊനം തട്ടാൻ പാടില്ലാത്ത കാര്യമായിത്തീർന്നു. അത് കൊണ്ട് തന്നെ, അനിസ്‌ലാമിക ഭരണ വ്യവസ്ഥിതിക്കു കീഴിൽ ജീവിക്കുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അത്തരം ഭരണകൂടങ്ങളെ അനുസരിക്കുന്നതും അതിനു കീഴിൽ ജോലി ചെയ്യുന്നതുമെല്ലാം മതപരമായി കൊടിയ തിന്മയായി മൗദുദി തന്നെ രേഖപ്പെടുത്തി. നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കർമങ്ങളൊന്നും യഥാർത്ഥത്തിൽ ഇബാദത് അല്ലെന്നും, അതിനേക്കാൾ അപ്പുറമായ മറ്റെന്തോ ആണ് അതെന്നും അദ്ദേഹം എഴുതി വെച്ചു. ഭരണസിരാ കേന്ദ്രങ്ങളിൽ ഒരട്ടിമറി നിർവ്വഹിക്കുകയും അത് വഴി നേതൃസ്ഥാനങ്ങളിൽ നിന്നും തെമ്മാടികളായ ആളുകളെ നിഷ്കാസനം ചെയ്തു ഭൂമിയെ ശുദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു വെച്ചു. അദ്ദേഹം മറ്റൊരിടത്തു പറഞ്ഞു "നിശ്ചയമായും നേതൃത്വപരമായ വിഷയം, മനുഷ്യ ജീവിതത്തിന്റെ അതിപ്രധാനപരമായ അടിസ്ഥാനവിഷയമാണ്" അദ്ദേഹം തുടരുന്നു. " ((....അക്കാരണത്താൽ, ഈ ദുനിയാവിൽ അമ്പിയാക്കളുടെ പ്രബോധന ദൗത്യം ഇസ്‌ലാമിക ഭരണം സ്ഥാപിക്കലായിരുന്നു ))" ഇത്തരത്തിൽ പ്രമാണങ്ങൾക്ക് തികച്ചും വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാദഗതികൾ അദ്ദേഹം ഉയർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഏറെക്കുറെ ആചാര്യനെ അക്ഷരം പ്രതി പിന്തുടരുന്ന ജമാഅത്തു സഹയാത്രികർ ആദർശപരമായ ചങ്കിൽ തറക്കുന്ന ഇത്തരം ചോദ്യങ്ങളോട് പലപ്പോഴും മാന്യമായല്ല പ്രതികരിക്കാറുള്ളത്. മൗദൂദിയുടെ ആദർശപാപ്പരത്തം ചൂണ്ടിക്കാട്ടിയാൽ അപ്പോൾ കിംഗ് ഫൈസൽ അവാർഡും, സൗദിയിൽ അദ്ദേഹത്തിന്റെ പേരിൽ റോഡുള്ള കാര്യവുമൊക്കെ പറഞ്ഞു തടിയെടുക്കും. അത് കൊണ്ടായോ? നിങ്ങളുടെ വണ്ടിയുടെ എൻജിൻ കേടാണല്ലോ എന്ന് പറയുമ്പോൾ അതിനെന്താ ബോഡി നല്ലതാണല്ലോ എന്ന് പറഞ്ഞാൽ എങ്ങിനെ ശെരിയാകും? സാധാരണ സഹിഷ്ണുതയുടെ ആളുകളാണ് ഞങ്ങളെന്നു സ്വയം അഭിമാനിക്കുന്ന ജമാഅത്തു പ്രവർത്തകർ, വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഒരിക്കലും തയ്യാറാകാറില്ല. ഹാകിമിയ്യയുടെ തെളിവ് ചോദിക്കുമ്പോൾ, സഹിഷ്ണുതയെല്ലാം മറക്കുകയും ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യും. "മുജാഹിദുകളുടെ തൗഹീദ് മുറിയൻ തൗഹീദാണ്, ഞങ്ങളുടെ തൗഹീദ് "മുയ്മൻ" തൗഹീദാണ് എന്ന് പരിഹസിക്കാൻ മാത്രമേ അവർക്കു കഴിയാറുള്ളൂ. തൗഹീദുൽ ഉലൂഹിയ്യക്ക് നൽകേണ്ട പ്രാധാന്യം ഒരിക്കലും നൽകാത്ത ആളുകളാണ് മറ്റുള്ളവരെ അതിന്റെ പേരിൽ തന്നെ പരിഹസിക്കുന്നത്. വാസ്തവത്തിൽ അവർ സത്യത്തിന്റെ ഭാഗത്തായിരുന്നുവെങ്കിൽ, സഹിഷ്ണുതയോടെ അക്കാര്യം പ്രമാണങ്ങൾ കൊണ്ട് തെളിയിക്കുകയായിരുന്നു ഉചിതം. യഥാർത്ഥത്തിൽ, അള്ളാഹുവിന്റ മാലികിയ്യത്തു, ഹാകിമിയ്യത്തു, റാസിഖിയ്യത്തു, ഖയ്യൂമിയ്യത്തു ഇതൊക്കെ അള്ളാഹുവിന് മാത്രമാണെന്ന് വിശ്വസിക്കൽ നിർബന്ധമാണ്. മുസ്‌ലിംകൾ അല്ലാത്തവർ പോലും അംഗീകരിക്കുന്ന ഇത്തരം ഒരു വിഷയത്തിൽ ഇഷ്‌കാലിയ്യത്തു ഉണ്ടാക്കുകയും അതിനു വേണ്ടി ഖുർആനും ഹദീസും പരക്കെ ദുർവ്യാഖ്യാനിക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ് അവർ അവസാനം എത്തിപ്പെട്ടത്. സർക്കാർ ഉദ്യോഗം സ്വീകരിക്കരുതെന്നും വോട്ടു ചെയ്യരുതെന്നും പറഞ്ഞതിലല്ല, അതെല്ലാം മതപരമായി ശിർക്കോ കുഫ്‌റോ ആണെന്ന് പറഞ്ഞതിലാണ് പ്രശ്നം. • • • • • • •
|