സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
First Published by Basheer Puthur in Sahab Salafiyya blog in December 2016 |
ഭാഗം 1വിശ്വാസപരവും കർമ്മപരവും തികച്ചും ശുദ്ധമായ, ഒരു നിലക്കും യാതൊരു കലർപ്പുമേൽക്കാത്ത തിളക്കമാർന്ന ഇസ്‌ലാമിന്റെ സംപൂർണതയാണ് സലഫിയ്യത്ത്. അത് ഒരു വ്യക്തിയിലേക്കോ കേവലമായ ഒരു കൂട്ടത്തിലേക്കോ ഒരു സംഘടനയിലേക്കോ ചേർത്ത് പറയാൻ പറ്റുന്ന രൂപത്തിലല്ല. മറിച്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമ സംബോധിതരായ സ്വഹാബത്, നബിയിൽ നിന്ന് എങ്ങിനെയാണോ അള്ളാഹുവിന്റെ ദീൻ കേട്ട് മനസ്സിലാക്കി അമൽ ചെയ്തത് അത് പോലെ, യാതൊരു ഭേദഗതികളും കൂടാതെ സ്വീകരിക്കലാണ് സലഫിയ്യത്തു എന്ന് പറയുന്നത് കൊണ്ട് വിവക്ഷിക്കുന്നത്. അക്കാര്യം മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമലായി പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവരെല്ലാം സലഫുകൾ, അഥവാ സ്വഹാബത്തിനെ പിന്തുടരുന്ന സലഫികൾ ആണ്. അത് ഒരാളായാലും ഒരാൾക്കൂട്ടമായാലും അങ്ങിനെതന്നെ. അത് ഇന്ന് നിലവിലുള്ളതോ കാലഹരണപ്പെട്ടതോ ആയ ഒരു സംഘടനയുടെയോ ഏതെങ്കിലും ഒരു ഇമാമിലേക്കു ചേർത്ത് പറയുന്ന ഒരു മദ്ഹബിന്റെയോ പേരല്ല. ആരാണോ നബിയിൽ നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയതു പോലെ ദീൻ മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നത് അവനാണ് സലഫി. മുകളിലെ മാനദണ്ഡത്തിനു വിധേയമാകാതെയുള്ള അവകാശവാദങ്ങൾ നിരർത്ഥകവും വാസ്തവവിരുദ്ധവുമാണ്. സലഫികൾ പാപമുക്തരോ വീഴ്ചകൾ സംഭവിക്കാത്തവരോ അല്ല. മറിച്ചു, മറ്റുള്ളവരെപ്പോലെ അവർക്കും വീഴ്ചകളും പോരായ്മകളുമുണ്ടാകും. അത് ദീൻ ആയോ ദീനിന്റെ ഭാഗമായോ കാണാതിരിക്കുകയും, ആത്യന്തികമായി വീഴ്ച ബോധ്യപ്പെട്ടു തിരുത്തുകയും അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുകയും ചെയ്യുന്നവരാണവർ. എന്നാൽ, ദീനുമായി ബന്ധപ്പെട്ട വിശ്വാസപരമോ കർമ്മപരമോ ആയ നിലക്കുള്ള വൈകല്യങ്ങളും അബദ്ധങ്ങളും അവരിലേക്ക് കടന്നു വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു വിരളമാണ്. വിഷയത്തിലുള്ള ധാരണക്കുറവ് മൂലമോ, തെറ്റ1ധാരണ കൊണ്ടോ സ്വഹാബത്തിന്റെ ധാരണക്ക് വിരുദ്ധമായ നിലപാടുകൾ സലഫിയ്യത്തു അവകാശപ്പെടുന്ന ഒരാളിൽ ഉണ്ടെങ്കിൽ, എപ്പോൾ അതിന്റെ നിജസ്ഥിതി ബോധ്യപ്പെടുകയും ധാരണപ്പിശക് മാറുകയും ചെയ്യുന്നുവോ ആ നിമിഷം അയാൾ അത് തിരുത്താനും ശെരിയായതു സ്വീകരിക്കാനും അത് പരസ്യപ്പെടുത്താനും തയ്യാറാകുമെന്നത് സലഫിയുടെ എടുത്തു പറയേണ്ട സവിശേഷതയാണ്. ഇത് പൗരാണികരായ പണ്ഡിതന്മാരിലും അവരുടെ ഗ്രന്ഥങ്ങളിലും സുവിദിതമാണ്. സാധാരണ പലരും ചെയ്യാറുള്ളത് പോലെ സ്വന്തം നിലക്ക് ഗവേഷണം നടത്തി നൂതനമായ പല കാര്യങ്ങളും കണ്ടെത്തുകയും അതിനെ പ്രമാണവൽക്കരിക്കാൻ ഖുർആനിന്റെയോ ഹദീസിന്റെയോ നസ്വുകൾ തെറ്റായ നിലക്ക് വ്യാഖ്യാനിച്ചു തെളിവുണ്ടാക്കാൻ ശ്രമിക്കുകയുമില്ല. സലഫിയ്യത്തു അവകാശപ്പെടുന്ന ചിലർ പോലും ഇത്തരം അസന്തുലിത നിലപാടുകൾ വെച്ച് പുലർത്തുന്നവരാണ് എന്നത്, സലഫിയ്യത്ത് മനസ്സിലാക്കുന്നതിൽ അവർക്കു തെറ്റ് സംഭവിച്ചു എന്നതിന്റെ തെളിവാണ്.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രിസാലത്തിനു സാക്ഷിയാവുകയും വിശ്വാസത്തോട് കൂടി നബിയുമായി സഹവസിക്കുകയും ചെയ്ത സ്വഹാബത്തിനു തുല്യരായി അവരല്ലാതെ ആരുമില്ല. എത്ര സുകൃതം ചെയ്തവരായാലും ശെരി. അവരുടെ ധാരണയോളം, മികച്ചതായി മറ്റൊന്നുമില്ല. സലഫികളുടെ പ്രത്യക്ഷവും പരോക്ഷവുമായ ശത്രുക്കൾ ദീനിൽ തന്നിഷ്ടപ്രകാരം പുതിയതായ രീതികളുമായി കടന്നു വരുന്ന ആളുകളാണ്. അല്ലാതെ രാഷ്ട്രീയക്കാരോ ദുനിയാവ് മോഹിക്കുന്നവരോ അല്ല. അതിനാൽ തന്നെ രാഷ്ട്രീയ അജണ്ടകൾക്കു വേണ്ടി ആശയപരമോ അല്ലാത്തതോ ആയ സംഘട്ടനങ്ങൾ സൃഷ്ടിക്കുകയും മുതലെടുപ്പുകൾക്കു തക്കം പാർത്തു നിൽക്കുകയും ചെയ്യുന്നവനല്ല ഒരു യഥാർത്ഥ സലഫി. മറിച് സുന്നത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെ സുന്നത്തു കൊണ്ടും അറിവ് കൊണ്ടും നേരിടുകയും അതിനു കാവലാവുകയും ചെയ്യുക എന്നതാണ് ഒരു സലഫിയുടെ ദൗത്യം. ആധുനിക ലോകത്ത് സുന്നത്തിന്റെ വാഹകനാവുകയും സലഫിയ്യത്തിന് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണക്കുറവോ, സലഫിയ്യത്തിന്റെ പേര് സ്വീകരിച്ചു കൊണ്ട് തന്നെ സലഫിയ്യത്തിന് എതിര് നിൽക്കുകയും ശത്രുത പുലർത്തുകയും ചെയ്യുന്ന ആളുകളുടെ ആധിക്യമോ അവനെ നിരാശനാക്കുകയില്ല. കാരണം, അവന്റെ മാർഗം സലഫുസ്സ്വാലിഹീങ്ങളുടെ മാർഗ്ഗമാണ്. ക്ഷമയുടെ, ത്യാഗത്തിന്റെ ആ മാർഗം സത്യത്തിന്റേതാണ്. തിളക്കമുള്ള സുന്നത്തിന്റേതാണ്. സ്വർഗത്തിലേക്ക് എത്തുന്ന ആ മാർഗമാണ് വിജയത്തിന്റെ മാർഗം. ഭാഗം 2
ഖുർആനും സുന്നത്തും സലഫുകൾ അഥവാ സ്വഹാബത്ത് മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും അവർ അമൽ ചെയ്തത് പോലെ അമൽ ചെയ്യുകയും ചെയ്യുമ്പോഴാണ് ഒരാൾ മുൻഗാമികളുടെ പാതയിൽ എത്തിച്ചേരുന്നത്. ഖുർആനിനെ സ്വീകരിക്കുന്നത് പോലെ സുന്നത്തിനെ സ്വീകരിക്കുകയും അത് മനസ്സിലാക്കുന്നതിൽ സ്വഹാബത്തിന്റെ ധാരണ സ്വീകരിക്കുകയും ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചാൽ അവനു മാർഗഭ്രംശം സംഭവിച്ചു എന്ന് ഉറപ്പിക്കാം.
ഖുർആനിനെയും സുന്നത്തിനെയും പ്രമാണമായി സ്വീകരിക്കുകയും അവ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സ്വഹാബത്തിന്റെ ധാരണ സ്വീകരിക്കുകയും ചെയ്യുന്നവർക്കിടയിൽ രൂപപ്പെടുന്ന ഐക്യമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്ന മതപരമായ ഐക്യം. അതിലേക്കു വിരൽ ചൂണ്ടുന്ന ഒന്നിലധികം വചനങ്ങൾ ഖുർആനിൽ പലയിടത്തായി കാണാം. സൂറത്തു ആലു ഇമ്രാനിലെ 103-മത്തെ വചനത്തിന്റെ താൽപര്യവും മറ്റൊന്നല്ല. അള്ളാഹു പറയുന്നു. " നിങ്ങളൊന്നടങ്കം അള്ളാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുക. നിങ്ങൾ ഭിന്നിച്ചു പോകരുത്." (ആലു ഇമ്രാൻ) ഈ വചനത്തിൽ ഭിന്നിക്കാതെ ഒരുമിച്ചു നിന്ന് അവലംബിക്കണമെന്നു അള്ളാഹു ആജ്ഞാപിക്കുന്ന ഏകതയും ഐക്യവും ഖുർആനിനെയും സുന്നത്തിനെയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഹാബത്തിനെ ഏതു രൂപത്തിൽ പഠിപ്പിച്ചോ അതെ രൂപത്തിൽ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നവർക്കിടയിൽ രൂപപ്പെടേണ്ടതാണ്. ഈ ആയത്തിന്റെ പശ്ചാത്തലത്തിൽ ഇമാം ഇബ്നു കസീർ റഹിമഹുള്ളാ പറയുന്നു " അവരോടു ഐക്യത്തിൽ വർത്തിക്കാനും ഭിന്നത ഒഴിവാക്കാനും അവൻ കൽപിച്ചു. ഐക്യത്തിനും ഏകതക്കും കൽപ്പിക്കുകയും ഛിദ്രതയും ഭിന്നിപ്പും ഒഴിവാക്കാനുമുള്ള ധാരാളം ഹദീസുകൾ ഉണ്ട്." (തഫ്സീർ ഇബ്നു കസീർ-പേജ് 255) ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു. " ഒരു മുസ്‌ലിമായ മനുഷ്യന്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം കൊണ്ട് വന്നതെന്തോ അതിനെ തുടർന്ന് കൊണ്ടല്ലാതെ മതത്തിന്റെ ഒരു കാര്യത്തിലും സംസാരിക്കാൻ പാടില്ല. അതിനെ മുൻകടക്കാതെ, എന്താണോ വന്നത് അതിനു അനുസൃതമായി മാത്രം പറയുകയും, പ്രവർത്തിക്കുകയും ചെയ്യുകയാണ് വേണ്ടത്. സ്വഹാബത്തും അവരെ നന്മയിൽ പിന്തുടർന്ന താബിഉകളും മുസ്‌ലിം ഉമ്മത്തിലെ ഇമാമുമാരും അങ്ങിനെയായിരുന്നു ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ അവരിലൊരാളും പ്രമാണങ്ങളെ സ്വന്തം ബുദ്ധി കൊണ്ട് ഖണ്ഡിക്കുന്നവരോ, നബി ചര്യക്ക് വിരുദ്ധമായ നിലക്ക് ദീനിനെ സ്ഥാപിക്കുന്നവരോ ആയിരുന്നില്ല. ദീനിൽ ഒരു കാര്യം അറിയാൻ അവർ അള്ളാഹുവും റസൂലും എന്ത് പറഞ്ഞുവെന്നായിരുന്നു നോക്കിയിരുന്നത്. അതിൽ നിന്ന് അവർ പഠിക്കുകയും സംസാരിക്കുകയും പരിശോധിക്കുകയും അത് കൊണ്ട് തെളിവ് പിടിക്കുകയും ചെയ്തു. ഇതാണ് അഹ്‌ലുസ്സുന്നയുടെ ആധാരം" - മജ്മൂഉ ഫതാവാ ഇബ്ൻ തീമിയ 13/63 ഭിന്നിച്ചു പോകാതെ ഐക്യപ്പെടാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നിർദ്ദേശിച്ച പരിഹാര മാർഗം " ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊന്നിലാണോ ഉള്ളത്" അതിനെ അവലംബിക്കൽ മാത്രമാണ്. വിശാല ഐക്യത്തിന്റെ വക്താക്കളായി കാടിളക്കി നടക്കുന്ന ആളുകൾ ഐക്യവുമായി ബന്ധപ്പെട്ടു ഒരു പുനഃപരിശോധന നടത്തൽ അനിവാര്യമാണ്. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ഐക്യവും ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഐക്യവും തമ്മിൽ നിലനിൽക്കുന്ന പൊരുത്തക്കേടുകൾ ദുരീകരിക്കേണ്ടത് അവരുടെ ബാധ്യതയാണ്. മുകളിലെ പ്രാമാണിക വചനങ്ങളുടെ താൽപര്യം, കേവല സംഘടനാ പരമായതോ രാഷ്ട്രീയമായതോ ആയ ഐക്യമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. മറ്റു പല പ്രമാണവാക്യങ്ങളും തെറ്റായി വ്യാഖ്യാനിക്കുന്ന കുട്ടത്തിൽ ആലു ഇമ്രാനിലെ ആയത്തും തികച്ചും തെറ്റായ നിലയിൽ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നു. സ്വഹാബത്ത് അടക്കമുള്ള സലഫുകളിൽ നിന്ന് പ്രസ്തുത ആയത്തിനോ ഐക്യത്തിനോ ഈ രൂപത്തിലുള്ള ഒരു വ്യാഖ്യാനം കാണുക സാധ്യമല്ല. ചോർന്നു പോകാനും വിസ്മരിക്കാനും പാടില്ലാത്ത 'ഖുർആനും സുന്നത്തും സലഫുകളുടെ ഫഹ്മിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുക" എന്ന അടിസ്ഥാനപരമായ വിഷയത്തിന്റെ - സലഫീ മൻഹജിന്റെ അസാന്നിധ്യമാണ് വാസ്തവത്തിൽ ഈ ഐക്യ മഹാമഹത്തിന്റെ പ്രഭ കെടുത്തിക്കളയുന്നത്. മാത്രമല്ല, ഐക്യത്തിന്റെ മേന്മയെക്കുറിച്ചു അഭിപ്രായം രേഖപ്പെടുത്തേണ്ടത് ആദർശത്തിനെക്കുറിച്ചും സലഫീ മൻഹജിനെക്കുറിച്ചും അറിവും ധാരണയുമുള്ള ആളുകളാണ്. രാഷ്ട്രീയക്കാരുടെയും തൽപരകക്ഷികളുടെയും കച്ചവട മനസ്സുകളുടെയും അഭിപ്രായങ്ങൾ ആധാരമായി കാണുകയും സ്വീകരിക്കുകയും ചെയ്യുന്നവരുടെ ആദർശബോധം കൂടുതൽ അളക്കേണ്ടതില്ല. ഭാഗം 3അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ദാർശനികാചാര്യനെന്നു അവർ തന്നെ അവകാശപ്പെടുന്ന ജമാലുദ്ധീൻ അഫ്‌ഗാനിയുടെ ജീവ ചരിത്രം പരിശോധിച്ചാൽ ഏതൊരാളും മൂക്കിൽ വിരലു വെച്ചു പോകും. അതിനു മാത്രം അവ്യക്തതകളും നിഗുഡതകളും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ചിന്തകളും നിരീക്ഷണങ്ങളും ആദർശവൽക്കരിക്കുകയും ലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തത് ശിഷ്യനായ റഷീദ് രിദയാണ്.
തികച്ചും രാഷ്ട്രീയ പ്രചോദിതനായ അഫ്‌ഗാനി ലണ്ടൻ, ഇറാൻ, പാരീസ് ഈജിപ്ത്, ഇന്ത്യ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ചുറ്റി സഞ്ചരിക്കുകയും താമസിക്കുകയും പോയ സ്ഥലങ്ങളിലെല്ലാം രാഷ്ട്രീയ ഇടപെടലുകൾക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ഒരു നിലക്കും സലഫീ അഖീദയുമായി യാതൊരു ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. റഷീദ് രിദയും മുഹമ്മദ് അബ്ദയും അഫ്‌ഗാനിയുടെ ചിന്തകൾക്ക് ലിഖിത രൂപം നൽകുകയും പ്രചരിപ്പിക്കുകയും ആദർശ പരിവേഷം നൽകുകയും ചെയ്തു. കേരളത്തിൽ ഇസ്‌ലാഹീ പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയപ്പോഴെല്ലാം റഷീദ് രിദ മുൻനിര നായകനായി പരാമർശിക്കപ്പെട്ടു. അദ്ദേഹത്തിന്റെ തഫ്സീർ ആയ അൽമനാർ പ്രധാന റഫറൻസ് ഗ്രന്ഥമായി. അദ്ദേഹത്തിന്റെ ഫത് വകൾ മൊഴിമാറ്റപ്പെട്ടു. ഇൽമുൽ കലാമിന്റെ അഖീദ വിവരിക്കുന്ന രിസാലത്തുതൗഹീദ് പഠിച്ചു അനേകം മദനിമാരും സുല്ലമിമാരും വെള്ളിയാഴ്ച ഖുതുബകളിലൂടെയും ഖുർആൻ ക്ലാസ്സിലൂടെയും പൊതു ജനങ്ങളെ 'നവോദ്ധാ'നിച്ചു കൊണ്ടിരുന്നു.ആദർശത്തിന് സംഘടനയേക്കാൾ സ്ഥാനം നൽകിയ ആദ്യ കാലത്തിനു വിരുദ്ധമായി ആദർശം പോലെയോ അതിലുപരിയോ ആയ നിലയിൽ സംഘടന പരിചയപ്പെടുത്തപ്പെട്ടു. ആദ്യ കാല മുജാഹിദ് നേതാക്കളിൽ നിലനിന്നിരുന്ന ആദർക്കൂറ് പതിയെപ്പതിയെ സംഘടനാ കൂറും ബന്ധവുമായി മാറി. പ്രമാണങ്ങൾക്ക് എതിരായാൽ പോലും സംഘടനാ തീരുമാനങ്ങളും ധാരണകളും മഹത്വവൽക്കരിക്കപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായി. ഈജിപ്തിൽ നിന്നും അടിച്ചു വീശിയ "നവോദ്ധാന" ത്തിന്റെ കാറ്റേറ്റ്, കാലക്രമേണ കേരള മുസ്‌ലിം മത സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം പല രൂപത്തിലുള്ള വിഷപ്പൂക്കൾ വിരിഞ്ഞു. അവസാനം ഇസ്‌ലാഹീ പ്രസ്ഥാനമെന്ന പേരിൽ വെള്ളത്തിലിട്ടാൽ ചീയുകയോ വെയിലത്തിട്ടാൽ ഉണങ്ങുകയോ ചെയ്യാത്ത ഒരു സംഘടിത രൂപമുണ്ടായി. സ്വഹീഹുൽ ബുഖാരിയിൽ പോലും സ്ഥിരപ്പെട്ട ഹദീസുകൾ ബുദ്ധിക്കു നിരക്കാത്തത് എന്ന ന്യായം പറഞ്ഞു നിഷേധിക്കുകയും പ്രമാണങ്ങളുടെ സ്ഥാനം പലപ്പോഴും യുക്തിയോ നാട്ടാചാരമോ ഒക്കെയായി. പൊറുക്കപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ന്യുനതകൾ ഉണ്ടെങ്കിൽ പോലും മുജാഹിദ് പ്രസ്ഥാനം ഉയർത്തിപ്പിടിച്ച തൗഹീദിന്റെ ധ്വജം വിശ്വാസ വിമലീകരണ രംഗത്ത് വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. സലഫിയ്യത്തിലേക്കു എത്തിയില്ലെങ്കിലും മതപരമായ ഉൽക്കർഷയും ഔന്നിത്യബോധവും അത് ജനങ്ങളിൽ പ്രദാനം ചെയ്തു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്നാം തലമുറ രംഗം വിടുകയും രണ്ടാം തലമുറയുടെ ആദർശ വായനയുടെ വൃത്തം വിസ്തൃതമാവുകയും ചെയ്തതോടെ ഇസ്‌ലാമിന്റെ കറകളഞ്ഞ സ്രോതസ്സ് ഈജിപ്ത്യൻ കൈ വഴിയല്ലായെന്നും സലഫുകളായ സ്വഹാബത്തിന്റെ പാത അതെ പടി പിന്തുടരുന്ന ഷെയ്ഖ് മുഹമ്മദ് ഇബ്ൻ അബ്ദുൽ വഹാബ് റഹിമഹുള്ളായടക്കമുള്ള ഉലമാക്കളാൽ സമ്പന്നമായ വൈജ്ഞാനിക ധാര അറബ് നാടുകൾ കേന്ത്രീകൃതമായി ഉള്ളതാണെന്നുമുള്ള തിരിച്ചറിവ് മാറ്റത്തിന്റെ കൊടുങ്കാറ്റായി. ഏതാണ്ട് അതേ കാലയളവിൽ തന്നെയാണ്, പ്രസ്ഥാനത്തിന്റെ യുവ നേതൃത്വം ഹുസ്സൈൻ മടവൂർ സാഹിബിന്റെ കൈകളിലെത്തിചേർന്നത്. ഈജിപ്തിലെ 'ഇസ്‌ലാഹീ' നവോധാനത്തിനു സലഫിയ്യത്തിനേക്കാൾ അടുപ്പം ഇഖ് വാനിയ്യത്തിനോടായിരുന്നു. എന്നല്ല, ഒരു വേള, ഇസ്‌ലാഹിയ്യത്തിന്റെ ആചാര്യന്മാർ തന്നെയായിരുന്നു ഇഖ് വാനിസത്തിന്റെ ദാർശനികാചാര്യന്മാരും!!. തന്റെ വ്യക്തിപ്രഭാവവും ചടുലമായ നീക്കങ്ങളും ഉപയോഗപ്പെടുത്തി ആദർശത്തിനെ സംഘടനാവൽക്കരിക്കാൻ മടവൂരിനു കൂടുതൽ അദ്ധ്വാനിക്കേണ്ടി വന്നില്ല. അതോടെ സുന്നത്തിനോട് ബഹുമാനവും താത്പര്യവുമുണ്ടായിരുന്ന യുവ സമൂഹത്തിന്റെ മനസ്സിനെ മൊത്തത്തിൽ താനുദ്ദേശിച്ച തരത്തിലേക്ക് തിരിച്ചു വിടാൻ എളുപ്പം സാധിച്ചു. പ്രസ്ഥാനത്തിൽ തന്നെ വളർന്നു വരുന്ന സലഫീ ധാരയെ മുളയിലേ നുള്ളിക്കളയാനും സലഫിയ്യത്തിനോട് അതൃപ്തിയും അസഹിഷ്ണുതയും സൃഷ്ടിക്കാനും പറ്റുന്ന വിധത്തിൽ തന്റെ അടുത്ത അനുയായി വൃന്ദം അപ്പോഴേക്കും വളർന്നു കഴിഞ്ഞിരുന്നു. രണ്ട് വ്യത്യസ്തമായ ആശയ സമുച്ചയങ്ങളുടെ സംഘട്ടനങ്ങൾ സംഘടനയുടെ പിളർപ്പിൽ കലാശിച്ചതോടെ രണ്ടു വിഭാഗവും ആശ്വാസ നിശ്വാസങ്ങൾ പൊഴിച്ചു. പിളർപ്പിന് ശേഷം, മുജാഹിദ് പ്രസ്ഥാനത്തിന്റെ അതു വരെ നിലനിന്നിരുന്ന ഇസ്‌ലാമിക മത സംഘടന എന്ന മുഖം മാറ്റി, പുരോഗമന സ്വഭാവമുള്ള ഒരു മത സാമൂഹ്യ സംഘടന എന്ന നിലവാരത്തിലേക്ക് ഉയരാനുള്ള തീവ്ര പ്രയത്നമായിരുന്നു. ബാലാരിഷ്ടതകൾ നിറഞ്ഞ മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ ഛായ തന്നെ മാറ്റികൊണ്ടു ശത്രുക്കൾ പോലും ആശ്ചര്യപ്പെടുന്ന വിധത്തിലുള്ള പരിണാമത്തിനും പരിവർത്തനത്തിനുമാണ് പിന്നീട് മർകസ് ദഅവ കേന്ദ്രീകരിച്ചുള്ള ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് ഗ്രുപ് സാക്ഷ്യം വഹിച്ചത്. ഖുർആനും സുന്നത്തുമാണ് പ്രമാണമെന്നും അത് ജീവിതത്തിൽ പരമാവധി പകർത്തണമെന്നും മിമ്പറുകളിൽ ആവർത്തിച്ചുപദേശിക്കുമ്പോഴും, ജീവിതത്തിൽ സുന്നത്തു പ്രയോഗവൽക്കരിക്കുന്നവർ നവ സലഫിസമായി പരിഹസിക്കപ്പെട്ടു. കേരളത്തിലെ മുജാഹിദുകൾക്ക് ലോകത്തു ആരുമായും ബന്ധമില്ലെന്നും കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ഒരു സ്വതന്ത്ര ചിന്തയാണെന്നും അതിന്റെ ആളുകൾ തുറന്നു പറയാൻ തുടങ്ങി. സംഘടനാ സംവിധാനം വളർന്നു വലുതായി തടിച്ചു കൊഴുത്തു. സ്ഥാനമാനങ്ങൾ ഇല്ലാതെ ഒരു നിമിഷവും നിലനിൽക്കാൻ കഴിയാത്തതു കൊണ്ട് യുവ നേതൃ നിരയിൽ നിന്ന് റിട്ടയർ ചെയ്തവരെ പുതിയ പദവികൾ സൃഷ്ടിച്ചു 'കുടിയിരുത്തുന്ന' ആചാരം വന്നു. റഷീദ് രിദയെ അന്ധമായി അനുകരിക്കുന്ന സലാം സുല്ലമി കേരളത്തിലെ പകരം വെക്കാനില്ലാത്ത മുഹദ്ദിസ് ആയി അവരോധിക്കപ്പെട്ടു. അറബി ഭാഷയോ ഉസൂലുകളോ വഴങ്ങാത്ത അദ്ദേഹത്തിന്റെ തികച്ചും സ്വതന്ത്രവും, മുന്മാതൃക അവകാശപ്പെടാനില്ലാത്തതുമായ നിരീക്ഷണങ്ങളും ആശയങ്ങളും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത മാഗ്നാകാർട്ടയായി. കാന്തപുരം കഴിഞ്ഞാൽ പേരോടെന്ന പോലെ മടവൂർ കഴിഞ്ഞാൽ കിനാലൂരെന്ന സമവാക്യങ്ങൾ അലിഖിതമായി കൂട്ടിക്കെട്ടി. ഇതാണ് ഈജിപ്തിലെ നവോദ്ധാനം കേരള മുസ്‌ലിംകൾക്ക് നൽകിയ സംഭാവന. • • • • • • •
|