സ്വഹീഹുൽ ബുഖാരിയും വിമർശകരും
First Published by Basheer Puthur September 2018 |
ഭാഗം 1പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ലോകം ആദരപൂർവ്വം സ്വീകരിക്കുകയും പവിത്രമായി കരുതുകയും ചെയ്യുന്ന രണ്ടു ഗ്രന്ഥങ്ങളിൽ ഒന്നാമത്തേതാണ് ഇമാം മുഹമ്മദ് ബിൻ ഇസ്‌മായീൽ റഹിമഹുള്ളയുടെ സ്വഹീഹുൽ ബുഖാരി.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ഹദീസുകൾ അതിന്റെ ശെരിയായതും സത്യസന്ധമായതുമായ ഉറവിടങ്ങളിൽ നിന്ന് കണ്ടെത്താൻ ജീവിതം ഉഴിഞ്ഞു വെച്ച മഹാ പ്രതിഭയായിരുന്നു ഇമാം ബുഖാരി റഹിമഹുള്ളാ. റഷ്യയിലെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ എന്ന ഗ്രാമത്തിൽ ജനിച്ച മുഹമ്മദ് ഉമ്മയുടെയും സഹോദരന്റെയും കൂടെ ഹജ്ജിനു വന്നതിന് ശേഷം പിന്നെ ബുഖാറയിലേക്കു തിരിച്ചു പോയില്ല. അദ്ദേഹം ഹദീസ് പഠനവുമായി മക്കയിൽ തങ്ങി. അവിടെ നിന്ന് തന്റെ ചരിത്ര പ്രസിദ്ധമായ വൈജ്ഞാനിക യാത്രക്ക് നാന്ദി കുറിച്ചു. അങ്ങിനെ, മദീന, സിറിയ, ഈജിപ്‌ത്, നൈസാബൂർ, അൾജീരിയ, ബസറ, കൂഫാ, ബാഗ്‌ദാദ്, വാസിത്, മർവ്, റയ്യു തുടങ്ങി മുഹദ്ദിസുകൾ ഉള്ള നാടുകളിലെല്ലാം ഇമാം ബുഖാരി യാത്ര ചെയ്തു. അദ്ദേഹം പറയുന്നു "കൂഫയിലും ബസറയിലും ഞാൻ എത്ര തവണ പോയി എന്നെനിക്കു തന്നെ അറിയില്ല” തന്റെ മരണത്തിനു തൊട്ടു മുമ്പായി അദ്ദേഹം പറഞ്ഞു "ആയിരത്തി എൺപതിലധികം മുഹദ്ധിസുകളിൽ നിന്ന്, ഓരോരുത്തരിൽ നിന്നും പതിനായിരത്തിലധികം ഹദീസുകൾ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്." താബിഉകൾ അടക്കം അഞ്ചു തരം മുഹദ്ദിസുകളിൽ നിന്ന് അദ്ദേഹം ഹദീസുകൾ ശേഖരിച്ചു. ഒരു ലക്ഷത്തോളം സ്വഹീഹായ ഹദീസുകളും രണ്ടു ലക്ഷം ദയീഫായ (ദുർബലം) ഹദീസുകളും അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. അഖീദ (വിശ്വാസം), അഹ്‌കാം (വിധികൾ) തഫ്‌സീർ (ഖുർആൻ വ്യാഖ്യാനം ) താരീഖ് (ചരിത്രം) സുഹ്‌ദ് (വിരക്തി) മര്യാദകൾ (ആദാബ്) തുടങ്ങി വ്യത്യസ്ഥ വിഷയങ്ങളിലായി (ആവർത്തനങ്ങളും മുഅല്ലഖാത്തും അടക്കം) ഒമ്പതിനായിരത്തിലധികം ഹദീസുകൾ അദ്ദേഹം തന്റെ സ്വഹീഹിൽ ഉൾപ്പെടുത്തി. ഹദീസ് സ്വീകരിക്കുന്നതിലും അത് രേഖപ്പെടുത്തുന്നതിലും സവിശേഷമായ ജാഗ്രത കാണിച്ച ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ ഗ്രന്ഥരചനയിലും അസാമാന്യ വൈഭവവും വൈദഗ്ധ്യവും പുലർത്തി തന്റെ ഗുരുനാധനമാരെപ്പോലും അത്ഭുതപ്പെടുത്തി. അതുവഴി മുസ്‌ലിം ലോകത്തിന് ഹദീസ് വിജ്ഞാനത്തിന്റെ വിശ്വാസയോഗ്യമായ ഒരു ശേഖരം തന്നെ കൈവന്നു. ഭാഗം 2
ഹദീസ് വിജ്ഞാനത്തിൽ സത്യവിശ്വാസികളുടെ നേതാവ് (അമീറുൽ മുഉമിനീൻ ഫിൽ ഹദീസ്)എന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ട ഇമാം ബുഖാരിയുടെ ഹദീസിലുള്ള പരിജ്ഞാനം പുകൾപെറ്റതാണ്. ഒരൊറ്റ വായനയിലൂടെയോ കേൾവിയിലൂടെയോ ഹദീസുകൾ മനഃപാഠമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
മുഹമ്മദ് അൽ വറാഖ് പറയുന്നു. ഹാഷിദ് ബിൻ ഇസ്മായീലും മറ്റൊരാളും പറയുന്നത് ഞാൻ കേട്ടു. അബു അബ്ദുള്ള ബുഖാരി കുട്ടിയായിരിക്കെ ബസറയിലെ പണ്ഡിതന്മാരുടെ അടുക്കലേക്കു ഞങ്ങളുടെ കൂടെ വരാറുണ്ടായിരുന്നു. ദിവസങ്ങളോളം അദ്ദേഹം ഒന്നും എഴുതിയെടുക്കാറുണ്ടായിരുന്നില്ല. അപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു " നീയെന്താണ് ഞങ്ങളുടെ കൂടെ വരുന്നുവെന്നല്ലാതെ ഒന്നും എഴുതിയെടുക്കാത്തത് ? പതിനാറു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. " നിങ്ങൾ രണ്ടു പേരും എന്നെക്കാൾ അധികമായി ഗ്രഹിക്കുകയും എന്നെ എഴുതിയെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടല്ലോ, നിങ്ങൾ എഴുതിയത് ഞാനൊന്ന് കാണട്ടെ " അപ്പോൾ ഞങ്ങൾ എഴുതിയത് അദ്ദേഹത്തെ കാണിച്ചു. അപ്പോൾ, അദ്ദേഹം പതിനയ്യായിരം ഹദീസുകൾ അധികമായി ഇങ്ങോട്ടു പറഞ്ഞു തന്നു, എല്ലാം മനഃപാഠമാക്കിയവ !! അങ്ങിനെ അദ്ദേഹം മനഃപാഠമാക്കിയ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ എഴുതിയതിലെ തെറ്റുകൾ തിരുത്തുന്ന അവസ്ഥ വരെയെത്തി. എന്നിട്ടദ്ദേഹം ചോദിച്ചു " ഞാൻ വെറുതെ വന്ന് എന്റെ സമയം നശിപ്പിക്കുകയാണെന്നാണോ നിങ്ങൾ കരുതിയത്?" എന്ന് . ( ഹദിയുസ്സാരീ) ഇമാം ബുഖാരിയുടെ ഹദീസ് പ്രാഗൽഭ്യം തെളിയിക്കുന്ന മറ്റൊരു സംഭവം നോക്കൂ : ഒരിക്കൽ ഇമാം ബുഖാരി ബാഗ്ദാദിൽ വന്നു. അദ്ദേഹം വരുന്ന വിവരം അറിഞ്ഞപ്പോൾ അവിടെയുള്ള മുഹദ്ദിസുകൾ അദ്ദേഹത്തിന്റെ സാമർഥ്യത്തെ അളക്കാൻ തീരുമാനിച്ചു. അങ്ങിനെ അവർ നൂറു ഹദീസുകൾ തെരഞ്ഞെടുക്കുകയും അവയുടെ സനദും മത്നും പരസ്‌പരം മാറ്റിയിട്ടു അത്തരം പത്തു ഹദീസുകൾ വീതം നൽകി പത്തു ആളുകളെ ഒരുക്കി നിർത്തി. ജനങ്ങൾ തടിച്ചു കൂടിയ ഒരു വേദിയിൽ ഇമാം ബുഖാരി എഴുന്നേറ്റു നിന്നപ്പോൾ അവർ ഓരോരുത്തരായി സദസ്സിന്റെ പല ഭാഗങ്ങളിൽ നിന്നായി നേരത്തെ സനദും മത് നും മാറ്റിയ ഹദീസുകളെക്കുറിച്ചു ചോദിക്കാനാരംഭിച്ചു. ഓരോ ഹദീസ് കേട്ടപ്പോഴും അദ്ദേഹം "എനിക്കറിയില്ല" എന്ന മറുപടിയാണ് നൽകിയത്. കാര്യബോധമില്ലാത്ത ആളുകൾ ബുഖാരിയുടെ പരാജയം പ്രവചിച്ചു. എന്നാൽ ബുഖാരിയുടെ സാമർഥ്യം ബുദ്ധിയുള്ളവർ അറിഞ്ഞു. എല്ലാവരുടെയും ചോദ്യങ്ങൾ അവസാനിച്ചപ്പോൾ ഓരോ ഹദീസിന്റെയും തെറ്റായ സനദും മത് നും വേർതിരിച്ചു ശെരിയായ സനദും മത് നും ചേർത്ത് നൂറു ഹദീസുകളും തിരിച്ചു പറഞ്ഞു സദസ്സിനെ സ്തബ്ധരാക്കി ! ഇമാം ബുഖാരിയുടെ ഗ്രാഹ്യതയും ഹദീസിലുള്ള അദ്ദേഹത്തിന്റെ പാടവവും പരക്കെ പ്രശംസിക്കപ്പെടാൻ ഇട വന്ന സംഭവമായിരുന്നു ഇത്. ഹദീസ് പ്രാവീണ്യം എന്നത് കൊണ്ട് ധാരാളം ഹദീസുകൾ മനഃപാഠമാക്കുക എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. അങ്ങിനെ നോക്കുമ്പോൾ ഇമാം ബുഖാരി ജീവിച്ച കാലത്തു ബുഖാരിയെക്കാൾ ഹദീസ് മനഃപാഠമുള്ള ഒരുപാട് മുഹദ്ധിസുകൾ ഉണ്ടായിരുന്നു. ഇമാം ബുഖാരിയെ അവരിൽ നിന്നെല്ലാം വേറിട്ട് നിർത്തുന്ന ചില സവിശേഷമായ ഘടകങ്ങളുണ്ട്. ഹദീസുകളുടെ പരമ്പരയെക്കുറിച്ചും (സനദ്) റിപ്പോർട്ടർമാരെക്കുറിച്ചും (റാവി) അദ്ദേഹത്തിനുള്ള പ്രാവീണ്യം അഗാധമായിരുന്നു. അതിനെല്ലാം പുറമെ ഹദീസുകളുടെ സ്വീകാര്യതക്കു കോട്ടം തട്ടുന്ന ഗോപ്യ(ഖഫിയ്യ്)മായ ന്യുനത (ഇല്ലത്തുൽ ഹദീസ്)യെക്കുറിച്ചു ആഴത്തിലുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണ മുഹദ്ധിസുകൾക്കെല്ലാം "ഇലലുൽ ഹദീസിൽ" പരിജ്ഞാനം ഉണ്ടായിക്കൊള്ളണമെന്നില്ല. സാധാരണ ഗതിയിൽ പ്രത്യക്ഷത്തിൽ നോക്കുമ്പോൾ ഹദീസിനു ന്യുനതയൊന്നും കാണപ്പെടുകയില്ല. എന്നാൽ സൂക്ഷ്മമായ നിരീക്ഷണത്തിൽ ആ ഹദീസ് സ്വീകരിക്കാൻ പറ്റാത്ത വിധത്തിലുള്ള ന്യുനത ഗോചരമാവും. ഹദീസിനെക്കുറിച്ചു സൂക്ഷമായ പാടവവും ഹദീസ് വിജ്ഞാനവുമായുള്ള സുദീർഘമായ സമ്പർക്കവുമുള്ളവർക്കേ ഇല്ലത്തുകളെക്കുറിച്ചു അറിയാൻ പറ്റൂ. അലി അൽ മദീനി, ഇമാം അഹ്‌മദ്, യഹ്‌യ ഇബ്ൻ മഈൻ, ഇമാം മുസ്‌ലിം തുടങ്ങിയ അതികായന്മാർ ഈ വിഷയത്തിൽ ഇമാം ബുഖാരിയുടെ സമകാലീനരും സഹവാസികളുമാണ്. അലി അൽ മദീനിയെക്കുറിച്ചു ഇമാം ബുഖാരി തന്നെ പറഞ്ഞത്" അദ്ദേഹത്തിന് മുമ്പിലല്ലാതെ മറ്റൊരാളുടെ മുമ്പിലും ഞാൻ സ്വയം ചെറുതായിപ്പോയിട്ടില്ല " എന്നാണ്. അത്രയ്ക്ക് തലയെടുപ്പുള്ള മുഹദ്ധിസുകൾക്കും ഫുഖഹാക്കൾക്കും നിരൂപകർക്കുമിടയിലാണ് ഇമാം ബുഖാരി റഹിമഹുള്ളാ അമീറുൽ മുഉമിനീൻ ഫിൽ ഹദീസ് എന്ന അപര നാമത്തിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത്. ഭാഗം 3ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ ജീവിത സപര്യയായ ഹദീസ് പഠനവും ഗവേഷണവും നിരന്തര പ്രയത്നവും അക്ഷീണ പരിശ്രമവും നടത്തി 'അൽജാമിഉ സ്വഹീഹ്' എന്ന് വിളിക്കുന്ന 'സ്വഹീഹുൽ ബുഖാരി' മുസ്‌ലിം ഉമ്മത്തിന് സമർപ്പിക്കാൻ പതിനാറു വർഷമെടുത്തു. വിവിധ വിഷയങ്ങളിലായി ആവർത്തനങ്ങളില്ലാതെ സ്വഹീഹായ രണ്ടായിരത്തി അറുനൂറ്റി രണ്ട് (2602) മുസ്‌നദായ (പൂർണ്ണമായ നിവേദക പരമ്പരയോടെ) ഹദീസുകളും, അനുബന്ധമായി(തഅലീഖ്) ആയി (മത് നു മാത്രം) നൂറ്റി അൻപത്തി ഒമ്പതു (159) ഹദീസുകളും അതിൽ ഉൾക്കൊള്ളുന്നു. ഹദീസുകളുടെ എണ്ണത്തിൽ നേരിയ ഏറ്റക്കുറച്ചിലുകൾ കാണാമെങ്കിലും എല്ലാം പരസ്പര പൂരകമായി വിലയിരുത്തുന്നതാണ് അഭികാമ്യം.
അനുബന്ധം (മുഅല്ലഖ്) ആയ ഹദീസുകൾ എന്നാൽ സനദിന്റെ തുടക്കം തൊട്ടു സ്വഹാബി വരെയോ അതല്ലെങ്കിൽ താബിഇ വരെയോ ഉള്ള നിവേദക പരമ്പരയിലെ ആരെയും പേര് പറയാതെ ഹദീസ് മാത്രമായോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം മാത്രം പറയുന്നതോ ആയ രീതിയാണ്. അവ മുസ്‌നദ് (പരമ്പര വ്യക്തമായി പറഞ്ഞ) അല്ലാത്തവയാണ്. അത് കൊണ്ട് തന്നെ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് എന്ന് പറയുമ്പോൾ ഈ അനുബന്ധങ്ങൾ ഉദ്ദേശിക്കപ്പെടുന്നില്ല. സ്വഹീഹുൽ ബുഖാരിയിൽ മൊത്തം 1341 മുഅല്ലഖ് ആയ ഹദീസുകളുണ്ട്. മുഅല്ലഖ് ആയ എല്ലാ ഹദീസുകളും ദുർബലമാണ് എന്ന് കരുതാൻ പാടില്ല. ഇവയിൽ പലതും ഇമാം ബുഖാരി തന്നെ തന്റെ സ്വഹീഹിൽ പൂർണമായ സനദോടു കൂടി ഉദ്ധരിക്കുന്നു. വേറെ പലതും ഇബ്നു ഹജറുൽ അസ്ഖലാനി സനദ് ഉൾപ്പെടുത്തി മറ്റൊരു ഗ്രന്ഥത്തിൽ വിശതീകരിച്ചിട്ടുണ്ട്. സ്വഹീഹുൽ ബുഖാരിക്ക് ചെറുതും വലുതുമായി നാൽപതോളം വ്യാഖ്യാന ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ, സംഗ്രഹങ്ങളും ഓരോ അധ്യായങ്ങളായി പ്രത്യേകമായും, നിവേദക പരമ്പരയെക്കുറിച്ചും മറ്റു പ്രത്യേകമായ വിഷയങ്ങളെക്കുറിച്ചും, മത വിധികളും, ഖുർആൻ, ഹദീസ് ചരിത്രം തുടങ്ങി ഒരുപാടൊരുപാട് വിജ്ഞാന ശാഖകളിലേക്ക് അതിന്റെ വെളിച്ചം കടന്നു ചെല്ലുന്നു. മുസ്‌ലിം ലോകം സ്വഹീഹുൽ ബുഖാരിക്ക് നൽകിയ സ്ഥാനം എന്തായിരുന്നുവെന്ന് തിരിച്ചറിയാൻ ഇതൊക്കെ തന്നെ ധാരാളമാണ്. ആ വ്യാഖ്യാനഗ്രന്ഥങ്ങളിൽ പലതും വിവിധങ്ങളായ സവിശേഷതകൾ കൊണ്ട് സമ്പന്നമാണ്. ഹദീസിന്റെ ആശയ വ്യാഖ്യാനം, ഭാഷാപരമായ വശങ്ങൾ, മതപരമായ വിധി വിലക്കുകൾ തുടങ്ങി ഗഹനമായ വിജ്ഞാന ശാഖകളിൽ മേൽക്കൈ പുലർത്തുന്ന വ്യാഖ്യാന ഗ്രന്ഥങ്ങൾ അക്കൂട്ടത്തിലുണ്ട്. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ "ഫത്ഹുൽ ബാരീ" എന്ന പേരിൽ ഇമാം ഇബ്നു റജബ് റഹിമഹുള്ളാ എഴുതിയ വ്യാഖ്യാനഗ്രന്ഥം അമൂല്യമാണ്. അപൂർണ്ണമാണെങ്കിലും മുഹദ്ധിസുകൾക്കിടയിൽ പ്രസിദ്ധമായ ഈ ഗ്രന്ഥം നല്ല ഒരു റഫറൻസ് ആയി പരിഗണിക്കപ്പെടുന്നു. ഇമാം ഇബ്‌നു ഹജർ അസ്ഖലാനിയുടെ ഫത് ഹുൽ ബാരിയാണ് ശ്രദ്ധേയമായ മറ്റൊന്ന്. ഇമാം ബുഖാരിയുടെ ഗ്രന്ഥ രചനാ പാടവവും വൈദഗ്ധ്യവും മനസ്സിലാക്കുകയും അതിന്റെ ആത്മാവ് ചോർന്നുപോകാതെ പൂർണ്ണമായി ഉൾക്കൊണ്ടു തന്നെ ഹദീസുകൾ വ്യാഖ്യാനിക്കുകയും അറിവിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു മുത്തും പവിഴവും വാരിയെടുക്കുകയും ചെയ്തു ഇമാം ഇബ്‌നു ഹജർ റഹിമഹുള്ളാ. ഫത് ഹുൽ ബാരിയുടെ വൈജ്ഞാനിക സമ്പുഷ്ടമായ ആമുഖം തന്നെ ഇമാം ഇബ്‌നു ഹജർ അസ്ഖലാനിയുടെ മികവ് വിളിച്ചോതുന്നതാണ്. "ഇബ്‌നു ഹജറിന് ശേഷം അദ്ദേഹത്തെപ്പോലെ ഒരാളെ ഒരു സ്ത്രീയും പ്രസവിച്ചിട്ടില്ല" എന്ന് ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞത് വെറുതെയല്ലായെന്നർത്ഥം. സ്വഹീഹുൽ ബുഖാരിയെ ആസ്പദമാക്കി പഠനങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു. ഓരോ അധ്യായത്തിനും ഇമാം ബുഖാരി നൽകിയ തല വാചകത്തിൽ പോലും ഒരുപാട് അറിവുകളും അനുബന്ധങ്ങളും ഗവേഷകർ കണ്ടെത്തുന്നു. അള്ളാഹുവിന്റെ ദീനിന്റെ പ്രധാന ഭാഗമായ സുന്നത്തു പഠിക്കുകയും ജനങ്ങൾക്ക് അനുഭവ വേദ്യമാക്കുകയും ചെയ്യുന്നതിൽ ഇമാം ബുഖാരി നൽകിയ സേവനം വിലമതിക്കാൻ കഴിയാത്തതാണ്. ഭാഗം 4ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ രചന പൂർത്തീകരിച്ചപ്പോൾ, അക്കാലത്തെ ഹദീസ് വിജ്ഞാനത്തിലെ അഗ്രേസരന്മാരായ ഇമാം അഹ്‌മദ്, അലി അൽ മദീനി, യഹ്‌യ ബിൻ മഈൻ തുടങ്ങിയ മുഹദ്ധിസുകൾക്കു മുന്നിൽ സമർപ്പിച്ചു. ഉഖൈലി പറയുന്നു. " ബുഖാരി തന്റെ സ്വഹീഹായ ഹദീസ് ഗ്രന്ഥം രചിച്ചപ്പോൾ ഇമാം അഹ്‌മദ്, അലി അൽ മദീനി, യഹ്‌യ ബിൻ മഈൻ തുടങ്ങിയവരുടെ മുമ്പിൽ സമർപ്പിച്ചു. അവരെല്ലാം അത് പരിശോധിക്കുകയും താങ്കളുടെ ഗ്രന്ഥം സ്വഹീഹ് തന്നെയാണെന്ന് വിധി നൽകുകയും ചെയ്തു. നാല് ഹദീസുകളുടെ കാര്യത്തിൽ മാത്രമേ അവർക്ക് സംശയമുണ്ടായിരുന്നുള്ളൂ. ഉഖൈലി തുടരുന്നു. " എന്നാൽ ആ നാല് ഹദീസുകളുടെ കാര്യത്തിലും ശെരി ബുഖാരിയുടെ ഭാഗത്തു തന്നെയായിരുന്നു.കാരണം, അവ സ്വഹീഹ് തന്നെയായിരുന്നു. "
ഹദീസ് വിഷയത്തിൽ ഇമാം ബുഖാരി എക്കാലത്തും വിശ്വസ്തനും സമശീർഷരില്ലാത്ത മുഹദ്ധിസുമായിരുന്നു. അദ്ദേഹത്തെക്കുറിച്ചു അദ്ദേഹത്തിന്റെ സമകാലീനരും അല്ലാത്തവരുമായ പ്രഗത്ഭരായ മുഹദിസുകളും ചരിത്രകാരന്മാരും നടത്തിയ അഭിപ്രായപ്രകടനങ്ങൾ അതിന്റെ നേർസാക്ഷ്യങ്ങളാണ്. ഇമാം അഹ്‌മദ് റഹിമഹുള്ളാ പറഞ്ഞു " മുഹമ്മദ് ബിൻ ഇസ്മായീൽ ബുഖാരിയെപ്പോലെ (മറ്റൊരാളെ) ഒരാളെ ഖുറാസാൻ പട്ടണം ഉൽപാദിപ്പിച്ചിട്ടില്ല" താരീഖ് ബഗ്‌ദാദ് അലി അൽ മദീനി പറയുന്നു. "അദ്ദേഹത്തെ വെറുതെ വിടുക, അദ്ദേഹത്തെപ്പോലെ ഒരാളെ കാണപ്പെടുകയില്ല" സിയർ അംറു ബിൻ അലി പറയുന്നു " മുഹമ്മദ് ബിൻ ഇസ്മായീലിനു അറിയാത്ത ഒരു ഹദീസ്, ഹദീസേയല്ല" താരീഖ് ബഗ്‌ദാദ് അബു ഈസ തുർമുദി പറയുന്നു " ഇറാഖിലോ ഖുറാസാനിലോ ചരിത്രവും, ഹദീസിന്റെ പരമ്പരയെക്കുറിച്ചും, ഇലലിനെക്കുറിച്ചും മുഹമ്മദ് ബിൻ ഇസ്മായീലിനെക്കാൾ അറിവുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല" - ശറഹു ഇലലി തുർമുദി നഈം ബിൻ ഹമ്മാദ് പറയുന്നു. " മുഹമ്മദ് ബിൻ ഇസ്മായീൽ ഈ ഉമ്മത്തിന്റെ ഫഖീഹ് ആണ് " - സിയർ. ഇമാം മുസ്‌ലിം ബുഖാരിയുടെ അടുത്ത് വന്നു പറഞ്ഞു " മുഹദ്ധിസുകളുടെ നേതാവും, ഹദീസിൽ 'ഇലലു'കളുടെ വൈദ്യനും , ഉസ്താദുമാരുടെ ഉസ്താദുമായ താങ്കളുടെ പാദങ്ങളിൽ ഞാൻ ചുമ്പനങ്ങളർപ്പിക്കട്ടെ " - ഹദിയുസ്സാരീ ഇമാം മുസ്‌ലിം പറഞ്ഞു " താങ്കളെ അസൂയക്കാരല്ലാതെ വെറുക്കുകയില്ല, ദുനിയാവിൽ താങ്കളെപ്പോലെ ഒരാളില്ലായെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു" അൽ ബിദായ വന്നിഹായ ഇമാം ഇബ്‌നു ഖുസൈമ പറയുന്നു. " ആകാശക്കുടക്ക് കീഴെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ഹദീസിനെക്കുറിച്ചു മുഹമ്മദ് ബിൻ ഇസ്മായീലിനെക്കാൾ അറിവും ധാരണയുമുൊള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല" - സിയർ ഇബ്‌നു അബീ ശൈബ പറയുന്നു " മുഹമ്മദ് ബിൻ ഇസ്മായീലിനെപ്പോലെ മറ്റൊരാളെ നാം കണ്ടിട്ടില്ല" സിയർ ഇമാം ബുഖാരിയെക്കുറിച്ചു അക്കാലത്തു ജീവിക്കുകയും അദ്ദേഹത്തിന്റെ അറിവിന്റെ ആഴവും പ്രാവീണ്യവും മനസ്സിലാക്കുകയും ചെയ്ത ഭുവനപ്രശസ്തരായ അഹ്‌ലുസ്സുന്നയുടെ ഇമാമുമാരിൽ ചിലരുടെ പ്രശംസാ വചനങ്ങളിൽ ചിലതു മാത്രമാണ് ഇതെല്ലാം. അവ മുഴുവൻ രേഖപ്പെടുത്തുകയാണെങ്കിൽ നിരവധി വാള്യങ്ങൾ തന്നെ വേണ്ടി വരും. ഇതിനെല്ലാം പുറമെ ഇമാം ബുഖാരിയെക്കുറിച്ചു ഇമാം ഇബ്‌നു കസീർ, ഇമാം ദഹബി, ഇമാം ഇബ്‌നു ഹജർ തുടങ്ങിയവർ പ്രത്യേകം ഗ്രന്ഥ രചന തന്നെ നടത്തിയിട്ടുണ്ട്. ഇമാം ബുഖാരിയുടെ രചനകളിൽ സവിശേഷമായത് സ്വഹീഹുൽ ബുഖാരി തന്നെയാണ്. അതിന് പുറമെ അൽജാമിഉൽ കബീർ, അൽജാമിഉസഗീർ, അൽ അദബുൽ മുഫ് റദ്, അസാമീസഹാബ, കിതാബുൽ അശ് രിബ , അത്തഫ്സീറുൽ കബീർ, ഖൽഖു അഫ്ആലിൽ ഇബാദ്, തുടങ്ങി മുസ്‌ലിം ലോകത്തു ഇന്നും ചർച്ച ചെയ്യപ്പെടുന്ന നിരവധി പ്രൗഢഗംഭീരമായ ഗ്രന്ഥങ്ങൾ. ഭാഗം 5അംഗശുദ്ധി വരുത്തി രണ്ടു റക്അത്തു ഇസ്തിഖാറത് നമസ്കരിച്ചു കൊണ്ടായിരുന്നു ഇമാം ബുഖാരി റഹിമഹുള്ളാഹ് ഓരോ ഹദീസും അതി സുക്ഷമമായി പരിശോധിക്കുകയും അതിലെ കതിരും പതിരും വേർതിരിക്കുകയും ചെയ്തിരുന്നത്.
ഹദീസുകൾ സ്വീകരിക്കുന്നതിൽ മറ്റൊരു മുഹദിസും സ്വീകരിക്കാത്ത സൂക്ഷ്മവും ശക്തവുമായ നിബന്ധനകൾ നിശ്ചയിക്കുകയും തന്റെ കർശന നിബന്ധനകൾക്ക് വിധേയമായ ഹദീസുകൾ മാത്രം അദ്ദേഹം സ്വഹീഹിൽ ഉൾപ്പെടുത്തുകയും ചെയ്തു. താൻ ശേഖരിച്ച ഹദീസുകൾ സ്വഹീഹ് തന്നെയാണെന്ന് ഉറപ്പു വരുത്താൻ ആയിരക്കണക്കിന് ഹദീസ് നിവേദകരെ സസൂക്ഷ്മം പഠിക്കുകയും അവരുടെ ജീവിതവും ചുറ്റുപാടും സഹവാസവും യാത്രയും ഗുരു-ശിഷ്യ ബന്ധങ്ങളും, ജനന-മരണവും അതി സൂക്ഷ്മം നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്തു. തദടിസ്ഥാനത്തിൽ ഓരോ ഹദീസിനെക്കുറിച്ചും നിർണ്ണയം നടത്തുകയും വിധി രേഖപ്പെടുത്തുകയും ചെയ്തു. തികഞ്ഞ അറിവിന്റെയും പകരം വെക്കാനില്ലാത്ത അനുഭവത്തിന്റെയും അടിത്തറയിൽ പാകിയ ഒരമൂല്യ കൃതിയാണ് സ്വഹീഹുൽ ബുഖാരി. ഹദീസ് നിതാന ശാസ്ത്രം (علم الحديث) ഉൽകൃഷ്ടമായ ഒരു വിജ്ഞാന ശാഖയാണ്. അതിൽ ഹദീസുകളുടെ ന്യുനതകൾ കണ്ടെത്തൽ (معرفة علل الحديث) അതിനേക്കാൾ ഉൽകൃഷ്ടവും സ്തുത്യർഹവുമായ കലയാണ്. നല്ല ഉൾക്കാഴ്ചയും കഠിനാദ്ധ്വാനവും അത്യന്താപേക്ഷിതമായ ഈ വിജ്ഞാന ശാഖയിൽ പ്രാവീണ്യമുണ്ടാവുകയെന്നത് നിസ്സാര കാര്യമല്ല. ഹദീസിന്റെ നിവേദക പരമ്പരയിലുള്ള അശ്രദ്ധരും, ആരോപിതരും (കളവ്, കെട്ടിയുണ്ടാക്കൽ, മറവി, ആശയക്കുഴപ്പം,) അഭിപ്രായ വൈരുദ്ധ്യമുള്ളവരുമൊക്കെയായ നിവേദകരെക്കുറിച്ചു പ്രത്യേകവും സൂക്ഷ്മവുമായ പഠനം നടത്തുകയും, ഹദീസ് വന്നിട്ടുള്ള വ്യത്യസ്തങ്ങളായ മുഴുവൻ വഴികളും (طرق الحديث ) സമാഹരിക്കുകയും അതിൽ നിരീക്ഷണം നടത്തുകയും ചെയ്യാൻ അങ്ങേയറ്റത്തെ കഴിവും പാടവവുമുള്ള ക്രാന്തദർശികളായ വിരളം മുഹദ്ദിസുകൾക്കു മാത്രമേ സാധിക്കുകയുള്ളൂ. അത്തരം അപൂർവ്വം മുഹദ്ധിസുകളിൽ അഗ്രഗണ്യനായിരുന്നു ഇമാം ബുഖാരി റഹിമഹുള്ളാ ! സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾ സ്വഹീഹ് ആണ് എന്നതിന് മുസ്‌ലിം ഉമ്മത്തു സാക്ഷിയാണ്. സ്വഹീഹുൽ ബുഖാരി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ട ഹദീസുകൾ ക്രോഡീകരിക്കപ്പെട്ട പ്രൗഢ ഗ്രന്ഥമാണെന്ന് അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തു കൊണ്ട് തന്നെ, അതിലെ ചില ഹദീസുകൾക്കോ, ഏതാനും പദ പ്രയോഗങ്ങൾക്കോ വിമർശനം രേഖപ്പെടുത്തിയ മുഹദിസുകളുണ്ട്. അത്തരം നിരൂപകരിൽ പ്രമുഖനായ ഒരാളാണ് ഇമാം ദാറഖുത്വ് നീ റഹിമഹുള്ളാ. എന്തു കൊണ്ടും ഇൽമുൽ ഹദീസിൽ തലയെടുപ്പും ഇലലുൽ ഹദീസിൽ ഇമാം ബുഖാരിയോട് തുലനം ചെയ്യാൻ മാത്രം പ്രാഗൽഭ്യവുമുള്ള അദ്ദേഹത്തിന്റെ നിരൂപണത്തിനു ഓരോന്നിനും അക്കമിട്ടു ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി റഹിമഹുള്ളാ ഫത് ഹുൽ ബാരിയുടെ മുഖദ്ധിമയിൽ മറുപടി പറയുന്നുണ്ട്. 'ഹദിയുസ്സാരീ മുഖദ്ധിമത്തു ഫത് ഹിൽ ബാരീ' എന്ന പേരിൽ ഒരു വേറിട്ട ഗ്രന്ഥമായിത്തന്നെ ഇന്നത് ലഭ്യമാണ്. ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കാത്ത വിധത്തിൽ ഹദീസിന്റെ സനദിലോ മത് നിലോ ഉള്ള പദങ്ങളിലെ വ്യത്യാസവും പോരായ്മകളുമൊക്കെയല്ലാതെ ഇതിൽ മറ്റൊന്നുമില്ല. വിശ്രുത ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിക്കും അതിന്റെ രചയിതാവായ ഇമാം ബുഖാരിക്കുമുള്ള വിമർശനങ്ങളെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ പരാമർശിക്കപ്പെടേണ്ട ചില വസ്തുതകളുണ്ട്. ഇമാം ദാറഖുത്വ് നീയുടെയും അബു മസ് ഊ ദുദിമശ്ഖിയുടേയുമെല്ലാം നിരൂപണങ്ങൾ നിലവാരമുള്ളവയും അഗാധമായ പാണ്ഡിത്യത്തിന്റെ അടയാളവുമായിരുന്നെങ്കിൽ ഉലൂമുൽ ഹദീസിനെക്കുറിച്ചോ മുഹദ്ധിസുകൾ കടന്നു പോയ കനൽ പഥങ്ങളെക്കുറിച്ചോ ഉള്ള കേട്ടറിവ് പോലുമില്ലാത്ത ആധുനികരായ ചില എഴുത്തുകാരും പ്രാസംഗികരും സ്വഹീഹുൽ ബുഖാരിയിലെ പല ഹദീസുകളെയും വിമർശിക്കാനും നിരൂപണം നടത്താനും ധൃഷ്ടരായിട്ടുണ്ട്. സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ പ്രമാണങ്ങളെ സമീപിക്കുന്ന ഈയാളുകൾ ഇമാം ബുഖാരിക്കു തെറ്റ് പറ്റില്ലേ ? അദ്ദേഹം മനുഷ്യനല്ലേ എന്നൊക്കെ ചോദിക്കുന്നത് മുഹദ്ധിസുകളുടെ സൂക്ഷ്മതയെക്കുറിച്ചും ഹദീസ് സ്വീകരിക്കുന്നതിലും പരിശോധിക്കുന്നതിലും അവർ കാണിച്ച ജാഗ്രതയെക്കുറിച്ചുമുള്ള അറിവില്ലായ്‌മ കൊണ്ടാണ്. ബുഖാരിയിലെ പല ഹദീസുകളും തോട്ടിലെറിയണമെന്നു പറയുന്നവരും സ്വഹീഹുൽ ബുഖാരി മൊത്തമായി കത്തിക്കണമെന്നു പറയുന്നവരുമായ ഇവർ നവോദ്ധാനത്തിൻറെ വക്താക്കളായാണ് അറിയപ്പെടുന്നത്. നമുക്കവരോട് പറയാനുള്ളത്, നിങ്ങൾ എറിയുന്ന കല്ലുകൾ എത്തുന്ന ദൂരപരിധിയിൽ നിന്നും എത്രയോ ഉയരത്തിലാണ് ഇമാം ബുഖാരിയും അദ്ദേഹത്തിന്റെ സ്വഹീഹും. ഒരാവർത്തി പോലും സ്വഹീഹുൽ ബുഖാരി വായിക്കുകയോ അതിന്റെ ഒരു വ്യാഖ്യാന ഗ്രന്ഥം പോലും മുഴുവനായി കാണുകയോ ചെയ്യാത്ത നിങ്ങൾക്ക് സുന്നത്തിന്റെ സംരക്ഷകരെയും അവർ അനുഭവിച്ച ത്യാഗത്തിന്റെയും വില ഉൾക്കൊള്ളാൻ കഴിയില്ല. കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു കാര്യം, ഇമാം ബുഖാരി റഹിമഹുള്ളാ നേരിട്ട തീഷ്ണമായ പരീക്ഷണങ്ങളാണ്. തന്റെ സമകാലീനനും തനിക്കു താൻ പോന്നവനും തന്റെ സ്വഹീഹിൽ ഹദീസുകൾ രിവായത് ചെയ്ത വ്യക്തിയും എണ്ണപ്പെട്ട മുഹദ്ധിസുകളിൽ ഒരാളുമായ മുഹമ്മദ് ബിൻ യഹ്‌യ അൽ ദുഹ്‌ലിയുമായി ഉണ്ടായ വ്യക്തിപരമായ ചില അസ്വാരസ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ പ്രയാസപ്പെടുത്തുകയും നാട്ടിൽ നിന്ന് നിഷ്കാസിതനാകാൻ പോലും കാരണമാവുകയും ചെയ്തു. ഒടുവിൽ തന്റെ പേരിൽ ഇല്ലാത്ത ആരോപണങ്ങൾ പ്രചരിക്കപ്പെടുകയും ഖുർആൻ അള്ളാഹുവിന്റെ സൃഷ്ടിയാണ് എന്ന വചനശാസ്ത്ര വാദം അദ്ദേഹത്തിന്റെ മേൽ കെട്ടി വെക്കപ്പെടുകയും ചെയ്തു. അതിന്റെ ഭവിഷ്യത്തു കഴുകിക്കളയാനാണ് ഇമാം ബുഖാരി "ഖൽക്കു അഫ്ആലിൽ ഇബാദ്" എന്ന ഗ്രന്ഥം തന്നെ രചിക്കുന്നത്. ഫലമുള്ള വൃക്ഷത്തിലാണല്ലോ കല്ലെറിയുക. ഇസ്‌ലാമിന് വേണ്ടി ത്യാഗം സഹിക്കുകയും അതിന്നു വേണ്ടി പരീക്ഷണങ്ങൾ ഏറ്റു വാങ്ങുകയും ചെയ്ത അഹ്‌ലുസ്സുന്നത്തിന്റെ പകരം വെക്കാനില്ലാത്ത ഇമാമാണ് ഇമാം മുഹമ്മദ് ബിൻ ഇസ്മായീൽ അൽ ബുഖാരി റഹിമഹുള്ളാ ഭാഗം 6ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ പഠനവും ഗവേഷണവും ചെറുപ്രായത്തിൽ തന്നെ തുടങ്ങി. ലക്ഷക്കണക്കിന് ഹദീസുകൾ അതിന്റെ സനദ് (നിവേദക പരമ്പര) അടക്കം ഹൃദിസ്ഥമാക്കുകയും അതിനേക്കാൾ എത്രയോ അധികം ഹദീസുകൾ ശേഖരിച്ചു രേഖപ്പെടുത്തുകയും ചെയ്തു.
തന്റെ 16-മത്തെ വയസ്സിൽ ഹദീസ് തേടി യാത്രയാരംഭിച്ച അദ്ദേഹം അക്കാലത്തു മുഹദ്ധിസുകൾ ജീവിച്ച എല്ലാ നഗരങ്ങളിലും ഹദീസന്വേഷിച്ചു ചുറ്റിക്കറങ്ങി. ഹദീസുകൾ ശേഖരിക്കുന്നതിൽ ഉൽക്കടമായ താൽപര്യം പുലർത്തിയ ബുഖാരി അതിന്റെ വിശ്വാസ്യതയും സത്യസന്ധതയും ഉറപ്പു വരുത്താൻ കണിശമായ നിബന്ധനകൾ വെച്ചു. അക്കാരണത്താൽ തന്നെ സമകാലീനരും അദ്ദേഹത്തിന്റെ പിന്മുറക്കാരുമായ പ്രഗത്ഭ മുഹദിസുകളുടെയും ഉലമാക്കളുടെയും പ്രശംസക്ക് അദ്ദേഹം പാത്രമായി. അലി അൽ മദീനി, ഇമാം അഹ്‌മദ് യഹ്‌യ ബിൻ മഈൻ, അബ്ദുള്ള അൽ തന്നീസി, ഹകം ബിൻ നാഫിഉ, അബ്ദുള്ള അൽ മുസ്നദി, ഫുദൈൽ ബിൻ ദുകൈൻ, ഹാഷിം അൽ തയാലിസി, ഇസ്‌ഹാഖ് ബിൻ റാഹൂയ, തുടങ്ങി നെടുകായന്മാരായ മുഹദ്ധിസുകളായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കന്മാർ. ഇമാം മുസ്‌ലിം, ഇമാം ഇബ്‌നു ഖുസൈമ, ഇമാം നസാഈ, ഇമാം തുർമുദി, ഇമാം ഇബ്‌നു അബിദ്ദുൻയാ തുടങ്ങി പേരുകേട്ട ശിഷ്യ ഗണങ്ങളും, അബു ഹാതിം അൽ റാസി, അബു സുർഅ അൽ റാസി, ഇബ്‌നു അബീ ആസിം, ഇബ്‌റാഹീം ഇബ്നുൽ ഹർബീ തുടങ്ങിയ സതീർഥ്യരും അദ്ദേഹത്തിനുണ്ടായിരുന്നു. ഇമാം അഹ്‌മദ്, അലി അൽ മദീനി, യഹ്‌യ ബിൻ മഈൻ തുടങ്ങിയ ഹദീസ് നിദാന ശാസ്ത്രത്തിലെ അതികായന്മാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ നിന്ന് കറ കളഞ്ഞു ഒരു ഹദീസ് സ്വീകാര്യയോഗ്യമായി വിധിക്കപ്പെടുകയെന്നത് വലിയ കാര്യം തന്നെയാണ്. അവരുടെ പരിശോധനകളുടെ കടമ്പ കടന്ന ഹദീസ് ഗ്രന്ഥമാണ് ഇമാം ബുഖാരിയുടെ സ്വഹീഹുൽ ബുഖാരി. അത് കൊണ്ട് തന്നെ സ്വഹീഹുൽ ബുഖാരിയെ വിമർശിക്കുന്നവർ സഹതാപം പോലുമർഹിക്കുന്നില്ല. മുസ്‌ലിം ഉമ്മത്ത് സ്വഹീഹ് എന്ന് വിലയിരുത്തുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വഹീഹുൽ ബുഖാരിയിലെ പല ഹദീസുകളും സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ഖുർആനിന് യോജിക്കാത്തതെന്ന് അഭിപ്രായപ്പെടുന്ന ആളുകൾ ഒരൽപം ആലോചിക്കുന്നത് നല്ലതാണ്. കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയിലും മുജാഹിദ് പ്രസ്ഥാനത്തിലുമൊക്കെ പ്രവർത്തിക്കുന്ന പല പ്രാസംഗികരും സ്വഹീഹുൽ ബുഖാരിയുടെ നിലവാരം ഇടിച്ചു സംസാരിക്കുന്നവരായുണ്ട്. പ്രത്യേകിച്ച് മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുജാഹിദുകളിലെ നല്ലൊരു പങ്കു പ്രാസംഗികരും ഇതിന്റെ വക്താക്കളാണ്. ജിന്ന്, സിഹ്ർ കണ്ണേറ് , നമസ്കാരത്തിലെ സുത് റ, തുടങ്ങിയ വിഷയങ്ങളിലുള്ള ഹദീസുകൾ ഇവർക്ക് സ്വീകാര്യമേയല്ല. ഇത്തരം ഹദീസുകളെ ദുർവ്യാഖ്യാനിക്കലോ നിഷേധിക്കലോ ഒക്കെയാണ് അവർക്കിന്ന് ആദർശം. വാസ്തവത്തിൽ സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾ നിരൂപണം നടത്തുകയും അവയിൽ ചിലതിന് വിമർശനം രേഖപ്പെടുത്തുകയും ചെയ്ത ഇമാം ദാറഖുത്വ് നി തൊട്ട് ശൈഖ് അൽബാനി വരെയുള്ള മുഹദ്ധിസുകളിൽ ഒരാൾ പോലും മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ആക്ഷേപം ഉന്നയിക്കുകയോ സ്വഹീഹുൽ ബുഖാരിയിലെ തത്സംബന്ധമായ ഹദീസുകളെ നിരാകരിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്താണ് ഇവരുടെ വാദത്തിന്റെ ആധാരമെന്ന് ചോദിക്കുമ്പോൾ പ്രാമാണികരായ പറയാൻ പറ്റുന്ന ഒരാളുടെ പേരു പോലും പറയാൻ സാധിക്കാറില്ല. സുന്നത്തിന്റെ ശത്രുക്കളും ഹവയുടേയും ബിദ്അതിന്റെയും സഹയാത്രികരും റാഫിദികളുമൊക്കെ സ്വഹീഹുൽ ബുഖാരിക്കെതിരെ പടച്ചു വിടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി ഏറ്റെടുക്കുയാണ് ഈ വിവരദോഷികൾ. ചുരുക്കത്തിൽ, ഇമാം ബുഖാരിയുടെ ഉദ്യമം വൃഥാവിലാവുകയോ സ്വഹീഹുൽ ബുഖാരി അന്യവൽക്കരിക്കപ്പെടുകയോ ചെയ്തിട്ടില്ല. സുന്നത്തിനെ സ്നേഹിക്കുന്ന ആളുകളുടെ കയ്യിൽ അള്ളാഹു ഉദ്ദേശിച്ച കാലമത്രയും അത് നിലനിൽക്കുകയും അതിന്റെ രചയിതാവ് ഇമാം ബുഖാരി റഹിമഹുള്ളാ ദീപ്തമായി സ്മരിക്കപ്പെടുകയും ചെയ്യും. • • • • • • •
|