സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
First Published by Basheer Puthur January 2023 |
ഭാഗം 1ഇസ്‌ലാമിക മത പ്രബോധനത്തിന്റെ മഹാ സംരംഭം എന്ന് വിളിക്കപ്പെടുന്ന മത സമ്മേളനങ്ങൾ മുസ്‌ലിം സമൂഹത്തിന് ബാധ്യതയായിക്കൊണ്ടിരിക്കുകയാണ്. അഞ്ചു കൊല്ലം കൂടുമ്പോൾ മുറതെറ്റാതെ സമ്മേളിക്കുന്നവരും തോന്നുമ്പോഴൊക്കെ കുടുന്നവരും അവരിലുണ്ട്. ചുരുക്കത്തിൽ എല്ലാ വിഭാഗവും പൊതുജനങ്ങളെ അക്ഷരാർത്ഥത്തിൽ കയറില്ലാതെ കെട്ടിയിടുന്ന അവസ്ഥയാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.
പുരോഗമന പ്രസ്ഥാനം എന്ന് സ്വയം അവകാശപ്പെടുന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ എന്ന സംഘടന അതിന്റെ ആവിർഭാവ കാലം തൊട്ട് തന്നെ ദഅവത്തിന് വേണ്ടി സമ്മേളങ്ങൾ നടത്തുന്നു. ( ദഅവത് എന്ന് പറയുന്നത് കൊണ്ട്, അല്ലാഹുവിലേക്കും അവന്റെ റസൂലിന്റെ സുന്നത്തിലേക്കും ക്ഷണിക്കലാണ് ഉദ്ദേശം) എന്നാൽ ഈ സമ്മേളനത്തിന്റെ നടത്തിപ്പുകാർക്കു അതിന്റെ മറവിൽ ആകെയുള്ള ലക്ഷ്യം സംഘടന വളർത്തൽ മാത്രമാണെന്ന് വ്യക്തമാണ്. എല്ലാ മത സംഘടനകളുടെയും അവസ്ഥ ഇത് തന്നെയാണ്. യഥാർത്ഥത്തിൽ ദഅവത്തിന്റെ ആധാരം ഖുർആനും സ്വഹീഹായ സുന്നത്തുമാണ്. ഖുർആനിൽ പറയപ്പെട്ട വിധികളും വിലക്കുകളും മറ്റു മസ്അലകളും വിശ്വാസയോഗ്യമായ ആധികാരിക തഫ്സീറുകളും സ്വഹാബത്തിന്റെ വാക്കുകളും വിശദീകരിച്ചു കൊണ്ട് സാധാരണ ജനങ്ങളിൽ ബോധവൽക്കരണം നടത്തുക, അവരുടെ മതപരമായ സംശയങ്ങൾ ദുരീകരിക്കാൻ അവസരമൊരുക്കുക, പൊതുജനങ്ങൾക്ക് അന്യമായ വിഷയങ്ങളിൽ ഹദീസുകളുടെ അടിസ്ഥാനത്തിൽ അവബോധമുണ്ടാക്കുക, മതത്തിന്റെ ഏറ്റവും അടിസ്ഥാനപരവും എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ വിശ്വാസ-കർമ്മപരമായ വിഷയങ്ങളെക്കുറിച്ചു ധാരണയുണ്ടാക്കുക, അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തുകയും ശെരിയായ നിലപാട് തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുത്തുകയും ചെയ്യുക .....തുടങ്ങിയ അതിപ്രധാനമായ മൗലിക വിഷയങ്ങളാണ് ഇസ്‌ലാമിക ദഅവത്തിന്റെ കാതൽ. ദഅവത്തിന്റെ ഏറ്റവും വലിയ മഹാമഹത്തിൽ ഇപ്പറഞ്ഞതൊന്നും നടക്കുന്നില്ല എന്ന് മാത്രമല്ല, പൊതുജനങ്ങളിൽ അതുവരെയില്ലാത്ത ആശയക്കുഴപ്പങ്ങൾക്ക് വിത്തു പാകിയാണ് ഓരോ സമ്മേളനങ്ങളും കൊടിയിറങ്ങുന്നത്. ഇപ്പറഞ്ഞത് ശിർക്കൻ ഖുബൂരി കൂട്ടങ്ങളുടെയോ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ സഹയാത്രികരുടെയോ കാര്യമല്ല . സാക്ഷാൽ തൗഹീദും സുന്നത്തുമാവകാശപ്പെടുന്ന നവോദ്ധാനപ്രസ്ഥാനങ്ങളുടെ ജീർണതയെക്കുറിച്ചാണ് പറയുന്നത്. മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഇക്കാലമത്രെയുമുള്ള സമ്മേളന ചരിത്രം പരിശോധിച്ചാൽ, വൈഞ്ജാനികമായ ഒരു അവബോധം സൃഷ്ട്ടിക്കുന്ന വിധത്തിലുള്ള മുന്നേറ്റം ഒരിക്കലുമുണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഇക്കാര്യം സമ്മേളനത്തിന് കാർമികത്വം വഹിക്കുന്നവർ അവകാശപ്പെടുന്നുമില്ല. അതിന് അവർ പറയുന്ന ന്യായം, സമ്മേളനങ്ങൾ എല്ലാവർക്കും ഒത്തു ചേരാനുള്ള ഒരുവേദിയാണെന്നാണ്. ആ നിലക്ക് നോക്കുമ്പോൾ സമ്മേളനങ്ങൾ മഹാ വിജയമായിരിക്കാം. കാരണം ജാതി മത ഭേദമെന്യേ എല്ലാവർക്കും കയറി നിരങ്ങാനും ദീനിനെക്കുറിച്ചു പാണ്ഡിത്യമുള്ളവനും ഇല്ലാത്തവനും മതമുള്ളവനും യുക്തിവാദിക്കും എന്ന് വേണ്ട, സാക്ഷാൽ ഇസ്‌ലാമിന്റെ പൊതു ശത്രുക്കളെന്ന് ബോധ്യമുള്ള ആളുകൾ വരെ മുജാഹിദ് സമ്മേളനങ്ങളിൽ കയറി പ്രസംഗിച്ചു ഇറങ്ങിപ്പോകുന്നു ! ഇസ്‌ലാമിക ദഅവത്തിന്റെ ഏത് കോളത്തിലാണ് ഈ കാട്ടിക്കൂട്ടലുകൾ എഴുതിച്ചേർക്കുക ? അപ്പോൾ ഇസ്‌ലാമിക ദഅവത്തിന്റെ വേദി എന്ന വിശേഷണം തീർത്തും തെറ്റാണ്. കാരണം ഇസ്‌ലാമിക ദഅവത്തിന്റെ വേദിയിൽ സംസാരിക്കാനുള്ള യോഗ്യതയും അവകാശവും ഉലമാക്കൾക്ക് മാത്രമാണ്. അവർ സംസാരിക്കുന്നത് അല്ലാഹുവിന്റെ ദീനിനെക്കുറിച്ചാണ്. അതിന് അവലംബമാക്കുന്നത് ഖുർആനും ഹദീസുമാണ്. അതിന്റെ ലക്ഷ്യം പാരത്രിക മോക്ഷമാണ്. ഉലമാക്കളല്ലാത്തവർ കേൾവിക്കാർ മാത്രമാണ്/ മാത്രമാകണം. അവർ നേതാക്കളോ ഭരണകർത്താക്കളോ, വിദ്യാഭ്യാസ വിചക്ഷണരോ ബുദ്ധിജീവികളോ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരോ ആരുമായിക്കൊള്ളട്ടെ, കാരണം അവിടെ 'അല്ലാഹു പറഞ്ഞിരിക്കുന്നു' 'റസൂൽ പറഞ്ഞിരിക്കുന്നു' എന്ന കാര്യമാണ് പറയുന്നത്. അതിൽ ആധികാരികമായി പറയാൻ മാത്രം അറിവില്ലാത്തവർ മിണ്ടാതിരിക്കുകയും അറിവുള്ളവർ പറയുന്നത് കേൾക്കുകയുമാണ് വേണ്ടത്, അവർ മുസ്ലിങ്ങളാണെങ്കിൽ പോലും ! ഭാഗം 2
ഇസ്‌ലാം ദീനിന്റെയും തൗഹീദിന്റെയും പേരിൽ നടത്തപ്പെടുന്ന സമ്മേളനങ്ങൾ ഒരു കാലത്തും ഇസ്‌ലാമിക ദഅവത്തിന് കാര്യമായ ഗുണം ചെയ്തവയായിരുന്നില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലധികവും ഇൽമും ഇഖ്ലാസുമുള്ള ആളുകളായിരുന്നു. എന്നാൽപോലും ദഅവ സമ്മേളനങ്ങളിലേക്കു അന്യമതസ്ഥരെയും മുസ്ലിങ്ങളിലെ പൊതുകാര്യ പ്രസക്തരെയും നിർബാധം ക്ഷണിക്കുകയും അവരുടെ വാചകമടി പൊതുജനങ്ങളെ കേൾപ്പിക്കുകയും ചെയ്തു. ഖുർആനും സുന്നത്തും പ്രചരിപ്പിക്കേണ്ട ദഅവ സമ്മേളനങ്ങളിൽ സംസാരിക്കാനുള്ള യോഗ്യതയും അർഹതയും അറിവുള്ളവർക്ക് മാത്രമാണെന്ന അടിസ്ഥാന തത്വം മറന്നു പോയി എന്നതാണ് വസ്തുത.
താരതമ്യേനെ ലോകപ്രശസ്‌തരായ വ്യക്തികളും ബുദ്ധിജീവികളും ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് കാര്യമാത്ര ശ്രദ്ധപുലർത്താത്തവരാണെങ്കിൽ പോലും സമ്മേളനങ്ങളിൽ നിരന്തരം പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു പോന്നു. എന്നാലും തൗഹീദിലും സുന്നത്തിലും താരതമ്യേനെ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന്റെ പ്രചാരണത്തിന് നല്ല പങ്ക് സമയം നീക്കി വെക്കുകയും ചെയ്യുക മൂലം സമൂഹത്തിൽ സ്വീകാര്യതയും വേരോട്ടവും സിദ്ധിച്ചുവെന്നത് വസ്തുതയാണ്. ദഅവത്തിന് സംഘടനയുണ്ടാക്കിയ ആദ്യ കാല നേതാക്കളൊക്കെ മരിച്ചു മൺമറിയുകയും പുതിയ സാഹചര്യങ്ങൾ സംജാതമാവുകയും ചെയ്തപ്പോൾ ദഅവത്തിന് വേണ്ടി സ്ഥാപിച്ച പ്രസ്ഥാനം തികച്ചും ഒരു രാഷ്ട്രീയ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടു. ആദർശത്തിനേക്കാളുപരി സംഘടനക്ക് പ്രാമുഖ്യം നൽകുകയും സംഘടന തടിച്ചു കൊഴുത്ത് ഇക്കാലമത്രെയും ഉയർത്തിപ്പിടിച്ച ആദർശം ഞെങ്ങിയമർന്നു മെലിഞ്ഞു എല്ലും തോലുമാവുകയും ചെയ്തു. ഇടക്കാലത്ത് സംഘടന പല തവണ പിളരുകയും ഓരോ കഷ്ണവും തങ്ങളാണ് ഒറിജിനൽ ആദർശവാദികൾ എന്ന് അവകാശപ്പെടുകയും ചെയ്തു പോന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വത്തിന്റെ കടന്നു കയറ്റം സംഭവിച്ചതോടു കൂടി നവോദ്ധാന പ്രസ്ഥാനങ്ങളുടെ പുറം തൊലിക്ക് കട്ടി കുടിത്തുടങ്ങി. ഇസ്‌ലാമിക ദഅവത് എന്നത് കടലാസിൽ നിന്ന് പോലും അന്യമാവുകയും കിടയൊത്ത ഒരു സാമൂഹിക സംഘടനയായി പകർന്നാടുന്നതുമാണ് പിന്നീട് മുസ്‌ലിം കേരളം കണ്ടത്. ഒരു മുസ്‌ലിമിന്റെ മതപരമായ ഉൽക്കർഷക്ക് വേണ്ടി പ്രയത്നിക്കുന്നതിനു പകരം മനുഷ്യജീവിതത്തിന്റെ ഭൗതിക നേട്ടങ്ങൾക്കു വേണ്ടി അഭിരമിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയായി സംഘടന മാറി. തൗഹീദും ശിർക്കും സുന്നത്തും ബിദ്അത്തും പറഞ്ഞിരുന്ന വേദികൾ മതേതരത്വവും ജനാധിപത്യവും ചർച്ച ചെയ്യുന്ന പൊതു വേദിയായി. ശിർക്ക് ബിദ്‌അത്തുകൾക്കെതിരെയുള്ള ശബ്ദങ്ങൾ കുറഞ്ഞു വന്നു. സാമൂഹിക വിഷയങ്ങൾക്കും ചർച്ചകൾക്കും കൂടുതൽ കയ്യടി കിട്ടുന്നുവെന്നു നേതൃത്വം തിരിച്ചറിഞ്ഞു ! അപ്പോഴാണ് പത്താം സംസ്ഥാന സമ്മേളനം കടന്നു വരുന്നത്. "നിർഭയത്വമാണ് മതം ; അഭിമാനമാണ് മതേതരത്വം" എന്ന കറകളഞ്ഞ പൊളിറ്റിക്കൽ അജണ്ട പ്രസ്ഥാനത്തിന് പല കോണുകളിൽ നിന്നും യഥേഷ്ടം കയ്യടി നേടിക്കൊടുത്തു. കേരള നദ്‌വത്തുൽ മുജാഹിദീൻ എന്ന മത സംഘടന രാഷ്ട്രീയ സാമൂഹിക രംഗത്തേക്ക് എടുത്തു ചാടിയ സമ്മേളനമായിരുന്നു ഇത്. ഒരേ സമയം എല്ലാ മതക്കാരും ആശയക്കാരും വിത്യസ്ത രാഷ്ട്രീയ ചേരിയിൽ നിൽക്കുന്നവരും പ്രസ്ഥാന നേതൃത്വത്തെ മുൾമുനയിൽ നിർത്തി പരസ്പരം കൊമ്പു കോർത്തു. സ്വഹീഹുൽ ബുഖാരിയിൽ പോലുമുള്ള ഹദീസുകൾ പ്രാസംഗികർ ചോദ്യം ചെയ്തു. അടുത്ത പ്രാസംഗികൻ പറയാൻ പോകുന്നതെന്തെന്നു നിശ്ചയമില്ലാതെ സംഘടനാ നേതാക്കൾ വിയർത്തു. പല പ്രാസംഗികരും വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു. വ്യക്തമായ പ്ലാനിങ് ഇല്ലാത്ത പോലെ പലരുടെയും ന്യായമായ ഖണ്ഡനങ്ങൾ പോലും ഗൃഹപാഠം ചെയ്യാത്ത വെറും ചളിയടിയായി പരിണമിച്ചു. നേതൃത്വത്തിന്റെ അറിവോടെയും ആശിർവാദത്തോടെയും ഖുർആൻ ദുർവ്യാഖ്യാനം പോലും നടന്നു ! ആർക്കും ഒരു പ്രയാസവുമില്ല ! ഭാഗം 3മുസ്‌ലിം ബഹുജനങ്ങളെ വിശ്വാസപരമായും കർമ്മപരമായും വിമലീകരിക്കുന്ന കൃത്യവും വ്യക്തവുമായ പ്രബോധന സംരംഭങ്ങൾക്ക് പകരം ഉണ്ടായിരുന്നത് കേവല പൊതുപ്രഭാഷങ്ങൾ മാത്രമായിരുന്നു. ചടങ്ങിന് മാത്രം സംഘടിപ്പിക്കപ്പെട്ട ഖുർആൻ ലേണിങ്, ഹദീസ് ക്ലാസുകൾ അഖീദയിലും മൻഹജിലും കൃത്യമായ ധാരണയും ദിശാബോധവും നൽകുന്നവയായിരുന്നില്ല. ഒരു മുസ്‌ലിം അടിസ്ഥാനപരമായി മനസ്സിലാക്കിയിരിക്കേണ്ട ഒരു വിഷയത്തിലും അത്തരം ക്ലാസുകൾ കൊണ്ട് ഫലം ചെയ്തില്ല. ആയത്തുകളുടെ അർത്ഥവും ബാഹ്യതലത്തിലുള്ള വ്യാഖ്യാനവും പഠിച്ചുവെന്ന് അവകാശപ്പെട്ടാൽ പോലും പ്രായോഗിക ജീവിതത്തിലേക്ക് പരിവർത്തിപ്പിക്കാവുന്ന ഒരു വൈജ്ഞാനിക തലം അത് കൊണ്ട് രൂപപ്പെടുത്താൻ കഴിയുന്നതായിരുന്നില്ല. എതിർസംഘടനകളെ തോൽപ്പിക്കാനും അവർക്ക് മുമ്പിൽ മേനി പറയാനുമുള്ള ചില നേരമ്പോക്കുകൾ മാത്രമായിരുന്നു അവയെല്ലാം. നേരത്തെ പറഞ്ഞ രൂപത്തിലുള്ള വലിയ ആൾക്കൂട്ടങ്ങളെ സംഘടിപ്പിച്ചുള്ള പൊതു പ്രഭാഷണങ്ങളുടെ സമുച്ഛയമാണ് ഒരു സംസ്ഥാന സമ്മേളനം. എല്ലാവരെയും കാണുകയും പരിചയം പുതുക്കുകയും ചെയ്യാം. ആൾക്കൂട്ടവും കച്ചവടവും സ്ഥലങ്ങൾ കാണലും ഒക്കെ ഉള്ള വലിയ ഒരു ഉത്സവ പ്രതീതിയാണ് എല്ലാ സമ്മേളനത്തിന്റെയും ആകത്തുക. എതിരാളികൾക്ക് മുമ്പിൽ സംഘടനയുടെ അംഗബലം കാണിക്കുക, സാങ്കേതികത്തികവ് കാണിച്ച് വിജയം ആവകാശപ്പെടുക, സംഘടനയുടെ വളർച്ച ഉറപ്പു വരുത്തുക ഇതിൽക്കവിഞ്ഞു മതപരമായ ഒരാഭിവൃദ്ധി സമ്മേളനം കൊണ്ട് ഉണ്ടായി എന്ന് അതിന്റെ സംഘാടകർക്ക് പോലും വാദമുണ്ടാവില്ല.
വൈജ്ഞാനിക തലങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് ബൗദ്ധികമായ സംവാദങ്ങൾക്ക് പകരം ഇസ്‌ലാമിക ദഅവത് എന്ന പേരിൽ ഈ പ്രസ്ഥാനങ്ങളെല്ലാം പകപോക്കൽ പരിപാടികൾ മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നാട്ടിലെ എല്ലാ ശബ്ദ കോലാഹലങ്ങളിലും ഇടപെടുകയും തങ്ങളുടെ അസ്തിത്വം എല്ലാവരെയും ബോധ്യപ്പെടുത്തലും വലിയ ദഅവതായി പരിണമിച്ചു. മാതൃ സംഘടനയിൽ നിന്ന് വേറിട്ട് സ്വന്തം മേച്ചിൽ പുറങ്ങൾ തേടിപ്പോയ മുഴുവൻ സംഘടനകളുടെയും അവസ്ഥയും ദയനീയം തന്നെ. എല്ലാ സംഘടനകളും ഖുർആനും സുന്നത്തുമാണ് തങ്ങളുടെ അടിസ്ഥാനപ്രമാണം എന്ന് പറയുന്നതിൽ മത്സരിച്ചുവെന്നല്ലാതെ പലപ്പോഴും ആദർശം ഒരു തീരത്തും ഇവരെല്ലാം മറ്റൊരു തീരത്തുമാണ്. ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും അത് പ്രയോഗവൽക്കരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം എന്നത് വെറും പകൽക്കിനാവായി അവശേഷിച്ചു. മതപ്രബോധന രംഗം നിർജീവമാവുകയും പൊതു രംഗം സജീവമാവുകയും ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം ആതുര ശുശ്രുഷ, സാമൂഹിക സേവനം, സംഘടന തുടങ്ങിയ മേഖലകളിൽ ശ്രദ്ധ പതിപ്പിക്കുകയും അതിന്റെ നിർമ്മാണ വികാസ വിസ്ഫോടനത്തിനു വേണ്ടി ധനസമാഹരണം നടത്തുകയും ഭീമമായ തുകകൾ സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഓരോ സംഘടനയും കഴിയും വിധം സ്വരൂപിക്കുകയും ചെയ്തു. ദഅവത്തിന് വേണ്ടി സംഘടനയുണ്ടാക്കിയവർ മറ്റു പലതും ചെയ്യുന്നവരും ദഅവത് മാത്രം ചെയ്യാത്തവരുമായി. മുപ്പതും നാൽപ്പതും കൊല്ലം സംഘടനയുടെ വ്യത്യസ്ഥ ഭാരവാഹിത്വം വഹിച്ച വ്യക്തിയുടെ ദീനിന്റെ ഏറ്റവും അടിസ്ഥാന കാര്യങ്ങളിലുള്ള വിവരം പോലും വെറും വട്ടപ്പൂജ്യമായി. കൊല്ലങ്ങളോളം സേവനം ചെയ്തിട്ടും ഒരു സംഘടനാ പ്രവർത്തകന്റെയും മതപരമായ വൈജ്ഞാനികാടിത്തറ ഒരിഞ്ചു പോലും വികസിച്ചില്ല ! ദീനുമായി ബന്ധപ്പെട്ട ഒരു മസ്അല പോലും ചർച്ച ചെയ്യപ്പെടുകയോ പഠിക്കപ്പെടുകയോ ചെയ്തില്ല. സമ്മേളനത്തിന്റെ നടത്തിപ്പുകാരായ സംഘടന എന്നും നേതാക്കളായി മുന്നിൽ നിന്നു ! അനുയായികളിൽ നല്ലൊരു ശതമാനവും സംഘടനയുടെ സേവകർ മാത്രമായി രാഷ്ര്ട്രീയ പാർട്ടികളുടെ അതേ നിലവാരത്തിലേക്ക് ആപതിച്ചു. ശിർക്ക് ബിദ്‌അത്തുകളുടെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന വിധത്തിൽ ഇരു സമസ്തയും മായാവിക്കഥകൾ കൊണ്ട് സാമാന്യ ബുദ്ധിയെയും യുക്തിബോധത്തെയും പരിഹസിക്കുമ്പോഴാണ് ഇതെല്ലാമെന്ന് ഓർക്കണം. നവോധാനമാവകാശപ്പെടുന്ന അടുത്ത രണ്ട് സംഘടനകളുടെ സമ്മേളനങ്ങൾ ഇപ്പോൾ ക്യുവിലാണ്. ഞങ്ങളാണ് യഥാർത്ഥ ആദർശത്തിന്റെ ആൾക്കാർ എന്നാണ് ഇവയൊക്കെ ആണയിട്ടു പറയുന്നത്. ഇപ്പറഞ്ഞ സംഘടനകളെല്ലാം തങ്ങളുടെ സംഘടനാ താൽപര്യങ്ങൾക്കു വേണ്ടി ഖുർആനും ഹദീസും ദുർവ്യാഖ്യാനിക്കുകയും ഹദീസ് നിഷേധിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നവരാണ്. സംഘടനകൾ വരച്ച വരയിൽ കൂടി മാത്രം സഞ്ചരിച്ചു ശീലിച്ച അനുയായിവൃന്ദം എന്നും തങ്ങളുടെ പാർട്ടികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ്. മദ്ഹബിനെപോലും അന്ധമായി തഖ്ലീദ് ചെയ്യുന്നത് പാടില്ലെന്നും ഖുർആനും ഹദീസുമാണ് വഴികാട്ടിയെന്നു അവകാശപ്പെട്ട ഒരു വിഭാഗത്തിന്റെ അവസ്ഥയാണിത്. പരിതാപകരമായ ഈ സാഹചര്യത്തിൽ സാധാരണക്കാരായ സത്യാന്വേഷികളും സാത്വികരുമായ മുസ്‌ലിം ബഹുജനങ്ങളോടും സംഘടനയുടെ വലയിൽ പെട്ട് ഉഴറുന്നവരോടും സ്നേഹപൂർവ്വം ഒരു കാര്യം പറയാനുണ്ട്. നേർവഴി പ്രാപിക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയിൽ എത്തിപ്പെടുകയും ചെയ്യണമെന്ന് നിങ്ങൾ ശെരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, ഈ രാഷ്ട്രീയ പൊറാട്ട് നാടകങ്ങൾ കെട്ടിയാടുന്ന സംഘടനകളുടെ ബന്ധനത്തിൽ നിന്ന് മോചിതരാകണം. ഖുർആനും സുന്നത്തും എങ്ങിനെയാണോ സലഫുകൾ മനസ്സിലാക്കുകയും അമല് ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്തത് അത് മനസ്സിലാക്കാനും പ്രയോഗവൽക്കരിക്കാനും തയ്യാറാകണം. പിന്നോട്ട് തിരിച്ചു നടന്നാൽ മാത്രമേ ഈ സംഘടനകൾ എവിടെ വെച്ചാണ് നിങ്ങളെ റാഞ്ചിയെടുത്തത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയൂ. അവിടെ വെച്ച് നിങ്ങൾക്ക് വെളിച്ചമുള്ള യഥാർത്ഥ വഴി കാണാൻ സാധിക്കും. ജീവിതത്തിന്റെ യാത്ര അവസാനിക്കുന്നതിനു മുമ്പ് നമ്മുടെ മാതൃകയായ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയും അവിടത്തെ ഉത്തമ അനുയായികളായ സ്വഹാബത്തും സഞ്ചരിച്ച വഴിയിൽ പ്രവേശിച്ചാൽ മാത്രമേ നമുക്ക് വിജയിക്കാൻ സാധിക്കുകയായുള്ളു. വഞ്ചനാപരമായ ലോകത്ത് പിശാചും അവന്റെ സൈന്യവും നമ്മെ വഴി തെറ്റിക്കാനുള്ള നിരന്തര പരിശ്രമത്തിലാണ്. ഓർക്കുക !നമ്മുടെ മുൻഗാമികൾക്കു ദീനിന് വേണ്ടി ആവശ്യമായിട്ടില്ലാത്ത ഒരു സംഘടനയും നമുക്ക് വേണ്ട ! സംഘടനയില്ലാതെ നബിയും സ്വഹാബത്തും സ്വർഗ്ഗത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അത് തന്നെ പോരെ നമുക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ ? ഇമാം ബർബഹാരി റഹിമഹുള്ള പറഞ്ഞു …. كل من سمعت كلامه من أهل زمانك [خاصة] فلا تعجلن، ولا تدخلن في شيء [منه] حتى تسأل وتنظر هل تكلم به أصحاب رسول الله صلى الله عليه وسلم [أو أحد من العلماء؟] فإن وجدت فيه أثرا عنهم فتمسك به
"നിന്റെ കാലക്കാരായ ആളുകളുടെ വാക്കുകളിൽ നീ കേൾക്കുന്നവയിൽ നോക്കുകയും അവധാനത കാണിക്കുകയും ചെയ്യുക. അതിനെക്കുറിച്ചു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബത്തോ ഉലമാക്കളോ ഇത് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുകയും അന്വേഷിക്കുകയും ചെയ്യാതെ അതിലൊന്നിലും നീ പ്രവേശിക്കരുത്. അവരിൽ നിന്ന് വല്ല തെളിവും കിട്ടിയാൽ നീ അത് അവലംബിച്ചു കൊള്ളുക" ( ഇമാം ബർബഹാരി റഹിമഹുള്ളാ -ശറഹുസ്സുന്ന)
• • • • • • •
|