തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
(Takfeer - Position of Ahlus Sunnah) First Published by Basheer Puthur in Sahab Salafiyya blog in November 2015 |
ഭാഗം 1അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ചത് ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനാണ്. നശ്വരമായ ലോകത്തിന്റെ വിസ്മയങ്ങൾക്കപ്പുറം, മനുഷ്യന്റെ മരണശേഷം മറ്റൊരു ലോകമുണ്ടെന്നും അവിടെ നന്മ തിന്മകൾ കണക്കു നോക്കി പ്രതിഫലം നൽകപ്പെടുമെന്നും അവർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കത്തിജ്ജ്വലിക്കുന്ന നരകാഗ്നിയിൽ നിന്ന് മനുഷ്യ കുലത്തെ രക്ഷിക്കുക എന്ന ധർമ്മമായിരുന്നു അവർ നിർവ്വഹിച്ചിരുന്നത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "അള്ളാഹുവാണ് സത്യം, നിന്നിലൂടെ അവൻ ഒരാളെ സന്മാർഗത്തിലാക്കുകയാണെങ്കിൽ മികച്ച ഒട്ടകങ്ങളെക്കാൾ ഗുണകരമായിട്ടുള്ളത് അതാണ്".
മൂഡ വിശ്വാസങ്ങളിൽ വിമോചിപ്പിച്ചു സത്യവിശ്വാസത്തിലേക്ക് പരമാവധി ജനങ്ങളെ എത്തിക്കുകയും സ്വർഗ്ഗപ്രവേശം സാധ്യമാക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രവാചക സന്ദേശം ഉൾക്കൊള്ളുകയും ഇസ്‌ലാമിക വിശ്വാസത്തിലേക്ക് കടന്നു വരികയും ചെയ്യുന്നവർക്ക് ഇസ്‌ലാം ഒരു സുരക്ഷാ കവചം പ്രദാനം ചെയ്യുന്നു. വിശ്വാസം ഉൾക്കൊണ്ടവർ എന്ന നിലയിൽ വിശ്വാസ സാഹോദര്യവും, വിശ്വാസ പരമായ ബന്ധവും അവർക്കിടയിൽ നില നിൽക്കുകയും ഒരു സത്യവിശ്വാസിക്ക് ഉണ്ടാവുന്ന മുഴുവൻ അവകാശങ്ങളും അവർക്കുണ്ടാവുകയും ചെയ്യും. ഇസ്‌ലാമിന്റെ അധ്യാപനങ്ങളുമായി അവർ എത്രത്തോളം അടുത്ത് നിൽക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നുവോ അതിനനുസരിച്ച് ആ ബന്ധത്തിന്റെ ഇഴയടുപ്പം വർദ്ധിക്കുകയും/കുറയുകയും ചെയ്യും. (പരസ്പര ബന്ധം നില നിർത്തലും/ ബന്ധ വിഛെദനവും എന്ന സുദീർഘമായ വിഷയം ഇവിടെ വിശദമായി പ്രദിപാതിക്കാൻ ഉദ്ദേശമില്ല.) അടിസ്ഥാനപരമായി ശഹാദത്ത് അംഗീകരിക്കാത്തവരും, ഇസ്‌ലാമിക വിശ്വാസം ഉൾക്കൊള്ളാത്തവരുമായ ആളുകളെ സത്യനിഷേധികൾ (കാഫിറുകൾ) ആയാണ് ഇസ്‌ലാം വിലയിരുത്തുന്നത്. ഒരു സത്യവിശ്വാസിയോടു പുലർത്തുന്ന വിശ്വാസപരമായ ബന്ധമോ മതപരമായ (വലാഉ) സൌഹാർദമോ ഒരു സത്യനിഷേധിയായ ആളോട് കാണിക്കില്ല, കാണിക്കാൻ പാടില്ല. എന്നാൽ സാധാരണ ഗതിയിൽ മനുഷ്യനെന്ന നിലക്കുള്ള വിശാലാർത്ഥത്തിലുള്ള ബന്ധവും ഇടപെടലുകളും ഇല്ലാതിരിക്കുകയുമില്ല. ശഹാദത്ത് കലിമ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും മുസ്ലിമാണെന്ന് സ്വയം പറയുകയും മുസ്‌ലിംകളുടെ കൂടെ കഴിയുകയും ചെയ്യുന്ന ആളുകളും പല കാരണങ്ങളാലും ദീനിൽ നിന്ന് പുറത്തു പോകും. അത് വാക്കിലൂടെയോ പ്രവർത്തിയിലൂടെയോ ഒക്കെയാകാം. ഇങ്ങിനെ മതത്തിൽ നിന്ന് പുറത്തു പോകുന്ന പ്രധാനപ്പെട്ട പത്തോളം കാര്യങ്ങൾ ക്രോഡീകരിച്ചു കൊണ്ട് ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളാ "നവാഖിദുൽ ഇസ്‌ലാം" (ഇസ്‌ലാം ദുർബലപ്പെടുന്ന കാര്യങ്ങൾ) ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഭാഗം 2
അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യുക, അള്ളാഹു അല്ലാത്തവരോട് സഹായം തേടുക, ഖബറിനു സുജൂദു ചെയ്യുക, ഖബറാളികളെ വിളിച്ചു പ്രാർത്ഥിക്കുക, സുന്നത്തിനെ പരിഹസിക്കുക, നബിയെ അവഹേളിക്കുക തുടങ്ങിയവ ശിർക്കും കുഫ്റുമായ കാര്യങ്ങളാണ് എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ, ഇത്തരം കുഫ്റോ ശിർക്കോ സംഭവിച്ചു പോകുന്ന എല്ലാവരും കാഫിറുകളും
മുശ് രിക്കുകളും ആയിരിക്കില്ല. ഒരു വിഷയം കുഫ്ർ ആണെന്ന് പറയുന്നതും ഇന്ന വ്യക്തി (വ്യക്തമായ നിലയിൽ പേരെടുത്തു പറഞ്ഞു കൊണ്ട് അയാൾ കാഫിറാണെന്ന് പറയുന്നതും രണ്ടാണ്.) ഇസ്‌ലാം മതത്തിൽ പ്രവേശിച്ചതിന് ശേഷം അതിൽ നിന്ന് പുറത്തു പോവുകയെന്നത് ഗുരുതരമായ പാതകമാണ്. മാത്രമല്ല, അങ്ങിനെ മതത്തിൽ നിന്ന് പുറത്തു പോയ ആളെ ഇസ്‌ലാം 'മുർതദ്ദു' (മത പരിത്യാഗി) ആയി കണക്കാക്കുകയും ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. തതടിസ്ഥാനത്തിൽ അയാൾക്ക് മുസ്‌ലിം എന്ന പരിഗണന നഷ്ടപ്പെടുകയും മുസ്‌ലിംകളുടെ അവകാശങ്ങൾ (മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുക, അനന്തരം നൽകുക, മുസ്‌ലിം മഖ് ബറയിൽ മറമാടുക തുടങ്ങിയ ) ഇല്ലാതാവുകയും ചെയ്യും. ഇനി ഒരാളിൽ നിന്ന് മതത്തിൽ നിന്ന് പുറത്തു പോകുന്ന ഇത് പോലുള്ള വാക്കോ പ്രവർത്തിയോ സംഭവിച്ചാൽ എന്താണ് അതിന്റെ വിധി? ആ വ്യക്തിയെ കാഫിർ/മുശ് രിക്കു എന്ന് മുദ്ര ചാർത്തി തുടർനടപടികൾ സ്വീകരിക്കാമോ ? പാടില്ല. കാരണം, അതിനു മുമ്പേ, ആ വ്യക്തിയെ ആ വാക്ക് പറയാൻ/പ്രവർത്തി ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് പരിശോധിക്കപ്പെടണം. ഒരു വ്യക്തി മതത്തിൽ നിന്ന് പുറത്തു പോകുന്ന വാക്കിലൂടെയോ പ്രവർത്തിയിലൂടെയോ, മതത്തിൽ നിന്ന് പുറത്തു പോയി എന്ന് വിധി പറയാനുള്ള നിബന്ധനകൾ ( പൂർണ അറിവോടെയും ബോധത്തോടെയും ആണ് ആ വാക്ക്/പ്രവർത്തി ചെയ്തത്, മറ്റാരുടെയും പ്രേരണ ഇല്ലാതിരിക്കുക, തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ അല്ലാതിരിക്കുക തുടങ്ങിയ) ഒത്തു വരികയും തടസ്സങ്ങൾ ( കാഫിർ എന്ന വിധി പറയുന്നതിന് തടസ്സമായി നിൽക്കുന്ന അറിവില്ലായ്മ, പരപ്രേരണ, തുടങ്ങിയ) ഇല്ലാതിരിക്കുകയും ചെയ്യണം. ഒരു വ്യക്തിയിൽ ഇക്കാര്യങ്ങൾ തീരുമാനിക്കുകയും നിശ്ചയിക്കുകയും നിജപ്പെടുത്തുകയും ചെയ്യേണ്ടതും അയാളെ മുശ് രിക്കു അല്ലെങ്കിൽ കാഫിർ, മുബ്തദിഉ, ഫാസിഖ് എന്നിങ്ങനെ നിജപ്പെടുത്തി പറയാനുമുള്ള അധികാരം, അക്കാലത്ത് ജീവിച്ചിരിക്കുന്ന വിശ്വസ്തരായ അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾക്ക് മാത്രമാണ്. ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറയുന്നു. فقد يكون الفعل أو المقالة كفراً، ويطلق القول بتكفير من قال تلك المقالة، أو فعل ذلك الفعل، ويقال: من قال كذا، فهو كافر، أو من فعل ذلك، فهو كافر. لكن الشخص المعين الذي قال ذلك القول أو فعل ذلك الفعل لا يحكم بكفره حتى تقوم عليه الحجة التي يكفر تاركها. وهذا الأمر مطرد في نصوص الوعيد عند أهل السنة والجماعة، فلا يشهد على معين من أهل القبلة بأنه من أهل النار، لجواز أن لا يلحقه، لفوات شرط أو لثبوت مانع) ( مجموع الفتاوى 165- 35)
"വാക്കോ പ്രവർത്തിയോ കുഫ്ർ ആയിരിക്കും. ആ പ്രവർത്തി ചെയ്തവൻ, അല്ലെങ്കിൽ ആ വാക്ക് പറഞ്ഞവൻ കാഫിർ എന്ന് നിരുപാധികം പറയാം. ഇന്ന കാര്യം ചെയ്തവൻ, അല്ലെങ്കിൽ ഇന്ന വാക്ക് പറഞ്ഞവൻ കാഫിറാണ് എന്ന് പറയാം. എന്നാൽ, അത്തരം വാക്ക് പറയുകയോ ചെയ്യുകയോ ചെയ്ത ഒരു വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് കാഫിറാണെന്ന് വിധി പറയപ്പെടാൻ, അവന്റെ മേൽ തെളിവ് കൊണ്ട് സ്ഥാപിക്കപ്പെടണം. ഇക്കാര്യം, താക്കീതുകളുമായി ബന്ധപ്പെട്ട പ്രാമാണിക വാക്യങ്ങളിൽ അഹ് ലുസ്സുന്നത്തിന്റെ പക്കൽ സാർവത്രികമാണ്. അഹ് ലുൽ ഖിബ്‌ലയിൽ പെട്ട ഒരു വ്യക്തിയും അയാൾ നരകത്തിലാണ് എന്ന് ഖണ്‍ഡിതമായി പറയില്ല. അതിലേക്കു ചേരാതിരിക്കാൻ ന്യായമുള്ളത് കൊണ്ടും, നിബന്ധനയുടെ അഭാവമോ തടസ്സതിന്റെ സ്ഥിരീകരണമോ കാരണമായി" മജ്മൂഉ ഫതാവാ 35-165
ഈ വാചകത്തിലെ " അത്തരം വാക്ക് പറയുകയോ ചെയ്യുകയോ ചെയ്ത ഒരു വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് കാഫിറാണെന്ന് വിധി പറയപ്പെടാൻ, അവന്റെ മേൽ തെളിവ് കൊണ്ട് സ്ഥാപിക്കപ്പെടണം" ഈ ഭാഗം മനസ്സിലാക്കുകയും ഓർത്തു വെക്കുകയും ചെയ്യുക. വ്യക്തിയെ നിജപ്പെടുത്തി അയാളെ കാഫിർ എന്നോ മുശ് രിക്കു എന്നോ വിശേഷിപ്പിക്കണമെങ്കിൽ അയാളിൽ ഹുജ്ജത്തു സ്ഥാപിക്കപ്പെടണമെന്ന് ഇബ്ൻ തീമിയ റഹിമഹുള്ളാ പറഞ്ഞത് ഉദ്ധരിച്ചു. ഇനി അതിനു യോഗ്യർ ആരാണ് എന്ന് കൂടി പറഞ്ഞു അവസാനിപ്പിക്കാം. ഈ വിഷയത്തിൽ ശൈഖു സ്വാലിഹുൽ ഫൗസാൻ പറയുന്നു. ما الفرق بين الوصف بالكفر والحكم على المعين بالكفر والاعتقاد بكفر المعين؟
الجواب: أما الحكم بالكفر على الأعمال كدعاء غير الله ،والذبح لغير الله، والاستغاثة بغير الله ، والاستهزاء بالدين ، هذا كفر بالإجماع بلا شك، لكن الشخص الذي يصدر منه هذا الفعل هذا يتأمل فيه فإن كان جاهلا أو كان متأولا ، أو مقلدا فيدرأ عنه الكفرحتى يبين له، لأنه قد يكون عنده شبهة أو عنده جهل ، فلا يتسرع في إطلاق الكفر عليه حتى تقام عليه الحجة، فإذا أقيمت عليه الحجة واستمر على ما هو عليه فإنه يحكم عليه بالكفر لأنه ليس له عذر. .. "شرح رسالة الدلائل في حكم موالاة أهل الإشراك ص 213".. കുഫ്ർ എന്ന വിശേഷണവും വ്യക്തിയിൽ നിജപ്പെടുത്തി വിശ്വാസത്തിൽ കുഫ്ർ പറയുന്നതും തമ്മിലുള്ള വിത്യാസം എന്താണ് ?
അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യുക, അള്ളാഹു അല്ലാത്തവർക്ക് അറുക്കുക, അള്ളാഹു അല്ലാത്തവരോട് സഹായം ചോദിക്കുക, ദീനിനെ പരിഹസിക്കുക തുടങ്ങിയവ സംശയ രഹിതമായ വിധത്തിൽ കുഫ്ർ ആണ് എന്നതിൽ ഇജ്മാഉ ഉണ്ട്. എന്നാൽ ഈ പ്രവർത്തി ചെയ്ത വ്യക്തി ജാഹിലാണോ വ്യാഖ്യാനിച്ചു കൊണ്ട് ചെയ്തതാണോ അല്ലെങ്കിൽ കുഫ്റിൽ അകപ്പെടുന്ന വിധത്തിൽ തഖ് ലീദ് ചെയ്തതാണോ എന്ന് പരിശോധിക്കപ്പെടണം. കാരണം ഒരു പക്ഷെ അവനു തെറ്റിദ്ധാരണയോ അറിവുകേടോ ഉണ്ടാകാം. അപ്പോൾ അവനിൽ ഹുജ്ജത്തു സ്ഥാപിക്കപ്പെടുന്നത് വരെ കുഫ്ർ വിധിക്കാൻ ധൃതി കാണിക്കരുത്. അവനു ഹുജ്ജത്തു സ്ഥാപിക്കപ്പെട്ടതിനു ശേഷവും അവൻ ഏതൊന്നിലാണോ ഉള്ളത് അതിൽ തന്നെ നിരതനായാൽ അവന്റെ മേൽ കുഫ്ർ വിധിക്കപ്പെടും. കാരണം അവനു പറയാൻ ഒരു ന്യായവും ഇല്ല" . അദ്ദേഹം തുടരുന്നു. وسئل العلامة الفوزان -حفظه الله -
من الذي يحكم بالتكفير على الشخص؟ الذي يحكم هم أهل العلم والبصيرة ،الذين يعرفون الأحكام وينزلونها منازلها، ماهو بالعوام أوالمتعالمون أو أهل الأهواء، إنما الذي يحكم بهذا أهل العلم والبصيرة، نعم يحكمون بكفر شخص بعد إيمانه، لابد من أهل العلم وأهل البصيرة ،المعين لابد من إقامة الحجة عليه عند القاضي، لأنه قد يكون له عذر قد يكون متأولا قد يكون....لازم ما يكفر المعين إلا عند القاضي في المحكمة الشرعية، أما العموم يقال من فعل كذا فهو كافر، من دعا غير الله من أشرك بالله من ذبح لغير الله فهو كافر، العموم نعم، يكفر بالعموم لكن المعين لا ما يكفر إلا عند القاضي لأنه ربما يكون له عذر، ربما يكون جاهل،ا ربما يكون مكرها ،ربما يكون له عذر ،فلابد من هذا عند الحاكم ش20 شرح الفتوى الحموية 00:2:40.. വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് കുഫ്ർ വിധിക്കേണ്ടത് ആരാണ് ?
വിധികളെക്കുരിച്ചും അത് എവിടെ നടപ്പാക്കണമെന്നും ധാരണയുള്ള ഇൽമുള്ള ആളുകളാണ് വിധിക്കേണ്ടത്. സാധാരണക്കാരോ വേഷം കെട്ടുന്നവരോ ഹവയുടെ ആളുകളോ അല്ല. ഇക്കാര്യം വിധിക്കേണ്ടത് ഇൽമും ബസ്വീറത്തുമുള്ള ആൾക്കാരാണ്. അതെ. ഈമാനിൽ പ്രവേശിച്ചതിന് ശേഷം ഒരാളിൽ കുഫ്ർ വിധിക്കാൻ ഇൽമും ബസ്വീറത്തുമുള്ള ആളുകൾ അനിവാര്യമാണ്. വ്യക്തിയിൽ ഭരണാധികാരിയുടെ അടുത്ത് വെച്ച് ഹുജ്ജത്തു സ്ഥാപിക്കണം. കാരണം അവനു വല്ല കാരണവും ഉണ്ടാകാം. അല്ലെങ്കിൽ വ്യാഖ്യാനത്തിൽ സംഭവിച്ചതാകാം. അനിവാര്യമായും മത കോടതിയിൽ ജഡ്ജിയുടെ മുമ്പിൽ അല്ലാതെ വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് തക് ഫീർ ചെയ്യാൻ പാടില്ല. എന്നാൽ മൊത്തത്തിൽ ഇന്ന കാര്യം ചെയ്ത ആൾ കാഫിർ ആണ് എന്ന് പറയാം. അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യുകയോ അള്ളാഹു അല്ലാത്തവർക്ക് അറുക്കുകയോ ചെയ്തവൻ കാഫിറാണ്. മൊത്തത്തിൽ പറ്റുമെങ്കിലും വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് ജഡ്ജിയുടെ മുമ്പിൽ മാത്രമേ പാടുള്ളൂ. ചിലപ്പോൾ അവനു പറയാൻ വല്ല ന്യായവും ഉണ്ടാകാം. അതല്ലെങ്കിൽ അറിവില്ലാത്ത ആളോ നിർബന്ധിക്കപ്പെട്ടു കൊണ്ടോ ആകാം." എന്നാൽ ഈയിടെയായി ഏതാനും കുട്ടികൾ ഈ വിഷയം ഏറ്റെടുക്കുകയും ആർക്കും ആരെയും തക് ഫീർ ചെയ്യാം എന്ന് ധ്വനിപ്പിക്കുന്ന വിധത്തിൽ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു. അതിനു വേണ്ടി ഉലമാക്കളുടെ ഫത് വകൾ അസ്ഥാനത്ത് ഉപയോഗിക്കുകയും അവരുടെ തെറ്റായ വാദങ്ങൾക്കും വ്യഖ്യാങ്ങൾക്കും അനുസൃതമായി പ്രചരിപ്പിക്കുന്നു. വാസ്തവത്തിൽ, വിഷയങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയാണ് ഇതിന്റെ കാരണം. എല്ലാവർക്കും എളുപ്പം കൈകാര്യം ചെയ്യാവുന്ന വിഷയമാല്ലായെന്നു മനസ്സിലാക്കി അറിവുള്ള ആളുകളിൽ നിന്ന് ഈ മസ്അല അവർ പഠിക്കേണ്ടതുണ്ട്. ഭാഗം 3ശറഇയ്യായ വിഷയങ്ങളിൽ ഏറ്റവും പ്രാവീണ്യമുള്ളവരും, അള്ളാഹുവിന്റെ സൃഷ്ടികളിൽ ജനങ്ങളോട് ഏറ്റവും കരുണയുള്ളവരുമാണ് അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാർ. അവരുടെ വാക്കുകൾക്കും പ്രയോഗങ്ങൾക്കും വ്യക്തമായ ലക്ഷ്യവും വ്യാഖ്യാനങ്ങളും അർത്ഥതലങ്ങളുമുണ്ടാവും.
ഖുർആൻ, ഹദീസ് തുടങ്ങിയ പ്രമാണ വാക്യങ്ങളാകട്ടെ, ഉലമാക്കളുടെ വാക്കുകളാകട്ടെ അവ ഓരോരുത്തരുടേയും ധാരണക്കും നിഗമനത്തിനുമനുസരിച്ച് വ്യാഖ്യാനിക്കാൻ പാടില്ലായെന്നത് പരക്കെ അറിയപ്പെട്ട കാര്യമാണ്. ഏതൊരു വിഷയത്തിലായാലും പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്ന് നമുക്ക് യോജിച്ചവ അടർത്തി മാറ്റി, ഒരാൾ തെറ്റായ നിലക്ക് മനസ്സിലാക്കിയ വീക്ഷണത്തിന് ബലം നൽകാൻ ഉപയോഗിക്കുന്നത് നീതിയല്ല. ഉലമാക്കളുടെ വാക്കുകളെ അവരുടെ നിലപാടിനോടും വീക്ഷണങ്ങളോടും പൊരുത്തപ്പെടുന്ന വിധത്തിൽ വ്യാഖ്യാനിക്കുകയാണ് വേണ്ടത്. പൊതുവായി പറഞ്ഞ അവരുടെ ഫത് വകളിലോ വാക്കുകളിലോ പ്രസ്ഥാവനകളിലോ അവ്യക്തതയുണ്ടെങ്കിൽ അവ്വിഷയകമായി അവർ വിശതീകരിച്ചു പറഞ്ഞ കാര്യങ്ങളേയാണ് അവലംബിക്കേണ്ടത്. മാത്രവുമല്ല, ഉലമാക്കളുടെ ഫത് വകൾക്ക് ഖുർആൻ ഹദീസ് എന്നിവയുടെ സ്ഥാനം കൽപിക്കാൻ പാടില്ല. പലരും പല സാഹചര്യത്തിലും ചോദിക്കുന്ന വിത്യസ്ത സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉലമാക്കൾ, അവർക്ക് പ്രസ്തുത ചോദ്യത്തിൽ നിന്ന് അവർ മനസ്സിലാക്കിയതിനു അടിസ്ഥാനത്തിലുള്ള മറുപടിയായിരിക്കും അവർ നൽകുക. അതിനാൽ തന്നെ, എല്ലാ ഫത് വകളും എല്ലാവർക്കും ഒരുപോലെ പ്രയോഗവൽക്കരിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. ശറഇയ്യായ മസ്അലകളും മറ്റു ഇൽമിയ്യായ കാര്യങ്ങളും പഠിക്കാനും മനസ്സിലാക്കാനും സാർവ്വത്രികമായി ആശ്രയിക്കപ്പെടാവുന്ന സ്രോതസ്സുകൾ അല്ല ഫത് വകൾ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് റഹിമഹുള്ളാ തന്റെ نواقض الإسلام ഇൽ മൂന്നാമത് പറഞ്ഞ കാര്യം " ആരാണോ മുശ് രിക്കുകളെ കാഫിറാക്കാതിരിക്കുകയും അവരുടെ കുഫ്റിൽ സംശയം പ്രകടിപ്പിക്കുകയും, അല്ലെങ്കിൽ അവരുടെ മാർഗം ശെരിയാണെന്ന് കരുതുകയും ചെയ്തത് അവൻ കാഫിറായി " സമസ്തയിലെ സുന്നികളെല്ലാം ശിർക്ക് ചെയ്യുന്നവരാണെന്നും അതിനാൽ സുന്നി പള്ളികളിലെ ഇമാമിനെ തുടർന്ന് നമസ്കരിക്കാൻ പാടില്ലെന്നും വാദിക്കുന്ന ചിലരുണ്ട്. തികച്ചും അപകടകരമായ ഈ വാദത്തെ ചോദ്യം ചെയ്യുമ്പോൾ മുകളിലെ ഉദ്ധരണിയിലെ "മുശ് രിക്കുകളെ കാഫിറാക്കാതിരിക്കുകയും അവരുടെ കുഫ്റിൽ സംശയം പ്രകടിപ്പിക്കുകയും" ചെയ്യുക എന്ന വിഷയം ഉദ്ധരിച്ചു ഭയപ്പെടുത്തുകയാണ് ഈ സാധുക്കൾ. അതോടു കൂടി ഇത് ചോദിക്കുന്നവരും അവരുടെ വീക്ഷണപ്രകാരം കാഫിറും മുശ് രിക്കും ആയി.!!! ഇത്തരം ആൾക്കാരിൽ നിന്ന് അള്ളാഹു എല്ലാവർക്കും സലാമത്ത് നൽകട്ടെ. വാസ്തവത്തിൽ, വ്യക്തികളെ കാഫിറും മുശ് രിക്കും ആക്കാൻ സാധാരണക്കാർക്ക് അവകാശമില്ലാത്ത പോലെതന്നെ, സുന്നി പള്ളികളിലെ ഇമാമുമാർ മുഴുവനും തുടർന്ന് നമസ്കരിക്കാൻ പാടില്ലാത്ത വിധം മുശ് രിക്കുകളാണ് എന്ന് ആരാണ് ഇവരെ പഠിപ്പിച്ചത്? ചുരുക്കത്തിൽ ഇരുതല മൂർച്ചയുള്ള ഇത്തരം ആയുധങ്ങൾ എടുത്തു കണ്ണടച്ച് ചുഴറ്റുന്നവർ, ഒന്നോർക്കുക. ഈ കുഴി നിങ്ങളുടെ നാശത്തിന്റെതാണെന്ന് ! ഭാഗം 4നിരുപാധികവും വ്യക്ത്യാധിഷ്ഠിതവും (تكفير معين/ تكفير مطلق)
ഒരു പ്രവർത്തി കുഫ്ർ/ ശിർക്ക് ആണെന്ന് പറയുന്നതും ഒരു വ്യക്തി കാഫിർ/ മുഷ് രിക്ക് എന്ന് വിധി പറയുന്നതും രണ്ടാണ്. ഇത് രണ്ടും വേറെ തന്നെ വ്യവച്ചേദിച്ച് മനസ്സിലാക്കേണ്ട വിഷയമാണ്. ഒരു പ്രവർത്തിയോ വാക്കോ കുഫ്റോ ശിർക്കോ ആണെന്ന് അതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആർക്കും പറയാം. എന്നാൽ, എന്നാൽ, ആ കുഫ്ർ/ശിർക്ക് ചെയ്ത വ്യക്തി കാഫിറാണെന്നോ മുശ് രിക്ക് ആണെന്നോ വിധി പറയാൻ എല്ലാവർക്കും അവകാശമില്ല, അധികാരമില്ല. പക്ഷെ, സലഫി കുപ്പായമിട്ട് 'ഞങ്ങളും സലഫികളാ' എന്ന് പറഞ്ഞു ഇറങ്ങിയ കുറച്ചാളുകൾ, അതായത് നദ് വത്തുൽ മുജാഹിദീൻ എന്ന സംഘടനയിൽ അവിടെ കഞ്ഞി കുടിച്ചു ജീവിക്കുന്ന ആളുകളെ കിടന്നുറങ്ങാൻ പോലും സ്വൈര്യം കൊടുക്കാതായപ്പോൾ, അവർ ഒരു കോലെടുത്ത് തോണ്ടി പുറത്തിട്ട ഒരു സ്വലാഹിയും, അയാളെ പിന്നിൽ നിന്ന് പമ്പരം തിരിച്ച ദീനും ദുനിയാവുമറിയാത്ത കുറച്ചു പീറ പയ്യന്മാരും ഇപ്പോൾ സാധാരണ മുസ്‌ലിം ബഹുജനങ്ങളെ കാഫിറും മുശ് രിക്കും ആക്കുന്ന തിരക്കിലാണ്. സത്യത്തിൽ വിഷയത്തിന്റെ ഗൗരവമോ യാഥാർത്ഥ്യമോ ഇവർക്ക് മനസ്സിലായിട്ടില്ല. അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾക്കിടയിൽ തർക്കമില്ലാത്ത ഈ വിഷയം പൂർണമായി മനസ്സിലാക്കുകയും സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നതിന് മുമ്പ്, വിധി നടപ്പാക്കുകയാണ്! ഇത് വരെ സംഘടനയുടെ അടിസ്ഥാനത്തിൽ നിലപാടുകൾ സ്വീകരിച്ചിരുന്ന ആളുകൾ ഒരു സുപ്രഭാതത്തിൽ സംഘടനയിൽ നിന്ന് പിടുത്തം വിട്ടപ്പോൾ സലഫികളാണ് എന്ന് പറഞ്ഞു കൊണ്ട് കേട്ടതെല്ലാം പ്രയോഗവൽക്കരിക്കാനുള്ള മത്സരത്തിലാണ്. ഇവിടെ, വിഷയവുമായി ബന്ധപ്പെട്ടു ഒരു ലഘുവിവരണമാണ് ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിയെ, അതായത് ഇന്ന ആളുടെ മകൻ, ഇന്ന ആൾ, കാഫിർ/മുശ് രിക്ക് ആണെന്ന് അയാളെ വ്യക്തിപരമായി നിജപ്പെടുത്തിക്കൊണ്ട് ആരോപിക്കാൻ/വിധി പറയാൻ എല്ലാവർക്കും അവകാശവും അധികാരവും ഇല്ല. "ഞങ്ങൾ, ആരെയും കാഫിറും മുശ് രിക്കും ആക്കുന്നില്ല" എന്ന് പറയുകയും മൗലൂദും റാത്തീബും ബിദ്അത്തും ചെയ്യുന്ന സുന്നി പള്ളികളിലെ ഇമാമുമാരെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്ന് പറയുകയും ചെയ്യുന്നത് ആണ് ഇവിടെ വിഷയം. ഇതിലെന്താണ് തെറ്റുള്ളത്, അവർ ശിർക്ക് ചെയ്യുന്നവർ തന്നെയല്ലേ എന്നായിരിക്കും സാധാരണ ഒരാളുടെ മനോമുകുരത്തിലേക്ക് കടന്നു വരുന്ന ചോദ്യം. ഇവിടെ, ഒരൽപം സാവകാശം അനിവാര്യമാണ്. അള്ളാഹു അല്ലാത്ത ആളുകളോട് ദുആ ചെയ്യുക, ഖബറിനു സുജൂദു ചെയ്യുകയോ ത്വവാഫു ചെയ്യുകയോ ചെയ്യുക ഒക്കെ ശിർക്ക് തന്നെയാണ്. എന്നാൽ അത് ചെയ്ത ഓരോ വ്യക്തിയും കാഫിർ/മുശ് രിക്ക് ആണെന്ന് വിധിക്കാൻ കഴിയില്ല, അതിനു എല്ലാവർക്കും അധികാരവുമില്ല. സമസ്തയുടെ പള്ളിയിൽ വെച്ച്, അവരുടെ ഇമാമിന്റെ പിന്നിൽ നിന്ന് നമസ്കാരം പാടില്ല എന്ന് പറയുമ്പോൾ, എന്താണ് സംഭവിക്കുന്നത്? എന്ത് കൊണ്ട് നമസ്കാരം പാടില്ല? കാരണം അയാൾ ശിർക്ക് ചെയ്യുന്നവനാണ്.!! ഇവിടെയാണ് പ്രശ്നത്തിന്റെ മർമ്മം . പ്രസ്തുത പള്ളിയിലെ ഇമാം ആയ ഉമർ എന്ന വ്യക്തിയെ അയാൾ ശിർക്ക് ചെയ്യുന്ന കാരണത്താൽ നിങ്ങൾ തുടർന്ന് നമസ്കരിക്കുന്നില്ല. അതോടെ വ്യക്ത്യാധിഷ്ഠിതമായി അയാളിൽ നിങ്ങൾ തത്വത്തിൽ കാഫിർ/മുശ് രിക്ക് എന്ന വിധി നടപ്പാക്കി. ഇതാണ് പ്രശ്നം. ഒരു വ്യക്തിയ തുടർന്നുള്ള നമസ്കാരം ഒഴിവാക്കുന്നതോടെ അയാൾ മുസ്‌ലിം അല്ല enna നിലപാടിലാണ് നാം എത്തുന്നത്. ഞങ്ങൾക്ക് അങ്ങിനെ ഒരു നിലപാടില്ല എന്നാണെങ്കിൽ, എങ്കിൽ അയാളെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്ന വാദം പിൻവലിക്കണം. നമസ്കരിക്കാൻ പാടില്ലെങ്കിൽ, അയാളെ മതത്തിൽ നിന്ന് പുറത്തു പോയ ആളായി കണക്കാക്കുകയും അനന്തരം എടുക്കാതിരിക്കുക/ കൊടുക്കാതിരിക്കുക, വിവാഹബന്ധം വേർപെടുത്തുക, രോഗ സന്ദർശനം ഒഴിവാക്കുക, മരണ ശുശ്രുഷകൾ ചെയ്യാതിരിക്കുക, മുസ്‌ലിം മഖ്ബറയിൽ അടക്കാതിരിക്കുക, തുടങ്ങിയ കാഫിറിനോട് പുലർത്തുന്ന നിലപാടുകൾ അനുവർത്തിച്ചേ പറ്റു !! ഇങ്ങിനെ ഒരു വ്യക്തി ഉണ്ടെങ്കിൽ, അയാളെ വ്യക്തിപരമായി കാഫിർ എന്നോ മുശ് രിക്ക് എന്നോ ഉള്ള വിധി നടപ്പാക്കാനുള്ള അവകാശാധികാരം കിബാറിൽ പ്പെട്ട ഉലമാക്കൾക്ക് മാത്രമേയുള്ളൂ! ഞാൻ ആവർത്തിക്കുന്നു, വ്യക്തികളിൽ ഇന്ന ആളുടെ മകൻ ഇന്ന ആൾ മുശ് രിക്കാണ്, കാഫിറാണ് എന്ന് വിധി പറയാൻ പൊതു ജനത്തിനോ സാധാരണക്കാർക്കോ അവകാശമില്ല.!! നിങ്ങൾ എന്ത് പറയുന്നു? ഇമാം അഹമദ് റഹിമഹുള്ളാ തൊട്ടു ശൈഖ് സ്വാലിഹുൽ ഫൗസാൻ വരെയുള്ള ഉലമാക്കളെ ഉദ്ധരിക്കാം ! വിഷയത്തിന്റെ ഒരു വശം മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ ! ഇനിയെത്ര കാണാൻ കിടക്കുന്നു? ഇതാണോ നിങ്ങൾ മനസ്സിലാക്കിയ സലഫിയ്യത്ത്? തക് ഫീർ നിസ്സാര വിഷയമല്ല, അത് നിങ്ങൾ മനസ്സിലാക്കിയത് പോലെയുമല്ല. വിവരമുണ്ടെന്നു കരുതപ്പെടുന്ന ആളുകൾ "പേട്ട് പിള്ളേർക്ക്" കറങ്ങാൻ നിന്ന് കൊടുക്കരുത്. !!! ഭാഗം 5ഒരു കാര്യം കുഫ്ർ ആണെന്ന് പറയുന്നതും ഒരു വ്യക്തി കാഫിർ ആണെന്ന് വിധി പറയുന്നതും രണ്ടാണ്. ഒരു വ്യക്തിയെ തക് ഫീർ നടത്തണമെങ്കിൽ, അയാളിൽ കുഫ്ർ/ശിർക്ക് ഉണ്ടായാൽ മാത്രം പോര. അതായത് കുഫ്റിന്റെ/ശിർക്കിന്റെ ഒരു വാക്കോ പ്രവർത്തിയോ ഒരു വ്യക്തിയിൽ നിന്നുണ്ടായാൽ ആ വ്യക്തി കാഫിർ/മുശ് രിക്ക് എന്ന് വിധി പറയാൻ ചില നിബന്ധനകൾ പൂർത്തിയാക്കിയേ പറ്റു. അതിനുള്ള അവകാശമാകട്ടെ സാധാരണക്കാർക്ക് ഇല്ലതാനും.
സാധാരണ അഹ് ലുസ്സുന്നയുടെ ഉലമാക്കൾ ശിർക്ക് ചെയ്യുന്നവൻ മുശ് രിക്കാണ് എന്ന് പറയാറുണ്ട്. സത്യത്തിൽ അത് വ്യക്ത്യാധിഷ്ഠിതമായ ഒരു വിധിയല്ല. അങ്ങിനെ കാണാനും പാടില്ല. ആരെങ്കിലും ഇത്തരം പരാമർശങ്ങളെ വ്യക്ത്യാധിഷ്ഠിത വിധിയായി വിലയിരുത്തുന്നുവെങ്കിൽ, അത് അഹ് ലുസ്സുന്നയുടെ ഇവ്വിഷയകമായ സർവാംഗീകൃത നിലപാടിന് വിരുദ്ധമാണ്. ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറയുന്നു. والتحقيق في هذا أن القول قد يكون كفرا كمقالات الجهمية الذين قالوا " إن الله لا يتكلم " ولا يرى في الآخرة، ولكن قد يخفى على بعض الناس أنه كفر، فيطلق القول بتكفير القائل، كما قال السلف مَن قال : القرآن مخلوق فهو كافر، ومن قال إن الله لا يرى في الآخرة فهو كافر، ولا يكفر الشخص المعين حتى تقوم عليه الحجة" الفتاوى 7-619
((.....ഇതിൽ നിജപ്പെട്ട കാര്യം, ജഹ്മികളുടെ വാദങ്ങൾ പോലെ കുഫ്ർ ആകുന്നവ ഉണ്ടാകും. അവർ, ' അള്ളാഹു സംസാരിക്കുകയില്ല, പരലോകത്ത് അള്ളാഹുവിനെ കാണാൻ കഴിയില്ല' എന്നൊക്കെ പറഞ്ഞവരാണ്. എന്നാൽ, അത്തരം വാദങ്ങൾ കുഫ്ർ ആണെന്ന് അറിയാത്തവർ ഉണ്ടാകാം. അപ്പോൾ അത് പറഞ്ഞ ആൾ കാഫിർ ആണെന്ന് മുത്വ് ലഖ് ആയ നിലയിൽ പറയപ്പെടും. "ഖുർആൻ സൃഷ്ടിയാണെന്നു പറഞ്ഞവൻ കാഫിറാണ്", "പരലോകത്ത് അള്ളാഹുവിനെ കാണാൻ കഴിയില്ല എന്ന് പറഞ്ഞവൻ കാഫിറാണ്" എന്നൊക്കെ സലഫുകൾ പറഞ്ഞത് പോലെ. തെളിവ് നിരത്തി സ്ഥാപിക്കപ്പെടുന്നത് വരെ, ഒരു വ്യക്തിയിൽ കുഫ്ർ ആരോപിക്കപ്പെടാവതല്ല " ഫതാവാ -7/ 619
മുകളിലെ ഉദ്ധരണിയിൽ നിന്ന് മനസ്സിലാകുന്ന അടിസ്ഥാനപരമായ ഒരു അസ്വിലിലേക്കാണ് ഞാൻ വിരൽ ചൂണ്ടുന്നത്. അതായത്, മുത്വ് ലഖായി (നിരുപാധികം) പറയുന്ന വിധികൾ മുഅയ്യനായി (സോപാധികം, വ്യക്ത്യാധിഷ്ഠിതമായി) പരിഗണിക്കപ്പെടുകയില്ലായെന്ന് ! ഈ വിഷയത്തിൽ ശൈഖുൽ ഇസ്‌ലാമിനെത്തന്നെ ഉദ്ധരിച്ചത് ആധികാരികതയുടെ ബലം ഉറപ്പു വരുത്താനാണ്. അപ്പോൾ, ഈ രൂപത്തിലുള്ള പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്ത്യാധിഷ്ഠിതമായി നിലപാടുകൾ സ്വീകരിക്കുക എളുപ്പമല്ല. കേരളത്തിലെ സുന്നികളിൽ ശിർക്ക് സംഭവിക്കുന്നുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ സുന്നി പള്ളികളിലെ ഇമാമിനെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്ന് പറയുന്നത് ആ വ്യക്തിയെ ഇസ്‌ലാം മതത്തിൽ നിന്ന് പുറത്തു പോയ കാഫിർ ആയി വിധിക്കുന്നതിന് തുല്യവുമാണ്. അവിടെ രണ്ടു നിലപാടുകൾ ഇല്ല ! ഒന്നുകിൽ മുസ്‌ലിം, അപ്പോൾ തുടർന്ന് നമസ്കരിക്കാം. തുടർന്ന് നമസ്കാരം പാടില്ലെങ്കിൽ അയാളെ നിങ്ങൾ കാഫിർ ആയാണ് പരിഗണിക്കുന്നത് എന്നാണ് കരുതുക. ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ വീണ്ടും പറയുന്നു. مع أن أحمد لم يكفر أعيان الجهمية ولا كل من قال إنه جهمي كفره،ولا كل من وافق الجهمية
بل صلى خلف الجهمية الذين دعوا إلى قولهم وامتحنوا الناس وعاقبوا من لم يوافقهم بالعقوبات الغليظة لم يكفرهم أحمد وأمثاله، بل كان يعتقد إيمانهم وإمامتهم ويدعو لهم..... مجموع فتاوى 7- / 507 و 508 ജഹ്മികൾ കാഫിറുകളാണ് എന്ന് വിധി പറഞ്ഞ ഇമാം അഹ് മദിന്റെ നിലാപാടിനെക്കുറിച്ചാണ് ഇവിടെ പരാമർശം. അദ്ദേഹം പറയുന്നു " ..... എന്നിട്ടും, ഇമാം അഹ് മദ്, ജഹ്മികളിലെ വ്യക്തികളെയോ ജഹ്മി ആണെന്ന് പറയപ്പെട്ടവനെയോ അവരുടെ നിലപാടുകൾ സ്വീകരിച്ചവനെയോ തക് ഫീർ നടത്തിയിരുന്നില്ല. എന്ന് മാത്രമല്ല, ജഹ്മിയ്യത്തിലേക്ക് ക്ഷണിക്കുകയും, ജനങ്ങളെ അത് വെച്ച് പരിശോധിക്കുകയും, അംഗീകരിക്കാത്തവരെ അതി കഠിനമായി ശിക്ഷിക്കുകയും ചെയ്ത ജഹ്മികൾക്ക് പിന്നിൽ നിന്ന് അദ്ദേഹം നമസ്കാരം നിർവ്വഹിച്ചിട്ടുണ്ട്. അഹ് മദും അദ്ധേഹത്തെപ്പോലെ ഉള്ളവരും അവരെ കാഫിറുകൾ എന്ന് വിധിച്ചിരുന്നില്ല , എന്നല്ല, അവരുടെ ഈമാനിലും നേതൃത്വത്തിലും അദ്ദേഹം വിശ്വസിക്കുകയും അവർക്ക് വേണ്ടി ദുആ ചെയ്യുകയും ചെയ്തിരുന്നു. " ഫതാവാ 7/507, 508
അഹ് ലുസ്സുന്നത്തിന്റെ അക്കാലത്തെ ഇമാമായ ഇമാം അഹ് മദ് റഹിമഹുള്ളാ വിഷയം തിരിയാത്ത ആളാണെന്നു പറയുമോ ? അത് ഉദ്ധരിച്ച ഇബ്ൻ തീമിയ റഹിമഹുള്ളാ മറ്റാർക്കോ വേണ്ടി സംസാരിക്കുന്ന ഉട്ടോപ്യൻ ആശയക്കാരൻ എന്ന് പറയുമോ ? അറിയില്ല !! ഇവരൊക്കെ ദീൻ മനസ്സിലാക്കിയത് പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്. വ്യാഖ്യാനിച്ചതും അമൽ ചെയ്തതുമെല്ലാം ഇങ്ങിനെത്തന്നെ. ലോകത്തിന്റെ ഏതെങ്കിലും മുക്കിൽ, ഇരുണ്ട ഒരു മുറിയിൽ കമ്പ്യൂട്ടറിന്റെ മുമ്പിൽ ചടഞ്ഞിരുന്ന്, ഇന്റർനെറ്റിൽ കയറി ഉലമാക്കളുടെ ഫത് വകൾ വായിച്ചു തെറ്റായി മനസ്സിലാക്കി അതാണ് ദീൻ എന്ന് കരുതി നിലപാടുകൾ സ്വീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവർക്ക് കാര്യങ്ങൾ അതിന്റെ ശെരിയായ അർത്ഥത്തിൽ മനസ്സിലാകാൻ സമയമേറെയെടുക്കും; ഇനിയും. പക്ഷെ, ഒരപേക്ഷയുണ്ട്, ദയവു ചെയ്തു സാധാരണ ജനങ്ങളുടെ ദീനിൽ ഇടപെടരുത്. • • • • • • •
|