മൻഹജുസ്സലഫ് അഥവാ സലഫുകളുടെ മാർഗ്ഗം
First Published by Basheer Puthur on September 2019 |
ഭാഗം 1മർകസ് ദഅവ മുജാഹിദുകളുടെ ഒരു പ്രോഗ്രാം നോട്ടീസാണ് ചുവടെയുള്ളത്. " ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുക " എന്ന പേരിലുള്ള "ദഅവ പ്രഭാഷണത്തിന്റെ പ്രസ്തുത നോട്ടീസിന്റെ മുകളിൽ തന്നെ വ്യക്തമായി കാണത്തക്ക വിധത്തിൽ (( സലഫുകളിലേക്കല്ല )) എന്ന് എഴുതിയിട്ടുണ്ട് !! ഇതിന്റെ അർത്ഥവും അപകടവും പലർക്കും മനസ്സിലായിക്കാണില്ല ! സലഫുകളുടെ മാർഗ്ഗം അവലംബിക്കാതെയോ അവരുടെ മൻഹജ് സ്വീകരിക്കാതെയോ ഒരാൾ ഖുർആനിലേക്കും സുന്നത്തിലേക്കും ദഅവത് നടത്തുന്നുവെങ്കിൽ അത് നബിയും സ്വാഹാബത്തും പിന്തുടർന്ന ശെരിയായ ദഅവത്തിന്റെ മാർഗ്ഗമല്ല. ഖുർആനും സുന്നത്തും സ്വീകരിക്കുകയും വിശ്വസിക്കുകയും അനുവർത്തിക്കുകയൂം ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ജനങ്ങളെ ദഅവത്തു നടത്തുകയും ചെയ്യുന്നതിന് പിന്തുടരേണ്ട അനിവാര്യ മാർഗ്ഗമാണ് സലഫുകൾ. അവരെ ഒഴിച്ച് നിർത്തിയുള്ള ഒരു ദഅവത്തും ഇസ്‌ലാമികമായി ശെരിയാകില്ല. കാരണം അവരാണ് ഇസ്‌ലാമിന്റെ പ്രഥമ സംബോധിതരായ സലഫുസ്സ്വാലിഹുകൾ. അള്ളാഹു പറയുന്നു
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا -
سورة النساء ١١٥ ആരെങ്കിലും അവന് സന്മാര്‍ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം, റസൂലിനോട് (ഭിന്നിച്ച്) ചേരി പിരിയുന്നതായാല്‍, സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍). അവന്‍ തിരിഞ്ഞ പ്രകാരം [അതേപാട്ടിന്] അവനെ നാം തിരിച്ചുകളയും, അവനെ 'ജഹന്നമി'ല്‍ [നരകത്തില്‍] കടത്തി എരിയിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം!
ഈ വചനത്തിൽ " സത്യവിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിൻപറ്റുക " എന്ന് പറഞ്ഞത് കൊണ്ടുള്ള വിവക്ഷ സ്വഹാബത്തും താബിഉകളും ഉൾപ്പെടെയുള്ള സലഫിനെ പിൻപറ്റാതിരിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ഈ പോസ്റ്ററിൽ പറഞ്ഞ നിലപാടിനോട് വിയോജിക്കുന്നു ; പൂർണ്ണമായിത്തന്നെ ! ഭാഗം 2
ഖുർആനും ഹദീസുമാണ് ഇസ്‌ലാമിക വിശ്വാസസംഹിതയുടെ അടിസ്ഥാന പ്രമാണങ്ങൾ. ഈ പൊതു തത്വം മുസ്ലിംകളെല്ലാവരും പരക്കെ അംഗീകരിക്കുകയും അതിന്റെ അവകാശികളെന്ന് സ്വയം കരുതുകയും ചെയ്യുന്നു. പൗരാണിക കാലത്ത് സ്വഹാബത്തിനോട് യുദ്‌ധം ചെയ്ത ഖവാരിജുകൾ തുടങ്ങി, അശ്അരീ, മാതുരീദി, റാഫിദീ ചിന്താഗതിക്കാർ തുടങ്ങി ഇന്ന് വരെയുള്ള മുഴുവൻ പിഴച്ച കക്ഷികളും ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് അവകാശപ്പെടുന്നവരാണ്.
ഖുർആനും സുന്നത്തുമാണ് പ്രമാണമെന്ന് ഒരു വ്യക്തി അവകാശപ്പെടുമ്പോൾ, ഖുർആനിലെ അധ്യാപനങ്ങളും ഹദീസിന്റെ താല്പര്യങ്ങളുമാണ് മതപരമായ വിഷയങ്ങളിൽ തീർപ്പു കൽപ്പിക്കാൻ സ്വീകരിക്കുന്നത് എന്ന പൊതുവായ സുരക്ഷിതമായ ആശയമായിരിക്കും കേൾക്കുന്ന ആൾക്ക് ലഭിക്കുക. എന്നാൽ വസ്തുത പലപ്പോഴും, പല കാരണങ്ങളാലും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. എന്ത് കൊണ്ടാണ് ഈ പ്രസ്താവന എന്ന് ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം. അതിനുള്ള ഉത്തരമാണ് ഇനി പറയാൻ പോകുന്നത്. ഖുർആനും ഹദീസുമാണ് പ്രമാണമെന്ന് അവകാശപ്പെട്ട, ലോകത്ത് ഇന്ന് ജീവിക്കുന്ന, മുമ്പ് കഴിഞ്ഞു പോയ മിക്ക കക്ഷികളും ശെരിയായ മാർഗത്തിലായിരുന്നില്ല എന്ന കാര്യത്തിൽ സംശയമില്ല. ഖുർആനും സുന്നത്തും അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടും എന്ത് കൊണ്ട് അവർ നേർമാർഗം പ്രാപിച്ചില്ല? ഈ അന്വേഷണം നമുക്ക് നൽകുന്ന ഒരുത്തരമുണ്ട്. ആ ഉത്തരമാണ് ഈ വിഷയത്തിന്റെ കാതലായ വശം. അപ്പോൾ ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിച്ചത് കൊണ്ട് മാത്രം ഒരാൾ നേരായ വഴിയിൽ എത്തിച്ചേരില്ല എന്ന കാര്യം ഉറപ്പായി. പിന്നെ എന്താണ് ഒരാളെ സുരക്ഷിതവും നേരായതുമായ മാർഗ്ഗത്തിലെത്തിച്ചേരാൻ സഹായിക്കുന്ന ഘടകം ? ഈ ഒരു നിർണായക വിഷയം ഉൾക്കൊള്ളുന്നതിലാണ് പല വിഭാഗങ്ങൾക്കും തെറ്റ് പറ്റുകയും പിഴച്ചു പോവുകയും ചെയ്തത്. അതായത്, ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്ന ഒരാൾ, നിർബന്ധമായും, പ്രമാണവാക്യങ്ങൾ അഥവാ ഖുർആനിന്റെയും ഹദീസിന്റെയും അധ്യാപനങ്ങളിൽ നിന്ന്, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയിലൂടെ സ്വഹാബത് എന്താണോ മനസ്സിലാക്കിയത്, അവർ അവ എങ്ങിനെയാണോ ഉൾക്കൊണ്ടത്, ഏതു രൂപത്തിലാണോ അവർ (സ്വഹാബത്) അവ (ഖുർആനും സുന്നത്തും) ജീവിതത്തിൽ പ്രയോഗവൽക്കരിച്ചത് എന്ന് മനസ്സിലാക്കുകയും അക്ഷരം പ്രതി യാതൊരു ഭേദഗതിയും കൂടാതെ അവ സ്വീകരിക്കുകയും അംഗീകരിക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്‌താൽ മാത്രമേ നബിയും സ്വഹാബത്തും പിന്തുടർന്ന നേരായ മാർഗത്തിൽ എത്തിച്ചേരുകയുള്ളൂ. ഇതാണ് ഉത്തരം. ഈ നിബന്ധന, അല്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച മാനദണ്ഡം പാലിക്കാത്തത് കൊണ്ട് മാത്രമാണ് യഥാർത്ഥ മാർഗത്തിൽ നിന്ന് ഖുർആനും സുന്നത്തും അവകാശപ്പെടുന്നവരായിരുന്നിട്ടു കൂടി മുഴുവൻ വിഭാഗവും പിഴച്ചു പോയത്. അതിൽ പല നിലവാരത്തിലുള്ളവരുമുണ്ട്. ചില വിഭാഗങ്ങൾ അവർക്കിഷ്ടപ്പെട്ട ചില വിഷയങ്ങളിൽ സ്വഹാബത്തിന്റെ ധാരണയെ പിൻപറ്റുന്നവരാണ്. വേറെ ചിലർ അവരുടെ ബുദ്ധിയെയും യുക്തിയെയും അടിസ്ഥാനമാക്കുന്നവരാണ്. മറ്റു ചിലർ അവരുടെ ഇമാമുമാരെയും നേതാക്കളെയും അവർ മഹത്വം കൽപിക്കുന്ന ചിലരെയും അന്ധമായി പിൻപറ്റുന്നവരാണ് . ഇതിലേത് വിഭാഗമായാലും ഖുർആനും സുന്നത്തും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ സ്വഹാബത്തിന്റെ ഫഹ്മിനെ സ്വീകരിക്കാത്ത കാലത്തോളം അക്കാരണത്താൽ തന്നെ യഥാർത്ഥ പാന്ഥാവിൽ നിന്ന് വ്യതിചലിച്ച പിഴച്ച വിഭാഗമായാണ് വിലയിരുത്തപ്പെടുക. ഭാഗം 3ഖുർആനും ഹദീസും മാത്രമാണ് മുസ്ലിംകളുടെ മത നിയമ സ്രോദസ്സ്. അവ രണ്ടിൽ നിന്നും നിർധാരണം ചെയ്യപ്പെടുന്ന കാര്യങ്ങളെ ആശ്രയിച്ചാണ് ഒരാൾ ജീവിക്കേണ്ടത്. ഖുർആനും ഹദീസും ഒരാൾ പ്രമാണമായി സ്വീകരിക്കുന്നില്ലെങ്കിൽ അയാൾ ഇസ്‌ലാം മത വിശ്വാസിയായി പരിഗണിക്കപ്പെടില്ല.
എന്നാൽ, അതോടൊപ്പം, അതായത് ഖുർആൻ ഹദീസ് എന്നിവ പ്രമാണമായി സ്വീകരിക്കുമ്പോൾ അവ നബിയിൽ നിന്ന് നേരിട്ട് മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അംഗീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത സ്വഹാബത് (അഥവാ സലഫുസ്സ്വാലിഹുകൾ) മനസ്സിലാക്കിയ അതേ വിധത്തിൽ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഒരാൾ ശെരിയായ നിലയിൽ നബി ചര്യ പിൻപറ്റുന്നവൻ ആയിത്തീരുകയുള്ളൂ സ്വഹാബത് അവലംബമാണ്. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയോട് സഹവസിക്കാൻ അള്ളാഹു തെരഞ്ഞെടുത്ത ഉത്തമ ഹൃദയത്തിന്റെ ഉടമകളാണ് സ്വഹാബികൾ. അവരെക്കുറിച്ചു അള്ളാഹു സംതൃപ്തനാണ്. അവർ അള്ളാഹുവിനെക്കുറിച്ചും സംതൃപ്തരാണ്. മതപരമായ കാര്യങ്ങളിൽ അവർ നബിയിൽ നിന്ന് മനസ്സിലാക്കിയത് മാത്രമാണ് ദീൻ. അള്ളാഹു പറയുന്നു. فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ ( നിങ്ങൾ വിശ്വസിച്ചത് പോലെ അവർ വിശ്വസിക്കുന്ന പക്ഷം അവർ സന്മാർഗ്ഗത്തിലായിത്തീർന്നു.) അതായത് ആരാണോ സ്വഹാബത് വിശ്വസിച്ചത് പോലെ വിശ്വസിക്കുന്നത് അവർ മാത്രമാണ് സന്മാർഗം സിദ്ധിച്ചവർ. എന്നാൽ ആര് അവരുടെ മാർഗ്ഗത്തോട് വൈരുധ്യം പുലർത്തിയോ അവർ വ്യക്തമായ വഴികേടിലായി. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു. من كان على مثل ما أنا عليه اليوم وأصحاب
സുരക്ഷിത വിഭാഗം ആരെന്ന് ചോദിച്ചപ്പോൾ " ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊന്നിലാണോ നിലകൊള്ളുന്നത് അതിൽ നില കൊള്ളുന്നവർ " എന്നാണ് അവിടുന്ന് പറഞ്ഞത്. അവരാരാണെന്ന് ചോദിച്ചപ്പോൾ " അൽ ജമാഅഃ" എന്ന് ഉത്തരം ചെയ്തു. അൽ ജമാഅഃ എന്നാൽ സ്വഹാബികളാണെന്ന് ഹദീസ് വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോൾ സ്വഹാബത്തിന്റെ നിലപാടിനെ ഇവിടെ പ്രത്യേകം പരാമർശിച്ചു. അവരുടെ നിലപാടുകൾക്ക് എതിര് നിൽക്കുന്നവർ പിൽക്കാലത്ത് വരുമെന്നതിലേക്ക് ഇതിൽ വ്യക്തമായ സൂചനയുണ്ട്.
ചില സ്വഹാബികളുടെ ഒറ്റപ്പെട്ട വാക്കുകൾ, അഭിപ്രായങ്ങൾ, ഗവേഷണങ്ങൾ തുടങ്ങിയവ അല്ല ഇവിടെ സ്വഹാബത്തിന്റെ ഫഹ്മ് (ധാരണ) എന്ന് പറഞ്ഞത്. മറിച്ച് പൊതുവായ നിലയിൽ, ഇന്ന വിഷയത്തിൽ സ്വഹാബികൾ മനസ്സിലാക്കിയത് ഇപ്രകാരമായിരുന്നു എന്ന് പറഞ്ഞാൽ അത് അവരുടെ പൊതുവായ ധാരണയായി പരിഗണിക്കപ്പെടുന്നു. അത് സ്വീകാര്യവുമാണ്. എന്നാൽ ഖുർആനിന്റെയോ ഹദീസിന്റെയോ വ്യക്തമായ നസ്വിന് എതിരായ നിലക്ക് (അതിനുള്ള സാധ്യത വളരെ വളരെ കുറവാണ് ) ഒരു സ്വഹാബിയുടെ നിലപാട്, അതല്ലെങ്കിൽ മറ്റു ഭൂരിഭാഗം സ്വഹാബികളുടെ നിലപാടിന് എതിരായ ഒരു സ്വഹാബിയുടെ നിലപാട് തുടങ്ങിയവയൊന്നും സ്വഹാബത്തിന്റെ പൊതുവായ ധാരണയായി പരിഗണിക്കപ്പെടില്ല. അലി റദിയള്ളാഹു അൻഹുവിന്റെ കാലത്തു അദ്ദേഹത്തിനെതിരിൽ കലാപക്കൊടിയുയർത്തിയ ഖവാരിജുകൾ ഖുർആനിൽ നിന്നുള്ള ആയത് ഉദ്ധരിച്ചു കൊണ്ടാണ് അലി റദിയള്ളാഹു അൻഹുവിനെതിരിൽ യുദ്ധം ചെയ്തത്. പ്രമാണങ്ങളെ മനസ്സിലാക്കുന്നതിൽ അവർ സ്വഹാബത്തിന്റെ ഫഹ്മിനെ (ധാരണയെ) സ്വീകരിക്കാൻ സന്നദ്ധരായിരുന്നില്ല. അവരുടെ കൂടെ ഒരു സ്വഹാബി പോലുമുണ്ടായിരുന്നില്ല.! അവർ അവരുടെ യുക്തിക്കും നിരീക്ഷണ പാടവത്തിനും പ്രാമുഖ്യം നൽകി. അക്കാരണത്താൽ തന്നെ, ഭൂമുഖത്തു അക്കാലത്തു ജീവിച്ച ഏറ്റവും ഉൽകൃഷ്ട സമൂഹവുമായി അവർ യുദ്ധത്തിലേർപ്പെടേണ്ടി വന്നു. ഭാഗം 4ഖുർആനും സുന്നത്തും സ്വീകരിക്കുമ്പോൾ അവലംബിക്കേണ്ട രീതി അഥവാ മാർഗം സലഫുകൾ (സ്വഹാബത്) അവ എങ്ങിനെ സ്വീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തു എന്ന് പരിഗണിക്കൽ അനിവാര്യമാണ് എന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. സ്വഹാബത്തിന്റെ ധാരണയെ അവലംബിക്കാതെയോ അതിനെ അവഗണിച്ചു കൊണ്ടോ ആർക്കും ഖുർആനും സുന്നത്തും അവലംബിക്കുന്നുവെന്ന് പറഞ്ഞത് കൊണ്ട് മാത്രം നേർവഴി പ്രാപിക്കുക സാധ്യമേയല്ല.
ഇക്കാര്യം മുസ്‌ലിം ലോകത്ത്, വിശിഷ്യാ അഹ്‌ലുസ്സുന്നത്തിന്റെ വിശ്രുതരായ ഉലമാക്കളുടെ അരികിൽ പരക്കെ അംഗീകരിക്കപ്പെട്ടതും ചിരപ്രതിഷ്‌ഠ നേടിയതുമാണ്. ഖുർആനും സുന്നത്തും എന്ന് പറയുന്നതിനോട് ചേർത്ത് على فهم السلف الصالح ( സലഫുസ്സ്വാലിഹുകളുടെ ധാരണക്ക് അനുസരിച്ച്) എന്ന് പറയാതെ അവർ ആ വാചകം പൂർത്തിയാക്കാറില്ല. അത്ര കണ്ട് അത്യന്താപേക്ഷിതമായ അടിസ്ഥാന വിഷയമാണ് സലഫുകളുടെ ധാരണ പിന്പറ്റുകയെന്നത്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ റഹിമഹുള്ളാ പറയുന്നു. لا عيب على من أظهر مذهب السلف وانتسب إليه واعتزى إليه بل يجب قبول ذلك منه بالاتفاق فإن مذهب السلف لا يكون إلا حقا-الفتاوى 4/149
"ഒരാൾ സലഫുകളുടെ മാർഗ്ഗം പ്രകടിപ്പിക്കുകയോ അതിലേക്ക് ചേർത്ത് പറയുകയോ അതിൽ അഭിമാനം കൊള്ളുകയോ ചെയ്യുന്നത് ഒരു ന്യുനതയല്ല. എന്നല്ല, അത് സ്വീകരിക്കൽ അയാൾക്ക് അനിവാര്യമാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. കാരണം, സലഫുകളുടെ മാർഗ്ഗം സത്യമല്ലാതിരിക്കില്ല " ഫതാവാ 4/149
ഇമാം ശാഫിഈ റഹിമഹുള്ളയുടെ ഷെയ്ഖ് ആയ ഇമാം വകീഉ ഇസ്മായീൽ ബിൻ ഹമ്മാദ് റഹിമഹുള്ളയുടെ ജീവ ചരിത്രം പറയുന്നേടത്തു പറയുന്നു. قال وكيع -شيخ الشافعي- في ترجمة اسماعيل بن حماد بن ابي حنيفة: كان إسماعيل بن حماد بن أبي حنيفة سلفياً صحيحا)."أخبار القضاة" "٢/۱٦٧
" ഇസ്മായീൽ ബിൻ ഹമ്മാദ് ശെരിയായ സലഫി ആയിരുന്നു " അഖ്ബാറുൽ ഖുദാ - 2/ 167
ഇമാം ദഹബി ഇമാം ദാറ ഖുത്വനിയെക്കുറിച്ചു പറയുന്നു. قال الذهبي في ترجمة الدارقطني: لم يدخل الرجل ابدا في علم الكلام ولا الجدال ولاخاض في ذلك بل كان سلفيا" سير اعلام النبلاء 16/457
"അദ്ദേഹം ഒരിക്കലും വചന ശാസ്ത്രത്തിലോ കുതർക്കങ്ങളിലോ തർക്കശാസ്ത്രത്തിലോ ഏർപ്പെട്ടിരുന്നില്ല. എന്നല്ല, അദ്ദേഹം സലഫിയായിരുന്നു. " സിയർ അഅലാം 16/457
ഇങ്ങിനെ, മുന്കാലക്കാരായ അഹ്‌ലുസ്സുന്നത്തിന്റെ പരശ്ശതം ഉലമാക്കളിൽ നിന്ന് വ്യക്തവും സംശയത്തിന് ഇട നൽകാത്തതുമായ വിധത്തിലുള്ള ഉദ്ധരണികൾ എമ്പാടും കാണാം. ദൈർഘ്യം ഭയപ്പെടുന്നതിനാൽ ഉദാഹണത്തിനു വേണ്ടി ചിലത് ഉദ്ധരിച്ചുവെന്നു മാത്രം. ചുരുക്കത്തിൽ ഇമാം അഹ്‌മദ് റഹിമഹുള്ളാ തൊട്ട് ഷെയ്ഖ് ഇബ്‌നു ബാസ്, അൽബാനി, സ്വാലിഹുൽ ഉസൈമീൻ, ഷെയ്ഖ് മുഖ്‌ബിൽ തുടങ്ങി ഇന്ന് ജീവിച്ചിരിപ്പുള്ള ഷെയ്ഖ് സ്വാലിഹുൽ ഫൗസാൻ വരെയുള്ള പ്രാമാണികരായ ഉലമാക്കൾ ഇക്കാര്യം അംഗീകരിക്കുന്നവരും എടുത്തു പറയുന്നവരും അതിലേക്ക് ജനശ്രദ്ധ ക്ഷണിക്കാൻ ആവശ്യപ്പെടുന്നവരുമാണ്. എന്നാൽ, കേരളത്തിൽ ഖുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്നവരെന്നവകാശപ്പെടുന്ന മർകസ് ദഅവാ മുജാഹിദുകൾ പരസ്യമായി സലഫുകളുടെ ഫഹ് മിനെ നിഷേധിക്കുന്നവരും അതിനെ അംഗീകരിക്കാതെ എതിർക്കുന്നവരും അവരുടെ ദഅവത്ത് " സലഫുകളിലേക്കല്ല" എന്ന് പച്ചയായി പറയാൻ ധിക്കാരം കാണിക്കുന്നവരുമാണ്. ഖുർആനും സുന്നത്തും സ്വന്തം ബുദ്ധിക്ക് അനുസൃതമായി വ്യാഖ്യാനിക്കുന്നതിൽ അവർക്ക് യാതൊരു ലജ്ജയുമില്ല. ഇതിനർത്ഥം മുജാഹിദുകൾ അടക്കമുള്ള മറ്റെല്ലാ വിഭാഗവും ശെരിയായ മാർഗത്തിലാണ് എന്നല്ല. മറിച്ച്, സലഫുകളോടും അവരുടെ നിലപാടിനോടും ഇവർക്കുള്ള അത്ര വെറുപ്പും അവജ്ഞയും മറ്റാർക്കുമില്ല എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ്. ഖുർആനും സുന്നത്തും അടിസ്ഥാനമാക്കി സലഫുകളുടെ ധാരണ അവലംബിക്കാതെ മറ്റേതൊരു മൻഹജ് സ്വീകരിച്ചാലും ശെരി, ആർക്കും നബിയുടെയും സ്വഹാബത്തിന്റെയും മാർഗ്ഗത്തിൽ എത്തിച്ചേരുക സാധ്യമല്ല. അവർ ഖവാരിജുകൾ, മുഅതസില, മുർജിഅ, അശായിറ, മാതുരീദിയ, സൂഫിയ, ഖുബൂരിയ്യ പോലെ അഹ്‌ലുൽ അഹ്‌വാഇന്റെ വാലായി അഹ്‌ലുൽ ഖിബ്‌ലയിൽ ലയിച്ചു പോവുകയായിരിക്കും ചെയ്യുക. ഭാഗം 5"സലഫ്" എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മുൻഗാമി, മുൻകടന്നത്, മുമ്പേ കഴിഞ്ഞത്, എന്നൊക്കെയാണ്.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മരണാസന്നനായി കിടക്കുന്ന സമയത്ത് ഫാത്വിമ റദിയള്ളാഹു അൻഹയോട് "فاتقي الله واصبري، ونعم السلف أنا لك" ( നീ അള്ളാഹുവിൽ സൂക്ഷ്മത പാലിക്കുകയും ക്ഷമ അവലംബിക്കുകയും ചെയ്യുക. ഞാൻ നിനക്ക് എത്ര നല്ല മുൻഗാമിയാണ് ! " ) ഈ അർത്ഥത്തിൽ ഇസ്‌ലാമിൽ മുൻകടന്നവരായ ആളുകളാണ് സലഫുകൾ. അതിൽ പ്രധാനമായും നബിയോട് സഹവചിച്ച അള്ളാഹു തൃപ്തിപ്പെട്ട സ്വഹാബത് ആണ് സലഫുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. എന്നാൽ അതിന്റെ വിശാലാർത്ഥത്തിൽ താബിഉകളും താബിഈ താബിഉകളും ഉൾപ്പെടുകയും ചെയ്യും. സ്വഹാബത്തിനോട് പൊതുവായും അവരിൽ അബുബക്കർ, ഉമർ, ഉഥ്മാൻ, അലി ( റദിയള്ളാഹു അൻഹും അജ്മഈൻ) എന്നീ നാല് ഖലീഫമാരും സ്വർഗ്ഗം കൊണ്ട് ജീവിച്ചിരിക്കെത്തന്നെ വാഗ്‌ദത്തം ചെയ്യപ്പെട്ട പത്തു പേരും, ബൈഅതു രിദ് വാനിലും, ഹുദൈബിയയിലും പങ്കെടുത്തവരും മക്കാ വിജയത്തിന് മുമ്പ് ഇസ്‌ലാമിൽ പ്രവേശിച്ചവരും അതിന് ശേഷം ഇസ്‌ലാം മതം സ്വീകരിച്ചവരും തുടങ്ങി വിവിധ ദറജയിലുള്ള സ്വഹാബികളോട് സവിശേഷമായും സ്നേഹവും ആദരവും കാണിക്കുകയും അവരുടെ പദവിയും നിലവാരവും അവർക്ക് അതിന്റെ തോതനുസരിച്ചു വക വെച്ച് കൊടുക്കുകയും ചെയ്യാൻ കടപ്പെട്ടവരാണ് സത്യവിശ്വാസികൾ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അനുചരന്മാർ എന്ന നിലയിലും, നബിയിൽ നിന്ന് ദീൻ നേരിട്ട് സ്വീകരിച്ച പ്രഥമ സംബോധിതർ എന്ന നിലയിലും സ്വഹാബത്തിന്റെ മാർഗ്ഗം പിൻപറ്റുകയും അവ സർവ്വാത്മനാ സ്വീകരിക്കുകയും ചെയ്യൽ ഒരു മുസ്‌ലിമിന്റെ നിർബന്ധ ബാധ്യതയാണ്. സലഫ്, സലഫി, സലഫിയ്യത് (സലഫിസം എന്നത് സലഫിയ്യത് എന്നതിന്റെ ഭാഷാ പരമായ തർജ്ജമയായി വ്യവഹരിക്കപ്പെടാറുണ്ട്. അത് സൂക്ഷ്‌മമായി നിരീക്ഷിക്കുമ്പോൾ സുരക്ഷിതമല്ല. കാരണം ഇസ്‌ലാമും സലഫിയ്യത്തും ഒന്നും "ഇസം" അല്ല. മനുഷ്യ ബുദ്ധിയിൽ ഉരുത്തിരിഞ്ഞു വന്ന ആശയ സമാഹാരങ്ങൾക്കാണ് "ഇസം" എന്ന് പറയാറുള്ളത്. സലഫിയ്യത് മനുഷ്യ ബുദ്ധിയുടെ സൃഷ്ടിയല്ല) തുടങ്ങിയ പദപ്രയോഗത്തോട് പോലും അനിഷ്ടവും അതൃപ്തിയും തോന്നുകയും അവ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളുകൾ ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് പറയുന്നവരിലുണ്ട്. നവോദ്ധാനക്കാരും, ആദർശവാദികളുമായി സ്വയം വിശേഷിപ്പിക്കുന്ന ഇത്തരക്കാരുടെ യഥാർത്ഥ ചിത്രം സമൂഹത്തിൽ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. സലഫിയ്യത്തിനെ പ്രതിനിധാനം ചെയ്യുകയോ അതിലേക്ക് ജനങ്ങളെ ഉൽബോധനം നടത്തുകയോ സലഫീ മൻഹജിനെക്കുറിച്ചു ബോധവൽക്കരിക്കുകയോ ചെയ്യുന്ന ആളുകളെ, മൊത്തത്തിൽ " ഗൾഫ് സലഫിസം" ആശ്രമ സലഫിസം, ആടു സലഫികൾ, അക്ഷര പൂജകർ, അനുഷ്‌ഠാന തീവ്രതയുള്ളവർ" തുടങ്ങിയ പരിഹാസ പ്രയോഗങ്ങളിലൂടെ അപഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണതയും വൈരനിര്യാതന ശത്രുതയും ഇവരിൽ വളരെക്കൂടുതലായി ഉണ്ട്. കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി, അവരുടെ പോഷക സംഘടനകൾ തുടങ്ങിയ പുരോഗമനം അവകാശപ്പെടുന്ന ആളുകളായിരുന്നു ആദ്യ കാലത്ത് ഈ പ്രവണത പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇടക്കാലത്ത് ഹുസ്സൈൻ മടവൂരിന്റെ നേതൃത്വത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് വിഘടിച്ചു പോയ, നവോദ്ധാനം അവകാശപ്പെടുന്ന മർകസ് ദഅവ മുജാഹിദുകളും സലഫിയ്യത്തിനോട് ശത്രുതയും വെറുപ്പും വെച്ച് പുലർത്തുകയും അത് പ്രകടിപ്പിക്കുകയും ചെയ്‌തു കൊണ്ടിരിക്കുന്നു. സത്യത്തിൽ ഇവർ ഇസ്‌ലാമിനെത്തന്നെയാണ് അവഹേളിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നത് എന്ന കാര്യം ഇവർ മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്നില്ല. കാരണം, സലഫിയ്യത്ത്, നബിയും സ്വഹാബത്തും സഞ്ചരിച്ച കലർപ്പില്ലാത്ത ഇസ്‌ലാം മതം തന്നെയാണ്. സലഫിയ്യത് സ്വീകരിക്കാൻ വിമുഖത കാണിക്കുകയും, എന്നാൽ ഇസ്‌ലാം മതത്തിൽ വിശ്വസിക്കുകയും, കഅബയെ ഖിബ്‌ലയായി (അഹ്‌ലുൽ ഖിബ്‌ല) അംഗീകരിക്കുകയും ചെയ്യുന്ന "അഹ്‌ലുൽ അഹ്‌വാഇ വൽ ബിദഉ"ന്റെ പൊതു വിശേഷണം ഇത്തരക്കാരിലും വന്നു ചേരുമെന്നതിൽ യാതൊരു സംശയവുമില്ല. • • • • • • •
|