ഐ എസ് ഇസ്‌ലാമല്ല
First Published by Basheer Puthur October 2017 |
ഭാഗം 1ഇസ്‌ലാമിനെ ശെരിയായി മനസ്സിലാക്കുന്നതിൽ അതിന്റെ അവകാശികളായി അവതരിക്കുന്നവർക്കു തന്നെ ഭീമമായ അബദ്ധം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ മികച്ച തെളിവാണ് ഈയിടെയായി പുറത്തു വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ. അത് വിശ്വസിക്കാമെങ്കിൽ എത്ര മാത്രം തെറ്റായ വിശ്വാസവും ആശയവുമാണ് അവർ പേറുന്നത് എന്നോർത്ത് പേടി തോന്നുകയാണ്.
"ഐഎസ് ആണ് യഥാർത്ഥ ഇസ്‌ലാം, അല്ലെങ്കിൽ അത് തെളിയിക്കാൻ മുസ്‌ലിം പണ്ഡിതന്മാരെ വെല്ലുവിളിക്കുമ്പോൾ അയാളുടെ ധാരണയെക്കുറിച്ചു അയാൾക്കുള്ള ആത്മവിശ്വാസം എത്ര ഉയർന്നതായിരിക്കും? ഇസ്‌ലാം ഒരു പറ്റം മനുഷ്യത്വ രഹിതമായ കാട്ടാളന്മാരുടെ കശാപ്പു ശാലയാണെന്നു മാത്രമേ ഇത് കേൾക്കുമ്പോൾ ആർക്കും തോന്നൂ. ഇത്ര വികലമായി ഇസ്‌ലാമിനെ വിലയിരുത്തുകയും പൊതുജനത്തിന് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ മനഃശാസ്ത്രം ഒരു വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഒന്നാമതായി, പ്രമാണങ്ങളെ അഥവാ വിശുദ്ധ ഖുർആനും നബിചര്യയും തെറ്റായി വായിക്കപ്പെടുകയും അവ സ്വയം വ്യാഖ്യാനിക്കുകയും വിശ്വാസ യോഗ്യമല്ലാത്തതും തെറ്റായതുമായ സ്രോദസ്സുകളെ ആശ്രയിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ ഇത്തരം വികല ധാരണകൾക്കടിമപ്പെടുന്നത്. ഇസ്‌ലാമിക ചരിത്രത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ കാലം കഴിഞ്ഞ ഉടനെത്തന്നെ, ഖലീഫയായ അലി റദിയള്ളാഹു അൻഹുവിനോട് യുദ്ധം ചെയ്ത ഒരു സംഘത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഖുർആനിൽ നിന്നുള്ള ഒരു ആയതു (സൂക്തം) എടുത്തു കൊണ്ടാണ് അവർ നബിയുടെ അനുചരന്മാരോട് യുദ്ധം ചെയ്തത്. വാസ്തവത്തിൽ, ആ സൂക്തത്തിന്റെ പൊരുൾ അവർ മനസ്സിലാക്കിയ പോലെയായിരുന്നില്ല. സ്വഹാബത്തിൽ ഒരാൾ പോലും അങ്ങിനെ ഒരു വ്യാഖ്യാനം പ്രസ്തുത വചനത്തിനു നൽകിയവരുമല്ല. പക്ഷെ, അവരുടെ നിലപാടുകൾ തിരുത്താൻ അവർ തയ്യാറായില്ല. അവരുടെ ആശയവാഹകരായ പിന്തുടർച്ചക്കാർ ഇപ്പോഴുമുണ്ടെന്നും അവർ ലോകത്തുടനീളം ഇസ്‌ലാമിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുണ്ട് എന്നുമാണ് മുകളിലെ സംഭവത്തിൽ നിന്ന് മനസ്സിലാകുന്നത്. വിശുദ്ധ ഖുർആനോ നബി ചര്യയോ ഓരോരുത്തർക്കും സ്വന്തം ധാരണക്കനുസരിച്ചു വ്യാഖ്യാനിക്കാനോ പ്രയോഗവൽക്കരിക്കാനോ അവകാശമില്ല. മറിച്ച്, അവ നബിയിൽ നിന്ന് നേരിട്ട് കേട്ട സ്വഹാബത് എങ്ങിനെയാണോ മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തത്, അതിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിക്കേണ്ടത്. മറ്റൊരു കാര്യം കൂടി ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ വിസ്ഫോടനം മനുഷ്യന്റെ അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും വാതായനങ്ങൾ വിശാലമായി അവന്റെ മുമ്പിൽ തുറന്നു വെച്ചിട്ടുണ്ട്. അതിനു ഗുണവും ദോഷവുമുണ്ട്. ഇസ്‌ലാമിക മത വിഷയങ്ങളിൽ ധാരണയുണ്ടാക്കാൻ നല്ലൊരു ശതമാനം ആളുകൾ ഇന്ന് ഇന്റർനെറ്റ് പോലെയുള്ള നവ മാധ്യമങ്ങളെ അവലംബിക്കുന്നവരാണ്. കതിരും പതിരും വേർതിരിച്ചു മനസ്സിലാക്കാൻ മാത്രമുള്ള വ്യുൽപതി ഇല്ലാത്ത ആളുകൾ വാസ്തവത്തിൽ ഇത് മൂലം പല തെറ്റായ ധാരണകളിലും അകപ്പെടുന്നു. വിശ്വാസപരവും കർമപരവുമായ സ്ഖലിതങ്ങളും അബദ്ധങ്ങളും ശെരിയായ ധാരണ എന്ന നിലയിൽ വായിക്കപ്പെടുകയും പ്രയോഗവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ ഏറ്റവും സവിശേഷമായ ഒരു കാര്യം അതിന്റെ മിതവും മദ്ധ്യമവുമായ നിലപാടാണ്. അത് എല്ലാ കാര്യത്തിലും അങ്ങിനെതന്നെ. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ, സ്വന്തം ആശയവും, വിശ്വാസവും അവലംബിച്ചു കൊണ്ട് തന്നെ, ഇതരരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കുന്നതിൽ ഒരു കുറ്റവുമില്ല. ഇനി, രാഷ്ട്രീയപരമായി നോക്കുമ്പോൾ, ഭരണാധികാരികളുമായും, ഭരണകൂടവുമായും സംഘട്ടനാത്മകവും, നശീകരണോൽസുകവുമായ നിലപാടുകൾ സ്വീകരിക്കുന്നതിനെ ഇസ്ലാം നിശിതമായി വിമർശിച്ചതായി കാണാം. ഭരണാധികാരികൾ ധിക്കാരികളും സ്വേച്ഛാധിപതികളും സ്വജന പക്ഷപാതികളുമായാൽ പോലും അവർക്കെതിരെ ജനങ്ങളെ ഇളക്കി വിടാനോ വിപ്ലവത്തിന് പ്രേരിപ്പിക്കാനോ പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ കൽപന. അറബ് ലോകത്തു മുല്ലപ്പൂ വിപ്ലവം എന്ന പേരിൽ അരങ്ങേറിയ ഭരണവിരുദ്ധ പോരാട്ടങ്ങളിൽ പങ്കു ചേരാതെ മാറി നിന്ന ഒരു ന്യുനപക്ഷം ഉണ്ട് എന്നത് വിസ്മരിക്കാൻ പാടില്ല. സലഫികളാണ് തീവ്രവാദത്തിന്റെ അപ്പോസ്തലന്മാർ എന്ന് ആക്ഷേപിക്കുന്ന പലർക്കും എന്താണ് ഇസ്‌ലാമിന്റെ ഇവ്വിഷയകമായ നിലപാടെന്നും സലഫികൾ (സലഫികൾ എന്ന് കേവലം അവകാശപ്പെടുന്നവരല്ല) ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടെന്തെന്നും ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ലോകത്തു നടന്ന ഒരു സായുധ വിപ്ലവത്തിലും, ഒരു അട്ടിമറിയിലും സലഫികൾ പങ്കെടുക്കുകയോ അതിനു സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളോ പ്രഭാഷണങ്ങളോ പ്രചോദനമായി എന്ന് തെളിയിക്കാനോ ആർക്കും കഴിയില്ല. എന്നിട്ടും സലഫികളാണ് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ആളുകൾ എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭരണാധികാരികളോടുള്ള ഒരു മുസ്‌ലിമിന്റെ നിലപാട് എന്തായിരിക്കണമെന്നു പരശ്ശതം ഹദീസുകളിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, ഈ വിഷയം അതിന്റെ പ്രാധാന്യവും ആനുകാലിക പ്രസക്തിയും മനസ്സിലാക്കിക്കൊണ്ട് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയം നിലനിൽക്കുന്നു. യുദ്ധവേളകളിലും, അമുസ്‌ലിംകളുമായി തുറന്ന ശത്രുത നിലനിൽക്കുന്ന സാഹചര്യങ്ങളിലും സ്വീകരിക്കാൻ നിർദ്ദേശിക്കപ്പെട്ട നിലപാടുകൾ, സമാധാനത്തോടെ പരസ്പര ധാരണയോടെ സൗഹാർദ്ദപരമായി ജീവിച്ചു കൊണ്ടിരിക്കുന്ന സന്ദർഭങ്ങളിൽ സ്വീകരിക്കാൻ പാടില്ല എന്നത് പരക്കെ അറിയാവുന്ന കാര്യമാണ്. പക്ഷെ, ഈ വക കാര്യങ്ങളിൽ ധാരണയും തിരിച്ചറിവുമില്ലാത്ത ആളുകളാണ് ഐസ് ആണ് യഥാർത്ഥ ഇസ്‌ലാം എന്ന് അവകാശപ്പെടുന്നത്. അവരുടെ വികല ബുദ്ധിയിൽ കുരുത്ത തെറ്റായ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്‌ലാമിക മാനവികതയെ അവർ വെല്ലുവിളിക്കുന്നത്. ഭാഗം 2
((....ഇസ്‌ലാം ഭീകരവാദത്തിന് എതിരാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്.
((.....ഞങ്ങൾ ഭീകരവാദികൾ അല്ല, ഐ എസ് ഇസ്‌ലാമല്ല.... )) തുടങ്ങിയ ജനശ്രദ്ധയാകർഷിക്കുന്ന പ്രമേയങ്ങൾ ഉയർത്തിപ്പിടിച്ചു സമ്മേളനങ്ങൾ നടത്തിയത് കൊണ്ടായില്ല. വിഷയത്തിന്റെ മർമ്മം മനസ്സിലാക്കിക്കൊണ്ട്, കൃത്യവും വ്യക്തവുമായ നിലപാടുകളിലൂടെയുള്ള ചികിത്സ മാത്രമേ ഫലപ്രദമാവുകയുള്ളൂ. ഇസ്‌ലാമിൽ ജിഹാദുണ്ട്. പക്ഷെ ഇസ്‌ലാമിലെ ജിഹാദെന്ന് പറഞ്ഞാൽ തനിക്കു തോന്നുന്നവരെയെല്ലാം കൊന്നൊടുക്കാനോ അനീതി കാണിക്കാനോ ഉള്ള അധികാരമില്ല. അത് പോലെ തന്നെ, ഇസ്‌ലാമിലെ ജിഹാദെന്ന് പറഞ്ഞാൽ "ത്യാഗപരിശ്രമമാണെന്ന" എവിടെയും തൊടാതെയുള്ള നിർവചനവും ശെരിയല്ല. ഐസിലേക്കു മുസ്‌ലിം ചെറുപ്പക്കാർ ആകൃഷ്ടരാകാനുള്ള പ്രധാന കാരണം ജിഹാദിനെ തെറ്റായി മനസ്സിലാക്കിയതാണ്. ജിഹാദ് എന്ന പുണ്യ കർമ്മത്തിനു നിബന്ധനകളുണ്ട്. ആയുധമെടുത്ത്, യുദ്ധത്തിന് ഇറങ്ങണമെങ്കിൽ, അതിനു പ്രാപ്തനായ ഒരു മുസ്‌ലിം ഭരണാധികാരിയുടെ വ്യക്തമായ ആഹ്വാനവും നേതൃത്വവുമുണ്ടാകണം. വ്യക്തമായ അധികാരമുള്ള, മുസ്‌ലിമായ ഒരു ഭരണാധികാരിയുടെ നേതൃത്വത്തിൽ അല്ലാതെ, യുദ്ധത്തിന് അഥവാ ജിഹാദിന് പുറപ്പെടാൻ പാടില്ല. സ്വന്തം ഭാര്യയേയും കുട്ടികളെയും നിർബന്ധിതമായോ തെറ്റിദ്ധരിപ്പിച്ചോ ഇസ്‌ലാമിക ജിഹാദിന്റെ പേര് പറഞ്ഞു വ്യക്തികൾ ആയുധമെടുക്കുന്നത്, അരാജകത്വം സൃഷ്ടിക്കുക മാത്രമല്ല ചെയ്യുക, മറിച്ച്, അത് ആത്മഹത്യാപരം കൂടിയാണ്. അത് പോലെ ജിഹാദുമായി ബന്ധപ്പെട്ട മറ്റൊരു വിഷയമാണ് ഭരണാധികാരിക്കെതിരിൽ ആയുധവുമായി പുറപ്പെടൽ. മുസ്‌ലിമായ ഒരു ഭരണാധികാരിക്കെതിരിൽ ഒരു കാരണവശാലും പ്രജകൾ ആയുധമെടുക്കാനോ, യുദ്ധത്തിനും കലാപത്തിനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനോ പാടില്ല. വളരെ വ്യക്തമായ നിബന്ധനകളോട് കൂടി ചില സന്നിഗ്ദ്ധ ഘട്ടങ്ങളിൽ മാത്രമേ അത് അനുവദിക്കപ്പെട്ടിട്ടുള്ളൂ. ഭരണാധികാരികൾക്കെതിരെ ആയുധമെടുക്കുന്നതിനെ വിലക്കിക്കൊണ്ട് സ്വഹീഹായ നൂറു കണക്കിന് ഹദീസുകളുണ്ട്. ഇക്കാര്യം, കേരളത്തിലെ തീവ്രവാദ വിരുദ്ധ ജാഥ നയിക്കുന്ന മുസ്‌ലിം മത സംഘടനകൾ പള്ളി മിമ്പറുകളിൽ വെച്ചും,ഖുർആൻ ക്ലാസ്സുകളിൽ വെച്ചും, സമ്മേളനങ്ങളിൽ വെച്ചും മറ്റു വേദികളിൽ വെച്ചും തെളിവുകൾ സഹിതം മുസ്‌ലിം പൊതു ജനത്തെ തെര്യപ്പെടുത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. അതിനു പ്രയത്നിക്കാതെ, പുകമറ കൊണ്ട് പൊതു ബോധത്തെ സ്വാധീനിക്കാനുള്ള ഏതു ശ്രമവും പ്രതീക്ഷിക്കുന്ന ഫലം ഒരിക്കലും പ്രദാനം ചെയ്യില്ല. • • • • • • •
|