തൗഹീദിന്റെ പ്രാധാന്യം
(The Importance of Tawheed) First Published by Basheer Puthur in Sahab Salafiyya blog in August 2015 |
ഭാഗം 1ലോകത്ത് നിയുക്തരായ മുഴുവൻ പ്രവാചകന്മാരും ജനങ്ങളോട് ഏറ്റവും ആദ്യം പറഞ്ഞിരുന്നത് അള്ളാഹുവിനെ മാത്രമേ ഇബാദത്ത് ചെയ്യാൻ പാടുള്ളൂ എന്ന കാര്യമാണ് എന്നതിൽ തർക്കത്തിന് യാതൊരു പഴുതുമില്ല. അള്ളാഹുവാണ് സംരക്ഷകനും സൃഷ്ടാവും നിയന്താവും എന്ന കാര്യത്തിൽ മിക്ക ജന സമൂഹത്തിനും എതിരഭിപ്രായമുണ്ടായിരുന്നില്ല.
ഇസ്‌ലാമിക പ്രബോധനത്തിന് മുന്നിട്ടിറങ്ങുന്നവർ നിർബന്ധമായും അടിസ്ഥാനപരമായ ഈ വിഷയം മനസ്സിലാക്കിയേ തീരൂ. "ജനങ്ങളോട് ആദ്യം പറയേണ്ടത് തൗഹീദ് ആണ്" എന്ന് പറഞ്ഞാൽ ആദ്യത്തെ ഒന്...ന് രണ്ടു പ്രസംഗങ്ങൾ തൗഹീദിനെക്കുറിച്ചും പിന്നെ നാട്ടു നടപ്പനുസരിച്ച് പൊതു സമൂഹത്തിന്റെ ശ്രദ്ധയും സഹതാപവും കിട്ടുന്ന മറ്റു കാര്യങ്ങളിൽ സജീവമാവുകയും ചെയ്യുകയെന്നതല്ല, മറിച്ചു ജനങ്ങളിൽ തൗഹീദിനെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാവുകയും അതിനു അനുസൃതമായ കർമങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നത് വരെ തൗഹീദിൽ തന്നെയാണ് ഊന്നൽ നൽകേണ്ടത്. മാത്രമല്ല, ജനങ്ങൾ തൗഹീദിനെക്കുറിച്ച് എത്രമാത്രം ബോധാവാന്മാരായിരുന്നാലും ഇടക്കിടക്ക് വീണ്ടും വീണ്ടും അവരെ ഓർമിപ്പിക്കുകയും സദാ സമയവും തൗഹീദിന്റെ കാര്യത്തിൽ ജാഗരൂകരായിരിക്കാൻ അവരെ തെര്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ചുരുക്കത്തിൽ ഒരിക്കലും പറഞ്ഞവസാനിപ്പിക്കേണ്ട ഒന്നല്ല തൗഹീദുമായി ബന്ധപ്പെട്ട പഠനങ്ങൾ എന്നർത്ഥം. പക്ഷെ, ഇസ്‌ലാമിക പ്രബോധകർ ഇന്നെവിടെയാണ് എത്തി നിൽക്കുന്നത്? തൗഹീദ് ഒഴികെ മറ്റെല്ലാ മേഖലകളിലും ഇസ്‌ലാമിന്റെ പേരിൽ തന്നെ എല്ലാവരും സജീവമാണ്. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ദഅവത്തിനെ മാതൃകയായി സ്വീകരിക്കാത്ത എല്ലാ ദഅവത്തും വഴികേടും പിഴച്ചതുമാണ്. തൗഹീദ് എന്താണെന്ന് അറിയാത്തവർ തൊട്ട്, 'ലാ ഇലാഹ ഇല്ലള്ളാ' എന്ന കലിമത്തിന്റെ അർത്ഥം അറിയാത്തവരും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവരുമെല്ലാം ഇന്ന് ഇസ്‌ലാമിക പ്രബോധന രംഗത്ത് സജീവമാണ്. അള്ളാഹു എവിടെയാണ് എന്ന് ചോദിച്ചാൽ ഉത്തരമറിയാത്തവർ തൊട്ട് അള്ളാഹുവിനു അവൻ നൽകാത്ത പേരുകൾ നൽകുന്നവർ വരെ പ്രബോധകന്മാരായുള്ള ഒരു സാമൂഹിക പശ്ചാത്തലത്തിൽ തൗഹീദിന്റെ സമഗ്രമായ പഠനം പോലും എത്രമാത്രം അനിവാര്യമാണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, പ്രബോധകർ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അടിസ്ഥാന വിശ്വാസപ്രമാണമായ തൗഹീദ് ഒഴികെ ബാക്കിയെല്ലാ വിഷയങ്ങളും സംസാരിക്കാനും ചർച്ച ചെയ്യാനും ഇവിടെ എമ്പാടും ആളുകളുണ്ടിന്ന്. വ്യഭിചാരം, കളവ്, കൊലപാതകം, മദ്യപാനം, ചൂതാട്ടം, തുടങ്ങി സകല ധാർമിക മൂല്യച്യുതിയേക്കാൾ അപകടകരമായ ശിർക്കിനെക്കുറിച്ചു സംസാരിക്കുന്നവർ എത്ര വിരളം? പലിശക്കും മദ്യപാനത്തിനുമെതിരിൽ കാമ്പൈൻ നടത്തുന്നവരും, ധാർമികാവബോധനത്തിനു വേണ്ടി തൂലികയേന്തുന്നവരും എന്ത് കൊണ്ട് ശിർക്കിനെതിരിൽ മൗനമവലംബിക്കുകയും മാവിലായിക്കാരാവുകയും ചെയ്യുന്നു? എല്ലാവർക്കും വേണ്ടത് പൊതു ജനത്തിന്റെ കയ്യടിയാണ്. അതിനു ഉതകുന്ന രൂപത്തിൽ ദഅവത്തിന്റെ അലകും പിടിയും മാറ്റി വെക്കുന്നവരാണ് പലരും. തൗഹീദിൽ അക്ഷരം പ്രതി ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ദഅവത്തിന്റെ മാതൃക പിന്തുടരുകയാണ് അള്ളാഹുവിൽ നിന്നുള്ള പ്രതിഫലവും മോക്ഷവും ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. ഭാഗം 2
മരണാസന്നനായ യഅഖൂബ് നബി അലൈഹിസ്സലാം തന്റെ മക്കളെയെല്ലാം വിളിച്ചു കൂട്ടി ഒരു ചോദ്യം ചോദിക്കുന്ന കാര്യം അള്ളാഹു ഖുർആനിലൂടെ അറിയിക്കുന്നുണ്ട്. " എനിക്ക് ശേഷം നിങ്ങളെന്തിനെയാണ് ഇബാദത്ത് ചെയ്യുകയെന്നു ചോദിച്ചപ്പോൾ അവരെല്ലാം ഒരേ സ്വരത്തിൽ " ഞങ്ങൾ താങ്കളുടെ ഇലാഹും താങ്കളുടെ പൂർവ്വ പിതാക്കളായ ഇബ്റാഹീം ഇസ്മായീൽ, ഇസ്ഹാഖ് - അലൈഹിസ്സലാം - തുടങ്ങിയവരുടെയും ഇലാഹുമായ ഏക ഇലാഹിനെയാണ് ഇബാദത്ത് ചെയ്യുക, ഞങ്ങൾ അവനു കീഴൊതുങ്ങിയവരാണ്" എന്നാണു പറഞ്ഞത്.
അന്ത്യനിമിഷത്തിൽ പോലു...ം ഒരു പ്രവാചകന്റെ നൊമ്പരം തന്റെ പിൻ ഗാമികൾ ശിർക്കിൽ അകപ്പെടുമോ എന്ന ഭയമായിരുന്നു. നബിയുടെ കൂടെ ബൈഅത്ത് ചെയ്യാൻ വേണ്ടി ഇരുന്ന ഒരു മരം, ജനങ്ങളുടെ വിശ്വാസത്തിനു പോറലേൽപ്പിക്കുമോ എന്ന ഒരു ഭയം കാരണം ഉമർ ബിനുൽ ഖത്താബ് റദിയള്ളാഹു അൻഹു ആളെ വിട്ടു മുറിച്ചു മാറ്റുന്നു. അതിന്റെ വേരു പോലും ചുരണ്ടിയെടുത്ത് നാമാവശേഷമാക്കിയെന്ന് ചരിത്രം. ഭാഗം 3തൗഹീദ് ജനങ്ങളോട് വെട്ടിത്തുറന്ന് പറഞ്ഞ ഒരാൾക്കും പൊതു സമൂഹത്തിൽ കാര്യമായ സ്വീകാര്യതയോ ആദരവോ ലഭിച്ചിട്ടില്ല. ഇബാദത്ത് അള്ളാഹുവിനു മാത്രമേ പാടുള്ളൂ എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആയിരുന്നല്ലോ പ്രവാചകന്മാരെയെല്ലാം അവരുടെ ജനതയുമായി ഏറ്റുമുട്ടലിലേക്ക് നയിച്ചത്. അള്ളാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദത്ത് അവനല്ലാത്തവർക്ക് വക വെച്ച് കൊടുക്കുന്നത് അള്ളാഹു ഒരിക്കലും പൊറുക്കാത്ത മഹാ പാപമായതു കൊണ്ടാണ് വിശ്വാസ വിമലീകരണമാണ് ആദ്യം ഉണ്ടാവേണ്ടതെന്നും ജനങ്ങളോട് മറ്റെന്തു പറയുന്നതിലും മുമ്പേ പറയേണ്ടത് തൗഹീദാണെന്നും പറയുന്നത്. വസ്തുത ഇതായിരിക്കെ, തൗഹീദ് സമഗ്രമായി പഠിക്കുന്നതിലും മനസ്സിലാക്കുന്നതിലും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്നതിലും മുസ്‌ലിം കൈരളി എവിടെയാണ്? മുസ്ലിംകൾക്ക് മതപരമായും സാമൂഹികമായും നേതൃപരമായ പങ്കു വഹിക്കുന്നവരുടെ അവസ്ഥയെന്താണ്? ഈ വിഷയം വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ കിട്ടുന്ന ഉത്തരം ഒരേ സമയം നമ്മെ ആശ്ചര്യപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യും. കേരളത്തിൽ പതിറ്റാണ്ടുകളുടെ മുസ്‌ലിം ബഹു ജന പ്രാധിനിധ്യം കൊണ്ട് പേരു കേട്ട ഒരു സംഘടന, അതിന്റെ കഴിഞ്ഞു പോയ ചരിത്രത്തിലെവിടെയും ഒരിക്കൽ പോലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഹാബത്തിനെ പഠിപ്പിച്ച തൗഹീദ് പറയുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാ എന്നറിയുമ്പോൾ എന്തായിരിക്കും പ്രതികരണം? മാത്രമല്ല, അവർ, ഇക്കാലമത്രയും കൊടിയ ശിർക്കിന്റെ പ്രയോക്താക്കളും പ്രചാകരുമാണെന്നു വരുമ്പോൾ ആ സമൂഹത്തിന്റെ വിശ്വാസപരമായ അവസ്ഥ എന്തുമാത്രം ശോചനീയമായിരിക്കും ? ഇവിടെയാണ്, മദ്യവും, മയക്കുമരുന്നും, വ്യഭിചാരവും, കള്ളക്കടത്തും ഒന്നുമല്ല, മറിച്ചു ശിർക്കൻ വിശ്വാസങ്ങളാണ് നമുക്ക് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബോധ്യപ്പെടുന്നത്. കർമശാസ്ത്ര കാര്യങ്ങളിൽ ഷാഫിഈ മദ്ഹബ് ആണെന്ന് അവകാശപ്പെടുകയും സൂഫിയ്യത്തിൽ ജീവിക്കുകയും അശ്‌അരിയ്യത്തും മാതുരീദിയ്യത്തും വിശ്വാസ സംഹിതയായി കൊണ്ട് നടക്കുകയും അഹ് ലുസ്സുന്നത്തിവൽ ജമാഅ എന്ന് സ്വയം വിളിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു മുക്കൂട്ട് മുന്നണി ! കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ഈയിടെ കൂടുതലായി ചർച്ച ചെയ്യപ്പെട്ട ഹൈന്ദവ ബിംബമായ നില വിളക്ക് വിഷയത്തിൽ പോലും കൃത്യമായ ഒരു നിലപാട് സ്വീകരിക്കാൻ ഇവർക്ക് സാധിച്ചില്ല. ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടു കാരണങ്ങൾ കൊണ്ട് ഒരിക്കലുംനിലവിളക്ക് കൊളുത്താൻ പാടില്ല. ഒന്ന്, അത് അഗ്നിയാരാധനയുമായി ബന്ധപ്പെട്ടതാണ് എന്നത് തന്നെ. അള്ളാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുകയും അവന്റെ മുമ്പിൽ മാത്രം തല കുനിക്കുകയും അവനോടു മാത്രം സഹായം ചോദിക്കുകയും അവനിൽ മാത്രം പ്രതീക്ഷ വെക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്ന ഒരു മുസ്‌ലിമിന്റെ വിശ്വാസത്തിനു പോറലേൽപ്പിക്കുന്നതാണ് അത്. വിഗ്രഹങ്ങൾക്ക് മുമ്പിൽ കുമ്പിടുന്നതിനു തുല്യവുമാണ്; എന്ത് പേരിട്ടു വിളിച്ചാലും. രണ്ടാമതായി, അന്യ മതസ്ഥരുടെ ആരാധനയുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധനാഭാവമില്ലെങ്കിൽ പോലും സ്വീകരിക്കാനോ അനുകരിക്കാനോ പാടില്ല. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ആരെങ്കിലും ഒരു സമൂഹത്തോട് സാദൃശ്യം പുലർത്തിയാൽ അവൻ അവരിൽ പെട്ടവനായി " (വിശദ വിവരണത്തിന് ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയയുടെ اقتضاء الصراط المستقيم എന്ന ഗ്രന്ഥം പരിശോധിക്കുക ) നടേ പറഞ്ഞ സംഘടന തങ്ങളുടെ അണികളെ ശിർക്ക് ബിദ്അത്തുകളിലും ഖുറാഫാത്തിലും തളച്ചിട്ടതല്ലാതെ തൗഹീദും സുന്നത്തും പ്രചരിപ്പിക്കാൻ കാലണയോ ഒരു മുക്കാൽ മണിക്കൂറോ ചെലവാക്കിയതായി ചരിത്രത്തിലെവിടെയുമില്ല. ഇനി വേറൊരു കൂട്ടരുണ്ട്, "ലാ ഇലാഹ ഇല്ലള്ളാ" എന്ന് പറഞ്ഞാൽ അതിന്റെ പ്രധാനപ്പെട്ട യഥാർത്ഥ അർത്ഥമായ "അള്ളാഹുവല്ലാതെ ഇബാദത്തിനു അർഹനായി മറ്റാരുമില്ല " എന്ന അർത്ഥം മാത്രം അവർക്കറിയില്ല. അവർക്കാകെ അറിയുന്നതോ " അള്ളാഹുവല്ലാതെ വിധി നടത്താൻ ആരുമില്ല "യെന്ന അർത്ഥം മാത്രം. ഇസ്‌ലാമിന് അന്യമായ രാഷ്ട്രീയ വ്യാഖ്യാനം നൽകി, രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നിക്കൊണ്ട് അവർ മുന്നോട്ടു പോകുന്നു. "ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ മർമമായ തൗഹീദുൽ ഉലൂഹിയ്യ അവർ സൗകര്യപൂർവ്വം മറക്കുകയും ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കുകയും ചെയ്യുന്നു/ചെയ്തു കൊണ്ടിരിക്കുന്നു. തൗഹീദും സുന്നത്തും ജനങ്ങളിൽ ദഅവത്തു നടത്താൻ വേണ്ടി മാത്രം രൂപീകൃതമായ വേറെ ഒരു പ്രസ്ഥാനമുണ്ട്. കടലാസിലും നോട്ടിസ് ബോർഡിലുമൊക്കെ അവിടെവിടെയായി തൗഹീദ് സുന്നത്ത് എന്നൊക്കെ എഴുതി വെച്ചതൊഴിച്ചാൽ വസ്തുനിഷ്ഠവും കൃത്യവും സമഗ്രവുമായി അവർ തൗഹീദ് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇടക്കാലത്ത് വാദവും പ്രതിവാദവുമായി ഭിന്നിച്ചു കഷ്ണം കഷ്ണമായി എന്നതല്ലാതെ ഒരു കഷ്ണവും ദഅവത്തിൽ നബിസ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ മാർഗം സ്വീകരിക്കുകയോ സുന്നത്ത് പിന്തുടരുകയോ ചെയ്തില്ലായെന്നതാണ് വാസ്തവം. ഈ പ്രസ്ഥാനത്തിൽ നിന്ന് അടർന്നു പോയ മറ്റൊരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയെപ്പോലും കടത്തി വെട്ടി പൊതു സമൂഹത്തിന്റെ പരമാവധി കയ്യടി വാങ്ങാൻ മത്സരിക്കുന്ന കാഴ്ച ലജ്ജിപ്പിക്കുന്നത് തന്നെ. തൗഹീദും സുന്നത്തും പറയുന്നത് പോയിട്ട്, ഒരു ശരാശരി മുസ്‌ലിമിന്റെ നെറ്റി ചുളിയുമാറ് പൈങ്കിളി സാഹിത്യ വിനോദ മേഖലകളിൽ അഭിരമിക്കുന്ന ഒരു യുവതയെ വാർത്തെടുക്കാനുള്ള ചെപ്പടിവിദ്യകകളാണ് അതിന്റെ അണിയറയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക ദഅവത്തിന്റെ അടിസ്ഥാന മൂലകങ്ങൾ വിസ്മരിക്കുകയും അനാഥമാക്കപ്പെടുകയും ഒരു സമൂഹത്തിന്റെ മാനവ-വിഭവ ശേഷിയുടെ മുഖ്യ പങ്കും കാര്യമായ പരിഗണന നൽകപ്പെടേണ്ടതില്ലാത്ത പൊതു മേഖലകളിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന ദുരന്തമെന്തെന്നു ബോധ്യപ്പെടണമെങ്കിൽ ഇസ്‌ലാമിനെക്കുറിച്ചും ദഅവത്തിനെക്കുറിച്ചും സൂക്ഷ്മമായ അറിവ് അനിവാര്യമാണ്. ഭാഗം 4തൗഹീദിനു പോറലേൽപ്പിക്കാൻ വളരെക്കൂടുതൽ സാധ്യതയുള്ള ഒരു വിഷയമാണ് ഖബറുകളുമായി ബന്ധപ്പെട്ടുള്ളത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്റെ ഖബറിനെ നിങ്ങൾ ആഘോഷ കേന്ദ്രങ്ങളാക്കരുത്."
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മരണാസന്നനായി കിടക്കുന്ന സന്ദർഭം. ഇടയ്ക്കു ബോധം മറഞ്ഞു കൊണ്ടിരിക്കുന്നു. അതിനിടയിൽ അവിടുന്ന് പറഞ്ഞു " യഹൂദികളേയും നസ്വാറാക്കളെയും അള്ളാഹു ശപിച്ചിരിക്കുന്നു. കാരണം, അവർ അവരുടെ അമ്പിയാക്കളുടെ ഖബറുകൾ ആരാധനാകേന്ദ്രങ്ങളാക്കി." ... മറ്റൊരിക്കൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു" അമ്പിയാക്കളുടെ ഖബറുകൾ പള്ളികളാക്കുക നിമിത്തം ജൂതന്മാരെ അള്ളാഹു ശപിച്ചിരിക്കുന്നു." ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം ഇബ്നു ഹജർ റഹിമഹുള്ളാ ഖബറിനു മേൽ പള്ളിയുണ്ടാക്കുന്നത് ഹറാമാണ് എന്ന് പറഞ്ഞതായി കാണാം. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " ജനങ്ങളിൽ ഏറ്റവും ദുഷിച്ചവർ അന്ത്യ നാളിൽ ജീവിച്ചിരിക്കുന്നവരും, ഖബറുകൾ പള്ളികളാക്കിയവരുമാണ്". നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിങ്ങൾ ഖബറുകളിലേക്ക് തിരിഞ്ഞു നമസ്കരിക്കരുത്, ഖബറിനു മുകളിൽ ഇരിക്കുകയും ചെയ്യരുത്." ഖബറുകൾക്ക് മുകളിൽ പള്ളിയുണ്ടാക്കാൻ പാടില്ല എന്നതിന് മുസ്‌ലിം ലോകത്ത് ഇജ്മാഉ സംഭവിച്ചിട്ടുണ്ട്. പള്ളികൾക്ക് മുൻ വശത്തോ പിറകിലോ ആണെങ്കിൽ പോലും ആ പള്ളികളിൽ വെച്ച് നമസ്കാരം നിർവ്വഹിക്കാൻ പാടില്ല. (വിശദ വായനക്ക് ഷെയ്ഖ് അൽബാനിയുടെ 'തഹ് ദീറുസാജിദ്' എന്ന ഗ്രന്ഥം പരിശോധിക്കുക ) പക്ഷെ, കേരളത്തിന്റെ പല സ്ഥലങ്ങളിലുമുള്ള, പ്രത്യേകിച്ച് പഴയ പള്ളികളിൽ പലതിലും മുൻ വശത്തോ വശങ്ങളിളുമോ പിൻ വശത്തോ ആയി ഒന്നോ അതിലധികുമോ ഖബറുകൾ കാണാമെന്നതാണ് ദുഃഖകരമായ വസ്തുത. ഇതിൽ ഏറെ ആശ്ചര്യകരമായ കാര്യം തൗഹീദും സുന്നത്തും അവകാശപ്പെടുന്നവരടക്കം എല്ലാ ഗ്രൂപ്പുകാരുടെയും പള്ളികൾ ഉണ്ട് എന്നതാണ്. എന്നാൽ അതിനേക്കാൾ ആശ്ചര്യകരം, ഇക്കാര്യം ചൂണ്ടിക്കാണിച്ചാൽ പോലും അത് ഉൾക്കൊള്ളാനും സ്വീകരിക്കാനും ഈ പ്രസ്ഥാന തമ്പുരാക്കന്മാർക്ക് അവരുടെ അഹങ്കാരം അനുവദിക്കാറില്ലായെന്നതാണ്. ചുരുക്കത്തിൽ, തൗഹീദും സുന്നത്തുമൊക്കെ കേവലം ആലങ്കാരികമായ ചില പദങ്ങൾ എന്നതിൽ കവിഞ്ഞു വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാത്ത ആദർശമായി പലരും ഉൾക്കൊണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. • • • • • • •
|