ഇഖ് വാനുൽ മുസ്‌ലിമൂൻ - അകവും പുറവും
First Published by Basheer Puthur March 2019 |
ഭാഗം 1ഇഖ് വാനുൽ മുസ്‌ലിമൂൻ എന്ന് അറബിയിലും ( മുസ്‌ലിം സഹോദരങ്ങൾ ) മുസ്‌ലിം ബ്രദർ ഹുഡ് എന്ന് ആംഗലേയത്തിലും അറിയപ്പെടുന്ന 'മുസ്‌ലിം രാഷ്ട്രീയ സംഘടന' കേൾപ്പിച്ചത്ര ദുഷ്‌പേര് അറബ് ലോകത്തു മറ്റൊരു സംഘടനയും കേൾപ്പിച്ചിട്ടില്ല.
1928 -ഇൽ ഹസനുൽ ബന്ന ഈജിപ്തിൽ രൂപം നൽകിയ ഈ സംഘടന അറബ് നാടുകളിൽ പെട്ടെന്ന് തന്നെ വളർച്ച പ്രാപിക്കുകയും മുസ്‌ലിംകളുടെ ദൈനംദിന മേഖലകളിലെല്ലാം കടന്ന് കയറി മേൽക്കോയ്മ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. ജനഹൃദയങ്ങളിൽ സ്വാധീനമുറപ്പിക്കാൻ തക്ക കൗശലവും രീതിയും കൈമുതലാക്കിയ അതിന്റെ നേതൃ വൃത്തം എപ്പോഴും ഭരണ സിരാ കേന്ദ്രങ്ങളിലേക്ക് ഒരു കണ്ണ് തുറന്നു വെക്കുകയും ഭരണാധികാരികളുമായി ശീതസമരം നിലനിർത്തുകയും ചെയ്തു. ഈജിപ്ത് പ്രസിഡണ്ടായിരുന്ന ജമാൽ അബ്ദുന്നാസറുമായി നിരന്തരമായുണ്ടായ രാഷ്ട്രീയ കലഹങ്ങൾ ഇഖ് വാനികളുടെ പല തലമുതിർന്ന നേതാക്കളെയും അഴികൾക്കുള്ളിലാക്കി. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു പേരാണ് സയ്യിദ് ഖുതുബ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്ന രീതി എക്കാലത്തുമുണ്ടായിട്ടുണ്ട്. അതിൽ ആധുനിക ലോകത്ത് രാഷ്ട്രീയമായി മുതലെടുക്കാൻ ഇസ്‌ലാമിനെ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്ത ഒരു സംഘടനനയാണ് ഇഖ് വാനുൽ മുസ്‌ലിമൂൻ. പുറമെ, ആരെയും - വിശിഷ്യാ പൊതുജനങ്ങളെ ആകർഷിക്കാൻ പറ്റിയ രൂപത്തിൽ തേച്ചു മിനുക്കിയ മുഖവും ആകർഷകമായ ശരീരഭാഷയും ഇഖ് വാനികളുടെ മുഖ മുദ്രയായിരുന്നു. സാമൂഹിക പ്രതിബദ്ധതയും നവോഥാന ചിന്തയും പരിഷ്കാര രീതികളും അവർ പുറത്തു കാണിച്ചു. സത്യത്തിൽ സാധാരണ ഗതിയിൽ പ്രകടമാക്കാത്ത മറ്റൊരു മുഖവും രൂപവും ഇഖ് വാനുൽ മുസ്ലിമൂനിനുണ്ട്. ബാഹ്യമായ ആകർഷകമായ മുഖം കണ്ട് അവരുടെ കപട വാഗ്ദാനങ്ങളിൽ മുസ്‌ലിം ലോകത്തുള്ള നല്ലൊരു ശതമാനം ചെറുപ്പക്കാരും ഇഖ് വാനുൽ മുസ്‌ലിമൂനിൽ ആകൃഷ്ടരായി എന്നത് വസ്തുതയാണ്. ഇക്കാരണത്താൽ തന്നെ ലോകത്തിന്റെ പല ഭാഗത്തും ഇഖ് വാനുൽ മുസ്‌ലിമൂൻ സൽപ്പേരും സ്വാധീനവുമുണ്ടായി. അതെ സമയം തന്നെ തങ്ങളുടെ അജണ്ട നടപ്പാക്കാൻ വ്യക്തമായ ആസൂത്രണത്തോടെ ഉള്ളിൽ നിന്ന് കൊണ്ട് തന്നെ അവർ അവിശ്രമം പണിയെടുത്തു. ഭാഗം 2
മുസ്‌ലിം ലോകത്ത്, വിശിഷ്യാ ഈജിപ്തിൽ മുസ്‌ലിം പൊതു ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട ഇഖ് വാനുൽ മുസ്‌ലിമൂൻ ഒരിക്കലും അവരുടെ മതപരമായ വിശ്വാസ വൈകല്യങ്ങളിലേക്ക് വിരൽ ചൂണ്ടാനോ അവരിലെ ശിർക്ക് ബിദ്‌അത്തുകളെ തുറന്നെതിർത്തു കൊണ്ട് തൗഹീദിന്റെ വെളിച്ചം കടത്തി വിടാനോ യാതൊരു പ്രയത്‌നവും നടത്തിയില്ല. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ തിരു ചര്യ പിന്തുടർന്ന് കൊണ്ട് വിശ്വാസ വിമലീകരണത്തിന് പ്രഥമ പരിഗണന നൽകി മുസ്‌ലിം സമൂഹത്തെ സമുദ്ധരിക്കുന്നതിന് പകരം രാഷ്ട്രീയമായ മുതലെടുപ്പുകൾ നടത്താൻ ഇസ്‌ലാമിനെ അതി വിദഗ്ദ്ധമായി അവർ ഉപയോഗിച്ചു. ഇസ്‌ലാമിക ശരീഅത് നടപ്പാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത് ഭരണസിരാകേന്ദ്രങ്ങളിൽ അവരുടെ ദ്രംഷ്ട്രങ്ങൾ പതിപ്പിക്കാൻ പൊതു ജന സപ്പോർട്ട് ലഭിക്കാനുള്ള തന്ത്രം മാത്രമായിരുന്നു.
യഥാർത്ഥത്തിൽ, ഇഖ് വാനുൽ മുസ്ലിമിൻറെ നേതാക്കളായ ഹസനുൽ ബന്നയോ സയ്യിദ് ഖുത്ബോ അത് പോലെ നേതൃരംഗത്തു വിരാജിച്ചവരോ മതപരമായ വിഷയങ്ങളിൽ വ്യുൽപത്തി നേടിയവരായിരുന്നില്ല. അത് കൊണ്ട് തന്നെ അവരുടെ രചനകളിലും നിലപാടുകളിലും അതീവ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു. അതിനു പുറമെ മതപരമായ ഒരു നവോദ്ധാനമോ ആ നിലക്കുള്ള പരിവർത്തനമോ ഒരിക്കലും ഇഖ് വാനുൽ മുസ്‌ലിമൂന്റെ ലക്ഷ്യമായിരുന്നില്ല. ഇഖ് വാനുൽ മുസ്ലിമൂന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമായിരുന്നു. അതിന് വേണ്ടി ഏതെല്ലാം തറ വേലകൾ ചെയ്യാൻ പറ്റുമോ അതെല്ലാം അവർ ചെയ്തിട്ടുണ്ട് എന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ആധുനിക മുസ്‌ലിം ലോകത്ത് ഖവാരിജീ ചിന്തകൾക്കു പുതു ജീവൻ നൽകുന്നതിൽ സയ്യിദ് ഖുതുബും ഇഖ് വാനുൽ മുസ്‌ലിമൂനും അദ്വിതീയമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഏതാണ്ട് കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ ലിബിയ, സിറിയ, ഇറാഖ്, ഈജിപ്ത്, അൾജീരിയ, തുണീഷ്യ, യമൻ തുടങ്ങിയ മുസ്‌ലിം നാടുകളിൽ ചിന്തപ്പെട്ട നിരപരാധികളായ മുസ്‌ലിംകളുടെ രക്തത്തിന്റെ ഒരു വിഹിതം ഇഖ് വാനിനു അവകാശപ്പെട്ടതാണ്. ഒരു മുസ്ലിമിന്റെ രക്തം അന്യായമായി ചിന്തപ്പെടുന്നത് കഅബ പൊളിക്കുന്നതിനേക്കാൾ ഗുരുതരമാണെന്ന മറക്കാതിരിക്കുക. ഭാഗം 3ഇഖ് വാനുൽ മുസ്‌ലിമൂൻ, അതിന്റെ പ്രവർത്തനത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചത് ഭരണാധികാരം കൈപ്പിടിയിലൊതുക്കാൻ വേണ്ടി മാത്രമായിരുന്നു. ഖുർആനും സുന്നത്തും അനുസരിച്ചുള്ള നിലപാടുകളോ അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന നീക്കങ്ങളോ അവരുടെ ഭാഗത്തു നിന്ന് ഒരിക്കലും കാര്യമായി ഉണ്ടായില്ല.
എന്ന് മാത്രമല്ല, ഭരണാധികാരികളുമായി ഒരു മുസ്‌ലിമിന് ഉണ്ടായിരിക്കേണ്ട നിലപാടിന് എതിരായിരുന്നു എന്നും ഇഖ് വാനുൽ മുസ്‌ലിമൂന്റെ നിലപാടുകൾ. മുസ്‌ലിംകളുടെ ഭരണാധികാരികളോട് മുസ്‌ലിംകളായ പ്രജകൾക്ക് ഉണ്ടായിരിക്കേണ്ട നിലപാടും സമീപനങ്ങളും എന്തായിരിക്കണമെന്നും അവരോട് എങ്ങിനെയാണ് വർത്തിക്കേണ്ടതെന്നും വ്യക്തമാക്കുന്ന നൂറു കണക്കിന് സ്വഹീഹായ ഹദീസുകൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ രിവായത് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലേക്ക് വ്യക്തമായി വെളിച്ചം വീശുന്ന ഏതാനും ഹദീസുകൾ താഴെ;- ഒന്ന് - يا أيها الذين آمنوا أطيعوا الله وأطيعوا الرسول وأولي الأمر منك
സത്യ വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ റസൂലിനേയും, നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളെയും(ഭരണാധികാരികൾ) അനുസരിക്കുക.
രണ്ടു- «اسْمَعُوا وَأَطِيعُوا وَإِنْ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ كَأَنَّ رَأْسَهُ زَبِيبَةٌ» رواه البخار
നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. ഉണങ്ങിയ മുന്തിരി പോലെ തലമുടിയുള്ള ഒരു എത്യോപ്യൻ അടിമയാണ് നിങ്ങളുടെ മേൽ അധികാരസ്ഥനായി വരുന്നതെങ്കിൽ പോലും!
മൂന്നു- سَأَلَ سَلَمَةُ بْنُ يَزِيدَ الْجُعْفِيُّ رَسُولَ اللهِ فَقَالَ: يَا نَبِيَّ اللهِ أَرَأَيْتَ إِنْ قَامَتْ عَلَيْنَا أُمَرَاءُ يَسْأَلُونَا حَقَّهُمْ وَيَمْنَعُونَا حَقَّنَا فَمَا تَأْمُرُنَا. فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ، فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ فِي الثَّانِيَةِ أَوْ فِي الثَّالِثَةِ، فَجَذَبَهُ الْأَشْعَثُ بْنُ قَيْسٍ فَقَالَ رَسُولُ اللهِ صلى الله عليه وسلم
"اسْمَعُوا وَأَطِيعُوا، فَإِنَّمَا عَلَيْهِمْ مَا حُمِّلُوا وَعَلَيْكُمْ مَا حُمِّلْتُمْ” സലമതു ബിൻ യസീദ് അൽ ജുഹഫീ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോടു ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഭരണാധികാരികൾ അവരുടെ അവകാശങ്ങൾ ഞങ്ങളിൽ നിന്ന് ചോദിച്ചു വാങ്ങുകയും, അവരിൽ നിന്ന് ഞങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? അദ്ദേഹം (നബി) അതിൽ നിന്ന് മുഖം തിരിച്ചു കളഞ്ഞു.(ആ ചോദ്യത്തോടുള്ള അനിഷ്ടം കാരണം) വീണ്ടും അദ്ദേഹം ചോദിച്ചു വീണ്ടും നബി മുഖം തിരിച്ചു. രണ്ടാം തവണയോ മൂന്നാം തവണയോ ചോദിച്ചപ്പോൾ അഷ്അത് ബിന് ഖൈസ് അദ്ധേഹത്തെ (ചോദ്യ കർത്താവിനെ) പിടിച്ചു വലിച്ചു. അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " നിങ്ങൾ കേള്ക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. അവരോടു (ഭരണാധികാരികളോട്) ഏൽപിക്കപ്പെട്ടത് അവരിൽ ഉണ്ട്. നിങ്ങളിൽ ഏൽപിക്കപ്പെട്ടത് നിങ്ങളിലും. (അതായത് ഭരണാധികാരികളുടെ ചുമതലയെക്കുരിച്ചും ഉത്തരവാതത്തെക്കുറിച്ചും ഭരണാധികാരികളോടും , ഭരണീയരുടെ ബാധ്യതയും കടമകളെയും സംബന്ധിച്ച് പ്രജകളോടും അല്ലാഹു ചോദിക്കുമെന്ന്)
നാല്- وقال رسول الله صلى الله عليه وسلم لحذيفة بن اليمان "تَسْمَعُ وَتُطِيعُ لِلْأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ» رواه مسلم
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഹുദൈഫ രദിയല്ലാഹു അന്ഹുവിനോട് പറഞ്ഞു. " അമീറിനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിന്റെ മുതുകിൽ അടിച്ചാലും, നിന്റെ ധനം കൊള്ളയടിച്ചാലും, നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.
അഞ്ചു- "إِنَّهُ يُسْتَعْمَلُ عَلَيْكُمْ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ، فَمَنْ كَرِهَ فَقَدْ بَرِئَ وَمَنْ أَنْكَرَ فَقَدْ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ»قَالُوا: يَا رَسُولَ اللهِ، أَلَا نُقَاتِلُهُمْ؟ قَالَ «لَا مَا صَلَّوْا» أَيْ مَنْ كَرِهَ بِقَلْبِهِ وَأَنْكَرَ بِقَلْبِهِ. رواه مسلم
നിശ്ചയം, ചില ആളുകൾ നിങ്ങളിൽ ഭരണാധികാരികൾ ആയി വരും. നിങ്ങൾ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും അവരിൽ ഉണ്ടാകും. അപ്പോൾ, ആര് ( തിന്മയെ) (മനസ്സ് കൊണ്ട്) വെറുത്തോ, അവൻ ഒഴിവായി (അതിന്റെ പാപ ഭാരത്തിൽ നിന്ന്) ആര് അനിഷ്ടം കാണിച്ചോ (മനസ്സ് കൊണ്ട്) അവൻ സുരക്ഷിതനായി. എന്നാൽ ആരാണോ അതിനോട് തൃപ്തി കാണിക്കുകയും അതിനെ പിന്തുടരുകയും ചെയ്തത് (അവനു അതിന്റെ പാപഭാരമുണ്ട്)
അവർ ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഞങ്ങൾ അവരോടു (അത്തരം ഭരണാധികാരികളോട് ) യുദ്ധം ചെയ്യട്ടെയോ? നബി പറഞ്ഞു " പാടില്ല, അവർ നമസ്കാരം നിലനിർത്തുന്ന കാലത്തോളം" ! (അതായത് മനസ് കൊണ്ട് വെറുക്കുകയും മനസ് കൊണ്ട് അനിഷ്ടം കാണിക്കുകയും ചെയ്തവന്) ആറു- وعن عُبَادَةَ بْنِ الصَّامِتِ قَالَ: دَعَانَا النَّبِيُّ صلى الله عليه وسلم فَبَايَعْنَاهُ، فَقَالَ فِيمَا أَخَذَ عَلَيْنَا أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ فِي مَنْشَطِنَا وَمَكْرَهِنَا وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا، وَأَنْ لَا نُنَازِعَ الْأَمْرَ أَهْلَهُ، إِلَّا أَنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنْ اللهِ فِيهِ بُرْهَانٌ» رواه البخاري ومسلم
ഉബാദതു ബിന് സ്വാമിത് രദിയല്ലാഹു അന്ഹുവിൽ നിന്ന്, അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഞങ്ങളെ ക്ഷണിക്കുകയും ഞങ്ങൾ ബൈഅത്തു ചെയ്യുകയും ചെയ്തു. ഞങ്ങൾ ബൈഅത്തു ചെയ്തവയിൽ പെട്ടതാണ് സന്തോഷാവസരത്തിലും ദുഖത്തിലും, ഞെരുക്കത്തിലും അല്ലാത്തപ്പോഴും, ഞങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്താലും (ഭരണാധികാരികളെ) കേള്ക്കുകയും അനുസരിക്കുകയും ചെയ്യുമെന്നതും. (ഭരണ)കാര്യത്തിൽ അതിന്റെ അവകാശികളുമായി വക്കാണം നടത്തില്ല എന്നതും അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവോടു കൂടി, അവരിൽ പ്രകടമായ നിഷേധം (വ്യാഖ്യാനത്തിനു ഒരു പഴുതുമില്ലാത്ത വിധത്തിൽ) കണ്ടാലല്ലാതെ. (അതു തന്നെ നിബന്ധനകൾക്ക് വിധേയമാണ്. ഭരണാധികാരി വ്യക്തമായ കുഫ്റിൽ അകപ്പെട്ടു എന്ന കാര്യം അവിതർക്കിതമായി തെളിയണം. അത് അഹ്ലുസ്സുന്നയുടെ അക്കാലത്ത് ജീവിക്കുന്ന കിബാറുകളായ ഉലമാക്കൾ സ്ഥിരീകരിക്കണം. കാഫിറായ ഭരണാധികാരിക്ക് ഉള്ളത് പോലെയോ അതിൽ കൂടുതലോ ആയ നിലക്കുള്ള സന്നാഹവും ശക്തിയും കഴിവും ഉണ്ടായിരിക്കണം. വ്യക്തമായ നേതൃത്വം ഉണ്ടാവണം etc )
ഇതല്ലാതെ വേറെയും ഒരുപാടൊരുപാട് ഹദീസുകൾ ഈ വിഷയത്തിൽ സ്വഹീഹായി വന്നിട്ടുണ്ട്. ഇത്തരം സുവ്യകതമായ ഹദീസുകളുടെ അടിസ്ഥാനമാക്കിയായിരുന്നു സലഫുകൾ ഈ വിഷയത്തിൽ അമല് ചെയ്തത്. ഭരണാധികാരികൾ തെമ്മാടികളും ധിക്കാരികളും സുഖലോലുപരും പ്രജാ വൽസലരല്ലാത്തവരും തന്നിഷ്ടക്കാരും, സ്വാർഥരും, അതിക്രമാകാരികളും ആയാലും, അവരെ അനുസരിക്കുകയും, അവർക്കെതിരിൽ പടപ്പുറപ്പാട് നടത്താതിരിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ കല്പന. എന്നാൽ ആധുനിക ഖവാരിജുകളും അവരുടെ വാലുകളായി ആടുന്ന ആളുകളും ഈ നിര്ദേശം അന്ഗീകരിക്കാത്തവരോ സ്വീകരിക്കാത്തവരോ ആണ്. ഭാരാണധികാരികൾ നീചന്മാരും നികൃഷ്ടരുമായ ആളുകളായാൽ പോലും അവർക്കെതിരിൽ ആയുധമെടുത്തോ അല്ലാതെയോ പടപ്പുറപ്പാട് നടത്താൻ പാടില്ലെന്ന് അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ അരികിൽ ഇജ്മാഉ ആയ കാര്യമാണ്. ഇമാം അഹ്‌മദ് റഹിമഹുള്ളാ തന്റെ ഉസൂലുസ്സുന്നയിൽ പറയുന്നു ولا يحل قتال السلطان والخروج عليه لأحد من الناس فمن فعل ذلك فهو مبتدع على غير السنة والطريق
"ഭരണാധികാരിയോട് യുദ്ധം ചെയ്യുകയോ അദ്ദേഹത്തിനെതിരിൽ പടപ്പുറപ്പാട് നടത്തുകയോ ചെയ്യാൻ ഒരാൾക്കും അനുവദിക്കപ്പെട്ട കാര്യമല്ല. ആരെങ്കിലും അങ്ങിനെ ചെയ്യുന്ന പക്ഷം സുന്നത്തിൽ നിന്നും യഥാർത്ഥ മാർഗത്തിൽ നിന്നും പിഴച്ച ബിദ്‌അത്തുകാരനാണ് "
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ റഹിമഹുള്ളാ തന്റെ ഫതാവയിൽ പറയുന്നു. قال شيخ الإسلام ابن تيمية رحمه الله: ( وأما أهل العِلم والدين والفضل فلا يرخصون لأحد فيما نهى الله عنه من معصية ولاة الأمور وغشهم والخروج عليهم بوجه من الوجوه، كما قد عُرف من عادات أهل السُنة والدين قديماً وحديثاً، ومن سيرة غيرهم ). مجموع الفتاوى 35/12
ദീനും ഇൽമുമുള്ള ആളുകൾ, അള്ളാഹു വിലക്കിയ അധർമ്മങ്ങൾ പ്രവർത്തിക്കുന്ന ഭരണാധികാരികൾക്കെതിരിൽ ഏതെങ്കിലും വിധത്തിൽ പടപ്പുറപ്പാട് നടത്താനോ വഞ്ചന കാണിക്കാനോ ആർക്കും അനുവാദം നൽകുന്നില്ല. ഇക്കാര്യം അഹ്‌ലുസ്സുന്നത്തിന്റെ ആദ്യ കാലത്തും അതിനു ശേഷമുള്ളവരുമായ ആളുകളിൽ നിന്നും അവരല്ലാത്തവരിൽ അറിയപ്പെട്ടതാണ്."
ഇമാം ഇബ്നു ഹജർ റഹിമഹുള്ളാ ഫത്ഹുൽ ബാരിയിൽ പറയുന്നു. قال الحافظ ابن حجر رحمه الله: قال ابن بطال: ( وقد أجمع الفقهاء على وجوب طاعة السلطان المتغلب، والجهاد معه، وأن طاعته خير من الخروج عليه، لما في ذلك من حقن للدماء، وتسكين الدهماء ). فتح الباري 13/7
ഇബ്‌നു ബത്വാൽ പറയുന്നു.
ആധിപത്യമുറപ്പിച്ച ഭരണാധികാരിയെ അനുസരിക്കുകയും അദ്ദേഹത്തോടൊപ്പം ജിഹാദ് ചെയ്യണമെന്നതിലും ഫുഖഹാക്കളുടെ ഇജ്മാഉ ഉണ്ടായിട്ടുണ്ട്. അതിക്രമം ലഘൂകരിക്കാനും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും വേണ്ടി. അദ്ദേഹത്തെ അനുസരിക്കുന്നതാണ് ഖുറൂജ് നടത്തുന്നതിനേക്കാൾ ഉത്തമമായിട്ടുള്ളത്. ഇമാം നവവി റഹിമഹുള്ളാ ശറഹു മുസ്‌ലിമിൽ പറയുന്നു. قال النووي رحمه الله: ( أجمع العلماء على وجوب طاعة الأمراء في غير معصية ). شرح مسلم-12/22
ഭരണാധികാരികളെ അധർമങ്ങളിൽ ഒഴികെ അനുസരിക്കൽ വാജിബാണ് എന്ന കാര്യത്തിൽ ഉലമാക്കൾ ഏകോപിച്ചിട്ടുണ്ട്."
അബുൽ ഹസനുൽ അശ്അരീ റഹിമഹുള്ളാ പറയുന്നു. قال أبو الحسن الأشعري رحمه الله، في رسالته إلى أهل الثغر ص296: ( وأجمعوا – أي العلماء – على السمع والطاعة لأئمة المسلمين )
മുസ്‌ലിം ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന കാര്യത്തിൽ ഉലമാക്കളുടെ ഇജ്മാഉ ഉണ്ടായിട്ടുണ്ട്.
ശൈഖുൽ ഇസ്‌ലാം റഹിമഹുള്ളാ പറയുന്നു قال ابن تيمية رحمه الله: ( الصبر على جور الأئمة أصل من أصول أهل السُنة والجماعة ) الفتاوى 28/17
ഭരണാധികാരികളുടെ അതിക്രമങ്ങളിൽ ക്ഷമ അവലഭിക്കുകയെന്നത് അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിൽപെട്ടതാണ്."
ഇമാം ത്വഹാവി റഹിമഹുള്ളാ പറയുന്നു. قال الإمام الطحاوي ولا نرى الخروج على أئمتنا وولاة أمورنا ، وإن جاروا ، ولا ندعوا عليهم ، ولا ننزع يداً من طاعتهم ، ونرى طاعتهم من طاعة الله عز وجل فريضة ، ما لم يأمروا بمعصية ، وندعو لهم بالصلاح والمعافاة)
അതിക്രമകാരികളായാൽ പോലും ഭരണാധികാരികൾക്കെതിരിൽ പടപ്പുറപ്പാട് നടത്താനും അവർക്കെതിരിൽ ദുആ ചെയ്യാനും അനുസരണ പ്രതിജ്ഞ ലംഘിക്കാനും പാടില്ലെന്നാണ് നമ്മുടെ അഭിപ്രായം.
ഇതുപോലെ പൗരാണികരും ആധുനികരുമായ പ്രാമാണികരായ അഹ്‌ലുസ്സുന്നത്തിന്റെ അസംഖ്യം ഉലമാക്കളുടെ വാക്കുകൾ അവരുടെ വിവിധങ്ങളായ ഗ്രന്ഥങ്ങളിൽ നിറഞ്ഞു കവിഞ്ഞു കിടക്കുന്നു. ഭരണാധികാരികൾക്കെതിരിൽ പുറപ്പാട് നടത്താൻ പാടില്ലെന്ന നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വ്യക്തമായ വിലക്കും അഹ്‌ലുസ്സുന്നയുടെ ഇജ്മാഉം കാറ്റിൽ പറത്തിയാണ് ഇഖ് വാനുൽ മുസ്‌ലിമൂനും അതിന്റെ തുടർച്ചക്കാരായ ജമാഅത്തെ ഇസ്‌ലാമിയും അവരുടെ ആദർശാടിത്തറ പടുത്തുയർത്തിയത്. ഭാഗം 4ഒരു നാട്ടിൽ അധികാരത്തിലിരിക്കുന്ന ഭരണാധികാരി എത്ര മാത്രം ദുഷ്ടനും തെമ്മാടിയും തന്നിഷ്ടക്കാരനും സ്വാർത്ഥനുമായാൽ പോലും പൊതു ജനങ്ങൾ അദ്ദേഹത്തിനെതിരിൽ ആയുധമെടുക്കുകയോ ജനങ്ങളെ പ്രകോപിതരാക്കി പടപ്പുറപ്പാടിന് ആഹ്വാനം ചെയ്യുകയോ ചെയ്യാൻ പാടില്ലെന്നാണ് ഇസ്‌ലാമിന്റെ കൽപന. ഈ നിലപാടിൽ തന്നെയായിരുന്നു സലഫുകൾ ഏകാഭിപ്രായത്തോടെ നില കൊണ്ടത്.
എന്നാൽ ഇഖ് വാനുൽ മുസ്‌ലിമൂന്റെ കടന്നു കയറ്റവും അധികാരക്കൊതിയും മുസ്‌ലിം പൊതുസമൂഹത്തിന്റെ സമാധാന ജീവിതാന്തരീക്ഷം വഷളാക്കുകയും ഭരണാധികാരികളുമായി നിരന്തരം കൊമ്പ് കോർക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമാവുകയും ചെയ്തു. ഇഖ് വാനുൽ മുസ്‌ലിമൂന്റെ പേറ്റില്ലവും പോറ്റില്ലവുമായ ഈജിപ്തിൽ അതിന്റെ പ്രാരംഭ ദശയിൽ തന്നെ സായുധ വിപ്ലവത്തിന്റെയും ഭരണാധികാരികളോടുള്ള പോരാട്ടത്തിന്റെയും രക്ത രൂക്ഷിതമായ അദ്ധ്യായം അവർ തുന്നിച്ചേർത്തു. ഇക്കാര്യം സയ്യിദ് ഖുതുബ് തന്നെ "അവരെന്തിനെന്നെ തൂക്കിലേറ്റി" എന്ന ഗ്രന്ഥത്തിൽ പറയുന്നു. "ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനോ നിലവിലെ വ്യവസ്ഥിതിയെ മാറ്റാനോ ബലപ്രയോഗം നടത്തേണ്ടതില്ല എന്ന നിലപാടിൽ ഞങ്ങളെത്തിച്ചേർന്നിരുന്നു. എന്നാൽ അതെ സമയം ഇങ്ങോട്ട് ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കണമെന്നും " (അവരെന്തിനെന്നെ തൂക്കിലേറ്റി - പേജ് 49 - സയ്യിദ് ഖുതുബ് ) كنا قد اتفقنا على استبعاد استخدام القوة كوسيلة لتغيير نظام الحكم أو إقامة النظام الإسلامي وفي الوقت نفسه قررنا استخدامها في حالة الاعتداء على هذا التنظيم
അദ്ദേഹം തുടർന്ന് പറയുന്നു.
(തോക്ക് പോലുള്ള ആയുധങ്ങൾ) പരിശീലനത്തിന് പോലും കിട്ടാനില്ലായെന്ന് മനസ്സിലായപ്പോൾ പ്രാദേശികമായി ചില സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചു. ആ പരീക്ഷണം വിജയിക്കുകയും ശെരിക്കും ബോമ്പുകൾ നിർമ്മിക്കുകയും ചെയ്തു. പക്ഷെ, കൂടുതൽ പരീക്ഷണങ്ങളും നവീകരണ പ്രവർത്തനങ്ങളും ആവശ്യമായിരുന്നു. " അതേ പുസ്തകം - പേജ് -50 (..... نظرا لصعوبة الحصول على ما يلزم منه حتى للتدريب فقد أخذوا في محاولات لصنع بعض المتفجرات محليا( . وأن التجارب نجحت وصنعت بعض القنابل فعلا ولكنها في حاجة إلى التحسين والتجارب مستمرة....)
ഈ വരികൾ വായിക്കുന്ന ഒരു അനുവാചകൻ ഇഖ് വാനുൽ മുസ്‌ലിമൂന്റെ ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികൾ കാണുമ്പോൾ അത്ഭുത പരതന്ത്രനാവുകയും വിശ്വസിക്കാൻ പ്രയാസപ്പെടുകയും ചെയ്യും. എന്നാൽ വിശ്വസിച്ചേ പറ്റൂ. പിടിച്ചതിനേക്കാൾ വലുത് മാളത്തിലുണ്ട്. ഇനി പറയുന്നത് സശ്രദ്ധം വായിക്കണം; ഓർത്തു വെക്കണം.
وهذه الأعمال هي الرد فور وقوع اعتقالات لأعضاء التنظيم بإزالة رؤوس في مقدمتها رئيس الجمهورية ورئيس الوزارة ومدير مكتب المشير ومدير المخابرات ومدير البوليس الحربي ، ثم نسف لبعض المنشآت التى تشل حركة مواصلات القاهرة لضمان عدم تتبع بقية الإخوان فيها وفي خارجها كمحطة الكهرباء والكباري
...പ്രസ്ഥാന പ്രവർത്തകരെ നിരന്തരമായി ആക്രമിക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തപ്പോൾ പ്രതികരിക്കേണ്ടതായി വന്നു. ഈജിപ്ത് പ്രസിഡണ്ട്, പ്രധാന മന്ത്രി, പോലീസ് ഹെഡ്, രഹസ്യ പോലീസ് ഹെഡ്, സൈനിക മേധാവി, തുടങ്ങിയവരെ വക വരുത്താനും അതിനു പുറമെ പ്രസ്ഥാന ബന്ധുക്കളുടെ അറസ്റ്റു ഒഴിവാക്കാൻ കൈറോ നഗരത്തിന്റെ വാർത്താ വിനിമയ ബന്ധം താറുമാറാക്കാൻ പര്യാപ്തമായ സ്ഥാപനങ്ങളെയും വൈധ്യുതി നിലയങ്ങളും പാലങ്ങളും ബോംബ് വെച്ച് തകർക്കാനും തീരുമാനമായി." അതേ പുസ്തകം - പേജ് 55
എങ്ങിനെയുണ്ട് ഇഖ് വാനുൽ മുസ്‌ലിമൂന്റെ നവോഥാന പ്രവർത്തനം ? ഭരണാധികാരി അതിക്രമം കാണിച്ചാൽ ക്ഷമ അവലംബിക്കാൻ കൽപിച്ച മഹത്തായ ഒരു മതത്തിന്റെ അനുയായികൾ തീവ്രവാദ പ്രവർത്തനത്തിന് കോപ്പു കൂട്ടുകയും ബോംബ് നിർമ്മിക്കുകയും ഭരണാധികാരികളെയും മുസ്‌ലിം പൊതു ജനങ്ങളെയും കൊല്ലാക്കൊല നടത്താനും തീരുമാനിക്കുന്നു. ഈ നിലപാട് തെറ്റാണെന്നും ഇസ്‌ലാമിക വിരുദ്ധമാണെന്നും സലഫുകളുടെ ഇജ്‌മാഇന് എതിരാണെന്നും പറയുന്നവരെല്ലാം പാദസേവകരും കൊട്ടാര മുഫ്‌തിമാരും മുസ്‌ലിം ഉമ്മത്തിന്റെ ഒറ്റുകാരുമായി വിലയിരുത്തപ്പെടുകയും വെറുപ്പിന്റെ തത്വ ശാസ്‌ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഭാഗം 5ഇഖ് വാനുൽ മുസ്‌ലിമൂന്റെയും അതിന്റെ നേതൃത്വത്തിന്റെയും പ്രവർത്തനങ്ങളും നിലപാടുകളും നയങ്ങളും ചിന്തകളും രീതികളും എല്ലാം തികച്ചും ഇസ്‌ലാമിക വിരുദ്ധമായിരുന്നു. അക്കാര്യം ആ സംഘടനയുടെ ആരംഭ കാലത്തും അതിനു ശേഷവും ഇപ്പോഴും സാത്വികരായ ഉലമാക്കളും സാമൂഹിക വിചക്ഷണരും ബുദ്ധി ജീവികളും പറഞ്ഞു കൊണ്ടിരിക്കുന്നു. എന്നാൽ അതൊന്നും ചെവി കൊടുക്കാതെ ഇഖ് വാനുൽ മുസ്‌ലിമൂൻ 22 കാരറ്റ് ഇസ്‌ലാമിക സംഘടനയാണെന്നും ഇസ്‌ലാമിക ശരീഅത് നടപ്പാക്കലാണ് അതിന്റെ ലക്ഷ്യമെന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കുറച്ചാളുകളുണ്ട്. കേരളത്തിൽ ഇഖ് വാനുൽ മുസ്‌ലിമൂന്റെ ആശയങ്ങൾ സ്വീകരിക്കുകയും അതിന്റെ നേതൃത്വത്തെ വെള്ളപൂശുകയും അവരുടെ പ്രവർത്തന നിലപാടുകളെ അനുഭാവപൂർവ്വം പ്രകീർത്തിക്കുകയും ചെയ്യുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്‌ലാമി.
ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ പേരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും മുസ്‌ലിം ചെറുപ്പക്കാരെ ഭരണാധികാരികളുടെ അധാർമ്മികതയും ദുഷ്‌ചെയ്തികളും പെരുപ്പിച്ചു കാണിച്ച്, അവരിൽ പ്രകോപനം സൃഷ്ട്ടിച്ചു സായുധ വിപ്ലവത്തിന് ഇന്ധനം നിറച്ച്, ഏത് സമയത്തും എവിടെ വെച്ചും പൊട്ടിത്തെറിക്കാൻ പാകത്തിലുള്ള മനുഷ്യബോംബാക്കിയത് ഇഖ് വാനുൽ മുസ്‌ലിമൂന്റെ ഇസ്‌ലാമിക വിരുദ്ധമായ ചിന്തകളാണ്. ലോകത്തു നടക്കുന്ന മുഴുവൻ തീവ്രവാദത്തിന്റെയും പ്രഭവ കേന്ദ്രം സലഫികളും സലഫീ ഉലമാക്കളുമാണെന്ന് തെറ്റായി പ്രചരിപ്പിക്കുന്ന പെരും കള്ളന്മാർ ഇവരുടെ കൂട്ടത്തിലുണ്ട്. തങ്ങളുടെ വികൃതമായ മുഖം രക്ഷിക്കാൻ ഇഖ് വാനുൽ മുസ്‌ലിമൂനും അതിന്റെ പോഷക സംഘടനകളും നിരന്തരം കഠിനാദ്ധ്വാനം ചെയ്യുകയും തീവ്രവാദ ഭാണ്ഡം സലഫികളുടെ തലയിൽ അന്യായമായി വെച്ച് കെട്ടി തടിയെടുക്കുകയും ചെയ്യാൻ സമർത്ഥരാണവർ . സാധാരണക്കാരായ ഒരുപാട് ജനങ്ങളെ ഇവർ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇഖ് വാനുൽ മുസ്ലിമൂന് ഈജിപ്തിൽ ഭരണം ലഭിച്ചപ്പോൾ സന്തോഷിച്ച ഒരുപാട് സാധുക്കളുണ്ട്. ഈജിപ്തിൽ ഒരു ഇസ്‌ലാമിക ഭരണം വരുന്ന സുദിനം അവർ സ്വപ്നം കണ്ടു. ലോകത്തു എവിടെയും ഇസ്‌ലാമിക ഭരണമില്ലായെന്നും തൗഹീദും സുന്നത്തും നടപ്പാക്കുകയും ബിദ്അത്തിനെതിരിൽ നിലകൊള്ളുകയും ചെയ്യുന്ന സൗദി അറേബ്യയെ അവരങ്ങേയറ്റം വെറുക്കുകയും ചെയ്തു. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബത്തിനെ ആക്ഷേപിക്കുകയും മഹതിയായ ഉമ്മുൽ മുഉമിനീൻ ആയിഷ റദിയള്ളാഹു അൻഹയെ അപവാദം പറയുകയും ചെയ്യുന്ന ഇറാനിലെ റാഫിദീ ഷിയാ ഭരണാധികാരികളെയും അവരുടെ അപദാനങ്ങളും അവർ എന്നും വാഴ്ത്തിക്കൊണ്ടിരുന്നു. അമേരിക്കയെ വിമർശിക്കൽ ദീനിന്റെ ഭാഗം പോലെ കൊണ്ട് നടന്നു. ഐസിസ് എന്ന പേരിൽ അറിയപ്പെടുന്ന ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക ഗവണ്മെന്റ് ( ദായിഷ്) എന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ അമരത്തുള്ള അബുബക്കർ ബഗ്‌ദാദി ഇഖ് വാനുൽ മുസ്‌ലിമൂന്റെ ശിക്ഷണം ലഭിച്ച ആളായിരുന്നുവെന്ന് പറഞ്ഞാൽ നിഷേധിക്കുമോ? അൽഖായിദ തലവൻ അയ്മൻ ദവാഹിരി ഇഖ് വാനിയാണെന്ന കാര്യം നിഷേധിക്കുമോ? എന്നല്ല, ഇന്ന് മുസ്‌ലിം ലോകത്തും യൂറോപ്പിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഭീകരപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന, ജമാഅത്തു തക്ഫീർ വൽ ഹിജ്‌റ, ഹര്കത്തുൽ നുസ്‌റ തുടങ്ങിയ എല്ലാ ഭീകരവാദ പ്രസ്ഥാനങ്ങൾക്കും ഇഖ് വാനുൽ മുസ്ലിമൂനുമായി നേരിട്ട് ബന്ധമുണ്ട്. ഫലസ്തീനിലെ ഹമാസ്, ലബനാനിലെ ഹിസ്ബുള്ള തുടങ്ങിയ (ഇറാൻ പരസ്യമായി സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന)വയും ചെന്ന് മുട്ടുന്നത് ഇഖ് വാനുൽ മുസ്ലിമൂനിൽ തന്നെയാണ്. ഭാഗം 6സത്യങ്ങൾ എത്ര മൂടി വെച്ചാലും, എല്ലാ മറയും നീക്കി ഒരിക്കലത് പുറത്തു വരിക തന്നെ ചെയ്യും.
മുസ്‌ലിം ലോകത്തു ആദ്യമൊക്കെ അനുഭാവവും പൊതു ജന പിന്തുണയും കിട്ടിയ ഇഖ് വാനികൾക്ക്, അവരുടെ മറച്ചു വെക്കപ്പെട്ട വികൃതമായ മുഖം ബോധ്യപ്പെട്ടപ്പോൾ പൊതുജനം അവരെ കയ്യൊഴിഞ്ഞു. വാസ്തവത്തിൽ അറിഞ്ഞതിനേക്കാൾ എത്രയോ അധികം ഭീകരമാണ് ഇഖ് വാനുൽ മുസ്‌ലിമൂന്റെ യഥാർത്ഥ മുഖം. ഇഖ് വാനുൽ മുസ്ലിമൂനെയും അതിന്റെ ആചാര്യന്മാരെയും നിശ്പക്ഷമായ പഠനങ്ങൾക്ക് വിധേയമാക്കിയാൽ ആരും അത്ഭുതപ്പെട്ടു പോകും. സയ്യിദ് ഖുതുബിന്റെ വീക്ഷണപ്രകാരം ഇഖ് വാനികളല്ലാത്ത മറ്റു മുസ്‌ലിം ബഹു ജനങ്ങളെല്ലാം ഇസ്‌ലാം ദീനിൽ നിന്ന് പുറത്തു പോയ ( കാഫിർ) വരാണ്. അദ്ദേഹം എഴുതിയ ഫീ ദിലാലിൽ ഖുർആൻ എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ പറയുന്നു. ( إنه ليس على وجه الأرض اليوم دولة مسلمة ولا مجتمع مسلم؛ قاعدة التعامل فيه هي شريعة الله والفقه الإسلامي). (في ظلال القرآن ـ 4/4122- )
"...അള്ളാഹുവിന്റെ ശറഉം, ഇസ്‌ലാമിക കർമ്മശാസ്ത്രവും അടിസ്ഥാന ആധാരമാക്കി പ്രവർത്തിക്കുന്ന ഒരു മുസ്‌ലിം രാഷ്ട്രമോ ഒരു മുസ്‌ലിം സമൂഹമോ ഇന്ന്, ഭൂമുഖത്തില്ല... ( ഫീ ദിലാലിൽ ഖുർആൻ- വോള്യം 4 പേജ് 4122)
അദ്ദേഹം അതേ ഗ്രന്ഥത്തിൽ തുടർന്ന് പറയുന്നു. البشرية عادت إلى الجاهلية، وارتدّت عن لا إله إلا الله، فأعطت لهؤلاء العباد [الذين شرعوا التقاليد والعادات، والأعياد والأزياء] خصائص الألوهية، ولم تعد توحّد الله وتخلص لـه الولاء؛ البشرية بجملتها بما فيها أولئك الذين يرددون على المآذن في مشارق الأرض ومغاربها كلمات لا إله إلا الله بلا مدلول ولا واقع، وهؤلاء أثقل إثماً وأشد عذاباً يوم القيامة، لأنهم ارتدّوا إلى عبادة العباد بعدما تبين لهم الهدي، ومن بعد أن كانوا في دين الله (في ظلال القرآن ـ 2/1057-)
" മാനവത, ജാഹിലിയ്യത്തിലേക്ക് തിരിച്ചു പോയി. ലാ ഇലാഹ ഇല്ലള്ളാഹ് എന്ന വചനത്തെ അവർ പരിത്യചിച്ചു. ആചാരങ്ങളും അലങ്കാരങ്ങളും അനുഷ്ട്ടാനങ്ങളും ഉണ്ടാക്കിയ ആളുകൾക്ക് ഉലൂഹിയ്യത്ത് കൽപിച്ചു നൽകി. അള്ളാഹുവിനെ ഏകത്വപ്പെടുത്തുകയും അവന് വലാഉ കൽപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായില്ല. ലോകത്തിന്റെ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിൽ പള്ളി മുനാരങ്ങളിൽ ആത്മാവ് ചോർന്നുപോയ നിലയിൽ ലാ ഇലാഹ ഇല്ലള്ളാഹ് എന്ന ചില വചനങ്ങൾ ഉരുവിട്ട് കൊണ്ടിരിക്കുന്ന ആളുകൾ അടക്കം മാനവരാശി ഒന്നടങ്കം ജാഹിലിയ്യത്തിലേക്ക് മടങ്ങിക്കഴിഞ്ഞു......കാരണം അവർ സന്മാർഗം വ്യക്തമായതിന് ശേഷം, അള്ളാഹുവിന്റെ ദീനിൽ പ്രവേശിച്ചതിന് ശേഷം അടിയാറുകളെ ഇബാദത്ത് ചെയ്‌ത് മത പരിത്യാഗികളായി (മുർതദ്ദ്). ( ഫീ ദിലാലിൽ ഖുർആൻ - വോള്യം 2 - പേജ് 1057)
സാധാരണ ഗതിയിൽ ഒരു ശെരാശെരി ജമാഅത്തുകാരൻ വാങ്ങി വീട്ടിൽ ചില്ലലമാരയിൽ സൂക്ഷിക്കുന്ന ഗ്രന്ഥമാണ് ഫീ ദിലാലിൽ ഖുർആൻ. അതിലദ്ദേഹം ലോകത്തുള്ള മുഴുവൻ മുസ്ലിംകളും ഇസ്‌ലാം ദീനിൽ നിന്ന് പുറത്തു പോയെന്നാണ് ആരോപിക്കുന്നത്. പള്ളികളുടെ മുനാരങ്ങളിൽ നിന്ന് യാതൊരു സ്വാധീനവുമില്ലാത്ത നിലയിൽ ബാങ്കൊലി മുഴങ്ങുന്നുവെന്നല്ലാതെ ആശയവും ആത്മാവും ചോർന്നു പോയ ജീവച്ഛവമായി മുസ്‌ലിംകൾ മാറുകയും മാനവരാശി മൊത്തം ഇസ്‌ലാം മതത്തിൽ നിന്ന് പുറത്തു പോയി എന്നും സയ്യിദ് ഖുതുബ് അവകാശപ്പെടുന്നു. അബദ്ധങ്ങളുടെയും അസത്യങ്ങളുടെയും അനിസ്‌ലാമിക ചിന്തകളുടെയും തെറ്റായ ആശയങ്ങളുടെയും മഹാ പ്രളയമാണ് സയ്യിദ് ഖുതുബിന്റെ രചനകൾ. മൗദൂദിയും സയ്യിദ് ഖുതുബും ഹസനുൽ ബന്നയുമാണ് ഇഖ് വാനുൽ മുസ്‌ലിമൂന്റെ ജീവ വായു. പ്രവാചകന്മാരെ അവഹേളിക്കൽ, സ്വഹാബിമാരെക്കുറിച്ചു ദുഷിച്ചു പറയൽ, പള്ളികളെ ജാഹിലീ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിക്കൽ, ഇഖ് വാനികളല്ലാത്തവർ അറുത്തതു ഭക്ഷിക്കാതിരിക്കൽ, ഇസ്‌ലാം ഇല്ലാത്തത് കൊണ്ട് ജുമുഅയിൽ പങ്കെടുക്കാതിരിക്കൽ ഹൈന്ദവ വിശ്വാസത്തിലെ ദൈവാവതാര വാദം, സർവ്വ മത സത്യവാദം, മുസ്‌ലിം സമൂഹത്തെയും ഭരണാധികാരികളെയും കാഫിറാക്കൽ, തുടങ്ങി ധാരാളം പിഴച്ച ദുഷിച്ച വഴി തെറ്റിയ ചിന്തകളുടെ ഗാർബേജ് ആയിരുന്നു സയ്യിദ് ഖുതുബ്. ഇഖ്‌വാനുൽ മുസ്‌ലിമിനെയും സയ്യിദ് ഖുതുബിനെയും വെള്ള പൂശാൻ ഒരുമ്പെട്ടിറങ്ങുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ചോറ്റുപട്ടാളങ്ങൾ ഇനിയെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കണം. മാളത്തിലിരുന്ന് ഈ കുറിപ്പ് വായിച്ചു പ്രഷർ കയറുന്ന ഓരോ ജമാഅത്ത് കാരനും സത്യം പറയാൻ ശീലിക്കണം. ആത്മാഭിമാനത്തോടെ സത്യത്തിന്റെ കൂടെ നെഞ്ച് വിരിച്ചു നിൽക്കാൻ പരിശീലിക്കണം. ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ നേതാവായ അലി അഷ്‌മാവിക്ക് "ഇഖ്‌വാനുൽ മുസ്ലിമൂന്റെ രഹസ്യ ചരിത്രം" ( التاريخ السري لجماعة الإخوان المسلمين) എന്ന ഒരു ഗ്രന്ഥമുണ്ട്. അതിലദ്ദേഹം ഇഖ്‌വാനികളുടെ പല പിതൃശൂന്യ കഥകളും പറയുന്നുണ്ട്. ലോകത്താദ്യമായി ബെൽറ്റ് ബോംബ് ഉപയോഗിച്ചതും (ഈജിപ്ത് പ്രസിഡണ്ടായിരുന്ന ജമാൽ അബ്ദുൽ നാസിറിനെ വക വരുത്താൻ ) ചാവേർ രീതി കണ്ടു പിടിച്ചതും അക്കൂട്ടത്തിൽ ചിലത് മാത്രം. അവരിൽ നിന്നാണ് തമിഴ് പുലികളും ഹമാസുമൊക്കെ ഈ രീതി സ്വീകരിച്ചത്. അത് പോലെ ഇഖ്‌വാനികളുടെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന മഹ്‌മൂദ് അബ്ദുൽ ഹലീം രചിച്ച " ഇഖ്‌വാനുൽ മുസ്‌ലിമൂൻ : ചരിത്രം രചിച്ച സംഭവങ്ങൾ"( الإخوان المسلمون : أحداث صنعت التاريخ ) എന്ന ഗ്രന്ഥത്തിലും ഇഖ്‌വാനികളുടെ നെറികേടുകൾ നിർലജ്യം തുറന്നു പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു. " സംഘടനക്ക് (അതായത്, ഇഖ്‌വാനുൽ മുസ്ലിമൂന്) സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോഴെല്ലാം ഞങ്ങൾ ഫലസ്തീൻ പ്രശ്‌നം പറഞ്ഞു ധനശേഖരണം നടത്തി. ആ പണം ഒരിക്കലും ഫലസ്തീനിലേക്ക് എത്തിയില്ല " ഇതിനു പിതൃശൂന്യത എന്ന് പറഞ്ഞാൽ തൃപ്തിയാകാത്തത് കൊണ്ട് ഞാൻ "തന്തയില്ലായ്‌മ" എന്ന് അക്ഷരം തെറ്റാതെ പറയുകയാണ്. (വായനക്കാർ ക്ഷമിക്കുക) ഇങ്ങിനെ ചെയ്തു കൂട്ടിയ നെറികേടുകൾ നിരവധി. "അവരെന്തിനെന്നെ തൂക്കിലേറ്റി" ( لماذا أعدموني ) എന്ന ഗ്രന്ഥത്തിൽ കാര്യമായി ഉള്ളത് സയ്യിദ് ഖുതുബിന്റെ കുമ്പസാരമാണ്. സത്യത്തിൽ പുസ്തകത്തിന്റെ പേര് പോലെത്തന്നെ അതിന്റെ ഉത്തരവും കൂടിയാണ് ആ കൃതി. ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താൻ തെറ്റായ നിലക്ക് പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും ഇമാം മാലിക്, ഇമാം അഹ്‌മദ് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ, ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുമുള്ളാഹ് - തുടങ്ങിയ പണ്ഡിതന്മാരുടെ വാക്കുകളും ദുർവ്യാഖ്യാനിക്കുകയും തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നതിൽ യാതൊരു ലജ്ജയും ഇവർക്കില്ല. പൂർവ്വീകരായ അഹ്‌ലുസ്സുന്നതിന്റെ ഉലമാക്കളെല്ലാം സയ്യിദ് ഖുതുബിന്റെ പിഴച്ച മൻഹജിൽ ആയിരുന്നുവെന്നും ആധുനികരായ ചില കൊട്ടാര മുഫ്‌തിമാരും, നവ സലഫികളും ( പ്രയോഗം ജമാഅത്തു കൂലിത്തൊഴിലാളികളുടേത്) മാത്രമേ അതിന് എതിര് പറഞ്ഞിട്ടുള്ളുവെന്നും പറഞ്ഞു സ്ഥാപിക്കാൻ ജമാഅത്തു മുഫ്‌തിമാർ ഒരു പിശുക്കും കാണിക്കാറില്ല. സത്യം പറഞ്ഞാൽ, ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താൻ ആഹ്വാനം ചെയ്യുന്ന ഒരു വാചകം, വെറും ഒരു വരി പോലും ഇമാം മാലിക് തൊട്ട് ശൈഖ് അൽബാനി റഹിമഹുമുള്ളാഹ് അജ്‌മഈൻ വരെയുള്ള പ്രാമാണികരായ അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ ഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരിക്കാൻ ആർക്കും സാധ്യമല്ല. എന്നാൽ ഇഖ്‌വാനീ ആചാര്യന്മാരുടെ ഗ്രന്ഥങ്ങളിൽ ഒന്നിൽ നിന്ന് തന്നെ ഒരു സമൂഹത്തെ മുഴുവൻ ചുട്ടു ചാമ്പലാക്കാൻ പര്യാപ്തമായ വെടി മരുന്ന് കിട്ടുകയും ചെയ്യും. ചുരുക്കത്തിൽ മുസ്‌ലിം സമൂഹം കണ്ണിലെണ്ണയൊഴിച്ചു ഇഖ്‌വാനുൽ മുസ്ലിമൂന്റെ സാന്നിധ്യത്തെയും അവരെ ന്യായീകരിക്കുന്ന കൂലിത്തൊഴിലാളികളെയും കരുതിയിട്ടില്ലെങ്കിൽ, അവരൊരുക്കുന്ന കുരുതിയിൽ, നാമോ നമ്മുടെ മക്കളോ ചാവേറുകളോ മനുഷ്യബോംബൊ ആയി അകപ്പെടുക തന്നെ ചെയ്യും. അള്ളാഹു കാവൽ നൽകട്ടെ; എല്ലാവർക്കും ! • • • • • • •
|