ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
(Great Women Who Served Islam) First Published by Basheer Puthur in Sahab Salafiyya blog in Feb 2015 |
ഭാഗം 1മതപരമായ അറിവ് നേടുകയും അത് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്ത സവിശേഷരായ മഹതികൾ ഇസ് ലാമിക ചരിത്രത്തിൽ, കഴിഞ്ഞു പോയിട്ടുണ്ട്. സ്വഹാബത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ പത്നിമാർ അടക്കം ഒരുപാട് സ്വഹാബീ വനിതകൾ, നബിയിൽ നിന്ന് ഹദീസുകൾ പഠിക്കുകയും മുസ് ലിങ്ങളെ പഠിപ്പിക്കുകയും ഹദീസുകൾ രിവായത് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹഫ്സ്വ ബിൻത് സീരീൻ അടക്കം താബിഈങ്ങളിലും എണ്ണപ്പെട്ട പണ്ഡിതകൾ കഴിഞ്ഞു പോയിട്ടുണ്ട്. ഇമാം ഷൌകാനി ഹദീസ് പണ്ഡിതകളായ മഹതികളെ പുകഴ്ത്തിക്കൊണ്ട് പറയുന്നു "ഒരു സ്ത്രീയിൽ നിന്ന് വന്നു എന്നതിന്റെ പേരിൽ ഉലമാക്കളാരെങ്കിലും, അവരുടെ ഹദീസുകൾ തള്ളിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എത്രയെത്ര ഹദീസുകളാണ് സ്വഹാബാ വനിതകളിൽ നിന്ന് മുസ്‌ലിം ഉമ്മത്ത് ഏറ്റു വാങ്ങിയത് !" നൈലുൽ ഔത്വാർ - പേജു 22.
ഉമ്മു മുഹമ്മദ് സയ്യിദ ബിൻത് മൂസാ എന്ന മഹതിയെ കാണാൻ കഴിയാത്തതിൽ ഇമാം ദഹബി ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ ജീവ ചരിത്രം രേഖപ്പെടുതിയെടത്ത് അദ്ദേഹം പറയുന്നു. " അവരുമായി സന്ധിക്കാൻ വേണ്ടി ഞാൻ പുറപ്പെട്ടു. വഴി മദ്ധ്യേ, ഹിജ്റ 695 റജബ് മാസത്തിൽ ഞാൻ ഫലസ്ത്വീനിൽ ആയിരിക്കെ അവർ മരണപ്പെട്ടു." അദ്ദേഹം തുടരുന്നു " അവരെ കാണാൻ ഞാൻ ആഗ്രഹിച്ചു. അവർ ജീവിച്ചിരിപ്പുണ്ട് എന്ന ധാരണയിൽ ഈജിപ്തിലേക്ക് ഞാൻ യാത്ര പുറപ്പെട്ടു. അവിടെയെത്തിയെങ്കിലും ഞാൻ വാദീ ഫഹ് മയിൽ ആയിരിക്കെ പത്തു ദിവസം മുമ്പ്, വെള്ളിയാഴ്ച റജബ് 6-നു അവർ മരണപ്പെട്ട വിവരം ഞാനറിഞ്ഞു." മറ്റൊന്ന്, "അമീറുൽ മുഉമിനീൻ" എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയ, സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇബ്നു ഹജറുൽ അസ്ഖലാനീ റഹിമഹുള്ളായുടെ കുടുംബമാണ്. സ്വന്തം ഭാര്യമാരേയും പെണ്‍മക്കളേയും അദ്ദേഹം മഹത്തായ ഹദീസ് വിജ്ഞാനത്തിന്റെ അനന്തരാവകാശികളാക്കിയെന്നത് ആരേയും അസൂയപ്പെടുത്തുന്ന ചരിത്ര സത്യം! ഇബ്നു ഹജറിന്റെ സഹോദരി, സിത്തുറകബ് അൽ അസ്ഖലാനിയ്യ - അതീവ ബുദ്ധിമതിയും പണ്ഡിതയും ഹദീസ് രിവായത് ഉള്ളവരുമായിരുന്നു. ഇബ്നു ഹജർ അവരെക്കുറിച്ച് പറയുന്നു. " എന്റെ ഉമ്മക്ക് ശേഷമുള്ള ഉമ്മയായിരുന്നു എനിക്കവർ" ഈജിപ്ത്, മക്ക, ബഅലബക്, ഡമാസ്കസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അവരുടെ ഗുരുക്കന്മാരെക്കുറിച്ചും അവരുടെ ഇജാസത്തിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. " അവർ ആഴത്തിൽ പഠിക്കുകയും മത വിജ്ഞാനത്തിൽ നൈപുണ്യം സിദ്ധിക്കുകയും എനിക്ക് നല്ല ഒരു സ്വാധീനം ആവുകയും ചെയ്തു." സഖാവി പറയുന്നു: അവർക്ക് മോസ് എന്ന് പേരുള്ള ഒരു മകളുണ്ടായിരുന്നു. അവർ അമ്മാവനായ ഇബ്നു ഹജറിൽ നിന്ന് ഹദീസ് സ്വീകരിക്കുകയും, അവരിൽ നിന്ന് സഖാവി സ്വീകരിക്കുകയും ചെയ്തു. ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ അവർ മരണപ്പെടുകയും അദ്ദേഹം ജനാസ നമസ്കരിക്കുകയും ചെയ്തു. ഭാഗം 2
ഇമാം ഇബ്നു ഹജറിന്റെ വീട്, ഇൽമിന്റെയും ഹദീസിന്റെയും വീടായിരുന്നു. അദ്ധേഹത്തിന് ഖാത്തുൻ എന്ന് പേരുള്ള ഒരു പുത്രിയുണ്ടായിരുന്നു. അവരെയദ്ദേഹം ഇബ്നുൽ ഖത്വീബിൽ നിന്ന് എഴുത്തും വായനയും പഠിപ്പിച്ചു. തന്റെ ഗുരുനാഥന്മാരായ ഇറാഖീ, ഹൈതമീ തുടങ്ങിവരിൽ നിന്ന് അദ്ദേഹം അവരെ കേൾപ്പിച്ചു. യൂസുഫ് ബിന് ഷാഹീൻ എന്ന തന്റെ മകനെ, അവർ പിതാവിന്റെ ഗ്രന്ഥങ്ങൾ പഠിപ്പിക്കുകയും, അദ്ദേഹം അവ പകർത്തുകയും പഠിക്കുകയും ഗ്രന്ഥ രചന നടത്തുകയും ചെയ്തു.
അദ്ധേഹത്തിന്റെ മറ്റു പെണ്‍മക്കളായ, ഫർഹ, ഫാത്വിമ, ആലിയ, റാബിഅ തുടങ്ങിയവർക്കും ഇബ്നു ഹജർ തന്നെ ഇജാസതു നൽകിയിട്ടുണ്ട്. റാബിഅയെ മക്കയിൽ വെച്ച് മറാഗിയിൽ നിന്ന് കേൾപ്പിക്കുകയും, ശാമുകാരും ഈജിപ്തുകാരുമായ ഒരുപാട് പേർ അവർക്ക് ഇജാസതു നൽകുകയും ചെയ്തിട്ടുണ്ട്. ഇബ്നു ഹജറിന്റെ മക്കളെല്ലാം തന്നെ, അക്കാലത്ത് ഉണ്ടായ ഒരു പകർച്ചവ്യാധി കാരണമായി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു പോയതിനാൽ, ഇമാം ഇബ്നു ഹജറോ, അവരുടെ പത്നിയോ രിവായത് ചെയ്ത പോലെ ഹദീസുകൾ രിവായത് ചെയ്തു പ്രശസ്തരായില്ലായെന്നതാണ് വസ്തുത. എങ്കിൽ പോലും, ഇമാം ഇബ്നു ഹജർ വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ വ്യാപൃതനായിരുന്നിട്ടും, സ്വന്തം കുടുംബത്തെയും കുട്ടികളെയും ദീനും സുന്നത്തും പഠിപ്പിക്കുന്നതിൽ അശ്രദ്ധനായില്ല എന്ന കാര്യം ഇവിടെ പ്രത്യേകം ഓർക്കുക. അദ്ധേഹത്തിന്റെ ഭാര്യ, ന്യായാധിപനായിരുന്ന കരീമുദ്ധീൻ അബ്ദുൽ കരീമിന്റെ മകളായ ഉൻസ്, ഇബ്നു ഹജർ, തന്റെ ശൈഖ് ആയ അബ്ദുൽ കരീം ഇറാഖിയിൽ നിന്ന് കേൾപ്പിക്കുകയും, ഷാമുകാരും മക്കക്കാരും ഈജിപ്തുകാരുമായ ഷൈഖുമാരെ വിളിച്ചു വരുത്തി ഭാര്യക്ക് അവരിൽ നിന്ന് അദ്ദേഹം ഇജാസത് നൽകി . അങ്ങിനെ ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ അവർ ഹദീസുകൾ രിവായത് ചെയ്യുന്നതിൽ നൈപുണ്യം നേടി. അദ്ദേഹം " നീയിപ്പോൾ ഒരു ശൈഖ ആയിട്ടുണ്ട് " എന്ന് തമാശ രൂപേണ അവരോടു പറയാറുണ്ടായിരുന്നുവെങ്കിലും അത് അവാസ്തവമായിരുന്നില്ല. ! അദ്ദേഹം അവരെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്തു. അവർ തിരിച്ചും. ഉൻസ്, ഇബ്നു ഹജറിന്റെ സാന്നിധ്യത്തിൽ തന്നെ, ഹദീസുകൾ രിവായത് ചെയ്യുകയും ജനനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. സമാദരണീയരായ പലരും അവരെ ഹദീസുകൾ ചൊല്ലിക്കേൾപ്പിച്ചു. സഖാവി, അവരിൽ നിന്ന് നാൽപതു ഹദീസുകൾ, നാൽപതു ഷൈഖുമാരിൽ നിന്ന് ഉദ്ധരിക്കുകയും, ഇബ്നു ഹജറിന്റെ സാന്നിധ്യത്തിൽ അവർക്ക് ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു. അല്ലാമ ഇബ്റാഹീം ബിന് ഖദർ, 'സ്വഹീഹുൽ ബുഖാരി' അവരെ ചൊല്ലിക്കേൾപ്പിച്ചു. ഇതും ഇബ്നു ഹജർ ജീവിച്ചിരിക്കെത്തന്നെ, അദ്ധേഹത്തിന്റെ സാന്നിധ്യത്തിൽ! അല്ലാമ ഇബ്റാഹീം മരണപ്പെട്ടപ്പോൾ, സ്വന്തം പൌത്രൻ യൂസുഫു ബിന് ശാഹീനും അവരെ കേൾപിച്ചു. വലില്ലാഹിൽ ഹംദു വൽ മിന്ന !! എവിടെ ഇമാം ഇബ്നു ഹജർ ? എവിടെ അദ്ധേഹത്തിന്റെ അനന്തരാവകാശികൾ? എവിടെ അവർക്ക് ജന്മം നൽകിയ അനുഗ്രഹീത വനിതകൾ? رحم الله الإمام ابن حجر العسقلاني وعائلته رحمة واسعة
ഭാഗം 3പുരുഷന്മാരെപ്പോലെത്തന്നെ, ശറഇയ്യായ ഇൽമും സുന്നത്തും, അന്വേഷിക്കുകയും കരസ്ഥമാക്കുകയും ചെയ്യുന്നതിൽ സലഫുകളായ സ്ത്രീകൾ മുൻപന്തിയിലായിരുന്നു.
അബുബക്കർ അൽ കാസാനിയുടെ ജീവചരിത്രത്തിൽ അബുബക്കർ സമർഖന്തിയുടെ പണ്ഡിതയായ മകളുമായി ഉള്ള അദ്ധേഹത്തിന്റെ വിവാഹത്തെക്കുറിച്ച് പറയുന്നു. സമർഖന്തിയുടെ ഗ്രന്ഥമായ തുഹഫ അടക്കം മുഴുവൻ ഗ്രന്ഥങ്ങളും കാസാനി പഠിക്കുകയും വ്യുൽപത്തി നേടുകയും ചെയ്തു. പിതാവിന്റെ ഗ്രന്ഥമായ തുഹ് ഫ മനപാഠമാക്കിയ,അതീവ സുന്ദരിയായ മകൾ ഫാത്വിമയെ, റോമൻ നാടുകളിലെ പല രാജാക്കന്മാരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും പിതാവ് അതിന് തയ്യാറായില്ല. ആ സമയത്താണ് കാസാനി അവിടെ വരുന്നതും സമർഖന്തിയിൽ നിന്ന് പഠിക്കുന്നതും. പിന്നീട് അദ്ധേഹത്തിന്റെ തുഹ് ഫ കക് കാസാനി ഒരു ശറഹു എഴുതി. ഇത് വായിച്ചു കേട്ട സമർഖന്തി അതീവ സന്തുഷ്ടി രേഖപ്പെടുത്തുകയും, പ്രസ്തുത ശറഹു മഹ്ർ ആയി നിശ്ചയിച്ചു മകളെ കാസാനിക്ക് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. ഇത് കാരണമായി, അക്കാലത്ത് " അദ്ധേഹത്തിന്റെ തുഹ് ഫ ശറഹു ചെയ്യുകയും അദ്ധേഹത്തിന്റെ മകളെ കെട്ടുകയും ചെയ്തു" വെന്ന് ആളുകൾ പറയാറുണ്ടായിരുന്നുവെന്നു ചരിത്രം. "സ്വനാഇഉൽ ബദാഇഉ" എന്ന ഗ്രന്ഥം രചിച്ചത് കാസാനിയും ഭാര്യ ഫാത്വിമയും ചേർന്നാണ്. ഭാഗം 4പ്രസിദ്ധ താബിഈ വര്യൻ സഈദു ബിനുൽ മുസയ്യബ് റഹിമഹുള്ളായുടെ മകൾ വലിയ പണ്ഡിതയായിരുന്നു. തന്റെ പിതാവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന അവരുടെ ഭർത്താവ്, ഒരു ദിവസം രാവിലെ ഭർത്താവ് പുറത്തു പോകാനായി ഒരുങ്ങിയപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്ന് ഭാര്യ ചോദിച്ചു. ഇല്മ് പഠിക്കാൻ സയീദ് ബിൻ മുസയ്യബിന്റെ മജ് ലിസിലേക്ക് പോവുകയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ, ഭാര്യ പറഞ്ഞു. "എങ്കിൽ ഇവിടെയിരിക്കുക, സയീദിന്റെ പക്കലുള്ള ഇൽമു ഞാൻ പഠിപ്പിച്ചു തരാം."
ഇമാം മാലികിനു ഒരാൾ തന്റെ " മുവത്വ" വായിച്ചു കൊടുത്തു കൊണ്ടിരിക്കെ അക്ഷരപ്പിശക് സംഭവിച്ചു. ഒന്നിലധികം തവണ ഇതാവർത്തിച്ചപ്പോൾ, അകത്തു നിന്ന് ഇമാം മാലികിന്റെ മകൾ അക്ഷര സ് ഫുടത ഇല്ലാത്ത കാരണത്താൽ 'ഇയാളെ പറഞ്ഞു വിടാൻ സമയമായി' എന്ന് സൂ ചിപ്പിച്ചു കൊണ്ട് വാതിലിൽ തട്ടി. ഉടനെ ഇമാം മാലിക് അയാളോട് അക്ഷരശുദ്ധി വരുത്താൻ ഉപദേശിച്ചു കൊണ്ട് പറഞ്ഞു വിട്ടു. ഇമാം സുഹ് രീ, ഇമാം മാലിക്, ഇമാം ഇബ്നു ഹജർ , ഇബ്നുൽ ഖയ്യിം, ഇബ്നു അസാകിർ, അബു ത്വാഹിർ അസ്സലഫി, ഇബ്നുൽ ജൗസീ, മുൻസിരി, ഇമാം ദഹബി, ഇമാം അഹ് മദ്, അബൂ യഉല, തുടങ്ങിയ മഹാരഥന്മാർ സ്ത്രീകളായ ചില പണ്ഡിതപ്രതിഭകളിൽ നിന്ന് ഹദീസും രിവായത്തും സ്വീകരിച്ചിട്ടുണ്ട്. ഇൽമു പഠിക്കുകയും സുന്നത്ത് അനുവർത്തിച്ചു ജീവിക്കുകയും ഹദീസും രിവായത്തും ഹൃദിസ്ഥമാക്കുകയും അതിനു വേണ്ടി ക്ഷമിക്കുകയും ത്യാഗമനുഷ്ടിക്കുകയും വിവാഹ ജീവിതം പോലും ത്യജിക്കുകയും ചെയ്ത പണ്ഡിതകൾ വേറെയുമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ അവരുടെ അപദാനങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നു. കണ്ഠമിടറിക്കൊണ്ടും സന്തോഷാതിരേകത്താൽ ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ടുമല്ലാതെ ഒരാൾക്കും ആ വരികളിലൂടെ കടന്നു പോവുക പ്രയാസമായിരിക്കും. വാക്കുകൾ ഇഴയറ്റ് മുറിഞ്ഞു വീഴുന്ന ഗദ്ഗദങ്ങളും കണ്ണുനീരിന്റെ പുളിരസവും പ്രതിഫലിപ്പിക്കാനുള്ള ശക്തി നീ അക്ഷരങ്ങൾക്ക് നൽകിയില്ലല്ലോ റബ്ബേ ! ഇന്നും ലോകത്തിന്റെ പല ഭാഗത്തും അള്ളാഹുവിന്റെ ദീൻ പ്രതിഫലേഛയില്ലാതെ പഠിക്കുകയും സുന്നത്തുകൾ പിൻപറ്റുകയും സലഫുകളുടെ മൻഹജു സ്വീകരിക്കുകയും ചെയ്യുന്ന മഹിളാരത്നങ്ങൾ ഉണ്ടായിക്കൂടായെന്നില്ല , എന്നല്ല, ഉണ്ടാവുമെന്ന് ഞാൻ ന്യായമായും വിശ്വസിക്കുന്നു. ഞാനും നിങ്ങളും അറിഞ്ഞില്ലെങ്കിലും. കാരണം, ഇസ്‌ലാം ആണുങ്ങളുടെ മതമല്ലല്ലോ. സ്ത്രീ വിമോചനത്തിനു വേണ്ടി വാദിക്കുകയും നഗ്നത എത്ര മാത്രം പ്രദർശിപ്പിക്കുന്നുവോ അതിന്റെ പരപ്പ് അനുസരിച്ച് സ്വാതന്ത്ര്യത്തിന്റെ പൂർണത നിശ്ചയിക്കുകയും, സ്ത്രീകളെ തെരുവിലിറക്കി അവരുടെ മടിക്കുത്തഴിച്ചാൽ മാത്രമേ സ്ത്രീ സമത്വം സാർഥകമാകൂ എന്നു കരുതുകയും ചെയ്യുന്ന ആളുകൾ ഇസ്‌ലാമിക ചരിത്രവും അതിൽ സ്ത്രീ ജനങ്ങൾക്കുള്ള സ്ഥാനവും ഒരാവർത്തി വായിച്ചേ മതിയാകൂ. • • • • • • •
|