എന്ത് കൊണ്ട് 'ഫഹ്‌മുസ്സലഫ്' ?
First Published by Basheer Puthur August 2018 |
ഭാഗം 1അള്ളാഹുവിൽ നിന്ന് അവതീർണമായ ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ എന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. മാനവരാശിയുടെ ഇഹപര വിജയത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അത് വഴി പാരത്രിക ജീവിതം ഭദ്രമാക്കുകയും ചെയ്യുകയെന്നതാണ് അത് കൊണ്ട് ലക്ഷ്യമാക്കുന്നത്.
അള്ളാഹു ജനങ്ങൾക്ക് സത്യാസത്യ വിവേചനത്തിന് ഖുർആൻ അവതരിപ്പിക്കുന്നതിൽ മാത്രം ഒതുക്കാതെ അതിന്റെ സന്ദേശം കൃത്യമായി അക്ഷരം തെറ്റാതെ യാതൊരു തെറ്റിധാരണക്കും ഇട നൽകാതെ, ജനങ്ങൾക്ക് വിശതീകരിച്ചു കൊടുക്കാൻ ദൂതൻമാരെ നിശ്ചയിച്ചയച്ചു. അള്ളാഹു എന്താണോ ഉദ്ദേശിച്ചത് അക്കാര്യം ഒരു സംശയത്തിനും പഴുതില്ലാതെ തെറ്റായ നിലക്ക് മനസ്സിലാക്കപ്പെടാതെ പൂർണ്ണമായ അർത്ഥത്തിൽ ജനങ്ങൾക്ക് കൈമാറിയിട്ടാണ് പ്രവാചകന്മാർ കടന്നു പോയത്. ഖുർആനിനെക്കുറിച്ചു പറഞ്ഞു കൊണ്ട് അള്ളാഹു സൂറത്തുൽ ഖിയാമയിൽ إن علينا جمعه وقرآنه ثم إن علينا بيانه എന്ന് പറയുന്നതായി കാണാം. ഈ ആയതിനു തഫ്‌സീർ നൽകിയതിൽ ഇബ്നു കസീർ റഹിമഹുള്ളാ പറയുന്നു. " അതായത്, അത് പാരായണം ചെയ്യുകയും ഹൃദിസ്ഥമാക്കുകയും ചെയ്തതിനു ശേഷം നാം അത് നിനക്ക് വിശദീകരിച്ചു തരികയും വ്യക്തമാക്കിത്തരികയും ചെയ്യും. നമ്മുടെ ഉദ്ദേശവും നമ്മുടെ നിയമവും നിനക്ക് നാം തോന്നിപ്പിച്ചു തരുന്നതാണ്". ഇത്രയ്ക്കു സ്വതസ്പഷ്ടമായി ദുർവ്യാഖ്യാനത്തിനുള്ള മുഴുവൻ പഴുതുകളുമടച്ചു, നന്മ ഉദ്ദേശിച്ചു കൊണ്ട് ഖുർആനിനെ സമീപിക്കുന്ന ഒരാൾക്കും തന്നെ അവ മനസ്സിലാക്കുന്നതിൽ അബദ്ധം സംഭവിക്കാതിരിക്കാനും തെറ്റായ ധാരണയിൽ അകപ്പെട്ടു ഒരാളുടെ പരലോകവും നഷ്ട്ടപ്പെടാതിരിക്കാനും അള്ളാഹു തന്നെ അതിനു സുരക്ഷാ കവചം തീർത്തു. ജനങ്ങൾ എങ്ങിനെയെങ്കിലും അവർക്ക് തോന്നുന്നവിധം ഖുർആൻ മനസ്സിലാക്കുകയും സൗകര്യം പോലെ അമലുകൾ ചെയ്തു കൊള്ളട്ടെയെന്നും അള്ളാഹു ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തം. ഖുർആനിലെ ഓരോ ആയത്തും പേർത്തും പേർത്തും ജിബ്‌രീൽ അലൈഹി സലാമിന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഓതിക്കൊടുക്കുകയും, അവ്യക്തതകൾ ദുരീകരിക്കുകയും ചെയ്തിട്ടുണ്ട്. സൂറത്തു സുമറിലെ 68-മത്തെ വചനം وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ إِلَّا مَنْ شَاءَ اللَّهُ എന്ന ആയത്തു എത്തിയപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജിബിരീലിനോട് "ആരാണ് അബോധാവസ്ഥയിലാകാതിരിക്കാൻ അള്ളാഹു ഉദ്ദേശിച്ചവർ" എന്ന് ചോദിച്ചു " അവർ അള്ളാഹുവിന്റെ സാക്ഷികളാണ്" എന്ന് ജിബ്‌രീൽ മറുപടി നൽകി. ഖുർആനിന്റെ ആദ്യാവസാനം വരെയുള്ള മുഴുവൻ കാര്യങ്ങളും സ്വഹാബത്തിനു വിശദീകരിച്ചതിനു ശേഷമാണ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വിട പറഞ്ഞത്. ഖുർആനിന്റെ കാര്യത്തിലെന്ന പോലെ സുന്നത്തിന്റെ കാര്യത്തിലും കർശനമായ ജാഗ്രത ഉണ്ടായിട്ടുണ്ട്. അള്ളാഹുവിന്റെ ഉദ്ദേശത്തിനു എതിരായ നിലക്ക് പ്രമാണ വാക്യങ്ങൾ - അവ ഖുർആനാകട്ടെ, ഹദീസാകട്ടെ, -തെറ്റായ നിലക്ക് മനസ്സിലാക്കപ്പെടുകയും അവ അങ്ങിനെതന്നെ പിന്തുടർന്ന് മുസ്‌ലിം ഉമ്മത്തു അമൽ ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഒരിക്കലും ഉണ്ടായിട്ടില്ല;ഉണ്ടാവുകയുമില്ല;ഉണ്ടാവാൻ പാടുമില്ല. ഭാഗം 2
ഖുർആനും ഹദീസും വ്യാഖ്യാനിക്കുന്നതിനും മനസ്സിലാക്കുന്നതിനും പ്രയോഗവൽക്കരിക്കുന്നതിനും സലഫുകൾ - വിശിഷ്യാ - സ്വഹാബത്ത് അവ എങ്ങിനെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തു എന്ന് അന്വേഷിക്കുകയും അറിയുകയും ചെയ്യൽ അനിവാര്യമാണ്. കാരണം അവരാണ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയിൽ നിന്ന് ദീൻ കേൾക്കുകയും മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത നബിയുടെ പ്രഥമ സംബോധിതർ. അവർ നബിയിൽ നിന്ന് എങ്ങിനെയാണോ ദീനിനെ മനസ്സിലാക്കിയിട്ടുള്ളത് അതെ രൂപത്തിൽ അവരുടെ ശേഷക്കാരും മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സൂറത്തുൽ ബഖറയിൽ അള്ളാഹു പറയുന്നു. فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ " നിങ്ങൾ (സ്വഹാബികൾ)വിശ്വസിച്ചതു പോലെ അവർ (ജൂത-ക്രൈസ്തവർ) വിശ്വസിച്ചാൽ, അപ്പോൾ അവർ സന്മാർഗത്തിലായി"
അത് പോലെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്റെ ഉമ്മത്ത് 73 വിഭാഗമായി വേർപിരിയും. അതിൽ ഒന്നൊഴികെ എല്ലാം നരകത്തിലായിരിക്കും. സ്വർഗത്തിൽ പ്രവേശിക്കുന്ന ഒരു വിഭാഗം ((من كان على مثل ما أنا عليه اليوم وأصحابي)) ഇന്ന് ഞാനും എന്റെ അനുചരന്മാരും ഏതൊന്നിലാണോ നിലകൊള്ളുന്നത് അതിനെ അവലംബിച്ചവർ ആയിരിക്കുമെന്ന് വ്യക്തമാക്കി. അപ്പോൾ ദീനിന്റെ ആധാരങ്ങൾ നിലകൊള്ളുന്നത് സ്വഹാബത്തിന്റെ നിലപാടിനെ അടിസ്ഥാനമാക്കിയാണ്. ചില നിഷ്കളങ്കരായ ആളുകൾ സാധാരണയായി ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. ഖുർആനും സുന്നത്തുമല്ലേ പ്രമാണം? അത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്‌താൽ ഒരാൾ ശെരിയായ മാർഗത്തിലായിത്തീരില്ലേ എന്നൊക്കെ. വളരെ ശെരിയാണ്. ഖുർആനും സുന്നത്തും തന്നെയാണ് പ്രമാണം. ഈ രണ്ടു വഹ്‌യിന്റെയും താൽപര്യമായിരിക്കണം ഒരാളുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത്. പക്ഷെ, ഇവിടെ ഒരു സ്വാഭാവികമായ പ്രശ്‌നം ഉടലെടുക്കുന്നുണ്ട്. ലോകത്തു ഇക്കാലമത്രയുമുള്ള ഏതാണ്ട് മുഴുവൻ മുസ്‌ലിംകളും അവകാശപ്പെടുന്നത് അവർ പ്രമാണമായി സ്വീകരിക്കുന്നത് ഖുർആനും സുന്നത്തുമാണെന്നാണ്. ഇസ്‌ലാമിന്റെ മൗലിക വിശ്വാസമായ അള്ളാഹുവിന്റെ ഏകത്വം തുടങ്ങി ബിദ്അത്-ഖുറാഫാത്തുകളിൽ മുഴുകി ജീവിക്കുന്ന ആളുകളും അത് തന്നെയാണ് അവകാശപ്പെടുന്നത്. ഖുർആനും സുന്നത്തുമാണ് പ്രമാണമെന്നു അവകാശപ്പെടുന്നതോടൊപ്പം തന്നെ പരസ്പര വിരുദ്ധവും തികച്ചും സമാന്തരവുമായ ധ്രുവത്തിൽ നിലകൊള്ളുന്ന തികച്ചും വൈരുധ്യത്തിന്റെ കലവറയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഇതെങ്ങിനെ ശെരിയാകും? ഖുർആനും സുന്നത്തും അവകാശപ്പെടുന്നവർക്കിടയിൽ തന്നെ എന്ത് കൊണ്ട് ഇത്രയും വ്യക്തമായ വൈരുദ്ധ്യവും ഭിന്നതയുമുണ്ടായി? ഈ ചോദ്യത്തിന്റെ ഉത്തരമന്വേഷിക്കുമ്പോഴാണ് മഹാ ഭൂരിഭാഗം ആളുകളും പ്രസ്ഥാനങ്ങളും ഗ്രുപ്പുകളും മദ്ഹബിന്റെ ആളുകളും ഖുർആനും സുന്നത്തും പിന്തുടരുന്നത് സ്വഹാബത്ത് അഥവാ സലഫുകൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അല്ല എന്നും മറിച്ച് അവരിൽ പല വിഭാഗവും അവ സ്വീകരിക്കുന്നത് പല മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിലാണ് എന്ന് ബോധ്യപ്പെടുക. ചിലർ മദ്ഹബിന്റെ ഇമാമുമാർ എഴുതി വെച്ചതിന്റെ അടിസ്ഥാനത്തിലാണെങ്കിൽ, വേറെ ഒരു വിഭാഗം അവരുടെ സംഘടനാ-പാർട്ടി താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. മറ്റു ചിലർ സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ വേറെ ചിലർ സാഹചര്യങ്ങളുടെയും ശാസ്ത്രീയ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. മുകളിൽ പറഞ്ഞതോ അല്ലാത്തതോ ആയ രീതികൾ സ്വീകരിക്കുന്നവരെല്ലാം അബദ്ധത്തിൽ അകപ്പെടുക സ്വാഭാവികമാണ്. മറിച്ച് ആരാണോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അനുചരന്മാർ മനസ്സിലാക്കുകയും അമല് ചെയ്യുകയും ചെയ്ത രൂപത്തിൽ പ്രമാണങ്ങൾ സ്വീകരിക്കുന്നത് അവരാണ് സുരക്ഷിതരായ വിഭാഗം. അവരാണ് നബിയെയും സ്വഹാബത്തിനെയും പിൻപറ്റുന്ന രക്ഷപ്പെട്ട വിഭാഗം. അവരുടെ ധാരണയെ (ഫഹ്മിനെ) സ്വീകരിക്കൽ ഓരോ മുസ്‌ലിമിനും അനിവാര്യമാണ്. ഭാഗം 3പ്രമാണങ്ങളെ മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഉൾക്കൊള്ളുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സലഫുകളുടെ ധാരണയെ അഥവാ അവരുടെ ഫഹ്‌മിനെ അവലംബിച്ചവരാണ് പൗരാണികരും ആധുനികരുമായ അഹ്‌ലുസ്സുന്നത്തിന്റെ മുഴുവൻ ഉലമാക്കളും . ഇമാം മാലിക്, ഇമാം അഹ്‌മദ് ഇമാം ശാഫിഈ ഇമാം അബൂഹനീഫ തുടങ്ങി പ്രമുഖ മദ്ഹബിന്റെ ഇമാമുമാരും ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ, ഇമാം ഇബ്നുൽ ഖയ്യിം, ഇമാം ലാലക്കാഇ, ഇമാം ബർബഹാരി, ഇമാം ആജുരി, ഇബ്നു മന്ദ, ഇബ്നു ബത്വ, ഇമാം ഷാത്വബ്ബി, ഇമാം ബുഖാരി, ഇമാം ഇബ്നു ഹജർ തുടങ്ങി സുന്നത്തിനു വേണ്ടി ജീവിക്കുകയും അത് പ്രചരിപ്പിക്കാൻ അത്യദ്ധ്വാനം ചെയ്യുകയും ചെയ്ത അസംഖ്യം ധന്യജ്യോതിസ്സുകൾ ! ആധുനിക ഉലമാക്കളായ ഇമാം ഇബ്‌നു ബാസ്, ഇബ്‌നു ഉസൈമീൻ, ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി തുടങ്ങിയ ആ ശ്രേണിയിലെ അവസാനത്തെ കണ്ണി വരെ. അവരുടെ വാക്കുകളിലെ, അക്ഷരങ്ങളിലെ ഏകത പരിശോധിച്ച് നോക്കൂ. സ്വഹാബത്തിന്റെ കയ്യൊപ്പു പതിഞ്ഞതായി നിങ്ങൾക്കതിൽ കാണാം. പ്രമാണങ്ങൾ സ്വീകരിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും സ്വന്തമായ നിഗമനങ്ങളെ ആശ്രയിക്കുന്നതിനു പകരം അവരെല്ലാം അവലംബിച്ചിരുന്നത് സ്വഹാബത്തിന്റെ ധാരണയെയായിരുന്നു. ഇബ്നു തീമിയ പറയുന്നത് നോക്കൂ " ആരെങ്കിലും സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും മാർഗ്ഗത്തെയും വ്യാഖ്യാനത്തെയും വിട്ടു കടക്കുന്നുവെങ്കിൽ, അതിനു വിരുദ്ധമായതിനെ സ്വീകരിക്കുന്നുവെങ്കിൽ അതിൽ അവനു അബദ്ധം പിണഞ്ഞു. എന്നല്ല, അവൻ മുബ്തദിഉ ആണ്. അവൻ മുജ്‌തഹിദും അവന്റെ വീഴ്‌ച പൊറുക്കപ്പെടുന്നതാണെങ്കിലും. കാരണം, അവരുടെ ലക്ഷ്യം അറിവിന്റെ വഴികളും തെളിവുകളും അന്വേഷിക്കലും വിശതീകരിക്കലുമാണ്.
ഖുർആൻ മനനം ചെയ്തത് സ്വഹാബത്തും താബിഉകളും തബഉൽ അത്ബാഉമാണ് എന്ന് നമുക്കറിയാം. അതിന്റെ അർത്ഥത്തിലും ആശയത്തിലും ഏറ്റവും അറിവുള്ളവർ അവരാണ്. അള്ളാഹു ഏതൊരു ഹഖുമായാണോ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ നിയോഗിച്ചത് അതിനെക്കുറിച്ചും ഏറ്റവും അറിവുള്ളവർ അവർ തന്നെയാണ്. ആരെങ്കിലും അവരുടെ വാക്കിനോട് വൈരുദ്ധ്യം പുലർത്തിയാൽ അവരുടെ വ്യാഖ്യത്തിനു വിരുദ്ധമായ വ്യാഖ്യാനം ഖുർആനിന് നൽകിയാൽ അവൻ തെളിവിലും തെളിവ് പിടിക്കുന്നതിലും അബദ്ധം പിണഞ്ഞു." ومن عدل عن مذاهب الصحابة والتابعين وتفسيرهم إلى ما يخالف ذلك كان مخطئاً في ذلك ، بل كان مبتدعاً وإن كان مجتهداً مغفوراً له خطؤه ، فالمقصود بيان طرق العلم وأدلته ، وطرق الصواب ، ونحن نعلم أن القرآن قرأه الصحابة والتابعون وتابعوهم ، وأنهم أعلم بتفسيره ومعانيه ، كما أنهم أعلم بالحق الذي بعث الله به رسوله صلى الله عليه وسلم ، فمن خالف قولهم وفسر القرآن بخلاف تفسيرهم فقد أخطأ في الدليل والمدلول جميعاً ( مجموع فتاوى شيخ الإسلام ج 13 / 361 )
സലഫുകളിൽ നിന്ന് ഇത്തരത്തിൽ വേറെയും ഒരുപാട് ഉദ്ധരണികൾ കാണാം. അവരൊക്കെ പ്രമാണങ്ങളെ മനസ്സിലാക്കാൻ അവലംബിച്ചിരുന്നത് സ്വഹാബത്ത് അവ എങ്ങിനെ മനസ്സിലാക്കി എന്ന് പരിശോധിച്ച് കൊണ്ടായിരുന്നു. അവരാരും സ്വന്തമായ നിഗമനങ്ങളെയോ വ്യക്തിപരമായ താല്പര്യങ്ങളെയോ നിരീക്ഷണങ്ങളെയോ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളെയോ മുഖവിലക്കെടുത്തു അതിന്റെ അടിസ്ഥാനത്തിൽ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നവരായിരുന്നില്ല. ഈ നിയതമായ രീതിശാസ്ത്രത്തെ അബദ്ധവശാൽ കയ്യൊഴിഞ്ഞവരും മനപ്പൂർവ്വം കയ്യൊഴിച്ചവരും ലോകത്തു ഒരുപാടുണ്ട്. ഖുർആനും സുന്നത്തുമാണ് പ്രമാണമെന്നു വാശിയോടെ അവകാശപ്പെടുകയും എന്നാൽ അവ പ്രയോഗവൽക്കരിക്കുന്നതിൽ പൂർണ്ണമായോ ഭാഗികമായോ സ്വഹാബത്തിന്റെ ഫഹ്‌മിനെ അഥവാ അവരുടെ ധാരണയെ അവഗണിച്ച് അഗണ്യകോടിയിൽ തള്ളുന്ന ഒരുപാട് മുസ്ലിംകൾ. അവരോട് പ്രമാണങ്ങൾ മനസ്സിലാക്കുന്നതിൽ സ്വഹാബത്തിന്റെ ധാരണകൾ അവലംബിക്കൽ അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞാൽ ബുദ്ധിപരമായ ദുർന്യായങ്ങൾ ഉന്നയിച്ചു വായടപ്പിക്കാനുള്ള ശ്രമമായിരിക്കും അവരുടെ ഭാഗത്തു നിന്നുമുണ്ടാവുക. അവരുടെ തെറ്റായ നിലപാടുകൾ തിരുത്തുകയും സലഫുകളുടെ ഫഹ്മിലേക്കു തിരിച്ചു വരാൻ വേണ്ടി പ്രയത്നിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഭാഗം 4"ഇസ്‌ലാം ബുദ്ധിയുടെ മതമാണ്" പ്രകൃതിയുടെ മതമാണ്"എന്നൊക്കെ സാധാരണ പറയുമ്പോൾ അർത്ഥമാക്കുന്നത് എന്താണ്? മനുഷ്യരുടെ ശുദ്ധ പ്രകൃതിക്കും സാധാരണ യുക്തിക്കും ബുദ്ധിക്കും യോജിച്ചതാണ് ഇസ്‌ലാമിലെ അധ്യാപനങ്ങളെല്ലാം എന്ന അർത്ഥമാണോ? എങ്കിൽ അത് ശെരിയാണ്. ഒരു സാധാരണ മനുഷ്യന്റെ ശുദ്ധമായ സംവേദനത്തോട് സംവദിക്കുകയും അവന്റെ ചിന്താശേഷിയെ ഉദ്വീപിപ്പിക്കുകയും ഊർജ്വസ്വലമാക്കുകയും ചെയ്യുന്ന ആശയങ്ങളും പ്രയോഗങ്ങളും ഖുർആനിൽ പലയിടത്തും കാണാം. മനുഷ്യ ചിന്തയെ പരിപോഷിപ്പിക്കുകയും ജീവിതത്തിന്റെ നന്മ നിറഞ്ഞ വശങ്ങളിലേക്ക് ഉതകുന്ന വിധത്തിൽ ബുദ്ധി ഉപയോഗിക്കാനും അള്ളാഹു ഖുർആനിലൂടെ ഉൽബോധിപ്പിക്കുന്നുണ്ട്. "നിങ്ങൾ ഉറ്റാലോചിക്കുന്നില്ലേ" "അവർ പരിചിന്തനം നടത്തുന്നില്ലേ" തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യ മനീഷയെ ചലനാത്മകമാക്കാനുള്ള പ്രോത്സാഹനങ്ങളാണ്. ഭൗതിക ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക -സാമ്പത്തിക സാഹചര്യങ്ങൾ കൂടുതൽ ഭദ്രമാക്കാനും മനുഷ്യനു നൽകപ്പെട്ട വിഭവശേഷിയിൽ മഹോന്നതമായ ബുദ്ധി വിനിയോഗിക്കുകയും അതിന്റെ ആരോഗ്യകരവും സർവ്വതോന്മുഖവുമായ ഗുണഫലങ്ങൾ അനുഭവിക്കുകയും സമ സൃഷ്ടികൾക്കു പങ്കു വെക്കപ്പെടുകയും ചെയ്യുന്നതിൽ ഒരു ദോഷവുമില്ല. എന്നാൽ മനുഷ്യ ബുദ്ധിയുടെ വ്യവഹാര മേഖലകൾക്ക് കടന്നു ചെല്ലാൻ പ്രാപ്യമല്ലാത്ത സങ്കീർണ്ണമായ ചില മേഖലകളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അള്ളാഹുവിന്റെ ദീനുമായി ബന്ധപ്പെട്ട കാര്യങ്ങൾ. അള്ളാഹുവിന്റെ ആജ്ഞാ നിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അവന്റെ ഉദ്ദേശം എന്തെന്ന് അവരെ ബോധ്യപ്പെടുത്താനുമായി അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ചു. മതപരമായ അവരുടെ സംശയങ്ങളും ചോദ്യങ്ങളും നിവർത്തി വരുത്തിയത് പ്രവാചകന്മാർ വഴിയാണ്. അതിൽ അവസാന പ്രവാചകനായ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം തന്റെ പ്രബോധന ദൗത്യം വിജയകരമായി നിർവ്വഹിക്കുകയും ഇസ്‌ലാം ദീനിനെ അള്ളാഹു സമ്പുർണ്ണമാക്കിയിട്ടുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്ത ശേഷമാണ് അവിടുന്ന് വിട വാങ്ങിയത്. അപ്പോഴേക്കും നബിയിൽ നിന്ന് ഇസ്‌ലാം ദീനിനെ കേട്ടും പഠിച്ചും അനുഭവിച്ചും അനുവർത്തിച്ചും കഴിഞ്ഞ സഹാബാക്കളുടെ അനുഗ്രഹീതമായ ഒരു സമൂഹം അവിടെ ആവിർഭവിച്ചു കഴിഞ്ഞിരുന്നു. ആ ആദർശ സമൂഹം നബിയിൽ നിന്ന് ദീനെന്ന നിലയിൽ കേൾക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്ത കാര്യങ്ങൾ എന്തെല്ലാമാണോ അത് മാത്രമാണ് ദീൻ. ഇമാം മാലിക് റഹിമഹുള്ളയുടെ വാക്കു ഇവിടെ പ്രസക്തമാണ്. " അന്ന് (സ്വഹാബികൾ ജീവിച്ച കാലത്തു) ദീൻ അല്ലാത്ത ഒന്നും ഇന്നും ദീൻ ആവുകയില്ല" .
സച്ചരിതരായ സലഫുകളുടെ പാതയിൽ നിന്ന് മുസ്‌ലിം ബഹുജനം അകന്നു പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രമാണങ്ങളെ മനസ്സിലാക്കുന്നതിലും ഉൾക്കൊള്ളുന്നതിലും വ്യാഖ്യാനിക്കുന്നതിലും സ്വഹാബത്തിന്റെ ധാരണ (ഫഹ്മ്) സ്വീകരിക്കുന്നതിന് പകരം ജനങ്ങൾ സ്വന്തം താല്പര്യത്തേയും ബുദ്ധിപരമായ നിഗമനങ്ങളെയും ആശ്രയിച്ചത് കൊണ്ടാണ്. സലഫുകളുടെ ഫഹമു സ്വീകരിക്കണം എന്ന് പറയുകയും അംഗീകരിക്കുകയും ചെയ്യുന്നവർ പോലും പലപ്പോഴും ഈ മഹത്തായ അസ്വ് ലിനെ വിസ്മരിക്കുകയോ മറികടക്കുകയോ ചെയ്യുന്നുവെന്നതാണ് ഖേദകരമായ വസ്തുത. ഭാഗം 5മനുഷ്യബുദ്ധിക്ക് ഒരുപാട് പരിധികളും പരിമിതികളുമുണ്ട്. ഒരാൾ ചിന്തിക്കുന്നത് പോലെയല്ല മറ്റൊരാൾ ചിന്തിക്കുന്നതും കാര്യങ്ങൾ സമീപിക്കുന്നതും വിലയിരുത്തുന്നതും. ഒരാൾക്ക് ഉചിതമായിത്തോന്നുന്നത് മറ്റൊരാൾക്ക് തികച്ചും അരോചകമാവും. ഒരാൾക്ക് ഒരിക്കൽ ശെരിയായിത്തോന്നുന്നത് കാലങ്ങൾ കഴിഞ്ഞു അയാൾക്ക് തന്നെ തെറ്റായി തോന്നാം. ചുരുക്കത്തിൽ ഓരോതരുടെയും ബൗദ്ധിക നിലവാരം പല കാരണങ്ങൾ കൊണ്ടും വ്യത്യസ്തവും വൈരുദ്ധ്യം നിറഞ്ഞതുമായിരിക്കും. അപ്പോൾ ആരുടെ നിരീക്ഷണത്തിനും വീക്ഷണത്തിനുമാണ് മുൻതൂക്കം നൽകുക? ഏതു പണ്ഡിതന്റെ വാക്കിനാണ് പ്രാമുഖ്യമുണ്ടാവുക? പൗരാണികമോ ആധുനികമോ ആയ കാഴ്ചപ്പാടുകളിൽ ഏതിന് ആണ് പ്രായോഗികത കൽപ്പിക്കുക ? ഇങ്ങിനെ നൂറു കൂട്ടം പ്രശ്നങ്ങളും സംശയങ്ങളും ആവിര്ഭവിക്കും. അതിനാൽ തന്നെ ആപേക്ഷികമായ മനുഷ്യബുദ്ധിയെ പ്രമാണങ്ങൾ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അവലംബിക്കുക സാധ്യമല്ല. വിത്യസ്ത വീക്ഷണ കോണിലൂടെ ചിന്തിക്കുകയും കാര്യങ്ങളെ അപഗ്രഥിക്കുകയും ചെയ്യുന്ന ആളുകൾ അവരുടെ ബുദ്ധിയെ ആസ്പദിച്ചു മതത്തെ വ്യാഖ്യാനിക്കുമ്പോൾ തികച്ചും വൈരുധ്യം നിറഞ്ഞ ഫലങ്ങളാണ് ലഭിക്കുക.
മാത്രമല്ല, അള്ളാഹുവിന്റെ വചനങ്ങളിൽ സംഭവിക്കുന്ന ഇത്തരം വിരുദ്ധഭാവങ്ങൾ അള്ളാഹുവിൽ നിന്നുള്ള വചനങ്ങൾ എന്ന പരിശുദ്ധിക്ക് പോറലേൽപ്പിക്കുക കൂടി ചെയ്യുന്നു. ഇതിനെല്ലാം തന്നെ കൃത്യമായതും വ്യവസ്ഥാപിതമായതുമായ പരിഹാരമാണ് സലഫുകൾ, അഥവാ പ്രധാനമായും സ്വഹാബത്ത്, എങ്ങിനെ മനസ്സിലാക്കി എന്നുള്ള അന്വേഷണം. ഇത് ഒരു സ്വഹാബിയുടെ വാക്കിനെ അവലംബിക്കലല്ല. മറിച്ച്, ഒരു വിഷയത്തിൽ സ്വഹാബത്തിന്റെ അഭിപ്രായാന്തരമില്ലാത്ത നിലക്കുള്ള (മുഖാലിഫ് ഇല്ലാത്ത) പൊതു ധാരണ സ്വീകരിക്കലാണ്. അതിൽ നിന്ന് സ്വഹാബത്ത് ആ വിഷയത്തിൽ അങ്ങിനെ മനസ്സിലാക്കുകയും അമല് ചെയ്യുകയും ചെയ്തുവെന്ന് ബോധ്യമാവും. ഈ കാര്യം, അതായത് സ്വഹാബത്തിന്റെ ഫഹ്മിനെ സ്വീകരിക്കുക എന്ന വിഷയത്തിലാണ് ഇന്ന് ലോകത്തു ഏതാണ്ടെല്ലാ മുസ്‌ലിം പ്രബോധക സംഘങ്ങൾക്കും അബദ്ധം പിണഞ്ഞത്. അതായത്, ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് പറയാത്ത ഇസ്‌ലാമിക സംഘടനകൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. എന്നാൽ, ഖുർആനും സുന്നത്തും സ്വഹാബത്ത് മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവരായി അവരിലാരുണ്ട് എന്നതു സംശയകരവുമാണ്. ഇന്ന് നിലവിലുള്ള സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം അവരുടെ പ്രബോധന പ്രവർത്തനങ്ങളുടെയും ആദർശത്തിന്റെയും അജണ്ട നിശ്ചയിക്കുന്നത് നേരത്തെ പറഞ്ഞ മൗലിക തത്വത്തെ അവഗണിച്ചു കൊണ്ടാണെന്നു വ്യക്തം. അവയിൽ ചിലതു ഫഹമുസ്സലഫിനെ തത്വത്തിൽ അംഗീകരിക്കുന്നവ പോലുമാണെങ്കിലും അവരുടെ യുക്തിക്കും ബുദ്ധിക്കും സംഘടനാ താല്പര്യത്തിനും പൊരുത്തപ്പെടാത്തതെന്നു അവർ കരുതുന്ന സ്വഹീഹ് ആയ ഹദീസുകളെപ്പോലും അവർ നിഷേധിക്കുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്യുന്നു. ഇതെങ്ങിനെ ഫഹമുസ്സലഫിനെ സ്വീകരിക്കലാകും? അത് പോലെ അവരുടെ നയ നിലപാടുകളിൽ പലതും ഇസ്‌ലാമിന്റെ മൗലികമായ പല ആശയങ്ങൾക്കും എതിരും പരസ്പരം ഒത്തു പോകാത്തതുമാണെന്നു കാണാം. ഇത്തരം നിലപാടുകൾ നിലനിർത്തിക്കൊണ്ടു തന്നെ ഫഹമുസ്സലഫും, സലഫിയ്യത്തും അവർ അവകാശപ്പെടുന്നുവെന്നതാണ് വിരോധാഭാസം. ഫഹമുസ്സലഫ് സ്വീകരിച്ച ഒരാൾക്ക് അബദ്ധങ്ങളും വീഴ്ചകളും സംഭവിക്കില്ലെന്നോ ജീവിതത്തിൽ അധർമ്മങ്ങൾ തീരെ കടന്നു വരില്ലെന്നോ ഒന്നുമല്ല അതിനർത്ഥം. മറിച്ച് പ്രമാണങ്ങളോടുള്ള സമീപന രീതിയിൽ അബദ്ധങ്ങൾ സംഭവിക്കാതിരിക്കുകയും അതുവഴി ദീനിനെ തെറ്റായി മനസ്സിലാക്കപ്പെടാതിരിക്കുകയും ചെയ്യുകയെന്നതാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം, ഇത് ഒരാൾക്ക് ഒരു അബദ്ധം സംഭവിക്കുന്നത് പോലെയോ ജീവിതത്തിൽ മറ്റു വീഴ്ചകൾ സംജാതമാകുന്നത് പോലെയോ അല്ല. മറിച്ച് ദീനിനെ തെറ്റായി മനസ്സിലാക്കലാണ്. ഇത് വലിയ അബദ്ധമാണ്. ശെരിയായ ദീൻ എന്ന നിലയിൽ തെറ്റായി മനസ്സിലാക്കിയ കാര്യം സ്വീകരിക്കുകയും ജീവിതകാലം മുഴുവൻ ആ നിലക്കുള്ള അമൽ ചെയ്യുകയും ചെയ്‌താൽ എന്ത് മാത്രം അപകടകരമായിരിക്കുമെന്നു ഓർത്തു നോക്കൂ. അതിനാൽ തന്നെ, അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നതും ഓരോരുത്തരും മനസ്സിലാക്കിയിരിക്കേണ്ടതുമായ അടിസ്ഥാനപരമായ ഒരു ഘടകമത്രെ ഫഹമുസ്സലഫ്. • • • • • • •
|