കൊറോണ കാല കാഴ്ചകൾ
First Published by Basheer Puthur on April 2020 |
ഭാഗം 1നാടിനും നഗരത്തിനും പൂട്ടു വീണു.
നാട്ടുകാർ ബേജാറായി പരക്കം പാഞ്ഞു ! ആരും പുറത്തിറങ്ങാൻ പാടില്ല! എല്ലാവരും വീട്ടിലിലിരിക്കുക ! മാളുകളും ഷോപ്പിംഗ് കോംപ്ലക്സുകളും ഷട്ടറുകളിട്ടു. എല്ലാവരുടെ മുഖത്തും ഭയാശങ്കകൾ മാത്രം! എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാനും പ്രവചിക്കാനും കഴിയാത്ത അവസ്ഥ! എല്ലാവരും പറയുന്നത് ഒരേ കാര്യങ്ങൾ മാത്രം #കൊറോണ ! കൊറോണയെക്കുറിച്ചു ആർക്കും എഴുതിയിട്ടും പറഞ്ഞിട്ടും വിശതീകരിച്ചിട്ടും മതിയാകുന്നില്ല. ആരോഗ്യപ്രവർത്തകരും വൈദ്യന്മാരും ഭിഷഗ്വരന്മാരും പൊതുപ്രവർത്തകരും രാഷ്ട്രീയക്കാരും ഭരണാധികാരികളും നിരന്തരം ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ടേയിരിക്കുന്നു. എന്തായാലും, എന്നെങ്കിലും ഒരിക്കൽ മരിക്കില്ലേ പിന്നെയെന്തിനാണ് എപ്പോഴും ഇത് തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് ഒരാളും ചോദിക്കുന്നില്ല. ഈ നശ്വരമായ ജീവിതത്തിന് ശേഷം ശാശ്വതമായ മറ്റൊരു ജീവിതമുണ്ടെന്നും അതിന് വേണ്ടിയാണ് പ്രയത്നിക്കേണ്ടതെന്നും ആ ജീവിതത്തിൽ വിജയിക്കണമെങ്കിൽ സർവ്വലോക നിയന്താവും രക്ഷിതാവുമായ ഏകനായ ഇലാഹിനെ മാത്രം ഇബാദത് ചെയ്യണമെന്നും അവനിൽ ആരേയും ശിർക്ക് വെക്കരുതെന്നും ബിദ്‌അത്തുകൾ ഒഴിവാക്കുകയും സുന്നത് പിൻപറ്റുകയും ചെയ്യണമെന്ന് പറഞ്ഞപ്പോൾ പലരും ചോദിച്ചു " നിങ്ങൾക്ക് ഈ #തൗഹീദും #ശിർക്കുമല്ലാതെ വേറെ ഒന്നും പറയാനില്ലേ ? എന്തിനാണ് എപ്പോഴും #തൗഹീദ് #ശിർക്ക് മാത്രം നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ? നാടായ നാട് മുഴുവൻ #കൊറോണ #കൊറോണ എന്ന് മാത്രം ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നിട്ടും ആർക്കും ആവർത്തന വിരസത അനുഭവപ്പെടുന്നില്ല ! അതാണ് ദീനും ദുനിയാവും തമ്മിലുള്ള അന്തരം ! വഴിയിൽ കേട്ടത് : "പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും ! അത് കൊണ്ട് എങ്ങോട്ടാണെന്ന് ചോദിച്ചാൽ ബീവറേജസിലേക്കെന്നു പറയുക ! ഭാഗം 2
കടകളൂം ഷോപ്പുകളൂം മാർക്കറ്റുകളും അടക്കുകയാണെന്നു കേട്ടതോടെ ആളുകളുടെ ബേജാറും വെപ്രാളവും ശതഗുണീഭവിച്ചു! എല്ലാവരും കൂട്ടം കൂട്ടമായി നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യ വിഭവങ്ങളും സാനിറ്റയ്‌സറും വാങ്ങിക്കൂട്ടാൻ ഓടി ! വെപ്രാളപ്പെട്ടും വരി നിന്നും വീർപ്പു മുട്ടി ടൂത്തു പെയ്സ്റ്റുകൾ വരെ കെട്ട് കണക്കിന് വാങ്ങി ശേഖരിച്ചു. നാളെ തൊട്ട് ഷോപ്പുകളൊന്നും തുറന്നില്ലെങ്കിൽ എന്താകും അവസ്ഥ എന്നോർത്ത് ഒരാൾക്കും ഇരിപ്പുറക്കുന്നില്ല! എന്നാൽ കൊറോണ മൂലമോ അല്ലാതെയോ ഉള്ള അനിവാര്യമായ മരണം നാളെ എനിക്ക് സംഭവിച്ചാൽ #എന്താകും #എന്റെ #അവസ്ഥ എന്ന് ചിന്തിക്കുന്നവർ വളരെ വളരെ തുച്ഛം ! അതാണ് ദീനും ദുനിയാവും തമ്മിലുള്ള അന്തരം !
നാളേക്കുള്ള അന്നത്തിന് വേണ്ടി ബേജാറായി പരക്കം പായുന്നവരേ, മരണത്തിന് ശേഷമുള്ള ശാശ്വതമായ ജീവിതത്തിന് വേണ്ടി പരക്കം പായുക ! ഭാഗം 3ചികിത്സയില്ലാത്ത മാരക രോഗം ! അതാണ് കൊറോണയെന്നു ഇന്ന് ലോകത്തു ഏതൊരു കൊച്ചു കുട്ടിക്കുമറിയാം. പരമാവധി സ്വീകരിക്കാൻ പറ്റുന്ന മാർഗം അതിന്റെ വ്യാപനവും സംക്രമണവും തടയുകയെന്നതാണ്. അതിന് ലോകം കണ്ടു പിടിച്ച വഴിയാകട്ടെ, സാംക്രമിക രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നിർദ്ദേശിച്ച മാർഗ്ഗവും ! ഒരു നാട്ടിൽ സാംക്രമിക രോഗങ്ങൾ പടർന്ന് പിടിച്ചതായി നിങ്ങൾ അറിഞ്ഞാൽ പിന്നീട് നിങ്ങൾ അങ്ങോട്ട് പോകരുത്. നിങ്ങളുടെ നാട്ടിലാണ് അതുള്ളതെങ്കിൽ മറ്റു നാടുകളിലേക്ക് (രോഗമില്ലാത്ത) നിങ്ങൾ പോവുകയുമരുത്. ആരോഗ്യപരിപാലന രംഗത്തെ പകരം വെക്കാനില്ലാത്ത ആശയം ! ഇന്നിത് ലോകം നെഞ്ചേറ്റുന്നത് നാം കാണുന്നു. മനുഷ്യന്റെ ആരോഗ്യത്തെക്കാൾ പതിന്മടങ്ങു പ്രാധാന്യത്തോടെ പോറലേൽക്കാതെ സംരക്ഷിക്കേണ്ടതാണ് ഇസ്‌ലാമിക വിശ്വാസ മൂല്യങ്ങൾ. ഫിത്നകൾ ദീനിന്റെതായാലും ദുനിയാവിന്റെതായാലും വ്യാപനം തടയേണ്ടത് തന്നെയാണെന്ന് സാരം. ഇത്തരം സാഹചര്യങ്ങൾ തടയാൻ അവലംബിക്കാവുന്ന ഏക മാർഗം "അകലം പാലിക്കൽ" (keeping distance) മാത്രമാണ്. കാര്യബോധമുള്ളവർ الزم بيتك (home quarantine) എന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവരും ഊറിച്ചിരിച്ചവരും കൊച്ചാക്കിയവരും ഇന്ന് ജനങ്ങളോട് الزم بيتك എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ദുനിയാവിനു വേണ്ടി അങ്ങിനെ പറയാമെങ്കിൽ തന്റെ ദീനിന്റെ സംരക്ഷണത്തിന് വേണ്ടി തീർച്ചയായും പറയാം ; അപ്പോൾ രണ്ടിനും الزم_بيتك
ഭാഗം 4അപരരുമായി നിശ്ചിത അകലം പാലിച്ചാൽ അള്ളാഹുവിന്റെ ഇദിനോട് കൂടി രോഗസംക്രമണം തടയാമെന്നാണ് ലോകാരോഗ്യ സംഘടനയടക്കം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. രോഗാണു വാഹകരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഇല്ലാതാക്കാനാണ് ലോകരാഷ്ട്രങ്ങൾ home quarantine (الحجر المنزلي)പ്രഖ്യാപിച്ചത്. അപ്പോൾ മാനവരാശിയുടെ ശാരീരികാരോഗ്യത്തിന് ദോഷം ചെയ്യുമെന്നതിനാൽ മറ്റുള്ളവരുമായി അകൽച്ചയും ബന്ധവിച്ഛേദനവും ആകാമെന്ന് ലോകം തർക്കമില്ലാതെ അംഗീകരിച്ചു. എന്നാൽ ശാരീരികാരോഗ്യത്തെക്കാൾ അങ്ങേയറ്റം സുരക്ഷ ഒരുക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതാണ് മുസ്‌ലിമായ മനുഷ്യന്റെ വിശ്വാസ കാര്യങ്ങളായ തൗഹീദ്, ഈമാൻ, സുന്നത് തുടങ്ങിയവ. കാരണം, ആരോഗ്യം നശ്വരമായ ഭൗതിക ലോകവുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിൽ, മുകളിൽ പറഞ്ഞ വിശ്വാസവുമായി ബന്ധപ്പെട്ടവ, അനശ്വരമായ പാരത്രിക ജീവിത വിജയവുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. അതിനാൽ തന്നെ, കറകളഞ്ഞ ഇസ്‌ലാമിക വിശ്വാസമായ തൗഹീദിനെയും കലർപ്പില്ലാത്ത സുന്നത്തിനെയും ദുഷിപ്പിക്കുകയും ബിദ്അത്തും തെറ്റായ ചിന്തകളും കൊണ്ടുനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളെയും ഗ്രൂപ്പുകളേയും അകറ്റി നിർത്തുകയും ജാഗ്രത പാലിക്കുകയൂം അവരിലുള്ള വിശ്വാസപരമായ സാംക്രമിക രോഗം മറ്റുള്ളവരിലേക്ക് പകരാതെ നോക്കുകയും ചെയ്യേണ്ടത് സത്യവിശ്വാസികളുടെ ബാധ്യതയാണ്. ആ പരിരക്ഷയുടെ ആകത്തുകയാണ് "വലാഉം ബറാഉം" ഇത് പറഞ്ഞപ്പോഴെല്ലാം ഉറഞ്ഞു തുള്ളുകയും വാളെടുത്തു വെളിച്ചപ്പാടാവുകയും ചെയ്തവരെല്ലാം ഇന്ന് അകലം പാലിക്കാൻ ഉപദേശിച്ചു കൊണ്ടേയിരിക്കുന്നു ! അള്ളാഹു എത്ര റഹ്മത്തുള്ളവനാണ് എന്നോർത്ത് നോക്കൂ ! പലതും പറഞ്ഞിട്ട് അറിയാത്തവർക്ക് അനുഭവത്തിലൂടെ തിരിച്ചറിവിന് അവസരം നൽകുകയാണ് ! അത് കൊണ്ട് അവനെ നമുക്ക് വാഴ്ത്താം
سبح اسم ربك الأعلى الذي خلق فسوّى ! ഭാഗം 5പരീക്ഷണ ഘട്ടങ്ങൾ സത്യവിശ്വാസിക്ക് പ്രതിഫലാർഹമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നു. ഏത് നിലക്കുള്ള പരീക്ഷണങ്ങളിലും വിധിയെ പഴിക്കാതെയും കുറ്റപ്പെടുത്താതെയും പൂർണ്ണമായ തൃപ്തിയും സഹനവും അത്യന്താപേക്ഷിതമാണ്. ഇവിടെയാണ് ഭൗതികപ്രമത്തരായ ആളുകളും സത്യവിശ്വാസിയും വഴിപിരിയുന്നത്. പരീക്ഷണഘട്ടങ്ങളിൽ പിരിമുറുക്കമുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ അതിനെ വിധിയിലുള്ള വിശ്വാസം കൊണ്ടു ക്ഷമയോടെ നേരിടുമ്പോൾ ആ പിരിമുറുക്കത്തിന്റെ തീഷ്ണത ലഘൂകരിക്കപ്പെടുന്നു. #ഇത് #ഒരു #സത്യവിശ്വാസിയിലല്ലാതെ #സമ്മേളിക്കുകയില്ല ! എന്ന് മാത്രമല്ല അപ്പോൾ മാത്രമേ ആ പ്രയാസഘട്ടം അവന് അനുഗ്രഹവും പ്രതിഫലാർഹവുമായിത്തീരുകയുള്ളു! ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസിൽ " വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും" എന്ന് പ്രത്യേകമായി പറയുന്നതായി കാണാം. റമദാൻ വ്രതവും റമദാനിലെ രാത്രി നമസ്കാരവും പോലെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ ഹദീസിൽ ഈ രണ്ടു പദങ്ങളും ഒരുമിച്ചു വന്നതായി ഉള്ളൂ ! അതിനാൽ തന്നെ പ്രതിഫലേച്ഛയോടെ ക്ഷമിക്കുകയെന്നത് അത്ര നിസാര കാര്യമല്ലെന്ന് നമുക്ക് മനസ്സിലാക്കാം. അത് കൊണ്ട് തന്നെയാണ് അവർക്ക് ശഹീദിന് തുല്യമായ പ്രതിഫലം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം വാഗ്ദാനം ചെയ്തത്. പറഞ്ഞു വരുന്നത് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന പ്രയാസകരമായ രോഗഭീതിയിൽ നാം സ്വീകരിക്കേണ്ട നിലപാട് എന്തെന്നതിനെക്കുറിച്ചാണ്. ഒന്നാമതായി അള്ളാഹുവിനെക്കുറിച്ചും അവന്റെ വിധികളെക്കുറിച്ചും നമ്മുടെ വിശ്വാസം രൂഢമൂലമാക്കുകയും ക്ഷമ അവലംബിച്ചു കൊണ്ട്, പ്രയാസഘട്ടങ്ങളെ നേരിടുകയും അതിനോട് മാനസികമായ തൃപ്തിയും സഹനവും കൈക്കൊള്ളുകയും ചെയ്യുകയെന്നുള്ളതാണ്. എത്ര നിസാരമായ സാഹചര്യമായാലും അള്ളാഹുവിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് നിരാശരാവാതെ പിടിച്ചു നിൽക്കാൻ സ്വയം സന്നദ്ധരാവേണ്ടതുണ്ട്. അത് പോലെ കണ്ടതും കേട്ടതുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കുകയും പൊതുവായ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതേ സമയം ഒഴിവു വേളകൾ ഖുർആൻ പഠനത്തിനും അതിന്റെ ആശയം ഉൾക്കൊള്ളുന്നതിനും നീക്കി വെക്കുകയൂം നമസ്കാരത്തിന് ശേഷവും രാവിലെയും വൈകിട്ടും ചൊല്ലേണ്ട ദിക്ർ ദുആകളും വിട്ടു പോകാതെ ചൊല്ലുകയും ചെയ്യുക. ഇങ്ങിനെയൊക്ക ജീവിതത്തിൽ മാറ്റം വരുത്തി നോക്കൂ ! ഉന്മേഷവും മാനസികോല്ലാസവും അപ്പോൾ തിരിച്ചുവരുന്നതായി നിങ്ങൾക്കനുഭവപ്പെടും ! "മുഉമിനിന്റെ കാര്യം ആശ്ചര്യകരം തന്നെ" യെന്ന അവസ്ഥ അപ്പോൾ സംജാതമാകും ! ഭീതിയൊഴിയാതെ വെപ്രാളപ്പെടുന്ന കാഫിറിന്റെ മനോനില ഒരിക്കലും സത്യവിശ്വാസിക്കുണ്ടാവില്ല ! പരീക്ഷണങ്ങളിൽ നിന്ന് നാം പഠിക്കേണ്ട വലിയ പാഠമാണിതെല്ലാം.
ഭാഗം 6എത്ര തിരക്ക് പിടിച്ച ജീവിതം നയിച്ചവരായിരുന്നു നമ്മളെല്ലാം ? എന്തു മാത്രം തിരക്കായിരുന്നു അല്ലേ നമ്മൾക്കെല്ലാം ? രാവിലെ സൂര്യനുദിക്കുന്നതിനു മുമ്പേ ഇറങ്ങുകയും അസ്തമയ ശോഭ മാഞ്ഞതിന് ശേഷം കൂടണയുകയും ചെയ്തവർ. ചിലർ അതും കഴിഞ്ഞ്! സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, കൂലിപണിക്കാർ, കച്ചവടക്കാർ, വഴിവാണിഭക്കാർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിൽ ചെറുതും വലുതുമായ ജോലികൾ ചെയ്‌ത് കുടുംബം പുലർത്തുകയും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഭാഗവാക്കാവുകയും ചെയ്തവർ ! കണ്ണിമ വെട്ടുന്ന നേരത്തിനുള്ളിൽ എല്ലാം ഒരു പഴങ്കഥ പോലെയായി മാറി. "ഞാൻ പോയില്ലെങ്കിൽ നടക്കില്ല" എന്ന് വിചാരിച്ചവർക്ക് അള്ളാഹു അവരുടെ മുമ്പിൽ, "എല്ലാം നടക്കുമെന്ന്" പറയാതെ പറയുകയാണ്. ജീവിത തിരക്ക് കാരണം പലപ്പോഴും ജമാഅത് നമസ്കാരങ്ങൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് തിരക്കൊഴിഞ്ഞു പള്ളിയിൽ പോയി ജമാഅത് ആയി നമസ്കരിക്കാം എന്ന് കരുതിയപ്പോൾ പള്ളിയിൽ ജമാഅത് നമസ്കാരം തന്നെയില്ല ! ഓരോന്നിനും സമയമുണ്ട് ! സമയം ആരേയും കാത്തു നിൽക്കില്ല ! സമയം തന്നെയാണ് നമ്മുടെ ജീവിതം ! ഇത് നമുക്കൊരു മുന്നറിയിപ്പാണ്. ഒരു തൊട്ടുണർത്തലാണ്. നമ്മെക്കാൾ തിരക്കുണ്ടായിരുന്ന, നമ്മെക്കാൾ സുന്ദരമായ സ്വപ്നങ്ങൾ കണ്ടിരുന്ന പലരും മീസാൻ കല്ലുകൾക്ക് താഴെ മണ്ണിട്ട് മൂടപ്പെട്ടിരിക്കുന്നു ! എത്രയെത്ര സുന്ദര സ്വപ്നങ്ങളാണ് അവിടെ വാടിക്കരിഞ്ഞു കിടക്കുന്നത് ! ഇതാണ് ഐഹിക ജീവിതം ! മരിക്കാതെതന്നെ മരണത്തെ നമുക്കിപ്പോൾ ഓർക്കാൻ കഴിയുന്നുവല്ലേ ?
ഇനി സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ ! ഇന്നലെ വരെ ഉറങ്ങാൻ സമയം കിട്ടാത്തവർക്ക് എത്ര ഉറങ്ങിയിട്ടും സമയം പിന്നെയും ബാക്കി ! സ്വന്തം കുടുംബത്തെയും കുട്ടികളെയും വിളിച്ചു ചുറ്റുമിരുത്തി അവരോട് അവരുടെ ജീവിതത്തെക്കുറിച്ചു സംസാരിക്കാൻ പറയൂ. നിശബ്ദമായി അവരെ കേൾക്കാൻ ശ്രമിക്കൂ. വീട്ടുകാരുടെ ഗൃഹാങ്കണത്തെക്കുറിച്ചും അവിടെയുള്ള കലപില ശബ്ദത്തെക്കുറിച്ചും സംവദിക്കു ! കുട്ടികളുടെ ദൈനംദിന ചര്യകളെക്കുറിച്ചും അവരുടെ പരക്കം പാച്ചിലിനും പഠന - കളികൾക്കിടയിലുള്ള നിർബന്ധ നമസ്കാരത്തിന്റെയും മറ്റു മൂല്യങ്ങളുടെയും ചേർത്ത് വെപ്പ് ആശ്വാസദായമായിരുന്നോവെന്നു അന്വേഷിക്കൂ ! ഉണങ്ങാത്ത വൃണം പോലെ, വെണ്ണീറിനടിയിൽ പുകയുന്ന തീയുടെ ഒരു നീറ്റൽ നിങ്ങളുടെ അന്തരാളങ്ങളിൽ അതുണ്ടാക്കുന്നുവെങ്കിൽ, നിരാശപ്പെടേണ്ട ! നിങ്ങൾ പരാചയപ്പെട്ടിട്ടില്ല ! ഇത് നിങ്ങൾക്ക് അള്ളാഹു കനിഞ്ഞു നൽകിയ സമയമാണെന്ന് കരുതുകയും തിരുത്തലുകൾ തുടങ്ങുകയും ചെയ്യുക ; തിരുത്താൻ കഴിയാത്ത സമയം വരും മുമ്പേ. نَدِمَ البُغاة ولاتَ ساعةَ مَنْدَم *** والبغيُ مَرْتَعُ مُبْتَغيهِ وخيمُ
ഭാഗം 7നമ്മുടെ വീടുകൾ നമുക്ക് അവസാനത്തെ അഭയ കേന്ദ്രമാണ്. പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ നമ്മളുടെ 'വലിപ്പം' ചുരുങ്ങിപ്പോയിരിക്കുന്നു. നാം നമുക്ക് വേണ്ടിയും മറ്റു മനുഷ്യന് വേണ്ടിയും സ്വയം ചെറുതായിക്കഴിഞ്ഞിരിക്കുന്നു. എന്തെല്ലാം ചെയ്തു തീർക്കണമെന്ന് കണക്കു കൂട്ടിയ മനുഷ്യരാണ് ഒന്നും ചെയ്യാനില്ലാതെ നിഷ്ക്രിയരും ഇതികർത്തവ്യതാമൂഢരുമായിപ്പോയത് ! ജീവിതത്തിൽ ഇങ്ങനെ ഒരു സാഹചര്യം വന്ന് ചേരുകയും ചങ്ങലകളില്ലാതെ ചക്രവാളങ്ങൾ കാണാതെ ബന്ധിക്കപ്പെടുമെന്നു നാമാരെങ്കിലും എപ്പോഴെങ്കിലും സ്വപ്നം കണ്ടിരുന്നോ ?
ഇപ്പോൾ നമുക്ക് ചുറ്റുവട്ടത്തുള്ളതെല്ലാം കാണാൻ പറ്റുന്നുണ്ട്. മറന്നു കഴിഞ്ഞ പലതും ഓർമ വരുന്നുണ്ട്. നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും അന്നം തരികയും ചെയ്യുന്ന അള്ളാഹുവിനെ നമ്മളിപ്പോൾ കൂടുതലായി ഓർക്കാൻ തുടങ്ങിയിരിക്കുന്നു. ഈ "വീട്ടുതടങ്കൽ" നമുക്ക് നൽകുന്ന മുന്നറിയിപ്പുകൾ പലതാണ്. ഇരുളിൽ ഒറ്റപ്പെട്ട് കഴിഞ്ഞാൽ, മരുഭുമിയിലോ വനാന്തരത്തിലോ ഏകാകിയായിത്തീർന്നാൽ മനുഷ്യന്റെ നിസ്സഹായത നിറഞ്ഞ വിളി കേൾക്കുന്ന ഒരാൾ ! ;#ഒരാൾ മാത്രം ! ഏകനായ റബ്ബ് ! റഹ്‌മാനും റഹീമുമായ മാലികുൽ മുൽക് ! മത്സ്യത്തിന്റെ വയറ്റിൽ, ഏകാകിയായി ഇരുട്ടറയിൽ ഒറ്റപ്പെട്ട് പോയ യൂനുസ് നബി അലൈഹി സലാം നിരാശപ്പെടാതെ പ്രതീക്ഷയോടു കൂടി അള്ളാഹുവിനു തസ്ബീഹ് ചെയ്തു കൊണ്ടേയിരുന്നു. അദ്ദേഹം നിസ്സഹായാവസ്ഥയിൽ അള്ളാഹുവിനോട് ദുആ ചെയ്തു لَّآ إِلَٰهَ إِلَّآ أَنتَ سُبۡحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِين
ഏത് സാഹചര്യത്തിലും സത്യവിശ്വാസിക്ക് നഷ്ടപ്പെടാത്ത ആയുധമാണ് ദുആ. എല്ലാ മരുന്നുകളും ചികിത്സകളും പരാചയപ്പെട്ടിടത്തു ദുആകൾക്ക് അള്ളാഹു വിജയം നൽകിയിട്ടുണ്ട്. മനുഷ്യ കഴിവുകളുടെ പരാജയം ഇറ്റലിയിൽ നാം കണ്ടു. അവിടത്തെ ഭരണാധികാരികൾ പരാജയം ലോകത്തോട് സമ്മതിക്കുകയും ചെയ്തു. പക്ഷെ സത്യ വിശ്വാസി ഒരിക്കലും നിരാശനല്ല. ചാനലുകൾക്ക് വിശ്രമം നൽകൂ. എന്നിട്ട് ഇഖ്‌ലാസോടെ അള്ളാഹുവിനോട് ദുആ ചെയ്യൂ! ഫലം കാണാതിരിക്കില്ല !
ഭാഗം 8കൊറോണയെ നേരിടാൻ ലോകം ഒന്നടങ്കം എല്ലാ വിധ സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. പല രാജ്യങ്ങളും അതാത് നാടുകളിലെ പൊതുവിടങ്ങളെല്ലാം "ലോക്ക് ഡൗൺ" ആക്കിക്കഴിഞ്ഞു. സർക്കാർ സംവിധാനത്തിന് പുറമെ എൻ ജീ ഓ കളും ആരോഗ്യപ്രവർത്തകരും സജീവമായിത്തന്നെ രംഗത്തുണ്ട്. സഹായ ഹസ്തങ്ങളുമായി വിത്യസ്ത സഹായ വാഗ്ദാനങ്ങൾ അവർ മുന്നോട്ട് വെക്കുകയും ചെയ്യുന്നു; നല്ലത് തന്നെ. അവരവരെക്കൊണ്ട് പറ്റുന്നത് അവരവർ ചെയ്യട്ടെ. പക്ഷെ സർക്കാരിന്റേതായാലും അല്ലാത്തതായാലും ഈ സംവിധാനങ്ങളെല്ലാം എത്ര കണ്ട് പൊതുജനങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒന്നോർത്തു നോക്കണം! വ്യോമയാന ഗതാഗതം തൊട്ട് പൊതു ഗതാഗതം വരെ നിശ്ചലമായിക്കഴിഞ്ഞ ലോകത്ത്, എല്ലാ സഹായവും അവസാനിക്കുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്കൂ. പുറത്തിറങ്ങുകയും ആളുകളുമായി ഇടപഴകുകയും ചെയ്യുന്ന അവസ്ഥ ഇല്ലാതാവുകയും തീരെ പുറത്തിറങ്ങാൻ തന്നെ പറ്റാത്ത സാഹചര്യം പലയിടത്തും സംജാതമായില്ലേ ഇപ്പോൾ തന്നെ ? അപ്പോൾ സാഹചര്യങ്ങൾ മാറി മറിയാം. നിലനിൽക്കുന്ന അവസ്ഥകൾക്ക് മാറ്റം സംഭവിക്കാം. വാഗ്ദാനപെരുമഴകളും സഹായഹസ്തങ്ങളും ഏതു സമയത്തും നിശ്ചലമാകാം. ഭക്ഷ്യവിഭവ ലഭ്യതക്ക് തടസം നേരിടാം. ബാങ്കുകളുടെയും പൊതുവിതരണ ശൃംഖലയുടെയും പ്രവർത്തനത്തിന് പൂട്ടു വീഴാം. ഇന്റർനെറ്റും സോഷ്യൽ മീഡിയയും പണിമുടക്കാം. ഇങ്ങിനെ പലതും സംഭവിക്കാം ! ഇവിടെ നമുക്ക് കുറച്ചു കൂടി ആഴത്തിൽ ചിന്തിക്കുകയും നമ്മുടെ നിലപാടുകൾ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഒന്നാമതായി മുകളിൽ പറഞ്ഞ അവലംബങ്ങളെല്ലാം നമ്മെ സംബന്ധിച്ചേടത്തോളം വെറും കാരണങ്ങൾ മാത്രമാണ്. നമ്മുടെ അടിസ്ഥാനപരവും അനിവാര്യവുമായ അവലംബം ഹയ്യും ഖയ്യൂമുമായ അള്ളാഹു സുബ്ഹാനഹു വ തആലയാണ്. അവൻ കണക്കാക്കിയതല്ലാതെ ലോകത്തൊരു കാര്യവും നടക്കുകയില്ല എന്ന ഖദ്റിലുള്ള വിശ്വാസമാണ് നമുക്ക് മുഴുവൻ പ്രതീക്ഷയും. മറ്റുള്ളതെല്ലാം നമുക്ക് ഉപയോഗപ്പെടുത്താവുന്ന അസ്ബാബ് (കാരണങ്ങൾ) മാത്രം. ചിലപ്പോൾ ഉപകരിച്ചേക്കാം ; അല്ലെങ്കിൽ ഉപകരിച്ചില്ലെന്നു വരാം. അത്ര മാത്രം. എന്നാൽ നമുക്ക് പൂർണ്ണ ബോധ്യവും അചഞ്ചലമായ വിശ്വാസവുമുള്ള അള്ളാഹുവിന്റെ സഹായമാണ് നാം പരമമായി പ്രതീക്ഷിക്കേണ്ടതും അവലമ്പിക്കേണ്ടതും. അപ്പോൾ മാത്രമേ നമ്മുടെ തവക്കുൽ ശെരിയാവുകയും നമ്മുടെ വിശ്വാസം സമ്പുർണ്ണമാവുകയും ചെയ്യുകയുള്ളൂ. അതിരുകളില്ലാത്ത ആകാശമാണ് നമ്മുടെ ദുആകൾ. അതിർത്തികൾ അടച്ചാലും ഗതാഗതം നിലച്ചാലും സർവ്വ ബന്ധങ്ങളും ഇല്ലാതായാലും ഉപരിലോകവുമായി ദുആയെ മുറിച്ചു മാറ്റാൻ അള്ളാഹുവിനല്ലാതെ മറ്റാർക്കും കഴിയില്ല ! അതാവട്ടെ നമ്മുടെ കരുത്ത് ; അതിനാവട്ടെ നമ്മുടെ പ്രയത്‌നം.
ഭാഗം 9സേവനം ഇസ്‌ലാമിൽ പുണ്യകർമ്മമാണ്. അഗതികളെയും അനാഥരെയും ജീവിതം വഴിമുട്ടിയവരെയും ഉള്ളത് കൊണ്ട് സഹായിക്കാൻ അള്ളാഹു ഖുർആനിലൂടെ ഉൽബോധിപ്പിക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വജീവിതത്തിലൂടെ മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ചുണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ല എന്ന പ്രസ്താവനയും നിങ്ങൾ കറിയുണ്ടാക്കിയാൽ അതിൽ വെള്ളം ചേർത്തിട്ടെങ്കിലും നിങ്ങളുടെ അയൽക്കാരനെയും പരിഗണിക്കണമെന്ന കൽപ്പനയും അതിലേക്കുള്ള സൂചനകളാണ്. മനുഷ്യ മൂല്യങ്ങൾക്ക് വിലനൽകുന്ന വേറെയും ഹദീസുകൾ കാണാം. എന്നാൽ ഇവ നിർവ്വഹിക്കുന്നതിനു നിബന്ധനകളും നിഷ്കർഷിച്ചിട്ടുണ്ട്. ഉദാരവാനും ധർമ്മിഷ്ടനുമെന്ന പേര് കിട്ടാൻ വേണ്ടി ദാനം ചെയ്യുന്നത് പുണ്യകരമല്ലെന്നു മാത്രമല്ല അവ ചെറിയ ശിർക്കിൽ പെടുകയും ചെയ്യും. സാമൂഹ്യ സേവകരും പൊതുജന തത്പരരും കാലിൽ തടഞ്ഞിട്ട് നാട്ടിൽ സാധാരണക്കാർക്ക് പുറത്തിറങ്ങി വഴി നടക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. ഒരു മുസ്‌ലിമായ മനുഷ്യൻ വൈയക്തികമായി അനുഷ്ഠിക്കുകയും പുലർത്തുകയും ചെയ്യേണ്ട പതിന്മടങ്ങു പ്രതിഫലമുള്ള പല പുണ്യകർമ്മങ്ങളും അവഗണിക്കുകയും അശ്രദ്ധമായി ജീവിക്കുകയൂം ചെയ്യുന്നവരാവും പലപ്പോഴും സാമൂഹ്യ സേവനരംഗത്തു നിറഞ്ഞു നിൽക്കാറുള്ളത് എന്നതാണ് സത്യം. അനങ്ങിയാൽ സെൽഫിയെടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന "സേവകർ" നാടൊട്ടുക്കുമുണ്ട് . അള്ളാഹുവിന്റെ പ്രതിഫലമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിന്റെ നിബന്ധനകൾ പാലിച്ചേ പറ്റൂ. അതായത്, ഇസ്‌ലാമിൽ ചാരിറ്റി എന്നത് ഒരു ഷോ ബിസിനസ് അല്ല. പൊതു ബോധത്തെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും സ്വയം പേരെടുക്കാനും ധർമ്മം ചെയ്യുന്നവരേറെയുണ്ട്. അള്ളാഹുവിൽ വിശ്വസിക്കുകയും അവന്റെ പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നവർക്ക് ഈ രീതി അസ്വീകാര്യമാണ്. അത് കൊണ്ട് തന്നെ പ്രകടന പരതയോടെ അന്യരുടെ പോക്കറ്റിലെ കാശ് കണ്ട് ആരും സേവനത്തിനിറങ്ങേണ്ടതില്ല. അതിന് ഇസ്‌ലാമിൽ മാതൃകയുമില്ല. അവനവന് അള്ളാഹു നൽകിയതിൽ നിന്നാണ് ഓരോരുത്തരും ധർമ്മം ചെയ്യേണ്ടത്. അത് മറ്റുള്ളവർ കാണാൻ വേണ്ടിയും കേൾക്കാൻ വേണ്ടിയും ആവുകയും ചെയ്യരുത്. അപ്പോൾ മാത്രമേ അത് സ്വീകാര്യമായ ഇബാദത് ആയിത്തീരുകയുള്ളൂ.
ഭാഗം 10സമയം അമൂല്യമായ നിധിയാണ്. ജീവിതത്തിലെ തിരക്കുകൾ പലർക്കും പലവിധത്തിലായിരിക്കും അനുഭവപ്പെടുക. കോവിഡ് -19 ഹോം കൊറണ്ടൈൻ വന്നതോടെ തിരക്കുകൾക്ക് അയവു വന്നു. ഓരോരുത്തരും അവരവരുടെ തട്ടകത്തിൽ മൊബൈലിൽ കുത്തിക്കളിച്ചും ചാനൽ മാറ്റിയും സമയം കൊല്ലുകയാണ്.
ഒഴിവ് സമയം ആരോഗ്യകരമായി ഉപയോഗപ്പെടുത്താൻ നമുക്ക് മുമ്പിൽ അനേകം മാർഗ്ഗങ്ങങ്ങളുണ്ട്. സമയം കിട്ടുമ്പോൾ വായിക്കാമെന്നു കരുതി വാങ്ങി വെച്ച പുസ്തകങ്ങൾ, സമയക്കുറവിന്റെ പേരിൽ പഠനം നീണ്ടുപോയ വിഷയങ്ങൾ, പരിശോധിക്കണമെന്ന് കരുതിയ മതപരമായ മസ്അലകൾ, പണ്ട് എഴുതിക്കൂട്ടുകയും എടുത്തു വെക്കുകയും ചെയ്ത നോട്ടുകളും കുറിപ്പടികളും ... ഇങ്ങിനെ എന്തെല്ലാം കിടക്കുന്നു, ചെയ്യാൻ ബാക്കിയായി ! ഓരോന്നും സാവധാനം ക്രമപ്രവൃതമായി ചെയ്ത് തുടങ്ങു ഇന്ന് തന്നെ. മറ്റൊരു രൂപത്തിലാണെങ്കിൽ ഗ്രന്ഥപാരായണവും പഠനവും നല്ല ഒരു സമയം കൊല്ലിയാണ്. അറബി അറിയുന്നവരാണെങ്കിൽ ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ, ഇബ്നുൽ ഖയ്യിം, ഇമാം അഹ്‌മദ്, മുഹമ്മദ് ബിൻ അബ്ദിൽ വഹാബ്, ശൈഖ് ഇബ്നു ബാസ്, ശൈഖ് അൽബാനി , ശൈഖ് സ്വാലിഹുൽ ഉസൈമീൻ - റഹിമഹുമുള്ള തുടങ്ങിയവരുടെ ബൃഹത്തായ രചനകൾ. സ്വന്തമായി ലൈബ്രറി ഇല്ലെങ്കിൽ പോലും നെറ്റിൽ നിന്ന് അവയെല്ലാം വളരെയെളുപ്പം ഡൗൺലോഡ് ചെയ്തെടുക്കാം. അതിൽ ഉസൂലു സലാസ, ശറഹുസ്സുന്ന, ഉസൂലു സുന്ന, കിതാബുതൗഹീദ് തുടങ്ങിയവ ഒരാൾ നിർബന്ധമായും വായിച്ചിരിക്കേണ്ടവയാണ്. കൂടാതെ ഖുർആനിന്റെ വ്യത്യസ്തമായ തഫ്സീറുകൾ. ഉദാഹരണത്തിന് ഇബ്നു കസീർ, ഖുർതുബി, ബഗവി, ത്വബരി, സഅദി തുടങ്ങിയവ വെച്ച് ഗഹനമായ ഒരു താരതമ്യ പഠനവുമാവാം. കൂടാതെ ഉലമാക്കളുടെ വിവിധ പ്രാമാണിക ഗ്രന്ഥങ്ങളുടെ വിശതീകരണങ്ങളടങ്ങുന്ന ഓഡിയോകൾ വിജ്ഞാനപ്രദമായ മറ്റൊരു ശൃംഖലയാണ്. ഉദാഹരണത്തിന് ശൈഖ് അൽബാനിയുടെ സിൽസിലതുൽ ഹുദാ വന്നൂർ, ശൈഖ് ഇബ്നുബാസിന്റെ നൂറുൻ അലദ്ദർബ് പോലെയുള്ളവ അവയിൽ ചിലത് മാത്രം. ഇനി അറബി ഭാഷ വഴങ്ങാത്തവരാണെങ്കിൽ മലയാളത്തിൽ ഒട്ടുമിക്ക അറബി വൈജ്ഞാനിക ഗ്രന്ഥങ്ങളും ശറഹു ചെയ്ത വിശതീകരണ സമാഹാരങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലുമായി ഒരുപാടുണ്ട്. 👉https://www.ilmussalaf.com/ 👉https://www.ilmussalaf.com/radio-ilmussalaf.html മുകളിൽ കൊടുത്ത ലിങ്കിൽ വിരലമർത്തിയാൽ ഒരു ചെലവുമില്ലാതെ നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ വിഷയങ്ങൾ ഗഹനമായി പഠിക്കാം. വിഷയങ്ങൾ കൃത്യമായി രേഖപ്പെടുത്താനും പുതിയ മസ്അലകൾ കുറിച്ച് വെക്കാനും ഒരു ചെറിയ ഹാൻഡ് ബുക്ക് കൂടി കരുതിയാൽ പത്രാസായി ! ചുരുക്കത്തിൽ ഒറ്റക്കായി എന്ന തോന്നൽ ഇല്ലാതാക്കുകയൂം സമയം മികച്ച രൂപത്തിൽ വിനിയോഗിക്കുകയും ചെയ്യാം. • • • • • • •
|