നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുക
Written by Abu Taymiyya Haneef in 28 Apr 2014 |
സലഫിയ്യത്തിന്റെ രാജവീധിയിലേക്ക് വഴിതെളിയുക എന്നത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്. എഴുപത്തിരണ്ട് പിഴച്ച വഴികളിൽ നിന്ന് രക്ഷപ്പെട്ട് , നേരെ സ്വർഗ്ഗത്തിലേക്ക് പോകുന്ന കൂട്ടത്തിൽ എത്തിപ്പെടുക ; അത് വലിയ ഒരു തൗഫീഖാണ്. അല്ലാഹു നൽകുന്ന ഏതൊരു അനുഗ്രഹവും പോലെ , കാത്തു സൂക്ഷിക്കാൻ ഏറെ തരപ്പെട്ടതാണത് .
അനുഗ്രഹങ്ങൾ നില നിൽക്കുകയും അതിൽ വർദ്ധനവ് നൽകപ്പെടുകയും ചെയ്യുന്നവർ , അഥവാ നന്ദിയുള്ള അടിമകൾ, എത്ര കുറവാണ് ! ശുക്‌റിന് അതിന്റെ റുക്‌നുകളുണ്ട് , ഹൃദയം കൊണ്ട് അനുഗ്രഹത്തെ അംഗീകരിക്കാൻ കഴിയലാണ് അവയിൽ ഒന്നാമത്തേത് . (നിഷേധിക്കുന്ന നാവും പേനയുമൊക്കെ ഈ റുക്‌നിന്റെ അഭാവം പ്രകടമാക്കുന്ന അടയാളങ്ങളിൽ പെട്ടതാണ്) . രണ്ടാത്തേത് : നാവുകൊണ്ട് അനുഗ്രഹത്തെ എടുത്തുപറയാനും ,അനുഗ്രഹദാതാവിനെ സ്തുതിക്കാനും കഴിയലാണ്. അവൻ തൃപ്തിപ്പെടുന്ന മാർഗ്ഗത്തിൽ അനുഗ്രഹത്തെ ഉപയോഗപ്പെടുത്തുകയും ചെലവിടുകയും ചെയ്യലാണ് മൂന്നാമത്തേത്. അനുഗ്രഹങ്ങൾ വന്നുചേർന്ന വഴികളെ മറക്കുകയും , നിഷേധത്തിന്റെ വാക്കുകൾ പറയുകയും , അല്ലാഹുവിന് ഇഷ്ടമില്ലാത്ത മാർഗ്ഗത്തിലോ , വെറും ദുനിയാവിന്റെ താൽപര്യങ്ങൾക്കോ വേണ്ടിമാത്രം അവ വിനിയോഗിക്കുകയും ചെയ്യുന്നത് നന്ദികേടാണ്. നന്ദികെട്ടവരിൽ നിന്ന് അനുഗ്രഹങ്ങൾ എടുത്തുമാറ്റപ്പെടുക മാത്രമല്ല ; അല്ലാഹുവിന്റെ ശിക്ഷ അവരുടെമേൽ കടുത്തതായിരിക്കും . സലഫിയ്യത്തിന്റെ ശരിയായ രാജവീഥിയെ തിരിച്ചറിയാനും , അതാണ് സത്യമാർഗ്ഗമെന്ന് അടുത്തറിയാനുമൊക്കെ അല്ലാഹു അവസരം നൽകി അനുഗ്രഹിച്ച എത്രയോ ആളുകൾ ; ആ രാജവീഥിയിൽ അവസാന നിശ്വാസം വരെ ഉറച്ചു നിൽക്കാൻ കഴിയാതെ പോയി അവർക്ക് . ശൈഖ് മുഹമ്മദ് നാസ്വിറുദ്ധീൻ അൽ അൽബാനി رحمه الله പറഞ്ഞു : "അല്ലാഹുവിലേക്കുള്ള മാർഗ്ഗം സുദീർഘമാണ്. നാം ആ മാർഗ്ഗത്തിൽ ഒരു ആമയെപ്പോലെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആ മാർഗ്ഗത്തിന്റെ അറ്റം വരെയെത്തുക എന്നതല്ല ലക്ഷ്യം ; മറിച്ച് ആ മാർഗ്ഗത്തിലായിക്കൊണ്ടു നാം മരിക്കുക എന്നതാണ്." ശൈഖ് മുഹമ്മദ് അൽ അഞ്ചരി حفظه الله പറഞ്ഞു: " തങ്കലിപികളാൽ എഴുതപ്പെടേണ്ട വാക്കുകളാണിവ. ഓരോ സലഫിയും, അന്തിമഫലമെന്തെന്നു നോക്കാതെ , വിശുദ്ധ ഖുർആനും സുന്നത്തും സഹാബികളെപ്പോലെ മനസ്സിലാക്കി , നന്മയിൽ അവിശ്രമം മുന്നിടുകയാണ് വേണ്ടത്. നന്മയുടെ മാർഗ്ഗത്തിൽ അറ്റം വരെയെത്തുവാൻ സാധിച്ചില്ലെങ്കിലും , സലഫീ ആദർശം മുറുകെപ്പിടിച്ചു ജീവിച്ച് ആ മാർഗ്ഗത്തിൽ മരണം വരെ നിലനിൽക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യം എന്ന സന്ദേശമാണ് അൽബാനി നൽകുന്നത് ". സലഫിയ്യത്ത് ഒരു മഹത്തായ അഖീദയും മൻഹജുമാണ് , അറിവും അമലുമാണ് . എത്രത്തോളം അറിവും അമലും വർദ്ധിക്കുന്നുവോ അതിനനുസരിച്ചാണ് അതിൽ അടിയുറക്കുക . വെറും വ്യാമോഹങ്ങളുടെ കൂമ്പാരവുമായി നടക്കുന്നവർ ഇടക്കുവെച്ച് കാലിടറിവീഴുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല . സലഫുകൾ പറയാറുള്ളതുപോലെ , " നശിച്ചവൻ എങ്ങനെ നശിച്ചു എന്നതിലല്ല അത്ഭുതം , മറിച്ച് ; രക്ഷപ്പെട്ടവൻ എങ്ങനെ രക്ഷപ്പെട്ടു എന്നതിലാണ്." അവർ പറയാറുണ്ടായിരുന്നു : " ഹൃദയങ്ങൾ ദുർബ്ബലമാണ് , ശുബുഹത്തുകളാകട്ടെ ; റാഞ്ചിയെടുത്ത് കൊണ്ട് പോകുന്നവയുമാണ്." ഫിത്‌നകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം ദീനിൽ ശരിയായ ഇൽമും ഫിഖ്‌ഹും നേടലാണ് . അതാകട്ടെ അതിന്റെ ശരിയായ രീതിയിലുമായിരിക്കണം . അല്ലാമ സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു : " മനുഷ്യൻ തന്റെ ജീവിതത്തിന്റെ അന്ത്യനിമിഷം വരെ ഫിത്‌നയുടെ കൂടെ ജീവിക്കേണ്ടിവരും ; എന്നല്ല ഖബറിൽ വെച്ചുകഴിഞ്ഞാലും ശരി . അതുകൊണ്ട് ഈ കാര്യം വളരെയധികം ഗൗനിക്കേണ്ടതാണ്. ഫിത്‌നയിൽ നിന്നുള്ള രക്ഷ : ഒന്നാമതായി , അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കലാണ് . പക്ഷെ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുക എന്നത് അല്ലാഹുവിന്റെ ദീനിൽ ഫിഖ്‌ഹ് നേടുന്നതിലൂടെയല്ലാതെ സാധ്യമാവില്ല . അല്ലാഹുവിന്റെ ദീനിൽ ഫിഖ്‌ഹ് നേടലാകട്ടെ ; വെറുതെയോ , വ്യാമോഹം കൊണ്ടോ സാധ്യമാവില്ല . അല്ലാഹു പറഞ്ഞതു പോലെ : " അവരുടെ കൂട്ടത്തിൽ ഉമ്മിയ്യുകളുണ്ട് , കിതാബ് അവർക്ക് അറിയില്ല ; വെറും വ്യാമോഹങ്ങളല്ലാതെ , അവർ വെറുതെ ഊഹിക്കുക മാത്രമാണ് ." ( അൽ ബഖറ : 78 ) ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ , പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല . അല്ലെങ്കിൽ കുറേ റഫർ ചെയ്യുന്നതിലുമല്ല , അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല . അഹ്‌ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ . ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക .നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ് . ഇന്ന് ചിലർ കരുതുന്നപോലെ ; സ്വയം സഹജമാകുന്നതല്ല . ഇപ്പോൾ ചില ആളുകളുണ്ട് അവർ കുറച്ച് കിതാബുകൾ സംഘടിപ്പിക്കും , എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്‌സീറുമൊക്കെ സ്വന്തമായി വായിക്കും , അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും . ഇല്ല , അത് അടിസ്ഥാനമില്ലാത്തതും അടിത്തറയിൽ പടുത്തുയർത്തപ്പെടാത്തതുമായ അറിവുമാത്രമാണ് ; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല . അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും , അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". ( അൽ ഫിഖ്‌ഹു ഫിദ്ദീൻ ഇസ്‌മതുൻ മിനൽ ഫിതൻ പേ:21 ) അഹ്‌ലുൽ ഇൽമിന്റെ മുന്നിൽ ക്ഷമയോടെ , ദൈർഘ്യം മടുക്കാതെ ഇരുന്ന് ചിട്ടയിലും ക്രമത്തിലും , അഖീദയും ഇബാദത്തുകളും അടിസ്ഥാന വിജ്ഞാനങ്ങളും, ഇടപാടുകളിലും ക്രയവിക്രയങ്ങളിലുമുള്ള ശർഇന്റെ വിധിവിലക്കുകളും ..., അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും സലഫുകളുടെ ഫഹ്‌മനുസരിച്ച് പഠിക്കുകയും , അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യലാണ് സലഫിയ്യത്ത് . അപ്രകാരം കൃത്യമായും ക്രമമായും അഹ്‌ലുൽ ഇൽമിൽ നിന്ന് പഠിച്ച് , പരമാവധി അമൽ ചെയ്തിട്ടുള്ളവർ മാത്രമാണ് ദഅ്വത്ത് എന്ന ഭാരിച്ച ഉത്തരവാദിത്തത്തിന് അർഹരായിത്തീരുന്നത് . അല്ലാതെ അൽപ്പന്മാരായ റുവൈബിളകളല്ല സലഫീ മൻഹജിലെ ദാഇമാർ . അത്തരക്കാരാണല്ലോ സമൂഹത്തിൽ ഇന്ന് മുഫ്‌തിമാരായി അവരോധിക്കപ്പെട്ടിട്ടുള്ളത് ?! " അടുക്കള വിട്ടു പോയില്ല അറിവുള്ളോരെ കണ്ടില്ല അറിവുലളൊന്നും പഠിച്ചില്ല ഫത്‌വക്കൊട്ടും മുട്ടില്ല !! " ജാഹിലീങ്ങൾ മിണ്ടാതിരുന്നെങ്കിൽ തന്നെ ഒരുവിധം ഭിന്നതകളെല്ലാം തീരുമായിരുന്നു ! സലഫിയ്യത്ത് സ്വീകരിച്ചു എന്ന് പറഞ്ഞു നടക്കുകയും ഇടക്കുവെച്ച് തനി സ്വഭാവം പുറത്തുകാണിച്ച് ദീനിന്റെ വാഹകരുടെ മാംസം തിന്നുന്നവരായി നശിക്കുകയും ചെയ്യുന്നവരെ കണ്ടിട്ട് ആരും മൂക്കത്ത് വിരൽ വെച്ചിട്ട് കാര്യമില്ല . ഫിത്‌ന മുന്നിട്ട് വരുമ്പോൾ അറിവുള്ളവർക്ക് തിരിച്ചറിയാനാവും. ചെയ്യേണ്ട പണിയൊക്കെ ചെയ്‌ത് , നശിപ്പിക്കാനുദ്ദേശിച്ചതൊക്കെ നശിപ്പിച്ച് പിന്തിരിഞ്ഞു നടക്കുമ്പോൾ എല്ലാ ജാഹിലിനും ബോധ്യമാകും. പക്ഷേ, അന്ന് ഉപകരിച്ചുകൊള്ളണമെന്നില്ല. " അവർ കാണുന്നില്ലേ , അക്കൂട്ടർ എല്ലാ വർഷത്തിലും ഒന്നോ രണ്ടോ തവണ ഫിത്‌നയിലകപ്പെടുന്നത് ; പിന്നെ അവർ തൗബ ചെയ്യുകയോ , ആലോചിച്ചു മനസ്സിലാക്കുകയോ ഇല്ല ." ( തൗബ :126 ) അല്ലാഹു സംരക്ഷണം നൽകിയവൻ മാത്രമാണ് സുരക്ഷിതൻ . അവനവന്റെ കഴിവുകളിൽ അഭയം പ്രാപിക്കുന്നവനാണ് മൂഢൻ. അല്ലാഹുവിൽ അഭയം പ്രാപിക്കുന്നവന് അവൻ മതിയായവനാണ്. അവനിലുള്ള ഇഖ്‌ലാസ് ; അത് സംരക്ഷണത്തിന്റെ സബബാണ്. അൽ ഇഖ്‌ലാസ്, അൽ ഇഖ്‌ലാസ് !! അല്ലാഹു നമുക്ക് സ്ഥൈര്യം നൽകട്ടെ ; ദുനിയാവിലും പരലോകത്തും. • • • • • • •
|