സലാം സുല്ലമിയെ പ്രൊമോട്ട് ചെയ്യുന്നവരോട്
First Published by Basheer Puthur on September 2019 |
ഭാഗം 1അധികം ഡെക്കറേഷൻ വേണ്ട ! കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ഹദീസ് നിഷേധത്തിനു വ്യവസ്ഥാപിത രൂപം നൽകിയത് സലാം സുല്ലമിയാണ്. അത് വരെ അദ്ദേഹത്തിന്റ പുസ്തകങ്ങളിലും എഴുത്തുകളിലും പ്രസംഗങ്ങളിലും ക്ലാസ്സുകളിലും ചിതറിക്കിടന്ന പിഴച്ച വാദങ്ങളും ഹദീസ് നിഷേധങ്ങളും മർകസ് ദഅവ മുജാഹിദ് വിഭാഗം ഔദ്യോഗികമായി ഏറ്റെടുക്കുകയും അവരുടെ സംഘടനാ ചാനൽ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇസ്‌ലാം ദീനിനെക്കുറിച്ചും പ്രമാണങ്ങളെക്കുറിച്ചും സാമാന്യത്തിൽ കുറഞ്ഞ വിവരം മാത്രമുള്ള ഏതാനും അനുയായി വൃന്ദങ്ങൾ ഹദീസ് നിഷേധം നാടൊട്ടുക്കും പ്രചരിപ്പിച്ചു.( അവരിൽ ചിലരെങ്കിലും കാടു കയറിയ ചിന്തകളുമായി ചേകനൂരിസത്തിൽ ചേക്കേറി) മടവൂർ സാഹിബ് അധികാര ശീതളിമ സ്വപ്നം കണ്ട് സീഡീ ടവറിൽ കയറിക്കൂടി എന്നല്ലാതെ മനസ്സ് കൊണ്ട് സലാം സുല്ലമിയുടെ ആശയം പങ്കുവെക്കുന്ന ആള് തന്നെയാണ്. ഇന്ന് സൈബർ ലോകത്ത് ഹദീസ് നിഷേധം തൊഴിലായി സ്വീകരിച്ച പലരും ചേകനൂരികളായി പരകായപ്രവേശം നടത്തിയ ചിലരും സലാം സുല്ലമിയുടെ അരുമ ശിഷ്യഗണങ്ങളാണ്.
സിഹ്‌റ് ഖബര്‍ ശിക്ഷ സംസം ഹജറുല്‍ അസ്‌വദ് പല്ലിയെ കൊല്ലൽ കണ്ണേറ് സംഗീതം ഹലാലാക്കല്‍ അള്ളാഹുവിന്റെ നുസൂല്‍ ഖബറുല്‍ ആഹാദ് വിശ്വാസത്തിനു പറ്റില്ല പിശാച് ആലങ്കാരികം തബര്‍റുക് മിഅ്‌റാജ് സ്വിറാത്ത് മസീഹുദ്ദജ്ജാൽ സുത്റ തുടങ്ങി ഒരുപാട് വിഷയങ്ങളിലുള്ള ഹദീസുകൾ അറഞ്ചം പുറഞ്ചം നിഷേധിക്കുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്ത സലാം സുല്ലമി എങ്ങിനെയാണ് നവോദ്ധാന നായകനും മഹാനുമാവുക ? വ്യക്തമായ നിഷേധങ്ങളടങ്ങിയ ഇവയെല്ലാം സുല്ലമിയും അനുയായികളും എഴുതി ഔദ്യോഗികമായി തന്നെ പ്രസിദ്ധീകരിച്ചതാണ്. മർകസ് ദഅവക്ക് നേതൃത്വം നൽകിയ മടവൂർ സാഹിബ് വഴി മാറിപ്പോവുകയും സലാം സുല്ലമി മരണപ്പെടുകയും ചെയ്തതോടെ തൽസ്ഥാനത്തു ഉമർ സുല്ലമിയും നയാപൈസക്കു കൊള്ളാത്ത കരുമ്പുലാക്കലും കയറിപ്പറ്റി. ഇപ്പോൾ ദിശാബോധമില്ലാത്ത ഇവരെ പ്രതിനിധീകരിക്കുന്നത് കുറച്ചു സൈബർ പോരാളികളാണ്. അത് കൊണ്ട്, അധികം ഡെക്കറേഷൻ വേണ്ട ! വിഗ്രഹങ്ങൾ വീണുടയാനുള്ളതാണ് ഭാഗം 2
സിഹ്റുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ മാത്രം തെറ്റായ വ്യാഖ്യാനങ്ങളിലൂടെയും പണ്ഡിതൻമാരുടെ ഉദ്ധരണികളിൽ നീചമായ തിരിമറി നടത്തിയും സലാം സുല്ലമി കുറച്ചൊന്നുമല്ല ജനങ്ങളെ കബളിപ്പിച്ചത്.
അദ്ദേഹത്തിന്റെ സിൽബന്ധികൾ നിരന്തരം പ്രചരിപ്പിക്കാറുള്ള ഇമാം നവവിയുടെയും ഇമാം ഇബ്നു ഹജറിന്റെയും രണ്ട് ഉദ്ധരണികളുടെ നിജസ്ഥിതി ഇവിടെ അനാവരണം ചെയ്യുകയാണ്. ഇത് കാണിച്ച് എന്തോരം കെ എൻ എമ്മുകാരെ ഇവർ വിരട്ടി വിറപ്പിച്ച് നിർത്തിയിട്ടുണ്ടെന്നറിയോ ? ചങ്കുറപ്പില്ലാത്ത "മിണ്ടാപ്രാണികളായ" ആ സാധുക്കൾ ഇത് കാണുമ്പോൾ പേടിച്ചോടുകയാണ് പതിവ്. (ഇനിയാരും സലാം സുല്ലമി പാവാ എന്നും പറഞ്ഞു വരരുത് ) ഭാഗം 3സലാം സുല്ലമിയുടെ വീഴ്ചകൾ ന്യായീകരിക്കപ്പെടരുത് !
അബ്ദുൽ സലാം സുല്ലമിയുടെ വീക്ഷണങ്ങൾ ശെരിയാണെന്ന് സ്ഥാപിക്കാൻ അടിയാധാരം വരെ പണയം വെക്കാനുള്ള വെപ്രാളത്തിലാണ് ഫാൻസുകാർ. വീക്ഷണങ്ങളിൽ ചെറുതും വലുതുമായ അബദ്ധങ്ങൾ ആർക്കും സംഭവിക്കാം. അത് അഖീദയിലും മൻഹജിലും അമലുമായി ബന്ധപ്പെട്ടവയിലുമാകാം. തലയെടുപ്പുള്ള പല ആലിമീങ്ങൾക്കും പല വിഷയത്തിലും വീഴ്ചകൾ സംഭവിച്ചതായി പിൽക്കാലക്കാരായ ആലിമീങ്ങൾ ചൂണ്ടിക്കാണിക്കുകയും ന്യായവും സ്വീകാര്യവുമായ രീതിയിൽ ശെരിയായ നിലപാടുകൾ തെളിവുകൾ കൊണ്ട് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കരുതിക്കൂട്ടി തെറ്റായ നിലപാടുകൾ സ്വീകരിക്കുകയും മദ്ഹബിനോടോ മനസ്സിലുറച്ചു പോയ തെറ്റായ നിലപാടിനോടോ പക്ഷം പിടിച്ചു പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും വികല വീക്ഷണങ്ങൾ ആദർശമായി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക്, അറിവില്ലായ്‌മ കൊണ്ട് സംഭവിച്ചു പോകുന്ന അബദ്ധത്തിന്റെ ആനുകൂല്യം ലഭിക്കില്ല ! അത് കൊണ്ടു തന്നെ അഹ്‌ലുസ്സുന്നത്തിന്റെ മഹാന്മാരായ ഉലമാക്കളുടെ ഉദ്ധരണികളിൽ സലാം സുല്ലമി നടത്തിയ "കൈക്രിയകൾ" ക്ക് യാതൊരു പരിഗണനയും കൊടുക്കാൻ കഴിയില്ല. കെ എൻ എമ്മിന് എക്കാലവും പറ്റിയ വലിയ അബദ്ധങ്ങളിലൊന്നാണ് തെറ്റായ വീക്ഷണങ്ങൾ പുലർത്തുന്ന ആളുകൾ ജനപ്രിയരാണെങ്കിൽ (ക്രൗഡ് പുള്ളർ) അവരെ ചാക്കിട്ട് പിടിച്ച് വരുതിയിൽ നിർത്തുകയെന്നത്. മൻഹജിയായ കൃത്യതയില്ലാത്ത ഇത്തരം പല നിലപാടുകളുടെയും ആശാന്മാരാണ് കെ എൻ എമ്മുകാർ. എന്ന് കരുതി, ഉമർ മൗലവി , സൈദ് മൗലവി, കെപി തുടങ്ങിയ ആദ്യ കാല പണ്ഡിതന്മാർ സലാം സുല്ലമിയുടെ വികല വാദങ്ങളെ അനുകൂലിച്ചവരായിരുന്നു എന്ന് ദ്യോതിപ്പിക്കുന്ന വിധത്തിൽ പ്രചാരണം നടത്തുന്നത് തികഞ്ഞ അനീതിയാണ്. ഏതായാലും എഴുത്തിലും പുകഴ്ത്തലിലും വാഴ്ത്തലിലും ഏഷ്യയിലെ ഏറ്റവും വലിയ മുഹദ്ധിസായി അവരോധിക്കുന്നതിലും ഒരു മയം വന്നിട്ടുണ്ട് എന്നത് ആശാവഹവും പ്രതീക്ഷാ നിർഭരവുമാണ്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലെ വീഴ്ചകളും അബദ്ധങ്ങളും ചുണ്ടിക്കാണിക്കേണ്ടത് അക്കാര്യം മനസ്സിലാക്കുകയും ബോധ്യപ്പെടുകയും ചെയ്തവരുടെ ധാർമ്മിക ബാധ്യതയാണ്. കാരണം ജനങ്ങളിൽ തെറ്റായ ആശയം ശെരിയാണെന്ന ധാരണയിൽ വേരുറച്ചു പോകുന്ന സാഹചര്യങ്ങൾ നിലനിൽക്കാൻ പാടില്ല. അള്ളാഹുവിന്റെ ദീൻ സംരക്ഷിക്കപ്പെടേണ്ടതും അടുത്ത തലമുറക്ക് അതിന്റെ ആദ്യ പരിശുദ്ധിയോടെ കൈമാറേണ്ടതും പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണ്. ഭാഗം 4സലാം സുല്ലമി ഹദീസ് പണ്ഡിതനോ ?
സലാം സുല്ലമിയുടെ യഥാർത്ഥ ചിത്രം അനാവരണം ചെയ്യപ്പെട്ടു കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ഫാൻസുകാർ കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. ഇപ്പോൾ ഇമാം ബുഖാരിയാണ് വലിയ ഹദീസ് നിഷേധിയെന്ന് ആരോപിച്ചു കൊണ്ട് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലാണ്. ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയുടെ കർത്താവാണ്. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ഹദീസുകൾ ശേഖരിക്കുന്നതിൽ ആത്മാർപ്പണം നടത്തിയ മുഹദ്ധിസ് ! അദ്ദേഹത്തെ ഹദീസ് നിഷേധിയെന്ന് വിളിക്കുന്നവന്റെ അജ്ഞതയുടെയും അവിവേകത്തിന്റെയും ആഴം അളക്കാവുന്നതേയുള്ളൂ. ദൂരദിക്കുകൾ താണ്ടി ഹദീസുകൾ സമാഹരിച്ചു കല്ലും പതിരും വേർതിരിച്ച മഹാനുഭാവൻ എങ്ങിനെ ഹദീസ് നിഷേധിയാകും? സലാം സുല്ലമിയുടെ വികല വീക്ഷണങ്ങളെ രക്ഷിച്ചെടുക്കാൻ ഇരുട്ടിന്റെ സഹയാത്രികർക്ക് പലതും ചെയ്യേണ്ടി വരും. ഈ ആരോപണം അതിന്റെ ഭാഗം മാത്രം. ഇമാം ബുഖാരി തന്റെ മഹത്തായ ജീവിതത്തിൽ സ്വരൂപിച്ച ഹദീസുകൾക്ക് സ്വീകാര്യതക്ക് വേണ്ടി സ്വയം നിശ്ചയിച്ച നിബന്ധനകൾക്ക് വിധേയമല്ലാത്ത ഹദീസുകൾ അദ്ദേഹം തന്റെ സ്വഹീഹിൽ ഉൾപ്പെടുത്തിയില്ല. പഠന വിധേയമാക്കുകയും ബലാബല നിർണ്ണയത്തിൽ പരാജയപ്പെടുകയും ചെയ്ത ലക്ഷക്കണക്കായ അത്തരം ഹദീസുകൾ സ്വഹീഹിൽ ചേർക്കാത്തതു കൊണ്ട് സുല്ലമി ഫാൻസുകാർക്ക് ഇമാം ബുഖാരി ഹദീസ് നിഷേധിയായി !! എങ്ങിനെയുണ്ട് കണ്ടു പിടിത്തം ?! ലജ്ജയില്ലാത്ത ഇക്കൂട്ടരോട് ചോദിക്കാനുള്ളത് സലാം സുല്ലമി ചെയ്തതും ഇമാം ബുഖാരി ചെയ്തതും എങ്ങിനെ നിങ്ങൾ താരതമ്യം ചെയ്യും? അതിനു മുമ്പേ, അഹ്‌ലുസ്സുന്നത്തിന്റെ വിശ്രുതനായ ഇമാമും മുഹദ്ധിസുമായ ഇമാം ബുഖാരിയെ സലാം സുല്ലമിയുമായി താരതമ്യം ചെയ്യാൻ എങ്ങിനെ നിങ്ങൾക്ക് ധൈര്യം വന്നു? !! ഹദീസുകളെ, സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സമീപിക്കുകയും, അവക്ക് പൂർവ്വീകരായ മുഹദ്ധിസുകളാരും പറയാത്ത അഭിപ്രായം സ്വന്തമായി പറയുകയും അത് ശെരിയായതും കുറ്റമറ്റതും മുസ്‌ലിം ലോകം അംഗീകരിച്ചതുമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ആളാണ് സലാം സുല്ലമി ! നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് സ്വഹീഹായ സനദുകളിലൂടെ ബുഖാരിയും മുസ്ലിമുമടക്കം നിരവധിയനവധി ഹദീസ് ഗ്രന്ഥങ്ങളിൽ രിവായത് ചെയ്യപ്പെട്ടതും ലോകത്തു ഇന്നോളമുള്ള പ്രാമാണികരായ മുഹദ്ധിസുകളും മുഫസ്സിറുകളും ഇജ്‌മാഓട് കൂടി നിരാക്ഷേപം സ്വീകരിച്ചതുമാണ്. ആ സംഭവം ഖുർആനിന് എതിരാണെന്ന് പ്രാമാണികരായ മുഫസ്സിറുകളിൽ ആരും അഭിപ്രായപ്പെട്ടിട്ടില്ല. ആ ഹദീസിൽ ആക്ഷേപം ഉന്നയിച്ചത് മുഅതസിലികളും ഷിയാക്കളുമാണ് !! അപ്പോൾ എവിടെ നിന്നാണ് സലാം സുല്ലമിക്ക് ഈ ആശയം കിട്ടിയത് എന്നതിനെക്കുറിച്ച് അന്വേഷിച്ചു കൂടുതൽ സമയം കളയേണ്ടതില്ല. സ്വഹീഹുൽ ബുഖാരിയിലെ ഏതാനും ചില ഹദീസുകൾക്കോ വാക്കുകൾക്കോ ഇമാം ദാറഖുത്‌നിയെപ്പോലുള്ള മുഹദ്ധിസുകൾ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. (ആ വിമർശനങ്ങൾക്ക് ഇമാം ഇബ്‌നു ഹജർ റഹിമഹുള്ളാ ഖണ്ഡനം നടത്തുകയും, ബുഖാരിയുടെ ഭാഗത്താണ് ശെരിയെന്ന് തെളിവ് സഹിതം സ്ഥാപിക്കുകയും ഫത്ഹുൽ ബാരിയുടെ ആമുഖത്തിൽ അവ എഴുതിച്ചേർക്കുകയും ചെയ്തിട്ടുണ്ട്). എന്നാൽ, എന്നാൽ ദാറഖുത്‌നിയുടെ ആക്ഷേപത്തിന് വിധേയമായ ഹദീസുകളുടെ കൂട്ടത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഇല്ല എന്നറിയുമ്പോഴാണ് ഇവരുടെ കുതന്ത്രത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാവുക !! (സലാം സുല്ലമി സൗദി അറേബിയയിലായിരുന്നു ജനിച്ചതെങ്കിൽ അവിടെ മുഫ്‌തിയാകുമായിരുന്നു എന്ന് പ്രവചിച്ച ഒരു മർകസ് ദഅവ സുല്ലമി ഫാൻസുകാരൻ ഉണ്ടായിരുന്നു) ഇത് വായിച്ച് ചിരിക്കണോ കരയണോ എന്ന് നിങ്ങൾ തീരുമാനിക്കുക • • • • • • •
|