ഉത്തരമില്ലാത്ത മർകസ് ദഅവ മുജാഹിദുകൾ
(Markaz Dawah Mujahids with No Answers) First Published by Basheer Puthur in Jan 2024 |
ഭാഗം 1കേരളത്തിൽ മുസ്‌ലിം ബഹുജനങ്ങൾക്കിടയിൽ തൗഹീദ് പ്രബോധനം ചെയ്യാനും ശിർക്ക് ബിദ്‌അത്തുകൾക്കെതിരെ പട നയിക്കാനും കേരളത്തിലെ ആദ്യ കാല പണ്ഡിതന്മാർ രൂപം നൽകിയ പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം.
കാലമേറെക്കഴിഞ്ഞപ്പോൾ അത് പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് ഏറെ പിന്നോട്ട് പോയി എന്ന് മാത്രമല്ല, അതിലെ മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിഭാഗം, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് നേരെ പരസ്യമായി വാളോങ്ങി രംഗത്തിറങ്ങിയിരിക്കുകയാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് യുക്തിഭദ്രമല്ല എന്ന് പറഞ്ഞു രംഗത്തിറങ്ങിയ അവരിപ്പോൾ സ്വഹീഹുൽ ബുഖാരിക്ക് നേരെ കടുത്ത ആക്രമാണ് തൊടുത്തു വിട്ടത്. ഇടക്കാലത്ത് സ്വഹീഹായ ഒട്ടനവധി ഹദീസുകളെ പല ന്യായങ്ങൾ പറഞ്ഞും എതിർക്കുകയും നിഷേധിക്കുകയും ചെയ്തു കൊണ്ടിരുന്ന മർകസ് ദഅവക്കാർ സംഘടിതമായി സുന്നത്തിനെ എതിർക്കാൻ ആരംഭിച്ചു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. ഖുർആനിന്റെയും സുന്നത്തിന്റെയും പേരിൽ ഒരുപാട് സാധാരണക്കാരായ മുസ്ലിംകളെ ഇവർ വഴിപിഴപ്പിക്കുകയാണ്. അവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊന്നും കാര്യമായ അടിസ്ഥാനങ്ങളുണ്ടാവില്ല എന്നതാണ് വസ്തുത. വസ്തുതാപരമല്ലാത്തതും നിലനിൽക്കാത്തതുമായ അവരുടെ വാദങ്ങൾക്ക് യാതൊരു തെളിവും സമർത്ഥിക്കാൻ അവർക്ക് കഴിയാറില്ല. കൃത്യമായ തെളിവിന്റെയോ ഉദ്ധരണികളുടെയോ പിൻബലമില്ലാതെ ഓരോരുത്തരും വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു സുന്നത്തിന്റെ ആധികാരികവും സർവ്വാംഗീകൃതവുമായ ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിക്ക് നേരെ ക്രൂരമായ ആക്ഷേപം ഉന്നയിക്കാൻ അവസാനമായി അവർക്ക് അവസരം കൊടുത്തത് വിസ്‌ഡം ഗ്രുപ്പാണ്. സുന്നത്തും സലഫിയ്യത്തും മർകസ് ദഅവ വിഭാഗത്തിന്റെ കണ്ണിലെ കരടാണ്. ഭാഗം 2
ഇസ്‌ലാമിക പ്രബോധനരംഗത്ത് നിന്ന് എന്നോ പിന്നാക്കം പോയ മർകസ് ദഅവക്കാർ ഒറ്റയും തെറ്റയുമായി നടത്തപ്പെടുന്ന ചില പൊതു പ്രഭാഷണങ്ങളിൽ ഒതുങ്ങിക്കൂടുകയും സാമൂഹിക ചവറുകളിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന തിരക്കിലാണ്.
സാമൂഹ്യ പ്രവർത്തനം, പൈൻ ആൻഡ് പാലിയേറ്റിവ്, വിദ്യാഭ്യാസ മാർഗ ദർശക പ്രവർത്തനം, തുടങ്ങിയ പൊതുരംഗത്തു ശ്രദ്ധ കിട്ടാനുള്ള ചില പൊടിക്കൈകൾ നടത്തി ദിവസം തള്ളി നീക്കുക എന്നതിൽ കവിഞ്ഞ്, തങ്ങളെ വിശ്വസിച്ചു കൂടെ നിൽക്കുന്ന അനുയായി വൃന്ദത്തെ മതപരമായി അഭിവൃദ്ധിപ്പെടുത്താനും സുന്നത്തുമായി അവരെ അടുപ്പിക്കാനും യാതൊരു ശ്രമവും ഇവരുടെ ഭാഗത്തു നിന്ന് ഉണ്ടാവാറില്ല. അഞ്ചു കൊല്ലം കൂടുമ്പോൾ എല്ലാ മുജാഹിദ് ഗ്രുപ്പുകൾക്കും സമ്മേളനം നടത്തണം. എന്താണ് ഈ അഞ്ചു കൊല്ലത്തിന്റെ കണക്ക് എന്ന് ആർക്കുമറിയില്ല. എന്നാലൂം അഞ്ചു കൊല്ലം കൂടുമ്പോൾ സമ്മേളനം നടന്നിരിക്കണം. കാര്യമായി ഇസ്‌ലാമുമായി ബന്ധമോ ആശയ സവിശേഷതയോ പ്രകടിപ്പിക്കാത്ത ഒരു പ്രമേയത്തെ അടിസ്ഥാനമാക്കി കേരളത്തിലും പുറത്തുമുള്ള എല്ലാ കൊസ്രാക്കൊള്ളി വായാടി വൈസ്റ്റുകളെയും കൊണ്ട് വന്ന് മൈക്കിന് മുമ്പിൽ നിർത്തുന്ന ഒരു ഉത്സവമാണ് സമ്മേളനങ്ങൾ ! ആരൊക്കെയോ വന്ന് കയറി ഓരോരുത്തർക്കും ഇഷ്ടമുള്ളത് എന്തൊക്കെയോ വിളിച്ച് പറഞ്ഞു ഇറങ്ങിപ്പോവും ! ആർക്കും ഒരെതിർപ്പുമില്ല !! എല്ലാവരും ഹാപ്പി !! മർകസ് ദഅവ മുജാഹിദുകളുടെ സമ്മേളന പ്രമേയം "വേദ വെളിച്ചം" എന്നതാണ് ! എന്താണ് വേദം എന്ന് പറഞ്ഞാൽ ? വേദം എന്നത് ഖുർആനിന് പറയാവുന്ന പേരല്ല. ഹിന്ദു മതത്തിലെ വിശുദ്ധമെന്നു അവർ കരുതുന്ന ഗ്രന്ഥങ്ങളാണ് "വേദം". അതെങ്ങിനെ ഖുർആനാകും ? വേദം എങ്ങിനെ ഖുർആനാകും ? ഖുർആൻ എങ്ങിനെ വേദമാകും ? വകതിരില്ലാത്ത സംഘടനാ ഭക്തർക്ക് ഇത്തരം കാര്യങ്ങളൊന്നും ആലോചിക്കേണ്ടതായി ഇല്ല. നേതൃത്വം എന്ത് പറയുന്നോ അതിന്റെ പിന്നാലെ ഓടുകയെന്നതല്ലാതെ യാതൊരു പുനരാലോചനയും ഇല്ലാത്ത ആജ്ഞാനുവർത്തികളായ അണികൾ. ഇവരാണ് മർകസ് ദഅവയുടെ "സമ്പാദ്യം" ഭാഗം 3ഇടക്കാലത്ത് ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ മർകസ് ദഅവ കേന്ദ്രീകരിച്ച് മുജാഹിദുകൾ വേറിട്ട് പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പേ, മുജാഹിദുകൾ അറിയപ്പെട്ടത് ഖുർആനിന്റെയും സുന്നത്തിന്റെയും ആളുകളെന്നാണ്. അക്കാലത് സലഫി ദഅവത്തിനെയും ഉലമാക്കളെയും സുന്നത്തിനേയും പരിഹസിച്ചു കൊണ്ട് പ്രബോധനം ഇങ്ങിനെ എഴുതി.
"മുട്ടിന്നുതാഴെ പെട്ടന്നവസാനിക്കുന്ന മിനിസ്‌ക്കര്‍ട്ടും ഒരുകാലത്തും ബാര്‍ബറുടെ കരങ്ങള്‍ തലോടിയിട്ടില്ലാത്ത താടി രോമങ്ങളും ദന്തങ്ങളില്‍ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും ഇവരെ വേര്‍ തിരിച്ചു നിര്‍ത്തുന്നു. സഹിഷ്ണതയുടെയും വിട്ടുവീഴ്ചയുടെയും ശത്രുക്കളായ ഈ സലഫീ മുതഷദ്ദിദു(തീവ്രവാദി)കള്‍ .........." അന്ന് മുജാഹിദ് വേദികളിൽ ഈ പരാമർശത്തിനെതിരെ ഏറെ ഒച്ചപ്പാടുകളുണ്ടായി. ജമാഅത്തിന്റെ സുന്നത്തു വിരോധവും അവരുടെ രാഷ്ട്രീയ അതിഭ്രമവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഡോക്റ്റർ ഉസ്മാൻ സാഹിബിന്റെ ഒരു അഭിമുഖത്തിലെ പരാമർശത്തിന്റെ പേരിൽ "ശ്മാശാന വിപ്ലവക്കാർ" എന്ന പരിഹാസം മുജാഹിദുകൾക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് മുജാഹിദുകൾ അവരുടെ അസ്തിത്വവും ആദർശ വ്യതിരിക്തതയും മറക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടം നേടാൻ വെമ്പൽ കൊള്ളുകയുമാണ്. മുസ്‌ലിം ലീഗിന്റെയും കമ്മ്യുണിസ്റ്റുകളുടെയും ഇടയിൽ ഒരു കേരളാ കോൺഗ്രസ്സെങ്കിലും ആവണമെന്ന ചിന്ത മർകസ് ദഅവ മുജാഹിദുകളെ ഏറെ വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിതരാക്കി. പുരോഗമനവും നവോദ്ധാനവും അവകാശപ്പെടുമ്പോൾ ഖുർആനും സുന്നത്തും ബാലൻസ് ചെയ്യാൻ വല്ലാതെ പാട് പെട്ടു. നബിചര്യയിൽ സ്ഥിരപ്പെട്ടതും മുസ്‌ലിം ലോകം തർക്കമന്യേ സ്വീകരിച്ചു വരുന്നതുമായ പല ഹദീസുകളെയും അവർ പരസ്യമായി തന്നെ തള്ളാനും ദുർവ്യാഖ്യാനിക്കാനും തുടങ്ങി. സിഹ്ർ, ജിന്ന്, സംസം വെള്ളം, അറാക്ക്, സുത്റ ... തുടങ്ങി സ്വഹീഹുൽ ബുഖാരിയിലെയും മുസ്‌ലിമിലെയും അടക്കം നിരവധി ഹദീസുകൾ അവർ നിഷേധിച്ചു കൊണ്ടിരുന്നു. സുന്നത്തിനോട് ജമാഅത്തെ ഇസ്‌ലാമി എന്നും പുലർത്തിപ്പോന്ന നിലപാടിലേക്ക് മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് പൊട്ടിത്തെറിച്ചു പോയ ഒരു ആൾക്കൂട്ടം എത്തിച്ചേർന്നുവെന്നതിൽ അവരങ്ങേയറ്റം ആനന്ദത്തിലാണ്. അവസാനമായി ശബാബ് പ്രസിദ്ധീകരിച്ച "മദ്ഖലി സലഫിസം" ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് ജമാഅത്ത് ഓൺലൈൻ മൊല്ലകളാണ്. നബി ചര്യ നിരുപാധികം ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയോ സുന്നത്തിന് വേണ്ടി നിലകൊള്ളുകയോ ബിദ്അത്തിനെതിരിൽ വിരലനക്കുകയോ ചെയ്യാത്ത മർകസ് ദഅവ മുജാഹിദുകൾ സുന്നത്തിന്റെ പ്രത്യക്ഷ ശത്രുക്കളായ ജമാഅത്തെ ഇസ്‌ലാമിയുമായി അടുത്തിടപഴകുന്നു. സുന്നത്തിന് വേണ്ടി ഒരിക്കലും ശബ്ദിക്കാത്ത ആളുകൾ സാമൂഹിക സേവന രംഗത്തും പൊതുവായ വിഷയങ്ങളിലും സജീവമാണ്. മർകസ് ദഅവയുടെ ഹദീസ് നിഷേധം അതിന്റെ പാരമ്യത്തിലേക്കു കടന്നതായാണ് അറിവ്. എണ്ണപ്പെട്ട ചില്ലറ ഹദീസ് നിഷേധത്തിൽ തുടങ്ങിയ അവരിപ്പോൾ സ്വഹീഹുൽ ബുഖാരിയെ തന്നെ കടന്നാക്രമിച്ചു കഴിഞ്ഞു !! കഴിഞ്ഞ 50 വർഷത്തിനിടയിൽ ബുഖാരിയിലെ പല ഹദീസുകളിലും തിരിമറി നടത്താൻ സിയോണിസ്റ്റുകൾ ഫണ്ടിറക്കിയിട്ടുണ്ടെന്നു വരെ എത്തി അവരുടെ ജൽപനങ്ങൾ !! ഭാഗം 4തൊണ്ണൂറുകളിൽ, " ശാഖാപരമായ കാര്യങ്ങളിൽ തീവൃത പുലർത്തുന്നവർ" എന്ന് ആക്ഷേപിച്ചു മുജാഹിദുകളെ ജമാഅത്തെ ഇസ്‌ലാമി കണക്കറ്റ് വിമർശിക്കുക പതിവായിരുന്നു. നമസ്കാരത്തിൽ നെഞ്ചിൽ കൈ കെട്ടുന്നതും കൂട്ടുപ്രാർത്ഥനയും തറാവീഹ് നമസ്കാരത്തിന്റെ എണ്ണവും ഫജ്‌റിലെ ഖുനുതുമൊക്കെ ആയിരുന്നു അവർ ഉദ്ദേശിച്ചിരുന്നത്.
മുജാഹിദ് പ്രസ്ഥാനം പനയോളം വളർന്ന് മോന്തായത്തിലേക്ക് വളഞ്ഞപ്പോൾ വെട്ടി മാറ്റേണ്ടി വന്നു. അപ്പോഴേക്കും ജമാഅത് ചിന്തകൾ മുജാഹിദ് യുവജനങ്ങളുടെ ഞരമ്പുകളിൽ പടർന്നു കഴിഞ്ഞിരുന്നു. മുജാഹിദിന്റെ ശരീരവും ജമാഅത്തിന്റെ മനസ്സുമുള്ള ചില 'നേതാക്കൾ' പ്രസ്ഥാനത്തെ അപ്പരുവത്തിലാക്കി എന്ന് പറയുന്നതാവും കൂടുതൽ ശെരി. ജമാഅത്തിന്റെ അതേ ചുവട് പിടിച്ച് സുന്നത്തിനെക്കുറിച്ചു സംസാരിക്കുകയും അതിന് വേണ്ടി എഴുതുകയും ചെയ്യുന്നവരെ "അക്ഷര പുജകർ" "അനുഷ്ഠാന തീവ്രതയുള്ളവർ" തുടങ്ങിയ വിശേഷണങ്ങളിലൂടെ പരിഹസിക്കാൻ തുടങ്ങി. നമസ്കാരത്തിൽ കാലുകൾ അടുപ്പിച്ചു വെക്കൽ, സുത്റ സ്വീകരിക്കൽ, പല്ലിയെ കൊല്ലൽ തുടങ്ങിയ സുന്നത്തിൽ സ്ഥിരപ്പെട്ട കാര്യങ്ങൾ തന്നെയായിരുന്നു ഈ പരിഹാസത്തിലൂടെ അവർ ഉദ്ദേശിച്ചത്. സുന്നത്തിനോട് പരമാവധി പുച്ഛം പ്രകടിപ്പിക്കുകയും അവരുടെ യുക്തിക്ക് നിരക്കുന്നില്ല എന്ന കാരണം പറഞ്ഞു പല സുന്നത്തുകളെയും പരസ്യമായി പരിഹസിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ഒരു തലമുറയെ മർകസ് ദഅവ വളർത്തിയെടുത്തു കഴിഞ്ഞു. ഖുർആനും സുന്നത്തുമാണ് പ്രമാണം എന്ന് പറയുമെങ്കിലും ഇൽമിനോടും സുന്നത്തിനോടും അതിന്റെ സത്യസന്ധരായ വാഹകരോടും എന്നും അവർക്ക് വെറുപ്പാണ്. ഒരിക്കലൂം ഇൽമുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കുകയോ അവരുടെ സഹവാസം ആഗ്രഹിക്കുകയോ അതിന് മറ്റുള്ളവരെ പ്രചോദിപ്പിക്കുകയോ ചെയ്യാറില്ല. ദീനുമായോ ദുനിയാവുമായോ ബന്ധപ്പെട്ട ഒരു വിഷയത്തിലും ആലിമീങ്ങളോട് ചോദിക്കുകയോ അവരുടെ നിലപാട് അറിയാൻ കാത്തിരിക്കുകയോ ചെയ്യാറില്ല. ഏത് വിഷയത്തിലാണെങ്കിലും സ്വന്തമായ നിലപാടുകൾക്ക് അമിതപ്രാധാന്യം നൽകുകയും അത് പ്രമാണങ്ങൾക്കും അഹ്‌ലുസ്സുന്നയുടെ പ്രാമാണികരായ ഉലമാക്കളുടെ നിലപാടിന് എതിരാവുകയും ചെയ്താലും അതിൽ തന്നെ കടിച്ചു തുങ്ങുകയും ചെയ്യും. യുക്തിഭദ്രമെന്നു അവർക്ക് തോന്നിയ പല നിലപാടുകളിലും പ്രമാണങ്ങൾ അവരുടെ നിലപാടിന് എതിരായിരിക്കും. പക്ഷെ ഒരിക്കലും പ്രാമാണികമായ നിലപാടിലേക്ക് മടങ്ങുകയോ അത് സ്വീകരിക്കുകയോ ചെയ്യില്ല. സംഘടനാ നേതൃത്വം പലപ്പോഴും സ്വീകരിക്കുന്ന ഒറ്റപ്പെട്ടതും അടിസ്ഥാനരഹിതവുമായ നിലപാടുകളെ പ്രമാണവൽക്കരിക്കാനും സ്വീകാര്യമായ മത നിലപാടായി വ്യാഖ്യാനിക്കാനും അവർ പരിശ്രമിക്കും. ഭാഗം 5ഖുർആനും സ്വഹീഹായ ഹദീസും സലഫുകൾ അഥവാ സ്വഹാബത് സ്വീകരിച്ച പോലെ സ്വീകരിക്കുകയും വിശ്വസിക്കുകയും അമല് ചെയ്യുകയും ചെയ്യുന്നവർക്ക് പറയുന്ന പേരാണ് സലഫികൾ എന്നത്. സലഫുകളിലേക്ക് ചേർത്തിക്കൊണ്ടാണ് ആ പേര് പറയപ്പെടുന്നത്.
കറ കളഞ്ഞതും ശുദ്ധവും മാലിന്യ മുക്തവുമായ ഇസ്‌ലാം ദീൻ തന്നെയാണ് സലഫിയ്യത്. നബിയും സ്വഹാബത്തും സഞ്ചരിച്ച വഴിയാണത്. അതൊരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ മദ്ഹബിന്റെയോ പേരല്ല. സംഘടനക്കാർക്കോ മദ്ഹബീ പക്ഷപാതികൾക്കോ സലഫിയ്യത് അവകാശപ്പെടാൻ സാധ്യവുമല്ല. ഒരാൾ സലഫിയ്യത്തിനെ എതിർക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നുവെങ്കിൽ അവൻ ഇസ്‌ലാമിനെത്തന്നെയാണ് പരിഹസിക്കുന്നത് സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്ന പ്രവണത പണ്ടുതന്നെയുണ്ട്. അവർക്കാണ് ഖവാരിജുകൾ എന്ന് പറയുന്നത്. മുസ്‌ലിം ഭരണാധികാരികളെ കാഫിറാക്കുകയും അതുവഴി അധികാരത്തിലേക്കുള്ള അകലം കുറക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. ആധുനിക ലോകത്ത് ഖവാരിജീ അഖീദയുടെ വക്താക്കളാണ് ഇഖ്‌വാനുൽ മുസ്‌ലിമൂനും അതിന്റെ ഇന്ത്യൻ പതിപ്പായ ജമാഅത്തെ ഇസ്‌ലാമിയും. ഇസ്‌ലാമിക ദഅവത്തിനോ തൗഹീദിനോ യാതൊരു പ്രാധാന്യവും നൽകാതിരിക്കുകയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രമാണങ്ങളെ അവർ കണക്കറ്റ് ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നു . സുന്നത്ത് പ്രചരിപ്പിക്കാനോ പ്രയോഗവൽക്കരിക്കാനോ യാതൊരു ശ്രമവും അവർ നടത്താറില്ല. എന്നാൽ കേരളത്തിലെ മുജാഹിദുകൾ തൗഹീദിന്റെ വക്താക്കളും സുന്നത്തിന്റെ പ്രയോഗ്‌താക്കളുമായി അടുത്ത കാലം വരെ അറിയപ്പെട്ടു. പല സ്വഹീഹായ ഹദീസുകളും തെറ്റായ നിലയിൽ വ്യാഖ്യാനിക്കുകയും വിശതീകരിക്കുകയും പലതിനെയും അന്യായമായി ദുർബലപ്പെടുത്തുകയും ചെയ്യുന്ന സലാം സുല്ലമിയുടെ രചനകളും സലഫി മൻഹജിനോട് നൂറു ശതമാനവും വൈരുദ്ധ്യം പുലർത്തുന്ന ഹുസൈൻ മടവൂരിന്റെ ഇഖ്‌വാനീ മന്‍ഹജും മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവ നിരയിൽ വലിയ സ്വാധീനമുണ്ടാക്കി. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാക്കൾ സ്വീകരിച്ചിരുന്ന നിലപാടുകളിലെ സൂക്ഷ്മത അതോടെ നഷ്ടമാവുകയും ജമാഅത്തെ ഇസ്‌ലാമിയുടെ അതേ നിലപാടിലേക്ക് മുജാഹിദ് പ്രസ്ഥാനം എത്തിച്ചേരുകയും ചെയ്തു. ഇസ്‌ലാമിക ദഅവത് എന്നത് വെറും സംഘടനാ പ്രവർത്തനമായി പരിമിതപ്പെടുകയും ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽ സമ്മേളനങ്ങളും പ്രവർത്തനങ്ങളും പൊടിപൊടിക്കുകയും ചെയ്തു. തൗഹീദിനും സുന്നത്തിനും യാതൊരു വിലയും പ്രാധാന്യവും കൽപ്പിക്കാതെ രാഷ്ട്രീയക്കാരെപ്പോലെ ജാതി മതഭേദമെന്യേ പൊതുജനങ്ങളെ സുഖിപ്പിക്കുന്ന ഉഡായിപ്പ് പരിപാടികളുമായി ഊരു ചുറ്റുകയാണ് മർകസ് ദഅവ മുജാഹിദ് വിഭാഗമിപ്പോൾ. താടി വളർത്തൽ, നമസ്കാരത്തിൽ കാലുകൾ ചേർത്ത് വെക്കൽ, സ്വഫ് അടുത്ത് നിൽക്കൽ, അറാക്കു കൊണ്ട് മിസ്‌വാക്ക് ചെയ്യൽ, അത്തഹിയ്യാത്തിൽ വിരലനക്കൽ, വിത്റിലെ ഖുനൂത്, സുത്റ തുടങ്ങിയ സുന്നത്തുകളെ ഇവർ പച്ചയായി നിഷേധിക്കുന്നു. സിഹ്ർ, ജിന്ന്, അവയുടെ ഉപദ്രവം, പല്ലിയെ കൊല്ലൽ, തുടങ്ങിയ ഹദീസുകൾ ഇവർ പരിഹസിച്ചു തള്ളുന്ന ധാരാളം ഹദീസുകളിൽ ചിലത് മാത്രം. താടി വടിക്കലും അന്യ സ്ത്രീ പുരുഷന്മാർ പരസ്പരം കാണലും വേദി പങ്കിടലും അവരുമായി സംസാരിക്കലുമൊക്കെ ഇവർക്ക് ജായ്‌സും നമസ്കാരശേഷം കൈകളുയർത്തി ദുആ ചെയ്യൽ സുന്നത്തുമാണ്. ഏറ്റവും പുതിയതായി, മുസ്‌ലിം ലോകം ഇജ്മാഓടെ സ്വീകരിച്ച സ്വഹീഹുൽ ബുഖാരിയെതന്നെ തള്ളാൻ ഒരുങ്ങി നിൽക്കുകയാണ് ഇവരിലെ ചേകനൂർ വിഭാഗം. കേരളത്തിലെ സലഫി ദഅവത്തിന്റെ വഴിയിലെ വലിയ വിലങ്ങു തടിയാണ് മർകസ് ദഅവ മുജാഹിദുകൾ. ഭാഗം 6ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളയിലേക്ക് ചേർത്തിക്കൊണ്ടു ഖുബൂരികളും സൂഫികളും സലഫികളെ ആക്ഷേപിച്ചും പരിഹാസ രൂപേണയും "വഹാബികൾ" (വഹാബിസം) എന്ന് വിളിച്ച ഒരു കാലമുണ്ടായിരുന്നു. കേരളത്തിൽ വരെ ആദ്യകാല മുജാഹിദുകൾ ഈ പരിഹാസപ്പേര് ഏറെ കേട്ടിട്ടുണ്ട്. ഇന്നത്തെ സൗദി അറേബിയയിലെ റിയാദിൽ തുടങ്ങുകയും അറേബ്യൻ ഉപദ്വീപിൽ പരക്കെ പടർന്ന് പന്തലിക്കുകയും ചെയ്ത ശൈഖ് അവർകളുടെ തൗഹീദീ പടയോട്ടത്തോടുള്ള ക്രോധവും വെറുപ്പുമായിരുന്നു ശിർക്കൻ പ്രചാരകരെ ആ പേര് വിളിക്കാൻ പ്രചോദിപ്പിച്ചത്. ശിർക്ക് ബിദ്‌അത്തുകൾക്കു നേരെ സന്ധിയില്ലാ പോരാട്ടം നടത്തി മക്കയിലും മദീനയിലും സ്വഹാബിമാരുടെ ഖബറുകൾക്കു മീതേപ്പോലും പടുത്തുയർത്തപ്പെട്ട എടുപ്പുകളും ഖുബ്ബകളും അദ്ദേഹം ആലു സുഊദിന്റെ സഹായത്തോടെ ഇടിച്ചു നിരത്തി തരിപ്പണമാക്കി. ഇന്നും സൗദി അറേബ്യ തൗഹീദിന്റെ പൊൻപ്രഭ ചൊരിയുന്ന പുണ്യ നാടായി നിലകൊള്ളുന്നതിൽ ഇബ്നു അബ്ദിൽ വഹാബ് റഹിമഹുള്ളക്കുള്ളക്കുള്ള പങ്ക് നിസ്തുലവും നിസ്സീമവുമാണ്.
ഇല്മിന്റെയും തൗഹീദിന്റെയും സുന്നത്തിന്റെയും മഹനീയമായ തുടർച്ച ഇന്നും അവിടങ്ങളിൽ നിലനിൽക്കുന്നു. ഇമാം ഇബ്നു ബാസ്, ഇമാം സ്വാലിഹുൽ ഉസൈമീൻ (റഹിമഹുമുള്ള അജ്മഈൻ) പോലുള്ളവരും ഇന്ന് ജീവിച്ചിരിപ്പുള്ള ശൈഖ് റബീഉബിൻ ഹാദി അൽ മദ്ഖലി, ശൈഖ് സ്വാലിഹുൽ ഫൗസാൻ ശൈഖ് മുഹമ്മദ് ബിൻ ഹാദി (ഹഫിദഹുമുള്ള അജ്മഈൻ) പോലുള്ളവരും ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ള കൊളുത്തിയ പ്രകാശഗോപുരത്തിലെ വൈജ്ഞാനിക നക്ഷത്രങ്ങളാണ്. ഈ ചരിത്രം ഇവിടെ പറയാനൊരു കാരണമുണ്ട്. മുജാഹിദുകൾക്ക് ഇൽമിനോടും ഉലമാക്കളോടുമുള്ള ബന്ധത്തേക്കാൾ കൂടുതൽ അടുപ്പം അവരുടെ സംഘടനകളോടാണ്. എന്നല്ല ഇൽമിനോടും ഉലമാക്കളോടും അവർക്ക് ശത്രുതയും വെറുപ്പുമാണ്. മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് ഇടക്കാലത്ത് ഭിന്നിച്ചു പുറത്തു പോയ മർകസ് ദഅവ മുജാഹിദുകൾ ഒരടി മുന്നിലാണ് ഇക്കാര്യത്തിൽ. ഒരു സുന്നത്തു ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനോ സ്ഥാപിക്കാനോ പ്രചരിപ്പിക്കാനോ ഒന്നും ചെയ്യാത്ത ഈ സംഘടന ഇൽമിനോടും ഉലമാക്കളോടും ബദ്ധവൈരം വെച്ച് പുലർത്തുന്നവരുമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന സലഫീ ഉലമാക്കളിൽ പ്രായം കൊണ്ടും പക്വത കൊണ്ടും ഇൽമ് കൊണ്ടും പേര് കേട്ട ശൈഖ് റബീഉ ഹഫിദഹുള്ളയുടെ പേരിലേക്ക് ചേർത്ത് കൊണ്ട് സലഫിയ്യത്തിനെ ഇവർ " മദ്ഖലിസം" എന്ന് വിളിക്കുന്നു. സാധാരണ ജമാഅത് ഓൺലൈൻ മുഫ്തിമാരും ഇഖ്‌വാനികളും മാത്രം പ്രയോഗിച്ചിരുന്ന ഈ വിശേഷണം മർകസ് ദഅവ പ്രസിദ്ധീകരിക്കുന്ന ശബാബിൽ ഈയിടെ മഷി പുരളുകളയുണ്ടായി. സലഫീ ദഅവത്തിന്റെ എതിർദിശയിൽ നിന്നുകൊണ്ട് സുന്നത്തിനെ പല്ലും നഖവും കൊണ്ടെതിർക്കുന്ന ഇഖ്‌വാനികളുടെ ഭാഷ മർകസ് ദഅവ മുജാഹിദുകൾക്ക് പഥ്യമാണെങ്കിൽ മുജാഹിദ് എന്ന നാമകരണത്തിൽ ഇഖ്‌വാനിസം പ്രചരിപ്പിക്കുന്നവരാണ് ഇവരെന്ന് മനസ്സിലാക്കണം. ഉലമാക്കളെ ആക്ഷേപിക്കുകയെന്നത് ബിദഈ പ്രസ്ഥാനങ്ങളുടെ രീതിയാണ്. ശൈഖ് റബീഉ ബിൻ ഹാദീ എഴുതിയ ഗ്രന്ഥങ്ങൾ തൊടാൻ പോലുമുള്ള യോഗ്യതയില്ലാത്ത സംഘടനാ പിരാന്തൻമാരോട് എന്ത് പറയാനാണ് ?! ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ള വിജ്ഞാന കുതുകികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ശൈഖിന്റെ മജ്ലിസിൽ ഒരിക്കൽ സന്ദർശിച്ചവർക്കറിയാം ആ വ്യക്തിത്വത്തിന്റെ മഹത്വം. ദീനുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് ഇൽമിന്റെ വിലയോ ഉലമാക്കളുടെ സ്ഥാനമോ അറിയില്ല. ഇബ്നു അസാകിർ റഹിമഹുള്ളാ പറയുന്നു "ഉലമാക്കളുടെ മാംസം വിഷമയമാണ്" അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ ദീനിന്റെ കാവൽഭടന്മാരാണ്. തൗഹീദിനും സുന്നത്തിനും നേരെ കയ്യേറ്റമുണ്ടാവുമ്പോൾ അവർ ആയുധമെടുത്തു അവർക്കെതിരിൽ പോരാടുന്നു. തെളിവുകൾ സ്ഥാപിക്കുന്നു. ബാത്വിലിനെ പൊളിച്ചു കളയുന്നു. സുന്നത്തിനെ സ്നേഹിക്കുന്ന ഒരാൾക്ക് "വഹാബിസം" എന്ന ആക്ഷേപസ്വരം എത്രകണ്ട് അരോചകമാണോ അത്രകണ്ട് തന്നെ അരോചകമാണ് “മദ്ഖലിസം" എന്ന ആക്ഷേപവും! • • • • • • •
|