ശൈഖ് അല്ലാമ അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅദീ റഹിമഹുള്ള രചിച്ച ലോകോത്തര പ്രശസ്തമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം.
ഗ്രന്ഥകാരൻ ആധുനികനാണെങ്കിലും ആശയ സമ്പുഷ്ടിയിലും വ്യാഖ്യാന ചാരുതയിലും രചന ഏറെ മികവ് പുലർത്തുന്നു. ഹിജ്‌റ വർഷം 1343 ൽ ആരംഭിച്ച തഫ്സീറിന്റെ പണി പൂർത്തിയായത് 1344 ലാണ്. എത്ര ധ്രുതഗതിയിലും ശുഷ്കാന്തിയിലുമാണ് സഅദി റഹിമഹുള്ള തന്റെ ദൗത്യം നിർവ്വഹിച്ചത് എന്നതിന് ഇത് മതിയായ തെളിവാണ്. എന്നിട്ടും അച്ചടി മഷി പുരളാൻ വീണ്ടും 32 വർഷമെടുത്തു; 1376 ൽ ! അതും രചയിതാവിന്റെ മരണത്തിന് ഒരു മാസം മുമ്പ് കഷ്ടി ! ഖുർആനിന് ബൃഹത്തായ തഫ്സീർ ഗ്രന്ഥങ്ങൾ നിരവധിയുണ്ട്. ചരിത്രവും, ഭാഷയും, വ്യാകരണവും, കഥകളുമടക്കം വേണ്ടതും വേണ്ടാത്തതുമായ പലതും വാരിക്കൂട്ടിയ, തഫ്സീർ ഗ്രന്ഥത്തിന്റെ പകിട്ട് നഷ്ടപ്പെടുത്തുന്ന വിധത്തിൽ കെട്ടു കഥകൾ വരെ കുത്തി നിറച്ചവ. എന്നാൽ ഇമാം സഅദി റഹിമഹുള്ളയുടെ "തയ്‌സീറുൽ കലാ" മിനെ മറ്റു വ്യാഖ്യാന ഗ്രന്ഥങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒരുപാട് സവിശേഷതകളുണ്ട്. ലലിതവും ആയാസരഹിതവുമായ വ്യാഖ്യാന രീതി കൊണ്ട് ഏതൊരു സാധാരണക്കാരനേയും ഖുർആനിന്റെ മധുരവും വശ്യവുമായ ആശയതലങ്ങളിലേക്ക് പതിയെ ഇറങ്ങിച്ചെല്ലാൻ അത് പര്യാപ്തമാക്കുന്നു. സ്ഥൂല വ്യാഖ്യാനങ്ങളെപ്പോലും സൂഷ്മവും ആകർഷണീയവുമായ പദാവലികളിലൂടെ ഏറ്റവും ഹൃദ്യമായി ഖുർആനിന്റെ ആശയം ഗഹനമായി ഉൾക്കൊള്ളാൻ വായനക്കാരനെ തെര്യപ്പെടുത്തുന്നു. അതിനേക്കാളൊക്കെ എടുത്തു പറയേണ്ട സവിശേഷത, വ്യാഖ്യാനരംഗത്ത് അഹ്‌ലുസ്സുന്നത്തിന്റെ അഖീദ ഇദപ്രദമമായി പ്രതിഫലിപ്പിക്കുന്നതിൽ മികവ് പുലർത്താൻ സാധിച്ചുവെന്നതാണ്. ഇത് മറ്റു തഫ്സീർ ഗ്രന്ഥങ്ങൾക്കൊന്നും അധികം അവകാശപ്പെടാൻ കഴിയാത്ത കാര്യമാണ്. വിശിഷ്യാ അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങൾ അനുവാചകന് സംവേദനക്ഷമമാക്കുന്ന കാര്യത്തിൽ. അറബി ഭാഷയിൽ കേവല പരിജ്ഞാനം മാത്രമുള്ള ആൾക്ക് പോലും തഫ്സീറിന്റെ ഏത് ഭാഗം വായിച്ചാലും ആശയ ലാളിത്യ ഗരിമയിൽ ഒരു ലഹരി പോലെ ലയിച്ചു ചേർന്ന് വായന ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു തഫ്സീർ വേറെയില്ല. എവിടെത്തുടങ്ങിയാലും നവ്യാനുഭുതി പകരുകയും അനർഘ നിർഗളം സരസമായി സംവദിക്കുകയും വായനക്കാരന്റെ വിമലമായ മനോമുകുരത്തെ ശാദ്ധ്വലമാക്കുകയും ചെയ്യുന്ന അസുലഭ സുലഭിത മുഹൂർത്തം. പഴയകാല തഫ്സീർ ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇസ്‌റാഈലിയ്യാത്തുകൾ തുലോം കുറവാണ് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. ചുരുക്കത്തിൽ ഖുർആനിന്റെ സാരാംശം അയത്ന ലളിതമായി ഏതൊരു സാധാരണക്കാരനും വായനാനുഭൂതി നൽകുന്ന അപൂർവ്വമായ തഫ്സീർ ഗ്രന്ഥമാണ് ശൈഖ് സഅദി റഹിമഹുള്ളയുടെ തഫ്സീർ എന്ന് നിസ്സംശയം പറയാം . - ബശീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|