കേരളത്തിലെ സാമൂഹിക സാഹചര്യങ്ങൾ അതീവ സങ്കീർണ്ണവും ചരിത്രത്തിൽ ഉദാഹരണങ്ങൾ ഇല്ലാത്തതുമാണ്.
ബഹുസ്വരസമൂഹത്തിലെ സഹവർത്തിത്വ ജീവിതത്തിന്റെ ഏറ്റവും സഹിഷ്ണുത നിറഞ്ഞ ഒരേടാണ് കേരളത്തിലെ പൊതുസമൂഹo. ഓണവും നോമ്പും വിഷുവും പെരുന്നാളും ക്രിസ്മസും ഒക്കെ സ്വാഭാവികമായ ഒരു താളലയത്തോടെ നിസ്സംഗമായി കടന്നു പോകും. അതിൽ ചേരാതെയും ചേർന്നും മുസ്‌ലിം സ്വത്വവും അസ്തിത്വവും പോറലേൽക്കാതെ നിലനിൽക്കുകയും ചെയ്യും. അതിനിടയിൽ മത നിരാസവും സ്വതന്ത്ര ചിന്തയും വർഗ്ഗീയതയും നിരീശ്വര വാദവും യുക്തിവാദവും പല അടരുകളായി കൊണ്ടും കൊടുത്തും പരസ്പരം സഹകരിച്ചും സാംശീകരിച്ചും ഒഴുകുകയാണ് ചെയ്യുക. പൊതു ജീവിതത്തിന്റെ അടർത്തി മാറ്റാൻ കഴിയാത്ത വിദ്യാഭ്യാസം, ആതുര സേവനം, തൊഴിൽ കച്ചവട രംഗങ്ങൾ തുടങ്ങിയവയിലെല്ലാം മുസ്‌ലിംകൾ അവരുടെ മതപരവും സാംസ്കാരികവുമായ വ്യതിരിക്തതകൾ കാത്തു സൂക്ഷിച്ചു കൊണ്ട് തന്നെ ക്രിയാത്മകമായി ഇടപെടുകയും തങ്ങളുടേതായ സവിശേഷ ഭൂമികകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഏകദേശം ഒരു വ്യാഴവട്ടക്കാലമായി കേരളത്തിലെ മുസ്‌ലിം സാമൂഹിക പരിസരം ഏറെ അപകടകരമായ ഒരു തലത്തിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട് എന്ന യാഥാർഥ്യം പറയാതിരിക്കാൻ നിർവ്വാഹമില്ല. സങ്കീർണ്ണമായ പല കാരണങ്ങളും അതിന് പിന്നിൽ ഉണ്ടാകാമെങ്കിലും, വളരെ പ്രകടവും അനിഷേധ്യവുമായ ചില വസ്തുതകളുണ്ട്. അതിലൊന്ന്, ഹൈന്ദവ വർഗ്ഗീയത ഭരണസിരാ കേന്ദ്രങ്ങളിൽ പിടിമുറുക്കുകയും അതിന്റെ വിഷലിപ്തമായ ദ്രംഷ്ട്രങ്ങൾ പല രൂപത്തിലും ഭാവത്തിലുമായി മുസ്‌ലിങ്ങളെ ലക്ഷ്യം വെക്കുകയും ചെയ്തപ്പോൾ, പരസഹായത്തിനു വേണ്ടി നിസഹായരായി കൈ നീട്ടിയപ്പോൾ, അത് വരെ അകലം സൂക്ഷിച്ചിരുന്ന പാരമ്പര്യ ഇസ്‌ലാമിക മതവിരുദ്ധ ശക്തികളായ കമ്മ്യുണിസ്റ്റുകളും നിരീശ്വര വാദികളായ വിഭാഗങ്ങളുമായും ഒരു വെടി നിർത്തലോ അല്ലെങ്കിൽ കൈ കോർക്കലോ ഉണ്ടായിട്ടുണ്ട്. മതവിരുദ്ധത, വിശിഷ്യാ ഇസ്‌ലാം മത വിദ്വേഷം രക്തത്തിൽ അലിഞ്ഞു ചേർന്ന മതനിരാസ സംഘങ്ങൾ ഈയവസരം മുതലെടുക്കുകയും പരസ്പരവിശ്വാസം ജനിപ്പിക്കുന്ന വിധത്തിൽ ഇടപെടുകയും മുസ്‌ലിം സമൂഹത്തിൽ അതുവരെ അവരെക്കുറിച്ചുണ്ടായിരുന്ന അസ്‌പൃശ്യ മനോഭാവത്തിന് അയവു വരികയും ചെയ്തു. ഇത് വളരെ അപകടകരവും ദൂരവ്യാപക പ്രത്യാഖാതങ്ങൾ വിളിച്ചു വരുത്തുന്നതായിരുന്നു. തുടർച്ചയായി അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്വാധീനം അതിന് ആക്കം കൂട്ടി. വിദ്യാഭ്യാസ സാമൂഹിക രംഗത്തെല്ലാം അവരുടെ ഒളിയജണ്ടകൾ തിരുകിക്കയറ്റുകയും, വിദ്യാഭ്യാസത്തിന്റെയും പുരോഗമനത്തിന്റെയും മറവിൽ അവർ ആസൂത്രിതമായി മൂല്യനിരാസത്തിന്റെയും അപമാനവികതയുടെയും വിത്തുകൾ പാകിത്തുടങ്ങി. സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ ശാക്തീകരണവും വളക്കൂറുള്ള മണ്ണാണെന്ന് മറ്റാരേക്കാളും അവർ മനസ്സിലാക്കി. കേരളമുസ്‌ലിങ്ങളിൽ നവോദ്ധാനം അവകാശപ്പെട്ടു സ്ത്രീ പള്ളിപ്രവേശവും മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസവും പ്രസംഗിച്ചു നടന്ന മുസ്‌ലിം നവോദ്ധാന പ്രസ്ഥാനങ്ങൾ പരോക്ഷമായിട്ടാണെങ്കിലും അവരെ പിന്തുണക്കുകയും പച്ചക്കൊടി കാണിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ മറവിൽ മുസ്‌ലിം പെൺകുട്ടികൾ കരുവാക്കപ്പെടുകയാണെന്നു അധികമാരും തിരിച്ചറിഞ്ഞില്ല. ഫെമിനിസവും മതവിരുദ്ധ ചിന്തകളും മൂല്യ നിരാസവും മൂല്യശോഷണവും പതിയെപ്പതിയെ കുട്ടികളിലേക്കും അവിടെ നിന്ന് കുടുംബങ്ങളിലേക്കും പടർന്ന് കൊണ്ടിരുന്നു. ഇസ്‌ലാമിക മൂല്യങ്ങളിലും അച്ചടക്കത്തിലും ജീവിച്ച മുസ്‌ലിം കുടുംബങ്ങളിൽ അസ്വസ്ഥതകൾ തലപൊക്കി. വിവാഹം, കുടുംബ ജീവിതം ശിശുപരിപാലനം തുടങ്ങിയ മാനവികതയുടെ മൗലിക മുല്യങ്ങളോട് യുവ തലമുറക്ക് പുച്ഛവും അവജ്ഞയും ഉടലെടുത്തു. അവരുടെ ഫസ്റ്റ് പ്രയോറിറ്റി, ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കലും, ഉയർന്ന ജോലി നേടലുമാണെന്ന ചിന്ത വളർന്നു വന്നു. സമൂഹത്തിൽ സ്ത്രീ ജനങ്ങൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങളും കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങളും അതിന് വളം നൽകി. മൈ ബോഡി മൈ ചോയിസ് മുദ്രാവാക്യങ്ങൾ മുസ്‌ലിം കുടുംബങ്ങളിലെ പതിവ് മുദ്രാവാക്യങ്ങളായി. എങ്ങിനെയെങ്കിലും നല്ല നിലയിൽ വിവാഹം കഴിച്ചു വിടാൻ വെമ്പൽ കൊണ്ട മാതാപിതാക്കളോട്, എനിക്ക് വിവാഹം വേണ്ട എന്ന് തുറന്നടിക്കുന്നവർ പോലും അവരിലുണ്ടായി. ചോര നീരാക്കി പോറ്റി വളർത്തിയ കുട്ടികളിൽ നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ടു രക്ഷിതാക്കൾ നെടുവീർപ്പിട്ടു. ഒരു പരിധി വരെ നിയന്ത്രിച്ചു പോന്നിരുന്ന ആൺപെൺ സൗഹൃദങ്ങൾ വ്യാപകവും അനിയന്ത്രിതവുമായി. മദ്യവും മയക്കു മരുന്നും പലർക്കും ഭക്ഷണം പോലെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്നു. സമയത്തും അസമയത്തും യുവതീ യുവാക്കൾ ബൈക്കെടുത്തു പുറത്തു പോവുകയും കഫെകളിലും ബീച്ചുകളും മാളുകളിലും കറങ്ങി നടക്കുകയും ചെയ്യുന്ന കാഴ്ചകൾ പുതുമയില്ലാതായി. പരിഹാരമാർഗ്ഗങ്ങൾ സ്ത്രീ ഏതൊരു കുടുംബത്തിന്റെയും ആണിക്കല്ലാണ്. എല്ലാ നന്മകളുടെയും ആധാരം കുടുംബമെന്ന സ്ഥാപനമാണ്. ആ സ്ഥാപനത്തിന് മൂല്യശോഷണം സംഭവിച്ചു കഴിഞ്ഞാൽ സമൂഹത്തിന്റെ നാശമാണ് സംഭവിക്കുക. ഏതൊരു സമൂഹത്തിന്റെയും നട്ടെല്ല് ആ സമൂഹത്തിലെ യുവതയാണ്. കലാലയങ്ങൾ, അധ്യാപകർ, ഭിഷൻഗ്വരന്മാർ, തൊഴിലാളികൾ, ബുദ്ധിജീവികൾ ഒക്കെ ഒരു ഉത്തമ സമൂഹത്തിന്റെ നാഡീ ഞരമ്പുകളാണ്. സമൂഹത്തിനെ നേർവഴിക്കു നടത്തണമെങ്കിൽ മൂല്യബോധമുള്ള തലമുറ വളർന്നു വരണം. നിലനിൽക്കുന്ന സ്ഫോടനാത്മകമായ സാഹചര്യത്തിന് മോചനം ഉണ്ടാകണമെങ്കിൽ മതമൂല്യങ്ങളിലേക്കു തിരിച്ചു നടക്കൽ അനിവാര്യമാണ്. അള്ളാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ ചര്യയും പിൻപറ്റുകയും മാനവികവും മാനുഷികവുമായ മൂല്യങ്ങൾ സ്വീകരിക്കാൻ യുവതയെ പരിശീലിപ്പിക്കുകയും ചെയ്യൽ അനിവാര്യമാണ്. കേരളത്തിൽ, മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും വിദ്യാഭ്യാസവിചക്ഷണരും ബുദ്ധിജീവികളും മഹല്ല് കമ്മിറ്റികളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസവും സമ്പത്തും ഒരു സമൂഹത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമാണ് എന്നത് വെറും തെറ്റിധാരണയാണ്. വിദ്യാഭ്യാസം കൊണ്ട് വകതിരിവുണ്ടാകണം. അഹങ്കാരവും താൻപ്രമാണിത്തവും കാണിക്കുന്നതിന് പകരം, അള്ളാഹുവിന്റെ ഔന്നിത്യം ഉൾക്കൊള്ളുകയും വിനയവും വിവേകവുമുണ്ടാകണം. കൊലപാതകപാരമ്പരയും മയക്കുമരുന്നിന്റെ വ്യാപനവും വാണിജ്യവും വിവാഹേതരബന്ധങ്ങളും ഒളിച്ചോട്ടങ്ങളുമൊന്നും വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടല്ല. എന്ന് മാത്രമല്ല ഇത്തരം അധാർമ്മികതയുടെ ചങ്ങലയിലെ കണ്ണികൾ പലപ്പോഴും സമൂഹത്തിലെ ഉന്നതരും അഭ്യസ്തവിദ്യരുമാണ്. സാമൂഹിക വിരുദ്ധവും അസാന്മാർഗ്ഗികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ കുടുംബ പശ്ചാത്തലവും ഗാർഹികാന്തരീക്ഷവും നന്നേ ദുർബലവും അസ്വാരസ്യങ്ങൾ നിറഞ്ഞതുമായിരിക്കും. ഇസ്‌ലാമിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ അതിന് പരിധിയും വ്യവസ്ഥയുമുണ്ട്. ലിബറൽ ചിന്താഗതിക്കാരും മതനിരാസകരും പ്രചരിപ്പിക്കുന്ന വിധത്തിലുള്ള സ്വാതന്ത്ര്യമോ സൗഹാർദ്ദമോ അല്ല അത് — ബഷീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
April 2025
Categories
All
|