Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم മാസപ്പിറവിയുടെ കാര്യത്തിൽ അള്ളാഹു കേരളത്തിലെ മുസ്‌ലിംകളോട് കരുണ കാണിക്കട്ടെ. കേരളത്തിലെ മുസ്‌ലിം പുരോഗമന സംഘടനകൾ പിളരുന്നതിന-നുസരിച്ചു മാസപ്പിറവി സംബന്ധിച്ചുള്ള അനൈക്യം കൂടി വരികയാണ് ചെയ്തത്. ഈ വർഷത്തെ റമദാൻ പിറവി നിർണ്ണയത്തിൽ കേരള മുസ്‌ലിംകൾ എത്ര തട്ടിലാണെന്നു അള്ളാഹുവിനു മാത്രമേ അറിയൂ. വാസ്തവത്തിൽ വഹ്‌യിന്റെ അടിസ്ഥാനത്തിൽ അതിന് യോഗ്യരായ ആളുകൾ തീരുമാനമെടുക്കേണ്ട വിഷയമാണ് മാസപ്പിറവി സ്ഥിരീക-രണം. ബുദ്ധിയും യുക്തിയും കഴിവും നാട്ടു നടപ്പും ഭൗതിക താൽപര്യങ്ങളും മുൻനിർത്തി മതപരമായ കാര്യങ്ങൾ തീരുമാനിക്കാൻ പാടില്ല. മാസപ്പിറവി നിർണയത്തിന്റെ കാര്യത്തിൽ എങ്ങനെയായിരിക്കണ-മെന്നു അള്ളാഹുവിന്റെ ദീനിൽ വ്യക്തമായ കല്‍പനയുണ്ട്. ഈ വിഷയത്തിൽ പരക്കെ അറിയപ്പെട്ട കൽപന, " അത് (പിറവി) കണ്ടാൽ നിങ്ങൾ നോമ്പെടുക്കുകയും, അത് (പിറവി) കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുകകയും ചെയ്യുക " എന്ന അബുഹുറൈറ റദിയ-ള്ളാഹു അൻഹു രിവായത് ചെയ്ത ഹദീസാണ്. ഈ ഹദീസിന്റെ സ്ഥിരീകരണത്തിലോ അതിന്റെ പ്രാമാണികതയിലോ ആർക്കും തർക്കമില്ല. അതിന് പുറമെ, മാസപ്പിറവി സ്ഥിരീകരണവുമായി ബന്ധപ്പെട്ട് നബി H യും സ്വഹാബത്തും സലഫുകളും പൗരാണികരും ആധുനിക-രുമായ അഹ്‌ലുസ്സുന്നത്തിന്റെ ഇന്നോളമുള്ള ഉലമാക്കളും സ്വീകരിച്ചു പോരുന്ന വ്യവസ്ഥാപിതമായ രീതി നഗ്ന നേത്രങ്ങൾ കൊണ്ടുള്ള പിറവി ദർശനം തന്നെയാണ്. അക്കാര്യത്തിലും ആർക്കും തർക്കമില്ല. മുകളിൽ പറഞ്ഞ നിലപാടാണ് മാസപ്പിറവി നിർണ്ണയത്തിലെ ആധികാരികമായ നിലപാട്. ഇതിനെതിരായ മുഴുവൻ വാദങ്ങളും ബുദ്ധിപരമായ വ്യാഖ്യാനങ്ങളോ അടിസ്ഥാനരഹിതമായ വാദങ്ങളോ ആണ്. അതായത്, പ്രാമാണികവും സ്വീകാര്യവുമായ നിലപാടായി പരിഗണിക്കാൻ കഴിയില്ല എന്ന് തന്നെ. പക്ഷെ, കേരള മുസ്‌ലിങ്ങളിലെ മഹാഭൂരിപക്ഷവും ശറഇനും പ്രമാണ-ത്തിനും വിരുദ്ധമായ നിലപാടാണ് മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കാലങ്ങളായി സ്വീകരിച്ചു വരുന്നത്. നോമ്പും പെരുന്നാളുമൊക്കെ നിശ്ചയിക്കേണ്ടത് പിറവി ദർശനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്ന് പറയുന്നവരിൽ ചിലർ, "ഗോളശാസ്ത്രത്തിന്റെ ഖണ്ഡിതമായ കണക്കിന് എതിരാവാൻ പാടില്ല" എന്ന ഒരു ക്ളോസ് കൂടി അവരുടെ വകയായി എഴുതിച്ചേർക്കാറുണ്ട്. ഉത്തരവാദപ്പെട്ട അഥോറിറ്റി കാഴ്ച സ്ഥിരീകരിച്ചാലും കണക്ക് പ്രകാരം കാണില്ലെന്ന് പറഞ്ഞ ദിവസമാണെങ്കിൽ ആ കാഴ്ച അവർ സ്വീകരിക്കില്ല. അതായത്, 2025 മാർച്ച് 29, ശനിയാഴ്ച വൈകീട്ട്, റമദാൻ 29 ന് ശവ്വാൽ പിറവി സ്ഥിരീകരിച്ചതായി സൗദി അറേബ്യ ഔദ്യോഗികമായി പ്രസ്താവിച്ചു. ലോകം മുഴുവൻ ആ വാർത്ത അറിഞ്ഞു. ലോകത്തിന്റെ ഒട്ടു മിക്ക സ്ഥലങ്ങളിലും മാർച്ച് 30 ഞായറാഴ്ച ഈദുൽ ഫിത്ർ ആയി തീരുമാനിച്ചു. എന്നാൽ, കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്‌ലിംകളും അത് ചെവിക്കൊള്ളുകയോ പെരുന്നാളായി അംഗീകരിക്കുകയോ ചെയ്തില്ല. പിറവി നിർണ്ണയത്തിൽ ഗോളശാസ്‌ത്ര കണക്കിനെ മാത്രം അവലം-ബിക്കുന്ന മർകസ് ദഅവ മുജാഹിദുകൾ, അന്നേ ദിവസം പിറവി ദർശനം അസാധ്യമാണെന്ന് ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുണ്ട് എന്ന ഞൊണ്ടി ന്യായം പറഞ്ഞ് സൗദിയുടെ മാസപ്പിറവി സ്ഥിരീകരണം തള്ളിക്കളഞ്ഞു. അതോടെ ഈ വർഷത്തെ റമദാൻ മുപ്പത് തികക്കുന്ന ലോകത്തെ ഏക വിഭാഗം അവരായി ! നോക്കൂ, മാസപ്പിറവിയുമായി ബന്ധപ്പെട്ട് നബി H യുടെ കല്‍പനയെക്കാൾ ഈ കള്ള കണക്കന്മാർക്ക് കൂറ് ആസ്ട്രോണമി സെൻറ്ററിനോടാണ്. ഒരു മുസ്‌ലിം ഭരണാധികാരി ആധികാരികമായി സ്ഥിരീകരിച്ച പിറവി ദർശനം തള്ളാൻ അവർ പറഞ്ഞ ന്യായം ഗോളശാസ്‌ത്ര കണക്കാ-ണെന്ന കാര്യം പ്രത്യേകം ഓർക്കുക ! കാഴ്ചയെ അവലംബിക്കണം എന്ന നബി H യുടെ കൽപനയെ അവർ തിരസ്കരിക്കുകയും, നബി ചര്യക്ക് എതിരായ ഗോളശാസ്‌ത്ര കണക്കിനെ അവർ അവലംബി-ക്കുകയും ചെയ്തു. ഈ നിലപാട് പ്രമാണങ്ങൾക്ക് വിരുദ്ധമാണ്. ഇനി വേറെ ചിലരുണ്ട്. അവർക്ക് അവരുടെ കുപ്പയിൽ തന്നെ മാസ-പ്പിറവി കണ്ടാലേ സ്വീകരിക്കുകയുള്ളൂ. അതും കണക്കിന് എതിരാകാത്ത കാഴ്ച തന്നെ വേണം. "കണക്കിന് എതിരാകാത്ത കാഴ്ച" എന്നതിന്റെ ആധികാരികതയും അടിസ്ഥാനവുമൊന്നും ആരും ചോദിക്കരുത്. ബഡായി അല്ലാതെ സ്വീകാര്യമായ യാതൊരു ഉത്തരവും അതിനൊ-ന്നുമുണ്ടാകില്ല. സ്വന്തം വീട്ടുവളപ്പിൽ കാണുകയും സ്വന്തം കമ്മറ്റി ചെയർമാൻ അംഗീകരിക്കുകയും ചെയ്യാത്തതിനാൽ അവരും വേറിട്ടു. മാത്രവുമല്ല അവർക്ക് 28 നോമ്പേ തികഞ്ഞിട്ടുണ്ടായിരുന്നുള്ളു. ഇനി വേറെ ഒരു കൂട്ടരുണ്ട്. അവർക്ക് താരതമ്യേനെ കാര്യം തിരിഞ്ഞി-ട്ടുണ്ട്. പക്ഷെ വകതിരിവ് അശേഷമില്ല ! ലോകത്ത് എവിടെ മാസപ്പിറവി സ്ഥിരീകരണം ഉണ്ടായാലും അത് സ്വീകരിക്കണമെന്ന അഭിപ്രായം അവർക്കുണ്ട്. ഞാവൽ പഴുത്തപ്പോൾ കാക്കക്ക് വായിൽ പുണ്ണ് എന്ന് പറഞ്ഞ പോലെയാണ് ഇവരുടെ കാര്യം. മഹാ കഷ്ടമെന്നല്ലാതെ എന്ത് പറയാൻ ?! ശവ്വാൽ പിറവി അംഗീകരിക്കുന്നുണ്ടെങ്കിലും പെരുന്നാൾ ആഘോ-ഷിക്കാൻ പാടില്ല ! കാരണം നാട്ടുകാർക്ക് ആർക്കും അന്ന് പെരുന്നാളില്ല. അതായത് പിറവി ദർശനത്തിന്റെ സ്ഥിരീകരണം അംഗീകരിക്കാ-തിരിക്കുകയും പ്രാമാണികവിരുദ്ധമായ മുടന്തൻ ന്യായങ്ങൾ പറഞ്ഞു പെരുന്നാളാഘോഷിക്കാതെ മാറി നിൽക്കുകയും ചെയ്യുന്ന ഭൂരിപക്ഷ-ത്തിന്റെ കൂടെയാണ് അവർ നിലയുറപ്പിച്ചത്. ഇതെങ്ങനെ ശരിയാകും? സത്യത്തിന്റെ കൂടെ നിൽക്കുന്നതിനു പകരം അവർ, തെറ്റായ നിലപാട് സ്വീകരിച്ച ഭൂരിപക്ഷത്തിന്റെ കൂടെ നിന്നു. അതിന് ഇവർക്കുള്ള ന്യായം, ഇവ്വിഷയകമായി ഹദീസുകളിൽ വന്നിട്ടുള്ള, അൽ ജമാഅ, അന്നാസ്, തുടങ്ങിയ ചില സാങ്കേതിക ശബ്ദങ്ങളെ തെറ്റായി മനസ്സിലാക്കി എന്നുള്ളതാണ്. വാസ്തവത്തിൽ മുകളിലെ സംജ്ഞകൾ കൊണ്ട് അർ-ത്ഥമാക്കുന്നത്, ബൈഅത് ചെയ്യപ്പെട്ട ഭരണാധികാരിയും ബൈഅത് നൽകിയ പ്രജകളും ചേർന്ന മുസ്‌ലിം സമൂഹം എന്ന അർത്ഥത്തിലാണ്. മുസ്‌ലിം ഭരണാധികാരിയും ഭരണീയരും ചേർന്ന മുസ്‌ലിം സമൂഹത്തി-നാണ് അൽ ജമാഅ എന്ന് പറയുന്നത്. അതേ അർത്ഥത്തിലാണ് മുക-ളിൽ സൂചിപ്പിച്ച മറ്റു പദങ്ങളും ഈ സന്ദർഭത്തിൽ ഉപയോഗിച്ചിട്ടുള്ളത്. അബൂ ഹുറൈറ റദിയള്ളാഹു അൻഹു രിവായത് ചെയ്യുന്ന ഇബ്നു മാജയുടെ ഹദീസിൽ "ഫിത്ർ, നിങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ദിവസവും, അദ്ഹാ നിങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുന്ന ദിവസവുമാണ്." (സുനൻ ഇബ്നു മാജഃ) ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് അബുൽ ഹസൻ അസ്സിന്ദി റഹിമഹുള്ള പറഞ്ഞു : "... ഇത്തരം കാര്യങ്ങളിൽ വ്യക്തികൾക്ക് യാതൊരു സ്വാധീനവുമില്ല. അവർക്കതിൽ തനിച്ചു നിൽക്കാനും പാടില്ല. മറിച്ച്, ഇത്തരം കാര്യങ്ങൾ ഭരണാധികാരിയിലേക്കും പ്രജകളി-ലേക്കുമാണ് മടക്കപ്പെടുക. വ്യക്തികൾക്കതിൽ ഭരണാധികാരിയെയും പ്രജകളെയും പിൻപറ്റൽ നിർബന്ധമാണ്. തദടിസ്ഥാനത്തിൽ ഒരാൾ പിറവി ദർശിക്കുകയും ഭരണാധികാരി അയാളുടെ സാക്ഷ്യം തള്ളുകയും ചെയ്‌താൽ അദ്ദേഹത്തിന് (ഭരണാധികാരിയും പ്രജകളും അടങ്ങുന്ന) അൽ ജമാഅ പിന്തുടരൽ നിർബന്ധവുമാണ്." (സിന്ദി സുനനു ഇബിനു മാജക്ക് എഴുതിയ ഹാഷിയയിൽ നിന്ന്) അപ്പോൾ "ഭൂരിപക്ഷം" എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് തികച്ചും വ്യവസ്ഥാപിതമായ ഒരു നേതൃത്വത്തെയും അനുസരണ പ്രതിജ്ഞ ചെയ്ത പ്രജകളെയുമാണ്. അല്ലാതെ, യാതൊരു വ്യവസ്ഥക്കും വഴങ്ങാതെ, പ്രമാണരേഖകൾക്കു കീഴ്‌പെടാതെ നിൽക്കുന്ന ആൾക്കൂട്ട-ത്തിനല്ല; അവർ ഭൂരിപക്ഷമായാലും ! അത് കൊണ്ട് തന്നെ, മാസപ്പിറവി ദർശനം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ, അതിന്റെ താൽപര്യമനുസരിച്ച് അമല് ചെയ്യൽ നിർബന്ധമാണ്. ഭൂരിപക്ഷം എതിരാണ് എന്ന വാദം, അമല് ചെയ്യാതിരിക്കാനുള്ള ന്യായമല്ല. കാരണം, അവർ സത്യം ബോധ്യപ്പെട്ടിട്ടും സ്വീകരിക്കാതെ അതിനോട് പുറം തിരിഞ്ഞു നിൽക്കുന്ന-വരാണ്. എന്നാൽ ഒരാളുടെ കഴിവിൽ പെടാത്ത കാരണങ്ങൾ കൊണ്ട്, അമല് ചെയ്യാൻ അസൗകര്യം നേരിടുന്ന പക്ഷം അവരുടെ വിധി "ഒഴിവുകഴിവുകാരന്റെ"തുമാണ്. ഭൂരിപക്ഷം എന്നത് ഒരിക്കലും പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമേയല്ല. അള്ളാഹു ഖുർആനിൽ ഇരുപതോളം സ്ഥലത്ത് ഭൂരിപക്ഷത്തെ അധിക്ഷേപിക്കുന്നതായി കാണാം. മതപരമായ പല വിഷയങ്ങളിലും പ്രമാണങ്ങളെ വിട്ട്, സ്വന്തം ബുദ്ധിയും യുക്തിയും അവലംബമാക്കുകയും സുന്നത്തിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നവർ മാസപ്പിറവിയുമായി ബന്ധപ്പെട്ടും, സുന്നത്തിൽ നിന്ന് വിട്ടു മാറി, സ്വന്തം യുക്തിയും നാട്ടാചാരവും പ്രായോഗികതയും സ്വീകരിക്കുന്നുവെന്ന് മാത്രം. — ബശീർ പുത്തൂർ 01 ശവ്വാൽ 1446 / 30 മാർച്ച് 2025
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|