|
തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നമസ്കാരത്തിൽ പ്രവേശിച്ചാൽ ആദ്യം ചൊല്ലുന്ന ദുആ ഇസ്‌തിഫ്‌താഹ്. ഈ പ്രാരംഭ പ്രാർത്ഥനയുടെ വചനങ്ങൾ പലതാണ്. ഫർളിൽ വെറെ, സുന്നത്തിൽ വേറെ, രാത്രി നമസ്കാരത്തിൽ വേറെ, ലളിതമായ വചനങ്ങൾ വേറെ, ദീർഘമായ വചനങ്ങൾ വേറെ. എന്നാൽ ഫർളിലും സുന്നത്തിലും രാത്രിയിലും പകലിലും ഒരു പോലെ ചൊല്ലാവുന്ന ഒരു പ്രാരംഭ പ്രാർത്ഥനയുണ്ട്. അതിന്റെ അർത്ഥ തലങ്ങൾ തേടി ആഴങ്ങളിലേക്ക് ഇറങ്ങുക എളുപ്പമല്ല. എങ്കിലും തീരങ്ങളിലൂടെ ഒരുല്ലാസ യാത്രയാവാം... Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَنْ عَلِيِّ بْنِ أَبِي طَالِبٍ رضي الله عنه عَنْ رَسُولِ اللهِ ﷺ، أَنَّهُ كَانَ إِذَا قَامَ إِلَى الصَّلَاةِ قَالَ «وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا [مُسْلِمًا] وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّٰهِ رَبِّ الْعَالَمِينَ، لَا شَرِيكَ لَهُ، وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ، اللّٰهُمَّ أَنْتَ الْمَلِكُ! لَا إِلَهَ إِلَّا أَنْتَ، [سُبْحَانَكَ وَبِحَمْدِكَ]، أَنْتَ رَبِّي، وَأَنَا عَبْدُكَ، ظَلَمْتُ نَفْسِي، وَاعْتَرَفْتُ بِذَنْبِي، فَاغْفِرْ لِي ذَنْبِي جَمِيعًا، إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، وَاهْدِنِي لِأَحْسَنِ الْأَخْلَاقِ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ، لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي يَدَيْكَ، وَالشَّرُّ لَيْسَ إِلَيْكَ، [وَالْمَهْدِيُّ مَنْ هَدَيْتَ] أَنَا بِكَ وَإِلَيْكَ، [لَا مَنْجَا وَلَا مَلْجَأَ مِنْكَ إِلَّا إِلَيْكَ] تَبَارَكْتَ وَتَعَالَيْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ» [الألباني في أصل صفة صلاة النبي صلى الله عليه وسلم] അലി ബിൻ അബീ ത്വാലിബ് رضي الله عنه നിവേദനം. നബി ﷺ നമസ്കരിക്കാൻ നിന്നാൽ പ്രാരംഭ പ്രാർത്ഥനയായി ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു:
അല്ലാഹുവിന്ന് ആമുഖമായി നൽകുന്ന വാക്ക്! മനസ്സും ശരീരവും മുഖവും സ്വത്വവും പരിപൂർണ്ണമായും ഞാൻ അവനിലേക്ക് തിരിച്ചു നിർത്തുന്നു. എന്നെ ഞാൻ സർവ്വഥാ അവനു സമർപ്പിക്കുന്നു; ഞാൻ ഒരിക്കലും മുശ്‌രിക്കുകളിൽ പെട്ടവനേയല്ല. ഏതവസ്ഥയിലും അല്ലാഹുവിലേക്ക് മാത്രമേ മനസ് തിരിയൂ. അവനിലേക്ക് മാത്രമേ കണ്ണും കൈയും ഉയരൂ. അവനോട് മാത്രമേ സഹായം ചോദിക്കൂ. അവനെ മാത്രമേ അവലംബിക്കൂ. അവനോടല്ലാതെ മറ്റൊന്നിനോടും ആശ്രയം തേടില്ല. അവൻ അനുഗ്രഹങ്ങളോ നിഗ്രഹങ്ങളോ എത്തിക്കാൻ സംവിധാനിച്ചി-രിക്കുന്ന കാരണങ്ങളിലേക്കോ സാമഗ്രികളിലേക്കോ കണ്ണും മനസ്സും പായില്ല. അനുഗ്രഹ ദാതാവായ അല്ലാഹുവിലേക്ക് എത്താതെ, അവ ലഭ്യമാക്കാൻ അവൻ നിശ്ചയിച്ച കാരണങ്ങളിൽ കുടുങ്ങി നിൽക്കില്ല. മണ്ണും വിണ്ണും സൂര്യനും കടലും അവൻ സംവിധാനിച്ച സാമഗ്രികൾ മാത്രം. അവയൊന്നും ആരാധ്യമൂർത്തികളല്ല. അവക്ക് ഉപകരണപരമായ ധർമ്മമേയുള്ളു. ഈ തിരിച്ചറിവുള്ളവനാണ് മുസ്‌ലിം. ഭൂതപ്രേതപിശാചുക്കളുടെ മുന്നിൽ ഭയന്നു ചൂളിപ്പോകുന്നവനല്ല മുവഹ്ഹിദ്. പുഴയിൽ വീണാലും മരുഭൂമിയിൽ അലഞ്ഞാലും അല്ലാഹുവിലേക്കല്ലാതെ അവന്റെ സൃഷ്ടികളിലേക്ക് മനസ്സ് പോകില്ല; അവരോട് സഹായം തേടില്ല. അല്ലാഹുവിലേക്ക് മുഖം തിരിച്ചു എന്ന് പറയുമ്പോൾ ഇതെല്ലാം അർത്ഥമാക്കുന്നു. അരുത്, കർമ്മങ്ങൾ അത് ലംഘിക്കുകയോ നിലപാ-ടുകൾ അത് റദ്ദ് ചെയ്യുകയോ അരുത്.
അല്ലാഹുവിനുള്ള സമർപ്പണം സമഗ്രവും സമ്പൂർണ്ണവുമായിരിക്കണം. സമർപ്പണത്തിന്റെ മാനങ്ങൾ വിവരണാതീതമാണ്. ജീവിതം മാത്രമല്ല, മരണവും, നമസ്കാരം മാത്രമല്ല ബലിയും. അങ്ങനെ എല്ലാമെല്ലാം അവനു മാത്രമായി സമർപ്പിക്കണം. അവനു സമന്മാരെയോ പങ്കാളികളെയോ ഇടയാളന്മാരെയോ ശിപാർശകരെയോ നിശ്ചയിക്കാവതല്ല. അവനു സമർപ്പിക്കപ്പെടുന്നതൊന്നും വീതം വെക്കാവതുമല്ല. അതിലൊരംശം പോലും ഒരു പങ്കാളിക്കോ വലിയ്യിനോ ശിപാർശക്കാരനോ നൽകാൻ പാടില്ല. സമർപ്പണം അവന്റെ വജ്ഹ് ഉദ്ദേശിച്ചു കൊണ്ട് മാത്രമാ-യിരിക്കണം. അതിൽ ഏതെങ്കിലും തരത്തിലുള്ള കളങ്കമോ മായമോ കലർത്താൻ പാടില്ല. സമർപ്പണം ഇവ്വിധം ഉദാത്തമായ രീതിയിൽ നിർവ്വഹിക്കുന്നവരിൽ ഒന്നാമനാണു ഞാനെന്നു പറയാൻ പറ്റണം. അവനാണു മുസ്‌ലിം. അല്ലാതെ, ജീവിതവും മരണവും കർമ്മങ്ങളും അനുഷ്ഠാനങ്ങളും ആശ-കളും അഭിലാഷങ്ങളും വ്യജദൈവങ്ങൾക്കിടയിൽ വീതിച്ചു നൽകാനുള്ളതല്ല. കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതൽ മുള്ള്, മുരട്, മൂർക്കൻ പാമ്പ് വരെ മുപ്പത്തി മുക്കോടി ദൈവങ്ങളിലും, ഭൂത-പ്രേത-ജിന്ന് വിഭാഗങ്ങളിലും, ആശ്രയം കണ്ടെത്തുകയും അവക്കു മുന്നിൽ ഭയന്നു ചൂളുകയും ചെയ്യുന്നവൻ മുവഹ്ഹിദല്ല, ബഹുദൈവ വിശ്വാസിയാണ്.
അല്ലാഹു! അധീശത്വത്തിന്റെയും ആധിപത്യത്തിന്റെയും അങ്ങേയറ്റം. ന്യായമായും ആരാധിക്കപ്പെടേണ്ടവൻ. അത്യുന്നതനായ രാജാധിരാജ-നോട് അവന്റെ എളിയവരായ സൃഷ്ടികൾ കാണിക്കുന്ന അരുതായ്മ-കൾക്ക് വല്ല കൈയും കണക്കുമുണ്ടോ?! അവന് ഇണകൾ, മക്കൾ, പങ്കാളികൾ, ശിപാർശക്കാർ പോലുള്ളവരെ ചാർത്തിക്കൊടുക്കുന്നു. അത്യന്തം അപമാനകരമായ അപവാദങ്ങൾ ഉന്നയിക്കുന്നു. അവനു മാത്രം അവകാശപ്പെട്ട ആരാധന അവന്റെ അടിമകൾക്കു കൂടി വീതിച്ചു കൊടുക്കുന്നു. ഒരു യഥാർത്ഥ വിശ്വാസി ഇത്തരം അരുതായിമകളിൽനിന്നെല്ലാം അവനെ അകറ്റി നിർത്തണം. അവന്റെ ഔന്നത്യവും വിശുദ്ധിയും സദാ ഉയർത്തിപ്പിടിക്കണം. അവനെ കുറിച്ച് വർണ്ണിക്കുമ്പോൾ സൂക്ഷ്മത പുലർത്തണം. അവനെ യഥാതഥമായി വർണ്ണിക്കാൻ അവനു മാത്രമേ കഴിയൂ. അതിനാൽ അവൻ പ്രത്യേകം തെരഞ്ഞെടുത്തു നിയോഗിച്ച ദൂതന്മാർ മുഖേന നമുക്ക് അറിയിച്ചു തന്നെ കാര്യങ്ങൾ മാത്രമേ നാം അവനെ കുറിച്ച് പറയാൻ പാടുള്ളു. «അല്ലാഹുവേ, നിന്നെ കുറിച്ച് നീ തന്നെ വർണ്ണിക്കുകയും വാഴ്‌ത്തുകയും ചെയ്തതെങ്ങനെയാണോ അപ്രകാരമാണു നീ».
എന്നെ സൃഷ്ടിച്ചതും സ്ഥിതി പരിപാലിക്കുന്നതും ഉടമപ്പെടുത്തുന്നതും രക്ഷാകർത്തൃത്വം വഹിക്കുന്നതും എല്ലാമെല്ലാം നീയാണ്. ഞാൻ നിന്റെ അടിയാൻ മാത്രവും; ആത്മാവും ശരീരവും മനസ്സും ദേഹവും മുഖവും സ്വത്വവുമെല്ലാം സർവഥാ സമർപ്പിച്ച അടിയാൻ. ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ഏറെ തെറ്റുകുറ്റങ്ങൾ ചെയ്തു പോയ ഒരു പാപിയാണു ഞാൻ. എന്റെ പാപങ്ങൾ മനസാ സമ്മതിക്കുകയും സ്വയം ഏറ്റുപറയുകയും ചെയ്യുന്നു. അവയെല്ലാം നിന്റെ കൃപാകടാക്ഷത്താൽ നീയെനിക്ക് പൊറുത്തു തരേണമേ, പാപങ്ങൾ പൊറുക്കാൻ നീയല്ലാ-താരുമില്ല റബ്ബേ! വിനീത ദാസനായ ഒരു വിശ്വാസി തന്റെ റബ്ബിന്റെ മുന്നിൽ നടത്തുന്ന കുറ്റസമ്മതം. തകർന്ന മനസ്സുമായുള്ള ഏറ്റുപറച്ചിൽ. ഭയപ്പാടോടും പ്രതീക്ഷയോടും കൂടി പാപങ്ങൾ പൊറുത്തു കിട്ടാൻ നടത്തുന്ന നിസ്സഹായമായ കേഴൽ. പ്രപഞ്ചങ്ങളുടെ സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമായ അധീശാധിപതി. അവന്റെ മുന്നിൽ നിൽക്കുന്ന നിസ്സാരനായ അടിയാൻ. പാപഭാരത്താൽ തലകുനിച്ച് അല്ലാഹുവിന്റെ പാപമോചനത്തിലും കാരുണ്യത്തിലും പ്രതീക്ഷയർപ്പിച്ചു കൊണ്ട് യാചിക്കുന്നു: എന്റെ മുഴുപാപങ്ങളും നീയെനിക്ക് പൊറുത്തു തരേണമേ, നിയല്ലാതാരാണ് പാപങ്ങൾ പൊറുക്കുക?
നൈതികതയിലും ധാർമ്മികതയിലും മനോഘടനയിലും ചിത്തവൃത്തി-യിലും ഭാവപ്രകടനങ്ങളിലും ഏറ്റവും ഉദാത്തമായത് ഏതോ അതിലേക്ക് നീയെന്നെ വഴി ചേർക്കണേ, നിനക്കല്ലാതെ മറ്റാർക്കും അതിലേക്ക് വഴിചേർക്കാനാവില്ല. അവയിൽ നല്ലതേത്, തിയ്യതേത് എന്ന് തീരുമാനിക്കാൻ കഴിയുക നിനക്കു മാത്രം. അവയിൽ കെട്ടതും തിയ്യതും നീ എന്നിൽനിന്ന് തിരിച്ചു കളയണേ, അവ എന്നിൽനിന്ന് തിരിച്ചു കളയാൻ നിനക്കല്ലാതാർക്കുമാവില്ല. ആരും മോഹിക്കുന്നതും മോഹിക്കേണ്ടതുമായ കാര്യമാണ് സ്വഭാവ വൈശിഷ്ട്യം. അല്ലാഹു അടിയാറുകൾക്കിടയിൽ വിഭവങ്ങൾ വീതിച്ചു നല്കുന്നതു പോലെ സ്വഭാവ വിശേഷങ്ങളും വീതിച്ചു നൽകുന്നു. മറ്റു കഴിവുകളും സിദ്ധികളും നേടിയെടുക്കാൻ പരിശീലിക്കുന്നതു പോലെ സ്വഭാവ വൈശിഷ്ട്യം നേടാനും പോഷിപ്പിക്കാനും നാം അഭ്യസിക്കുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും വേണം.
അല്ലാഹുവിന് പൂർണ്ണമായി വഴിപ്പെടുക, സർവഥാ സമർപ്പിക്കുക, പൂർണ്ണ മനസ്സോടെ കല്പനകൾ പിന്തുടരുക, അവന്റെ ഹിതാനുസാരിയായി വർത്തിക്കുക, ആവർത്തിച്ചാവർത്തിച്ച് അവയിൽ തന്നെ തുടരുക. അതു മാത്രമേ ഒരു വിശ്വാസിക്ക് വഴിയുള്ളു. ഈയൊരു ഉത്തരമേ അവനിൽ നിന്ന് തന്റെ റബ്ബ് പ്രതീക്ഷിക്കുന്നുമുള്ളു. ഈ വിളി മനസ്സിൽ നിറയട്ടെ, നാവിലുയരട്ടെ, ഹജ്ജ്-ഉംറ പോലുള്ള വേളകളിൽ ദിഗന്തങ്ങൾ ഭേദിക്കു-മാറുച്ചത്തിൽ ഉയർന്നു കേൾക്കട്ടെ. അതു തന്നെയാണ് വിശ്വാസിക-ളോട് ശർഅ് അനുശാസിക്കുന്നതും.
വിധിനിർണ്ണയത്തിലുള്ള (ഖളാ-ഖദ്ർ) വിശ്വാസമാണ് ഈമാൻ കാര്യങ്ങളിൽ ആറാമത്തേത്. വിധിയിൽ നന്മയും തിന്മയും ഉണ്ടായിരിക്കും. അവയെല്ലാം തന്നെ അല്ലാഹുവിൽനിന്നുള്ളവയാണ്. യഥാർത്ഥത്തിൽ, ഖളാ-ഖദ്റിലെ നന്മതിന്മകൾ ആപേക്ഷികമാണ്. മനുഷ്യാനുഭവത്തെ അപേക്ഷിച്ചാണ് അതിലെ നന്മതിന്മകൾ വേർതിരിക്കുന്നത്. അവ ആപേക്ഷികവും ഭാഗികവും താൽക്കാലികവുമാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവ എല്ലാം തന്നെ സോദ്ദേശപൂർണ്ണവും ന്യായയുക്തവുമായ സൃഷ്ടിപ്രക്രിയകളുടെയും സംവിധാനങ്ങളുടെയും ഭാഗമാണ്; നന്മയുടെയും നീതിയുടെയും നിർവ്വഹണത്തിൽ സംഭവി-ക്കുന്ന താൽക്കാലിക പ്രത്യക്ഷീകരണങ്ങളാണ്. തിന്മകൾ അല്ലാഹുവിന്റെ മഹത്വത്തിനും ഔന്നത്യത്തിനും ചേരില്ല. കാര്യങ്ങളുടെ ആത്യന്തികമായ കിടപ്പ് പരിഗണിച്ച് തിന്മകൾ അല്ലാഹു-വിലേക്ക് ചേർക്കാവതുമല്ല. അല്ലാഹുവിനെ അറിയുന്ന വിനീതരായ വിശ്വാസികൾ അവരുടെ ഈ ബോധ്യം വാക്കുകളിൽ കൂടി പ്രതിഫ-ലിപ്പിക്കണം. തിന്മ അല്ലാഹുവിലേക്ക് ചേർത്ത് പറയാതിരിക്കാനുള്ള ഉന്നതമായ മര്യാദ ഉയർത്തിപ്പിടിക്കണം. അതൊരു വിശ്വാസ പ്രഖ്യാപനമായി, അല്ലാഹുവിനുള്ള വാഴ്‌ത്തായി ആവർത്തിക്കണം.
ഹുദാ അല്ലെങ്കിൽ ഹിദായത് എന്നാൽ സന്മാർഗ്ഗം എന്നു സാരം. അതിനു രണ്ടു വശമുണ്ട്: (1) സന്മാർഗ്ഗത്തെ കുറിച്ചുള്ള വിശദീകരണം. (2) സന്മാർഗ്ഗം ഉൾക്കൊള്ളാനുള്ള തൗഫീഖ്. ഒന്നാമത്തേത് എല്ലാവരുടെയും കാതിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ വന്നെത്തുക തന്നെ ചെയ്യും. രണ്ടാമത്തേത് ജീവിതത്തിൽ സത്യസന്ധത കൈവിടാത്ത-വർക്ക് അല്ലാഹു സമ്മാനമായി നൽകും. അവൻ വിശ്വസിച്ച് ഏല്പിച്ച ശുദ്ധപ്രകൃതിയെ കളങ്കപ്പെടുത്തി, കളവും കാപട്യവും കൃത്രിമത്വവും ഒരലങ്കാരമായി കൊണ്ടുനടക്കുന്ന ദുർവൃത്തരായ ആളുകൾ ഈ സമ്മാനത്തിന് എങ്ങനെ അർഹരാകും? സത്യസന്ധത വീണുപോകാതെ, സന്മാർഗ്ഗം പുണരാൻ തൗഫീഖ് ലഭിച്ചവനാണ് സൗഭാഗ്യവാനായ സന്മാർഗ്ഗചാരി. അവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ!
അല്ലാഹുവിന്റെ മുൻനിർണ്ണയമനുസരിച്ച്, ലൗഹിൽ രേഖപ്പെടുത്തിയതു പ്രകാരം, അവന്റെ വേണ്ടുക വന്നപ്പോൾ, നിശ്ചിത സമയത്തും സ്ഥലത്തും വെച്ച്, അല്ലാഹുവിന്റെ അനാദിയായ അറിവിൽ ഉൾപ്പെട്ടു കിടന്നിരുന്ന ഞാൻ, ഇല്ലായ്മയിൽനിന്നൊരു ഉണ്മയായി, ഒരു സൃഷ്ടിയായി ഉയിരെടുത്തു. ഒരു നിമിഷാർദ്ധം പോലും അവന്റെ കരുണാകടാക്ഷമില്ലാതെ എനിക്ക് ഇനി നിലനിൽക്കാനുമാവില്ല. ഞാൻ സദാ അവനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഞാനും എനിക്കുള്ള സകലതും അവന്റേതാണ്. ജീവിച്ചു തീരുമ്പോൾ മടങ്ങുന്നതും ഒടുങ്ങുന്നതും അവനിലേക്കാണ്. അവനെ കബളിപ്പിക്കാനാവില്ല. അവനിൽനിന്ന് കടന്നുകളയാനുമാവില്ല. അവന്റെ അടുക്കൽനിന്ന് ഓടിപ്പോകാൻ ഒരു അഭയകേന്ദ്രമോ സുരക്ഷാ താവളമോ ഇല്ല — അവനിലേക്കു മാത്രം, മറ്റൊരിടവുമില്ല ചെന്നവസാനിക്കാൻ. അവൻ ചോദിക്കുന്നു: «അപ്പോൾ നിങ്ങൾ എവിടേക്കാണ് പോവുക?!» (തക്‌വീർ 26) പറയൂ: അതെ, നിന്നിലേക്ക് മാത്രം.
ഏവർക്കും ലഭിക്കുന്ന, അളവറ്റ, നിലക്കാത്ത നന്മകളുടെ ഉടമ. സർവ്വൈശ്വര്യങ്ങൾക്കും അഭിവൃദ്ധികൾക്കും ഉടയവൻ. സൃഷ്ടിക്കും സമഷ്ടിക്കും നിർലോഭം വാരിക്കോരി കൊടുക്കുന്നവൻ. മഹത്വത്തിന്റെയും ഔന്നത്യത്തിന്റെയും ഉയരങ്ങളിൽ വാഴുന്നവൻ. അല്ലാഹുവിനെ വാഴ്‌ത്താനുള്ള രണ്ട് ചെറുവചനങ്ങൾ. അവ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ അടരുകൾ അപാരം. അല്ലാഹുവിന്റെ അപദാനങ്ങൾ, മഹാകൃത്യങ്ങൾ, അവ വിളംബരം ചെയ്യുന്ന ഐശ്വര്യങ്ങൾ.. ഇതെല്ലാമാണ് ഒന്നാമത്തെ വചനം ദ്യോതി-പ്പിക്കുന്നത്. അവന്റെ സത്താപരവും ആശയപരവുമായ ഔന്നത്യം വിളിച്ചോതുന്ന, സൃഷ്ടികൾക്കതീതനായി, അർശിനും മീതെ, ഉയരങ്ങ-ൾക്കെല്ലാം ഉപരിയിൽ വാഴുന്ന അല്ലാഹുവിന്റെ അതുല്യതയാണ് രണ്ടാമത്തെ വചനം ധ്വനിപ്പിക്കുന്നത്.
ദയാപരനും കാരുണ്യവാനുമായ അല്ലാഹുവിനോട്, തികഞ്ഞ പ്രതീക്ഷ-യോടും കവിഞ്ഞ ഭയപ്പാടുകളോടും കൂടി, അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുത്തുതരാനുള്ള യാചന. അതാണ് ഇസ്തിഗ്ഫാർ. അത് പരിഹരമാണ് — ഇഹത്തിലും പരത്തിലുമുള്ള എല്ലാ പ്രശ്നങ്ങൾക്കും. വലിയ തെറ്റുകൾക്ക് ലക്ഷണമൊത്ത തൗബഃയിലൂടെ പ്രത്യേകമായ പാപ പരിഹാരം വേറെ തന്നെ ചെയ്യേണ്ടതുണ്ട്. ഞാനി-താ, തൗബഃയും ഇസ്‌തിഗ്ഫാറുമായി നിന്നിലേക്ക് തിരിച്ചു വരുന്നു..
അല്ലാഹുവേ, ഉലയുന്ന മനസ്സോടെ, തപ്തമായ ഹൃദയത്തോടെ, ഉള്ളുരുകി നിന്നോട് കേഴുന്നു: എല്ലാം വിട്ട് ഞാൻ നിന്നിലേക്ക് മടങ്ങുന്നു, നീ എന്നെ സ്വീകരിക്കില്ലേ.. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 24 റമദാൻ 1446 / 24 മാർച്ച് 2025
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed