ഇസ്തിസ്വ്‌ഹാഇന്റെ ദുആ അഥവാ കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന (Dua of Isthishaa - Supplication to be made during heavy rains) اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ • • • • • بسم الله الرحمن الرحيم അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമാണ് മഴ എന്നതിൽ നമുക്ക് സംശയമില്ല. അതുകൊണ്ട് മഴ പെയ്തതിനെക്കുറിച്ച് നമുക്ക് പറയാൻ മറ്റു വാക്കുകളില്ല; ഇതു മാത്രം: مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ “അല്ലാഹുവിന്റെ ഔദാര്യത്താലും അവന്റെ കാരുണ്യത്താലും നമുക്ക് മഴ കിട്ടി.” ഇതാണ് വിശ്വാസിയുടെ വാക്ക്. അവന്റെ ഉള്ളിലുറച്ച തൗഹീദിന്റെ സ്ഫുരണം. അല്ലാഹുവിനോടുള്ള നന്ദി പ്രകാശനം. അനുഗ്രഹങ്ങൾ നിലനിൽക്കാനും അവയിൽ വർധനവ് ലഭിക്കാനുമുള്ള കാരണം. മഴ അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതിൽ നിന്നുള്ള ഉപകാരം ലഭിക്കാനും അതുകൊണ്ടുണ്ടായേക്കാവുന്ന ഉപദ്രവം നീങ്ങിപ്പോകാനും അതിന്റെ സ്രഷ്ടാവായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണം. അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചുതന്ന പ്രാർത്ഥന അതിലളിതവും അർത്ഥഗംഭീരവു മാണ്. اللَّهُمَّ صَيِّبًا نَافِعًا “അല്ലാഹുവേ, ഉപകാരമുള്ള ഒരു പെയ്താക്കണേ.” മഴ പെയ്യാതെ അന്തരീക്ഷം ചുട്ടുപഴുത്ത്, ഭൂമി വരണ്ടുണങ്ങി, കൃഷിയും കന്നുകാലികളും നശിച്ചുതുടങ്ങുമ്പോൾ അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടാനില്ല. അതിനുവേണ്ടി നബി صلى الله عليه وسلم പഠിപ്പിച്ചുതന്ന വാക്കുകൾ അതീവ ശ്രദ്ധയർഹിക്കുന്നതാണ്. അതിന് ഇസ്തിസ്‌ഖാഅ് (الاستسقاء) അഥവാ മഴക്കുവേണ്ടിയുള്ള തേട്ടം എന്നു പറയുന്നു: اللَّهُمَّ اسْقِنَا غَيْثًا مُغِيثًا، مَرِيئًا مَرِيعًا، نَافِعًا غَيْرَ ضَارٍّ، عَاجِلًا غَيْرَ آجِلٍ “അല്ലാഹുവേ, സന്തോഷം പകരുന്ന, പച്ചപ്പു നൽകുന്ന, ഉപകാരപ്രദമായ, ഉപദ്രവമില്ലാത്ത, സഹായകമായ ഒരു മഴയാൽ വൈകാതെ അതിവേഗം ഞങ്ങൾക്ക് നീ വെള്ളം നൽകണേ.” എത്ര കൃത്യമാണീ വാക്കുകൾ. നബി صلى الله عليه وسلم യുടെ സുന്നത്ത്. അതാണ് ഏറ്റവും ഉത്തമമായ മാതൃക. അത് കൈവെടിഞ്ഞ് അനാവശ്യമായ വാക്കുകൾ കൊണ്ട് പ്രാർത്ഥനയിൽ അതിലംഘനം നടത്തുന്നവരുടെ അതിരു വിട്ട വികാരപ്രകടനങ്ങൾക്കൊന്നിനും ഇതിന്റെ ഏഴയലത്തെത്താനാവില്ല. അനുഗ്രഹീതമായ മഴയെങ്ങാനും അധികമായാലോ, അല്ലാഹുവിന-ല്ലാതെ മറ്റാർക്കും അത് നിയന്ത്രിക്കാനുമാവില്ല. അതിനുവേണ്ടി അവനോട് തന്നെ കൈയുയർത്തണം. എന്നാൽ അതിലും വേണം വാക്കുകളിൽ സൂക്ഷ്മത. അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم അതും നമുക്ക് പഠിപ്പിച്ചു തന്നു. അതിന് ഇസ്തിസ്വാഹ് (الاستصحاء) അഥവാ കരിമുകിൽ നീങ്ങി മാനം തെളിയാനുള്ള പ്രാർത്ഥന എന്നു പറയുന്നു: اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ “അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിലേക്ക് തിരിക്കണേ, ഞങ്ങളുടെ മേൽ അരുതേ. കുന്നുകളിലും മലകളിലും താഴ്വാരങ്ങൾക്കുള്ളിലും വൃക്ഷ ങ്ങൾ വളരുന്നിടങ്ങളിലും ആക്കണേ.” മഴയെ ശപിക്കാനോ ഇനിയൊരിക്കലും വേണ്ടെന്നു വെക്കാനോ അല്ല. വികാരങ്ങൾക്കടിപ്പെട്ട് അതിരുകടന്ന വാക്കുകൾ പുലമ്പാനുമല്ല. ഉപദ്രവകരമല്ലാത്തവിധം അതിനെയൊന്ന് വഴിതിരിച്ചുവിടാൻ മാത്ര-മാണ് റബ്ബിനോട് അടിമയുടെ തേട്ടം. മനുഷ്യരുടെ വാസസ്ഥലങ്ങളിൽ നിന്ന് അൽപ്പം മാറി, എന്നാൽ അവരുടെ തന്നെ ചുറ്റുപാടിൽ ചുറ്റിപ്പറ്റി ആ ജീവജലം നില നിൽക്കണമെന്ന തേട്ടം. മലകളിലും കുന്നുകളിലും താഴ്വാരങ്ങളിലും കാടുകളിലുമൊക്കെ ആ നീരുറവകൾ ഉണ്ടായിരിക്കട്ടെ. നേർക്കുനേർ നമ്മുടെ വീടുകളും വഴികളും നശിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകണം. അത്രയേവേണ്ടൂ. കാരണം അത് ഇല്ലാതാകു-മ്പോൾ അനുഭവിക്കേണ്ടിവരുന്ന ദുരിതം അത്രമേൽ വലുതു തന്നെയാണ്. ഈ പ്രാർത്ഥന വിവരിക്കവേ ഇബ്‌നു ബത്വാൽ رحمه الله പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. وفيه من الفقه: استعمال أدب النبي ﷺ المهذب وخلقه العظيم؛ لأنه لم يدع الله ليرفع الغيث جملة لئلا يرد على الله فضله وبركته وما رغب إليه فيه، وسأله إياه فقال: (اللهم على رءوس الجبال والآكام وبطون الأودية ومنابت الشجر)؛ لأن المطر لا يضر نزوله في هذه الأماكن وقال: (اللهم حوالينا ولا علينا)، فيجب امتثال ذلك في نعم الله إذا كثرت ألا يسأل أحد قطعها وصرفها عن العباد. [شرح صحيح البخاري] ഇതിലടങ്ങിയ പാഠം: നബി صلى الله عليه وسلم യുടെ സ്ഫുടംചെയ്തെടുത്ത മര്യാദയുടെയും അതിമഹത്തായ സ്വഭാവഗുണത്തിന്റെയും പ്രയോഗരീതിയുടെതാണ്. അവിടുന്ന് മഴയെ ഒന്നായി എടുത്തുമാറ്റാൻ പ്രാർത്ഥിച്ചില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തെയും ഔദാര്യത്തെയും തള്ളിക്കളയുകയോ വെറുപ്പു കാണിക്കുകയോ ചെയ്യാതിരിക്കാനാണത്. മറിച്ച് അവിടുന്ന് പറയുന്നത്: “പർവ്വതങ്ങൾക്കുമേലും കുന്നുകളിലും മലകളിലും താഴ്വാരങ്ങൾക്കുള്ളിലും വൃക്ഷങ്ങൾ വളരുന്നിടങ്ങളിലും ആക്കണേ” എന്നാണ്. ആ സ്ഥലങ്ങളിൽ മഴവർഷിക്കുന്നത് ഉപദ്രവ-മുണ്ടാക്കില്ല എന്നതിനാലാണത്. അവിടുന്ന് പറയുന്നു: “അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുപാടുകളിലേക്ക് തിരിക്കണേ, ഞങ്ങളുടെ മേൽ അരുതേ.” അതിനാൽ ഇതാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അധികരിക്കു-മ്പോൾ സ്വീകരിക്കേണ്ട മാതൃക. അവ അറ്റുപോകാനോ അടിയരിൽ നിന്ന് തിരിച്ചുകളയാനോ ആരും ആവശ്യപ്പെടരുത്. [ശർഹു സ്വഹീഹിൽ ബുഖാരി] وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمين. — അബൂ തൈമിയ്യഃ ഹനീഫ് ബാവ حفظه الله
25 മുഹർറം 1446 / 31 ജൂലൈ 2024
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|