Your browser does not support viewing this document. Click here to download the document. ശിർക്കൻ വിശ്വാസത്തെയും പ്രവർത്തനത്തെയും ശിർക്ക് എന്നു തന്നെ വിളിക്കണം. ഒരു കാര്യം ശിർക്കാണെന്ന് പറയാൻ പ്രമാണ-രേഖകളിൽനിന്നുള്ള സ്ഥിരപ്പെട്ട തെളിവു മാത്രമാണാവശ്യം. ശിർക്കിനെ കുറിച്ച് താക്കീത് ചെയ്യണം; താക്കീത് കടുപ്പിക്കണം. അതിന്റെ ഭാഗമായി ചെറിയ ശിർക്കിനെതിരിൽ കൊടിയ ശിർക്കിനെ കുറിച്ച് വന്ന രേഖകൾ ഉദ്ധരിക്കാം. ശിർക്ക് അല്ലാഹു പൊറുക്കില്ല, ശിർക്ക് ചെയ്യുന്നവൻ കാഫിറാകും, ദീനിൽനിന്ന് പുറത്ത് പോകും. കൊടിയ ശിർക്കിൽ മരിച്ചു പോകുന്ന കാഫിറുകൾ നരകത്തിൽ ശാശ്വതരുമായിരിക്കും. അവർക്കൊരു രക്ഷാധികാരിയോ സഹായിയോ ഉണ്ടായിരിക്കില്ല. ഇതാണ് സാമാന്യമായ തക്ഫീർ (التَّكْفِيرُ الْمُطْلَقُ). ഇവിടെ ലക്ഷ്യ-മാക്കുന്നത് ഒരു ലംഘനത്തെയാണ് (مُخَالَفَةٌ), ലംഘകനെ (مُخَالِفٌ) അല്ല. റാഫിളികൾ കാഫിറുകളാണ്, ജഹ്‌മികൾ കാഫിറുകളാണ് എന്നൊക്കെ പറയുമ്പോൾ അതു കൊണ്ട് പണ്ഡിതന്മാർ അർത്ഥമാക്കുന്നത് ഇപ്പറഞ്ഞ സാമാന്യമായ തക്ഫീറാണ്. അല്ലാതെ, ആ വിഭാഗത്തിൽ-പെട്ട ഓരോ വ്യക്തിയും കാഫിറാണ് എന്നല്ല. ഇത് രണ്ടാം രിസാലയിൽ വ്യക്തമാക്കിയിട്ടുണ്ട്. ശഹാദഃ ചൊല്ലി മുസ്‌ലിമായ ഒരാൾ തൗഹീദിന്റെ പരിധി ലംഘിച്ച് ശിർക്കിലേക്ക് പോകുകയാണെങ്കിൽ അയാളെ തൗഹീദിലേക്ക് തിരിച്ചു വിളിക്കണം. ന്യായം സ്ഥാപിക്കണം. എന്നിട്ടും ശിർക്കിൽ ഉറച്ചു നിൽക്കുന്ന പക്ഷം, കാഫിറാക്കേണ്ടി വരുമ്പോൾ, ആ വ്യക്തിയെ നിർണ്ണയിച്ച്, വ്യക്തിയധിഷ്ഠിതമായ നിലയിൽ തക്ഫീർ ചെയ്യണം. അതിനാണ് തക്ഫീറുൽ മുഅയ്യൻ (تَكْفِيرُ الْمُعَيَّنِ) എന്ന് പറയുന്നത്. വ്യക്തിയധിഷ്ഠിതമായ തക്ഫീർ വ്യവസ്ഥകൾക്ക് വിധേയമാണ്. അതിനു നിബന്ധനകളുണ്ട്. അവ പൂർത്തീകരിക്കപ്പെടണം. തടസ്സം നിൽക്കുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാവണം. ശർഇന്റെ നടപടി-ക്രമങ്ങൾ പാലിക്കണം. യോഗ്യരായ ആളുകൾ മാത്രമേ അത് ചെയ്യാവൂ. അല്ലാതെ കൈയിൽ മൈക്കും മുന്നിൽ ഫാൻസുമുള്ള ആർക്കും ആർത്തു വിളിക്കാവുന്നതല്ല തക്ഫീർ. മുകളിൽ പറഞ്ഞ രണ്ടു രൂപങ്ങളല്ലാതെ, ഒരു സമൂഹത്തെ മൊത്തമായി കൂട്ടത്തക്ഫീർ (تَكْفِيرُ الْمُجْتَمَعَاتِ) നടത്തുന്ന രീതി ഇസ്‌ലാമിലില്ല. പഴയകാലത്ത് ഖവാരിജുകളും അഭിനവ കാലത്ത് സയ്യിദ് ഖുത്വ്‌ബ്, മൗദൂദി പോലുള്ള ചിലരുമാണ് ഈ രീതി അവലംബിച്ചിട്ടുള്ളത്. ഒരു സമൂഹത്തിൽ പല തരം ആളുകളുമുണ്ടായിരിക്കും. എല്ലാവരെയും ഒരു പോലെ കാണാൻ പാടില്ല. അവരുടെ അവസ്ഥകൾക്കനുസരിച്ച് വിധിയും മാറും. ഇനി ചുഴലിയുടെ വാക്കുകൾ ശ്രദ്ധിക്കൂ: "നിസ്കരിച്ചാലും ശരി, നോമ്പ് നോറ്റാലും ശരി, സകാത്ത് കൊടുത്താലും ശരി, മക്കത്ത് പോയിട്ട് ഹജ്ജ് ചെയ്താലും ശരി, ഇവർ ശഹാദത്ത് ബാത്വിലാക്കിയവരാണ്. ഇവരെ മുസ്‌ലിമായിട്ട് പരിഗണിക്കാൻ പറ്റുകയില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ മഹല്ലു പള്ളികളിൽ കേറി അവിടുത്തെ ഇമാമിനെ തുടർന്ന് നമസ്കരിക്കാൻ പറ്റുകയില്ല, തീർച്ചയായും പറ്റുകയില്ല, അവർ ശിയാക്കളാണ്, ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന പള്ളി واللهِ അമ്പലമാണ് അതിന് പള്ളി എന്ന് പറയില്ല. അമ്പലത്തിൽ കേറീട്ട് നിസ്കരിക്കുന്നതിന് തുല്യമാണ് ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന പള്ളിയിൽ കേറി നമസ്കരിക്കുന്നത്. അമ്പലത്തിലെ സ്വാമിയെ തുടർന്ന് നമസ്കരിക്കുന്നതിന് തുല്യമാണ് ഖുത്വ്‌ബിയ്യത്ത് കഴിക്കുന്ന ഉസ്താദിനെ തുടർന്ന് നിസ്കരിക്കൽ. ആ നിസ്കാരം സ്വഹീഹാകുകയില്ല, തീർച്ച. കാരണം إنما المشركون نجس." ഇതിലുള്ളത് സമാന്യമായ തക്ഫീറല്ല (التَّكْفِيرُ الْمُطْلَقُ), വ്യക്തിയധി-ഷ്ഠിതമായ തക്ഫീറും (تَكْفِيرُ الْمُعَيَّنِ) അല്ല. മറിച്ച്, മുകളിൽ സൂചിപ്പിച്ചതു പോലെ ഒരു വിഭാഗത്തെ കുറിച്ച് നടത്തുന്ന കൂട്ടത്തക്ഫീർ (تَكْفِيرُ الْمُجْتَمَعَاتِ) ആണ്. ചുഴലിയുടെ മേൽ അവതരണത്തിലുള്ളത് ഒരു താർക്കികമായ യുക്തിയാണ്. ഖുത്വ്‌ബിയ്യത്തിൽ ശിർക്കുണ്ട്. അത് ചൊല്ലുന്നവരൊക്കെ മുശ്‌രിക്ക്. അവർ ഇസ്‌ലാമിൽനിന്ന് പുറത്തു പോയ കാഫിറുകൾ - ഇവ്വിധമുള്ള ഒരു താർക്കിക യുക്തി മാത്രം! ശഹാദഃ ചൊല്ലി മുസ്‌ലിമായ ആളുകൾ തൗഹീദിന്റെ പരിധി ലംഘിച്ച് ശിർക്കിലേക്ക് പോയാൽ അവരെ കാഫിറാക്കാൻ ഈ താർക്കികമായ യുക്തി പോരാ. ലംഘനങ്ങളെയും ലംഘകരെയും വകതിരിച്ചു കാണണം. കാഫിറാക്കുകയാണെങ്കിൽ, ഒന്നുകിൽ ഒരു ലംഘനത്തെ (مُخَالَفَةٌ) സമാന്യമായ തക്ഫീർ (التَّكْفِيرُ الْمُطْلَقُ) നടത്തണം. അല്ലെങ്കിൽ ഒരു ലംഘകനെ (مُخَالِفٌ) വ്യക്തിയധിഷ്ഠിതമായി തക്ഫീർ (تَكْفِيرُ الْمُعَيَّنِ) നടത്തണം. അതാണ് അഹ്‌ലുസ്സുന്നഃയുടെ സമീപനം. മുകളിൽ പറഞ്ഞത് കൂട്ടത്തക്ഫീറാണ് (تَكْفِيرُ الْمُجْتَمَعَاتِ), വകതിരിവില്ലാത്ത സമീപനമാണ്. ഖുത്വ്‌ബിയ്യത്ത് നടക്കുന്ന മഹല്ലു പള്ളികളെ മൊത്തത്തിൽ, അവിടുത്തെ ഇമാമുകളും ഉസ്താദുമാരും അടങ്ങുന്ന ഒരു സമൂഹത്തെയാണ് കാഫിറാക്കുന്നത്. അവർ അഹ്‌ലുൽ ഖിബ്‌ലഃയിൽ പെട്ടവരാണ്. അവർ ഖുത്വ്‌ബിയ്യത്ത് പോലുള്ള ശിർക്കൻ പ്രവർ-ത്തനങ്ങൾ ചെയ്യുന്നത് അറിവില്ലാത്തതു കൊണ്ടോ, വ്യാഖ്യാനത്തിന്റെ മറ പിടിച്ചു കൊണ്ടോ ആണ്. അവർ ജാഹിലുകളോ മുതഅവ്വിലീങ്ങളോ ആണ്. അവരെ വ്യക്തിയധിഷ്ഠിതമായിട്ടല്ലാതെ മൊത്തത്തിൽ തക്ഫീർ ചെയ്യാൻ പാടില്ലാത്തതാണ്. വ്യക്തിയധിഷ്ഠിതമായി തക്ഫീർ ചെയ്യുക-യാണെങ്കിൽ അതിന് വ്യവസ്ഥയുണ്ട്. അത് പാലിച്ചിരിക്കണം, ഇതിനെ കുറിച്ചൊന്നും ആലോചിക്കാതെ എന്തിന് ഈ കൂട്ടത്തക്ഫീർ നടത്തി? അബദ്ധം ആർക്കും വരാം. സംഭവിച്ചു പോയാൽ ഞാൻ വർഷങ്ങളായി ഇത് ചെയ്യുന്നുണ്ട് എന്ന് ന്യായീകരിക്കുകയല്ല വേണ്ടത്. അഹങ്കാരം കാണിക്കാതെ എത്രയും പെട്ടന്ന് സത്യത്തിന് കീഴ്‌പ്പെടുകയും തിരുത്തുകയുമാണ് വേണ്ടത്. ചുഴലി ഈ ചെയ്തത് അഹ്‌ലുസ്സുന്നഃയുടെ മൻഹജിന് വിരുദ്ധമാണ്. ഈഗോ വിട്ട് അദ്ദേഹം അത് തിരുത്താൻ തയ്യാറാവണം. ആവർത്തനത്തിന്റെ അടിസ്ഥാനം ഇക്കാര്യം ഇവിടെ ആവർത്തിക്കുന്നത് സത്യത്തിന്റെ അതിരുകൾ അടയാളപ്പെടുത്താനാണ്. ഇസ്വ്‌ലാഹിന്റെ കൈത്തിരി അണയാതെ സൂക്ഷിക്കാനാണ്. അതിലൂടെ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് രക്ഷ നേടുക എന്നതാണ് ലക്ഷ്യം. ചുഴലിയോ സമാന ചിന്താഗതിക്കാരോ ഇത് സ്വീകരിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ആവശ്യമെങ്കിൽ ഇനിയും പറയും. സ്വീകരിക്കും എന്ന ഉറപ്പിലല്ല പറയുന്നത്; പറഞ്ഞേ പറ്റൂ എന്ന നിർബ്ബന്ധത്തിന്റെ പുറത്താണ്. അല്ലാഹുവിന്റെ വചനം ശ്രദ്ധിക്കൂ: أَفَنَضْرِبُ عَنكُمُ الذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ (الزخرف ٥) [നിങ്ങള്‍ പിടുത്തം വിട്ട ഒരു ഖൗമായിപ്പോയി എന്നതിനാൽ നിങ്ങളിൽ-നിന്ന് ഈ ഉദ്‌ബോധനം നാം തിരിച്ചു വിടുകയോ?] (സുഖ്റുഫ് 5) ഇക്കാര്യത്തെ കുറിച്ച് എഴുതിയ ഒന്നും രണ്ടും കത്തുകൾ നിഷ്പക്ഷരും സത്യാന്വേഷികളുമായ പലർക്കും അല്ലാഹു പ്രയോജനപ്രദമാക്കി കൊടുത്തു. ചുഴലിയുടെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പലരും അക്കൂട്ടത്തിലുണ്ട്. അവരെല്ലാം അത് ഉൾക്കൊണ്ടു. പക്ഷെ, ചുഴലിക്ക് അറിവില്ലായ്മ കൊണ്ട് അതിൽ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ല. അതിനും വേണമല്ലോ ചില പ്രാഥമികമായ ധാരണകൾ. അല്ലാഹു പറയുന്നത് നോക്കൂ: وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ (العنكبوت ٤٣) [ജനങ്ങൾക്കു വേണ്ടി നാം ആ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്നു. പക്ഷെ അറിവുള്ളവരല്ലാതെ അത് ഗ്രഹിക്കുകയില്ല.] (അൻകബൂത്ത് 43) ശർഇയ്യായ സംജ്ഞകൾ ഉപയോഗിച്ചാൽ അതിന്റെ ശരിയായ അർത്ഥമോ വിവക്ഷയോ അദ്ദേഹത്തിനു മനസ്സിലാക്കാനാകുന്നില്ല. അത് എവിടെയാണ് പ്രയോഗിക്കേണ്ടത് എന്നറിയില്ല. അദ്ദേഹം എന്തൊക്കെയോ ഉണ്ടാക്കിപ്പറയുകയാണ്, ഉള്ളത് പറയുകയല്ല. പണ്ഡിതന്മാർ കാര്യങ്ങൾ എണ്ണിപ്പറയുന്നത് കേട്ട് അതു പോലെ സ്വന്തമായി കുറേ കാര്യങ്ങൾ അദ്ദേഹവും എണ്ണിപ്പറയാൻ ശ്രമിക്കുന്നു. പണ്ഡിതന്മാർ കാര്യങ്ങൾ വിശദീകരിക്കുന്നത് പ്രമാണരേഖകൾ പരതി, ഖുർആനിലെയും സുന്നത്തിലെയും വചനങ്ങളെ ഉപജീവിച്ചുകൊണ്ടാണ്. അതിനെ കുറിച്ച് باستقراء نصوص الكتاب والسنة എന്നാണ് പറയാറുള്ളത്. എന്നാൽ ചുഴലി തന്റെ പ്രസംഗങ്ങളിൽ ഉള്ളതു പറയുകയല്ല, ഉണ്ടാക്കിപ്പറയുകയാണ്. പാറ്റന്റ് നൽകേണ്ട വാദമുഖങ്ങളും പ്രയോഗ-ങ്ങളുമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ശർഇന്റെ ആശയങ്ങളിലും ശബ്ദങ്ങളിലും ഒതുങ്ങിനിന്ന് സംസാരിക്കണം (التقيد بالألفاظ الشرعية) എന്നത് അദ്ദേഹത്തിന് ബാധകമല്ലേ എന്ന് ചോദിക്കുന്നതിലർത്ഥമില്ല. അങ്ങനെ ഒന്ന് അദ്ദേഹം കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നതായിരിക്കും ഉചിതം. സത്യം യഥാവിധം ഗ്രഹിക്കാനുള്ള തൗഫീഖ് നഷ്ടമാകുന്നതിന് ചില കാരണങ്ങളുണ്ട്. അത് പരസ്യമായി പറയുന്നില്ല. നേരിട്ട് ഉണർത്തി-യതാണ്, ആവശ്യമായാൽ ഇനിയും ആകാവുന്നതാണ്. എന്റെ വിയോജിപ്പ് വിഷയാധിഷ്ഠിതമാണ്. പരസ്പരം വ്യക്തിപരമായ വിരോധ-ങ്ങളൊന്നുമില്ല. അദ്ദേഹത്തെ നേരിൽ അറിയുകയും സ്നേഹാദരവുകൾ കാണിക്കുകയും ചെയ്തിരുന്നതാണ്. പക്ഷെ, സത്യം തുറന്നു പറയുന്ന കാര്യത്തിൽ ഇഷ്ടാപക്ഷമില്ലല്ലോ. ഇവിടുത്തെ വിവിധ മതസംഘടനകൾ പോലെ സലഫീ ദഅ്‌വത്തിനെ എതിർത്ത വ്യക്തിയുമല്ല അദ്ദേഹം. അറിവില്ലായ്മ കൊണ്ട് വരുത്തുന്ന ആപത്തുകളാണ് ഇതെല്ലാം. അദ്ദേഹത്തിന്റെ കാര്യത്തിൽ എന്താണ് മൻഹജ് പാലിക്കാത്തത്? എന്താണ് തെളിവ് സ്ഥാപിച്ചു കൊടുക്കാത്തത്? എന്തു കൊണ്ടാണ് പരസ്യമായി പറഞ്ഞത്? ഇതാണ് ഒരു ചോദ്യം. അദ്ദേഹം പരസ്യമായി പ്രസംഗിച്ച, ഓഡിയോ പൊതുമണ്ഡലത്തിൽ അനായാസം ലഭ്യമായി-ട്ടുള്ള, വർഷങ്ങളായി ഇതേ കാര്യം ആവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്ന, തന്റെ ഫാൻസിനടയിൽ പ്രചരിച്ചു കഴിഞ്ഞിട്ടുള്ള ഗുരുതരമായ ഒരു പിഴവ് തിരുത്തുകയാണിവിടെ. അല്ലാതെ അദ്ദേഹത്തെ കാഫിറാക്കുകയല്ല ചെയ്യുന്നത്. അത് തിരുത്തേണ്ടത് പരസ്യമായിട്ടാണ്. അദ്ദേഹം ഞാൻ ലംഘിച്ചു, ഞാൻ പാലിക്കണ-മായിരുന്നു എന്ന് പറയുന്ന നിബന്ധനകൾ തക്ഫീറിനു പറഞ്ഞതാണ്. അദ്ദേഹത്തെ പോലെ, ഞാൻ ആരെയും തക്ഫീർ ചെയ്യുന്നില്ലല്ലോ. സമൂഹത്തിൽ പ്രചരിപ്പിച്ച ഒരു തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നത്. അതിന് ഒരു തടസ്സവുമില്ല. സ്വകാര്യം പറഞ്ഞാൽ സമൂഹത്തിൽ പ്രചരിച്ച ഈ ഗുരുതരമായ പിഴവ് തിരുത്താനാവുമോ? ഇവിടെ മൻഹജിന്റെ ഒരു ലംഘനവുമില്ല. ഇത് മൻഹജിന്റെ ലംഘനമാണെന്നു പറയുന്നത്, മൻഹജ് അറിയാത്തതു കൊണ്ടും താൻ ചെയ്യുന്ന തെറ്റിൽ ഉറച്ചു നിൽക്കാൻ വേണ്ടിയുമാണ്. ഒന്നും രണ്ടും രിസാലകളിൽ അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല. ഇനി ആക്ഷേപിക്കുകയുമില്ല. കണ്ണുതുറ-പ്പിക്കാനാവാശ്യമായ ചില വസ്തുതകൾ ചൂണ്ടിക്കാണിക്കുക മാത്രമേ ചെയ്യുകയുള്ളു. തെറ്റ് തിരുത്തുന്നതിലുള്ള പ്രതിഫലം അല്ലാഹുവിങ്കൽ നിന്ന് കാംക്ഷിക്കുന്നു. അല്ലാതെ, അദ്ദേഹത്തെയോ അനുയായി-കളെയോ പ്രകോപിപ്പിച്ചിട്ട് ഒന്നും നേടാനില്ല. അദ്ദേഹത്തിന്റെ പ്രതിബദ്ധത സത്യത്തോടാണോ അതോ പ്രസംഗത്തോടാണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. സത്യത്തോടായിരുന്നുവെങ്കിൽ ഇവിടെ ഉന്നയിച്ച കാര്യങ്ങൾ സ്വീകരിക്കണം. വല്ല സംശയവുമുണ്ടെങ്കിൽ അത് അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് വ്യക്തത വരുത്തണം. ഒരു കാര്യം തുറന്നു പറയാം. അദ്ദേഹം എന്നോട് തന്നെ ചോദിക്കണമെന്നോ എന്റെ മുന്നിൽ വരണമെന്നോ ഇതിനർത്ഥമില്ല. കേരളത്തിൽ ഇത് അറിയുന്ന നിരവധി വ്യക്തികളുണ്ട്. അദ്ദേഹം സന്ദർശിക്കുന്ന മറ്റു നാടുകളിലുമുണ്ട്. അവരോട് ആരോട് വേണമെങ്കിലും ചോദിച്ച് വ്യക്തത വരുത്തി തിരുത്താവുന്നതാണ്. പ്രസംഗത്തോടും പെരുമയോടുമാണ് പ്രതിബദ്ധതയെങ്കിൽ ഇതിനെല്ലാം മറുപടി പറഞ്ഞ് കൂടുതൽ വഷളാകും. അസത്യത്തിൽ മൂടുറക്കും. ഇന്ന് എന്തു പറഞ്ഞാലും അതിനു മറുപടി പറയണം, അത് പയറഞ്ഞാഴി എന്നായാലും കുഴപ്പമില്ല. മറുപടി പറഞ്ഞിട്ടുണ്ടല്ലോ, ഫാൻസുകൾക്ക് അതു മതി. സംഘടനകൾ വളർത്തിയ ഈ സംസ്കാരമാണ് സംഘടനയി-ല്ലെന്നു പറയുന്ന അദ്ദേഹവും ഫാൻസും ഇക്കാര്യത്തിൽ കൈക്കൊണ്ടത്. കഷ്ടമായിപ്പോയി. തന്നെ ആരും തിരുത്താൻ പാടില്ലെന്നാണോ അദ്ദേഹം കരുതുന്നത്?! മതവിഷയങ്ങളിൽ സംഭവിക്കുന്ന അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുക തന്നെ ചെയ്യും. അതിൽ പരിഭവിച്ചിട്ടു കാര്യമില്ല. അത് സത്യസന്ധമായും നിഷ്‌പക്ഷമായും വിലയിരുത്തുകയും ശരിയാ-യത് സ്വീകരിക്കുകയുമാണ് വേണ്ടത്. ഇമാം മാലിക് رحمه الله പറയുന്നത് നോക്കൂ: ليس أحد بعد النبي صلى الله عليه وسلم إلا ويؤخذ من قوله ويترك، إلا النبي صلى الله عليه وسلم [നബി ﷺ കഴിഞ്ഞാൽ പിന്നെ, തന്റെ വാക്ക് തള്ളുകയും കൊള്ളുകയും ചെയ്യേണ്ടവരായിട്ടല്ലാതെ ഒരാളുമില്ല നബി ﷺ യൊഴികെ] ദീൻ കാര്യങ്ങളിൽ സംഭവിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടും. പിൻതലമുറകളിൽ അല്ലാഹു ദീനിന്റെ പരിശുദ്ധി നിലനിർത്തുന്നത് അങ്ങനെയാണ്. നബി ﷺ പറഞ്ഞ പ്രശസ്തമായ ഒരു വചനം കാണുക: عَنْ إِبْرَاهِيمَ بْنِ عَبْدِ الرَّحْمَنِ الْعُذْرِيِّ قَالَ: قَالَ رَسُولُ اللهِ ﷺ: يَحْمِلُ هَذَا الْعِلْمَ مِنْ كُلِّ خَلَفٍ عُدُولُهُ يَنْفُونَ عَنْهُ تَحْرِيفَ الْغَالِينَ، وَانْتِحَالَ الْمُبْطِلِينَ، وَتَأْوِيلَ الْجَاهِلِينَ [الآجري في الشريعة، وصححه الألباني] [ഇബ്റാഹീം ബിൻ അബ്‌ദിറഹ്‌മാൻ അൽഉദ്‌രി رضي الله عنه നിവേദനം. നബി ﷺ പറയുന്നു: പിൻതലമുറകളിൽ ഈ അറിവ് വഹിക്കുക അതിലോരോന്നിലുമുള്ള യോഗ്യരായ നീതിമാന്മാരായിരിക്കും. അതിരു-വിട്ടവർ വരുത്തുന്ന ഭേദഗതികളെയും വ്യാജവാദികൾ നടത്തുന്ന അപനിർമ്മിതികളെയും വിവരംകെട്ടവർ ചമക്കുന്ന ദുർവ്യാഖ്യാന-ങ്ങളെയും അവർ നിരാകരിക്കും.] (ആജുരി ശരീഅഃയിൽ ഉദ്ധരിച്ചത്)
ദയവായി തിരുത്തി തെളിച്ചത്തു വരൂ. ന്യായീകരിച്ച് വിവരക്കേട് കൂടുതൽ പുറത്തെടുക്കാതിരിക്കൂ. അദ്ദേഹം ഉദ്ദേശിച്ചത് ശിയാക്കളെയാണത്രെ. ശിയാക്കളെന്നാൽ അദ്ദേഹം നിർവ്വചിക്കുന്നവരും! ഇവിടെയുള്ള മഹല്ലു പള്ളികളും അവിടുത്തെ ഇമാമുകളും ശിയാക്കളാണോ? അഹ്‌ലു ബൈത്തിന്റെ കാര്യത്തിൽ അതിരു കവിയുകയും അവർക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കുകയും അലി رضي الله عنه വിന്റെ കാര്യത്തിൽ കക്ഷിപിടിക്കുകയും അവരെ ആരാധിക്കുന്നതിലേക്ക് എത്തുകയും ചെയ്ത-വരാണ് റാഫിളീ ശിയാക്കാൾ. അല്ലാതെ അല്ലാഹു അല്ലാത്തവരോട് തവസ്സുലോ ഇസ്തിഗാസയോ ചെയ്താൽ അവരൊക്കെ ശിയാക്കളല്ല. ജാറം നടത്തിപ്പുകാരൊക്കെ ശിയാക്കളല്ല. ഇതേ കാര്യം ജൂത-ക്രൈസ്തവ വിഭാഗങ്ങൾ ചെയ്തിരുന്നു എന്ന് നബി ﷺ പറഞ്ഞ സ്ഥിരപ്പെട്ട ഹദീസുണ്ടല്ലോ. എന്താണ് ചുഴലി അവരെ ജൂതന്മാരെന്നോ, ക്രൈസ്തവരെന്നോ വിളിക്കാത്തത്? ഏതായാലും ഇവിടെ ഇല്ലാത്ത, എയറിൽനിന്ന് പിടിച്ചു കൊണ്ടു വന്ന മറ്റൊരെയോ ആണ് ചുഴലി കാഫിറാക്കുന്നത്, ബാക്കിയൊക്കെ സുബൈർ മങ്കട 'തഅ്‌യീൻ ചെയ്ത് കള്ളം ആരോപിക്കുക'യാണത്രെ. ഇവിടുത്തെ മഹല്ലു പള്ളികളും ഇമാമുകളും സ്വാഹ!! വിനീതമായി വീണ്ടും പറയുന്നു, സത്യത്തിന് വഴങ്ങൂ. അല്ലാഹുവിന്റെ മുന്നിൽ നിൽക്കേണ്ടി വരുമെന്ന് ഓർമ്മയുള്ള, അവന്റെ താക്കീതുകൾ ഭയപ്പെടുന്നവർക്കേ അത് കഴിയൂ എന്ന് മാത്രം. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 27 സഫർ 1446 / 02 സെപ്റ്റംബർ 2024
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|