റമദാൻ മാസത്തിലെ നിർബന്ധ നോമ്പിന് ശേഷം ഈദുൽ ഫിത്വ്ർ കഴിഞ്ഞ് ശവ്വാൽ മാസത്തിൽ ആറ് ദിവസം കൂടി നോമ്പ് നോൽക്കൽ സുന്നത്തായ കാര്യമാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി അബൂ അയ്യൂബ് അൽ അൻസ്വാരിയിൽ നിന്ന് ഇമാം മുസ്‌ലിം രിവായത് ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം : عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ، أَنَّهُ حَدَّثَهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ ". صحيح مسلم ١١٦٤ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "ആരാണോ റമദാനിലെ നോമ്പ് നോൽക്കുകയും, ശവ്വാലിൽ നിന്ന് ആറെണ്ണം അതിനോട് തുടർത്തുകയും ചെയ്തത് അവൻ വർഷം മുഴുവൻ നോമ്പെടുത്തവനെപ്പോലെയാണ്." മുസ്‌ലിം
ശവ്വാൽ മാസത്തിലെ ആറ് നോമ്പ് വളരെ പുണ്യകരമാണ്. ആറ് ദിവസത്തെ നോമ്പ് കൊണ്ട് ഒരു വർഷം മുഴുവൻ നോമ്പെടുത്ത പ്രതിഫലമാണ് ലഭിക്കുക റമദാനിലെ നിർബന്ധ നോമ്പ് ന്യായമായ കാരണങ്ങളാൽ ഉപേക്ഷിച്ചവർക്കും ശവ്വാലിലെ ആറ് നോമ്പ് എടുക്കാവുന്നതാണ്. ശവ്വാലിലെ ആറ് നോമ്പ് നോൽക്കുന്നതിന് മുമ്പ് ഉപേക്ഷിച്ച നിർബന്ധ നോമ്പുകൾ എടുക്കുകയും അതിന് ശേഷം ആറ് നോമ്പ് എടുക്കുകയുമാണെങ്കിൽ അതായിരിക്കും കൂടുതൽ ഉചിതം. ഇനി അതിന് അസൗകര്യം നേരിടുന്ന പക്ഷം ആദ്യം ആറ് ദിവസത്തെ നോമ്പെടുക്കുകയും കടമുള്ള നോമ്പ് മറ്റു സന്ദർഭങ്ങളിൽ നോറ്റു വീട്ടുകയും ചെയ്യാവുന്നതാണ്. കാരണം ആറ് നോമ്പ് നോൽക്കാനുള്ള സമയം പരിമിതമാണ് എന്നത് തന്നെ. എന്നാൽ ഒഴിവാക്കിയ നിർബന്ധ നോമ്പ് നോറ്റു വീടാൻ ഒരു വർഷത്തെ സമയ പരിധിയുണ്ട്. ഏതായാലും ഇതിൽ ഉദാസീനതയും അലംഭാവവും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശവ്വാലിലെ നോമ്പ് റമദാനിനു ശേഷം ഒരുമിച്ച് തുടർച്ചയായ ദിവസങ്ങളിലോ, വേറിട്ട ദിവസങ്ങളിലോ ആയി അനുഷ്ഠിക്കാവുന്നതാണ്. ശവ്വാൽ മാസത്തിൽ തന്നെ ആയിരിക്കണം എന്നേയുള്ളൂ. "റമദാനിനോട് തുടർത്തുക" എന്നത് കൊണ്ട് അതാണ് ഉദ്ദേശിക്കുന്നത് . തുടർച്ചയായി ആവുക എന്നത് നിബന്ധനയല്ല. ആറ് ദിവസത്തെ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ശനിയാഴ്ച ദിവസം ഒഴിവാക്കുക എന്നതാണ്. കാരണം ശെനിയാഴ്ചകളിൽ ഐച്ഛിക വ്രതങ്ങൾ പ്രത്യേക വിലക്കുള്ളതാണ്. റമദാനിലെ നോമ്പിൽ സംഭവിച്ചു പോയ വീഴ്ചകളും പോരായ്മകളും പരിഹരിക്കാനും ശവ്വാലിലെ നോമ്പ് പര്യാപ്തമാണ്. — ബഷീർ പുത്തൂർ
0 Comments
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ: ....എന്നാൽ, മതപരമായ പ്രത്യേകതകളില്ലാത്ത ചില കാലങ്ങൾക്ക് പ്രത്യേകത കൽപ്പിക്കൽ, ജന്മദിനത്തിന്റെ പേര് പറഞ്ഞു കൊണ്ട് റബീഉൽ അവ്വൽ മാസത്തിലെ ചില രാത്രികൾക്കും അതല്ലെങ്കിൽ റജബ് മാസത്തിലെ ചില രാവുകൾക്കും അതല്ലെങ്കിൽ ദുൽഹിജ്ജ പതിനെട്ടിനും, അല്ലെങ്കിൽ റജബിലെ ആദ്യ ജുമുഅക്കും അല്ലെങ്കിൽ "പുണ്യവാന്മാരുടെ ആഘോഷം" എന്ന പേരിൽ ജാഹിലീങ്ങളായ ആളുകൾ ശവ്വാൽ എട്ടിനും പ്രത്യേകത കൽപ്പിക്കുന്നത് ബിദ്അത്തായ കാര്യങ്ങളിൽ പെട്ടതാണ്. സലഫുകൾ അവ പുണ്യകരമായി കാണുകയോ അങ്ങിനെ ചെയ്യുകയോ ചെയ്തിട്ടില്ല , അല്ലാഹു അഅലം. (മജ്മുഉ ഫതാവാ -25/298) - ബശീർ പുത്തൂർ ويقول : "وَأَمَّا اتِّخَاذُ مَوْسِمٍ غَيْرِ الْمَوَاسِمِ الشَّرْعِيَّةِ كَبَعْضِ لَيَالِي شَهْرِ رَبِيعٍ الْأَوَّلِ الَّتِي يُقَالُ إنَّهَا لَيْلَةُ الْمَوْلِدِ، أَوْ بَعْضُ لَيَالِي رَجَبٍ، أَوْ ثَامِنَ عَشْرَ ذِي الْحِجَّةِ، أَوْ أَوَّلُ جُمُعَةٍ مِنْ رَجَبٍ، أَوْ ثَامِنُ شَوَّالٍ الَّذِي يُسَمِّيه الْجُهَّالُ "عِيدُ الْأَبْرَارِ"، فَإِنَّهَا مِنْ الْبِدَعِ الَّتِي لَمْ يَسْتَحِبَّهَا السَّلَفُ وَلَمْ يَفْعَلُوهَا وَاَللَّهُ سُبْحَانَهُ وَتَعَالَى أَعْلَمُ مجموع الفتاوى (25/ 298) |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|