Your browser does not support viewing this document. Click here to download the document. ആയത്തുൽ കുർസിയ്യ് എന്ന പേരിൽ അറിയപ്പെടുന്ന സൂറത്തുൽ ബഖറയിലെ 255-മത്തെ വചനം അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ആയത്താണ്. ധാരാളം പ്രാധാന്യവും പ്രത്യേകത-കളുമുള്ള ആ ആയത്തിൽ, അല്ലാഹുവിന്റെ കുർസിയ്യിനെക്കുറിച്ചുള്ള പരാമർശം അടങ്ങിയുള്ളത് കൊണ്ടാണ് ആ വചനത്തിന് "ആയത്തുൽ കുർസിയ്യ്" എന്ന പേരു വന്നത്. അല്ലാഹു പറയുന്നു: وَسِعَ كُرۡسِیُّهُ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضَۖ ((... അവന്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവനും ഉൾക്കൊള്ളാൻ വിശാലമായിരിക്കുന്നു.…)) അല്ലാഹുവിന്റെ സൃഷ്ടികളിൽ ' അർശ് ' കഴിഞ്ഞാൽ വലിപ്പത്തിൽ തൊട്ടടുത്ത സ്ഥാനമാണ് അവന്റെ കുർസിയ്യിനുള്ളത്. അതിന്റെ വലിപ്പം ഭൂമിയും ആകാശങ്ങളും കൂടിയാലുള്ളതിനേക്കാളും വിശാലമാണെന്ന് ഖുർആനിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നു. കുർസിയ്യ് എന്നാൽ അല്ലാഹു അവന്റെ പാദങ്ങൾ വെക്കുന്ന ഇടം കുർസിയ്യ് എന്നാൽ അല്ലാഹു സുബ്ഹാനഹു വ തആലാ അവന്റെ പാദങ്ങൾ വെക്കുന്ന ഇടമാണ്. അങ്ങിനെയാണ് ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുമായിൽ നിന്ന് സ്വഹീഹും മൗഖൂഫുമായി വന്ന അഥറിൽ നിന്ന് മനസ്സിലാകുന്നത്. عن ابنِ عبَّاسٍ رَضِيَ اللهُ عنهما قال: (الكُرسيُّ موضِعُ القَدَمينِ، والعرشُ لا يَقدِرُ أحَدٌ قَدْرَه) [الحاكم في "المستدرك" (2/282)، وصححه على شرط الشيخين. وقال : إنه على شرط الشيخين ولم يخرجاه . وصححه الألباني في ((مختصر العلو)) (45)] "കുർസിയ്യ് എന്നാൽ ഇരുപാദങ്ങളും വെക്കുന്ന ഇടമാണ്. അർശാകട്ടെ, അതിന്റെ പരിധി നിർണയിക്കാൻ ഒരാൾക്കും സാധ്യമല്ല." ഈ അഥർ മൗഖൂഫ് (സ്വഹാബി പറയുന്നത്) ആണെങ്കിലും അതിന് മര്‍ഫൂഇന്റെ (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതിന്റെ) ഹുക്മാണ് എന്നാണ് ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. കാരണം ഇത്തരം ഗൈബിആയ കാര്യങ്ങളിൽ സ്വഹാബികൾ സ്വന്തം നിലക്ക് അഭിപ്രായം പറയുകയില്ല. ഇമാം ഹാകിം തന്റെ മുസ്തദ്റകിൽ പറയുന്നു: "ഈ രിവായത് ഇമാം ബുഖാരിയുടെയും ഇമാം മുസ്‌ലിമിന്റെയും ശർത്വിന് ഒത്തതാണ്. അവർ ഇത് ഉദ്ധരിച്ചിട്ടില്ലെങ്കിലും." ഈ വിഷയത്തിൽ അബൂ മൂസ അൽ-അശ്അരി റദിയല്ലാഹു അൻഹു-വിൽ നിന്ന് വന്നിട്ടുള്ള അഥറും മുകളിൽ പറഞ്ഞ അർത്ഥത്തെ ബലപ്പെടുത്തുന്നതാണ്. عن أبي موسى الأشعريِّ رَضِيَ اللهُ عنه قال: (الكُرسيُّ موضِعُ القَدَمَيْنِ) [صححه الألباني في ((مختصر العلو)) (75)، وصحَّح إسنادَه ابنُ حَجَر في ((فتح الباري)) (8/47)] അബൂ മൂസ അൽ-അശ്അരി റദിയല്ലാഹു അൻഹുവിൽ നിന്ന്, അദ്ദേഹം പറയുന്നു: "കുർസിയ്യ് എന്നാൽ ഇരുപാദങ്ങളും വെക്കുന്ന ഇടമാണ്." കുർസിയ്യും അർശും തമ്മിലുള്ള അന്തരം അബൂ ദർ അൽ-ഗിഫാരിയിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരം കാണാം: عن أبي ذر الغفاري رضي الله عنه: قال رسول الله صلى الله عليه وسلم "مَا السَّمَاوَاتُ السَّبْعُ مَعَ الْكُرْسِيِّ إِلَّا كَحَلْقَةٍ مُلْقَاةٍ بِأَرْضٍ فَلَاةٍ وَفَضْلُ الْعَرْشِ عَلَى الْكُرْسِيِّ كَفَضْلِ الْفَلَاةِ عَلَى الْحَلْقَةِ رواه ابن حبان، وصححه الألباني في "مختصر العلو" وللحديث أيضاً طرق أخرى، ذكرها الألباني في سلسلة الأحاديث الصحيحة رقم (109)، وقال: وجملة القول أن الحديث بهذه الطرق صحيح നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു: "ആകാശ ഭൂമികൾ കുർസിയ്യുമായി (താരതമ്യം ചെയ്‌താൽ), അവ വിശാലമായ മരു-പ്രദേശത്ത് എറിയപ്പെട്ട ഒരു വട്ടക്കണ്ണി പോലെയാണ്. അർശിനെ കുർസിയ്യുമായി (താരതമ്യം ചെയ്‌താൽ), വിശാലമായ മരുഭൂമിയിൽ എറിയപ്പെട്ട ഒരു വട്ടക്കണ്ണി ഏത് പോലെയാണോ അത് പോലെയാണ് (അർശിന്റെ മുമ്പിൽ കുർസിയ്യ്)."
[ഇബ്നു ഹിബ്ബാൻ, ശൈഖ് അൽബാനി (സില്‍സിലതു സ്വഹീഹ)] ചുരുക്കത്തിൽ, ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും അല്ലാഹുവിന്റെ കുർസിയ്യിനു മുമ്പിൽ, പാരാവാരം പോലെ പരന്നു കിടക്കുന്ന മരുഭൂമിയിൽ എറിയപ്പെട്ട ഒരു വട്ടക്കണ്ണി എത്ര ചെറുതാണോ അത്രയും ചെറുതാണ്. അത്രക്കും വലുതാണ് കുർസിയ്യ് എന്നർത്ഥം. എന്നാൽ, അല്ലാഹുവിന്റെ അർശിന്റെ മുമ്പിൽ കുർസിയ്യ്, മരുഭൂമിയിൽ എറിയപ്പെട്ട ഒരു വട്ടക്കണ്ണി എത്രമാത്രം ചെറുതായിരിക്കുമോ അത്ര മാത്രമേ ഉണ്ടാവുകയുള്ളൂ. അല്ലാഹുവിന്റെ മുഴുവൻ സൃഷ്ടികളിൽ ഏറ്റവും വലിയ സൃഷ്ടിയാണ് അല്ലാഹുവിന്റെ അർശ്. ആകത്തുക എന്തെന്ന് വെച്ചാൽ കുർസിയ്യ് എന്നാൽ അധികാരപീഠം, രാജപീഠം, പീഠം, ഔദ്യോഗിക ഇരിപ്പിടം എന്നൊന്നും അർത്ഥം നൽകു-ന്നത് ശരിയല്ല. ഈ വിഷയത്തിൽ സ്വഹീഹായി വന്നിട്ടുള്ളത് ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുമായിൽ നിന്നുള്ള അഥർ മാത്രമാണ്. അത് അള്ളാഹു അവന്റെ പാദങ്ങൾ വെക്കുന്ന ഇടം ആണെന്നുമാണ്. — ബശീർ പുത്തൂർ 30 റജബ് 1446 / 30 ജനുവരി 2025
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|